ADVERTISEMENT

വീടുകൾ, റസ്റ്ററന്റുകൾ, ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നുള്ള മിച്ചഭക്ഷണം പന്നികൾക്ക് ഉത്തമഭക്ഷണമാണെന്ന് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട്. ഫീൽഡ് സാഹചര്യങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങളും പഴം പച്ചക്കറി അവശിഷ്ടങ്ങളും പന്നികൾക്ക് ഭക്ഷണമായി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ രൂപീകരിച്ച 10 അംഗ സമിതിയാണ് പ്രത്യേക റിപ്പോർട്ട് തയാറാക്കി ശുപാർശകൾ/നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്.

മിച്ചഭക്ഷണം ഏജൻസികൾക്ക് നൽകാൻ തീരുമാനിച്ചതിനെത്തുടർന്ന് തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള പന്നിക്കർഷകർ പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടർന്ന് പന്നിക്കർഷകരുടെ അപേക്ഷയിൽ മിച്ചഭക്ഷണം പന്നികൾക്ക് നൽകാവുന്നതാണോ എന്നതിൽ വിദഗ്ധ റിപ്പോർട്ട് വേണമെന്ന് പന്നിക്കർഷകരുടെ സംഘടനയായ പിഗ് ഫാർമേഴ്സ് അസോസിയേഷനോട് നഗരസഭ ആവശ്യപ്പെട്ടു. പിഎഫ്എയുടെ അപേക്ഷയെത്തുടർന്നാണ് വെറ്ററിനറി യൂണിവേഴ്സിറ്റി വിദഗ്ധ റിപ്പോർട്ട് തയാറാക്കിയത്.

പ്രധാനമായും പത്ത് ശുപാർശകളാണ് വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടിലുള്ളത്.

1. വീടുകൾ, റസ്റ്ററന്റുകൾ, ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നുള്ള ചീഞ്ഞളിയാത്ത ഭക്ഷണാവശിഷ്ടങ്ങൾ നേരിട്ട് പന്നികൾക്ക് തീറ്റയായി നൽകാവുന്നതാണ്.

2. മാർക്കറ്റിൽനിന്ന് ലഭ്യമാകുന്ന ചീഞ്ഞളിയാത്ത പഴം–പച്ചക്കറി അവശിഷ്ടങ്ങൾ നന്നായി കഴുകിയശേഷം പന്നികൾക്ക് തീറ്റയായി നൽകാവുന്നതാണ്.

3. ഇപ്രകാരം ഭക്ഷണാവശിഷ്ടങ്ങളും പഴം–പച്ചക്കറി അവശിഷ്ടങ്ങളും കോഴി അറവുമാലിന്യങ്ങളും മനുഷ്യോപയോഗപ്രദമല്ലാത്തതും എന്നാൽ പന്നികൾക്ക് തീറ്റയായി നൽകാവുന്നതുമായ മറ്റ് അവശിഷ്ടങ്ങളും നൽകി പന്നികളെ വളർത്തുന്ന രീതി സ്വിൽ ഫീഡിങ് രീതി എന്നറിയപ്പെടുന്നു.

4. അത്തരം തീറ്റസമ്പ്രദായം ഒരു മാലിന്യനിർമാർജന രീതിയായി കണക്കാക്കരുത്, മറിച്ച് ജൈവമാലിന്യങ്ങൾ ഗുണമേന്മയുള്ള മാംസമായി പരിവർത്തനം ചെയ്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രകൃതിദത്തവും കാര്യക്ഷമവുമായ രീതിയാണ് (അല്ലാത്തപക്ഷം അവ മാലിന്യവസ്തുക്കളായി നീക്കംചെയ്യേണ്ടിവരികയോ സംസ്കരിക്കപ്പെടേണ്ടിവരികയോ ചെയ്യുമായിരുന്നു).

5. സ്വിൽ ഫീഡിങ് രീതി പന്നിവളർത്തലിൽ ഏറെ സ്വീകാര്യമായതും നിർദ്ദേശിക്കപ്പെടുന്നതുമായ വളർത്തൽരീതിയാണ്.

6. വെറ്ററിനറി സർവകലാശാല ഇക്കാര്യത്തിൽ വിശദമായ ഗവേഷണ പഠനങ്ങൾ നടത്തുകയും കഴിഞ്ഞ 30 വർഷത്തോളമായി വിദ്യാർഥികൾക്ക് സംരംഭകത്വ പരിശീലനപരിപാടിയുടെ ഭാഗമായി സ്വിൽ ഫീഡിങ് രീതിയിൽ പന്നിവളർത്തൽ പരിശീലിപ്പിക്കുന്നുണ്ട്.

7. അപ്രകാരം വളർത്തുന്ന പന്നികളെ വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ മീറ്റ് ടെക്നോളജി  യൂണിറ്റിൽ ശാസ്ത്രീയമായി കശാപ്പുചെയ്തു മാംസം പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തി വിൽപന നടത്താറുണ്ട്. യാതൊരുവിധ ദോഷഫലങ്ങളും നാളിതുവരെ കണ്ടുപിടിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല.

8. സ്വിൽ ഫീഡിങ് രീതിയിൽ വളർത്തുന്ന പന്നികളുടെ ആരോഗ്യസ്ഥിതിയും വളർച്ചാനിരക്കും വളരെ മികച്ചതായി കാണപ്പെടുന്നു.

9. ഇത്തരം പാരമ്പര്യേതര തീറ്റകൾ നൽകുന്നത് പന്നികളുടെ തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കും. അങ്ങനെ പന്നിവളർത്തലിന്റെ സുസ്ഥിരത ഉറപ്പാക്കും.

10. മൃഗപരിപാലനത്തിൽ (പ്രത്യേകിച്ച് പന്നിവളർത്തൽ) തീറ്റച്ചെലവ് ആകെ ചെലവിന്റെ പ്രധാന പങ്ക് ആയതിനാൽ മനുഷ്യനോ മൃഗങ്ങൾക്കോ ദോഷകരമല്ലാത്ത ഇത്തരം ഭക്ഷണസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണം.

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിന്റെ നിർദേശത്തെത്തുടർന്ന് മണ്ണുത്തി പിഗ് പ്രൊഡക്ഷൻ ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. എ.പി.ഉഷയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

English summary: Pig rearing based on commercial pig feed is not economical and hence feeding based on swill is recommended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com