ADVERTISEMENT

മിത്ര കുമിളുകൾ കർഷകന്റെ മിത്രങ്ങളാണ്. വിളകളിലുണ്ടാകുന്ന ഒട്ടേറെ രോഗങ്ങളെ ചെറുക്കാനും ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും ഇവയ്ക്ക് സാധിക്കും. കാർഷിക സർവകലാശാലകളിലും ജൈവ കടകളിലുമൊക്കെ ഇവയുടെ കൂട്ടുകൾ വാങ്ങാൻ കിട്ടും. എന്നാൽ, അൽപം പരിശ്രമം ഉണ്ടായാൽ സ്വന്തമായി ഉൽപാദിപ്പിക്കാനാകുന്ന ഒരു മിത്ര കുമിളാണ് ട്രൈക്കോഡെർമ.

ചാണകം പോലുള്ള ജൈവാംശം ഉണ്ടെങ്കിൽ മണ്ണിൽ വേരിനോടു ചേർന്ന് നന്നായി വളരും. ഒട്ടേറെ കുമിൾ രോഗങ്ങളെ ഇത് തടയുകയും ചെയ്യുന്നു. കുരുമുളക് ചെടിയുടെ ദ്രുതവാട്ടം, ഇഞ്ചി, മഞ്ഞൾ പോലുള്ളവയുടെ മൂട് അഴുകൽ, നെല്ലിന്റെ പോള രോഗം പോലുള്ളവ തടയാൻ ട്രൈക്കോഡെർമയ്ക്ക് കഴിയും.

മുളക്, തക്കാളി പോലുള്ളവയുടെ അഴുകൽ രോഗം തടയാനും ഉപകരിക്കും. ചെടിയുടെ വളർച്ച വർധിപ്പിക്കുകയും മണ്ണിലൂടെ പടരുന്ന രോഗകാരികളായ കുമിളുകളുടെ വ്യാപനം തടയുകയും ചെയ്യുന്നു.

വീട്ടിലുണ്ടാക്കാം

ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് കർഷകർക്കും ചെറുകിട സംരംഭകർക്കുമൊക്കെ ട്രൈക്കോഡെർമയെ ധാന്യങ്ങളിൽ ഉൽപാദിപ്പിച്ച് സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ രൂപകൽപന ചെയ്തിട്ടുണ്ട്. ട്രൈക്കോഡെർമയുടെ മദർ കൾചർ മണ്ണുത്തിയിലുള്ള ഹോർട്ടി കൾചർ കോളജിലെ മൈക്രോ ബയോളജി ലാബിൽനിന്ന് ലഭിക്കും. ട്രൈക്കോഡെർമയെ വളർത്തിയെടുക്കുന്ന രീതിയും അവിടെ നിന്ന് പഠിക്കാം.‌

ചോളം, നെല്ല്, ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളെ വളർത്താനുള്ള മാധ്യമമായി എടുക്കാം. ചൂടാക്കിയാലും രൂപമാറ്റം വരാത്ത കട്ടിയുള്ള പോളിത്തീൻ കവറുകളിലാണ് ഇത് വളർത്തുന്നത്. മാധ്യമമായി ഉപയോഗിക്കുന്ന ധാന്യം വെള്ളത്തിൽ തിളപ്പിച്ച് അണു നശീകരണം വരുത്താം. വെള്ളം വാർന്നു പോകാൻ അനുവദിക്കണം. ഇതിനെ കവറിന്റെ ഉള്ളിൽ കുറേശെ നിറയ്ക്കണം. കവറിന്റെ മൂന്നിൽ രണ്ടു ഭാഗം കാലിയായിരിക്കണം. കവർ ടൈറ്റ് ആയി കെട്ടുകയും വായ് ഭാഗത്ത് ഒരു ചെറിയ പി.വി.സി കഷണം വച്ച് കുപ്പിയുടെ കഴുത്തു പോലെയാക്കണം. ഇതിന്റെ അറ്റം വെള്ളം പിടിക്കാത്ത തരത്തിലുള്ള സിന്തറ്റിക് പഞ്ഞി കൊണ്ട് അടയ്ക്കണം. വായു കടക്കുകയും അണുക്കൾ കയറാതിരിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത് ചെയ്യേണ്ടത്. ഇതിനെ വീണ്ടും അണുനശീകരണം ചെയ്തെടുക്കണം. ഇനി അണുവിമുക്തമായ ഒരിടത്തു വച്ച് ഓരോ പോളിത്തീൻ ബാഗിലെയും ധാന്യക്കൂട്ടിലേക്ക് ട്രൈക്കോഡെർമ കൾചർ അൽപം വീതം നിക്ഷേപിക്കണം. ഈ ബാഗുകൾ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുക്കുകയും വേണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ പോളിത്തീൻ ബാഗിലെ ധാന്യമിശ്രിതത്തിൽ ട്രൈക്കോഡെർമ വളർന്ന് വ്യാപിക്കും. കൂട്ടിലെ മിശ്രിതം മുഴുവൻ പച്ച നിറത്തിലാകും.

പിന്നീട് ഇതിനെ പുറത്തെടുത്ത് തണലിലുണക്കി പൊടിച്ചെടുക്കണം. ഇതാണ് ട്രൈക്കോഡെർമയായി ചെടികൾക്ക് ഉപയോഗിക്കുന്നത്. മണ്ണിൽ ചേർത്തു കൊടുക്കുകയോ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിൽ തളിക്കുകയോ വിത്തിൽ പുരട്ടിക്കൊടുക്കുകയോ ചെയ്യാം. ഇതേ ട്രൈക്കോഡെർമ ഉപയോഗിച്ച് ചാണകവും വേപ്പിൻ പിണ്ണാക്കും കലർത്തിയ മിശ്രിതത്തിൽ വൻതോതിൽ വളർത്തിയെടുത്ത് മണ്ണിൽ ഉപയോഗിക്കുകയും ചെയ്യാം.

വളർത്തി വലുതാക്കാം

ഇത്തിരി ട്രൈക്കോഡെർമയെ വളർത്തി കൃഷിയിടത്തെ മുഴുവനായി വ്യാപിപ്പിക്കാനും ലളിതമായ വഴികളുണ്ട്. ട്രൈക്കോഡെർമയെ വളർത്തി വ്യാപിപ്പിച്ചെടുക്കുകയാണ് ഈ രീതി. കുമിൾ ഇനമായതിനാൽ ചാണകം പോലുള്ള മാധ്യമത്തിൽ നന്നായി വളരും. ഇത് ചെടികൾക്ക് കൊടുക്കുന്നതു വഴി ജൈവവളവും ട്രൈക്കോഡെർമയുടെ സംരക്ഷണവും ഒരേ സമയം കൃഷിയിടത്തിൽ ലഭിക്കുന്നു.

ട്രൈക്കോഡെർമയെ മണ്ണിൽ ചേർത്തു കൊടുക്കുകയോ ഇലകളിൽ തളിച്ചു കൊടുക്കുകയോ വിത്തിൽ പുരട്ടിക്കൊടുക്കുകയോ ചെയ്യാം. വിത്തിൽ പുരട്ടാൻ ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതിൽ വെള്ളത്തിൽ ലയിപ്പിച്ചും മണ്ണിൽ ചേർക്കാൻ ഒരു കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതിലും ചെടികളിൽ തളിക്കാൻ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന രീതിയിലും ആണ് ഉപയോഗിക്കേണ്ടത്. ട്രൈക്കോഡെർമ പൊടി രൂപത്തിൽ വാങ്ങാൻ ലഭിക്കും. ഇതിനെ വംശവർധന വരുത്തി കൂടുതൽ വിസ്തൃതിയിൽ ഉപയോഗിക്കാനാകും. മണ്ണിൽ ജൈവവളത്തിന്റെ മേന്മ ലഭിക്കുകയും ചെയ്യും. 90 കിലോഗ്രാം ചാണകപ്പൊടിയും 10 കിലോഗ്രാം വേപ്പിൻ പിണ്ണാക്കും നന്നായി പൊടിച്ച് നനവോടെ വയ്ക്കണം അതിൽ 2 കിലോഗ്രാം ട്രൈക്കോഡെർമ പൊടി കൂടി ചേർത്ത് ഇളക്കി കൂനയാക്കി നനവ് നഷ്ടപ്പെടാതിരിക്കാൻ നനഞ്ഞ ചാക്കുകൊണ്ട് മൂടണം. ഒരാഴ്ച കഴിഞ്ഞാൽ ഇത് ഇളക്കി വീണ്ടും നനയ്ക്കുക. ട്രൈക്കോഡെർമ ചാണക മിശ്രിതത്തിൽ മുഴുവനും വ്യാപിച്ച് പടരും. ഇങ്ങനെ 2 കിലോഗ്രാം ട്രൈക്കോഡെർമകൊണ്ട് 100 കിലോഗ്രാം ജൈവ വളം ഉണ്ടാക്കാനാകും. 

English summary: Mass Multiplication of Trichoderma 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com