ADVERTISEMENT

കൊമ്പൻചെല്ലിയെ തുരത്താൻ എന്തു ചെയ്യണം?  റബറിനു വില കൂടുമോ? നെല്ലിനു രോഗം വരാനുള്ള സാധ്യത യുണ്ടോ?– പലവിധ സംശയങ്ങളാണ്  കൃഷിക്കാർക്ക്  ചോദിക്കാനുണ്ടാവുക. ഓരോ സംശയത്തിനും കൃഷി ഓഫിസറെയും വിദഗ്ധനെയുമൊക്കെ കണ്ടെത്തുക അത്ര  പ്രായോഗികമല്ല. മാത്രമല്ല,  അവരുടെയൊക്കെ സമയവും സൗകര്യവുമനുസരിച്ച്  സംശയം തീർക്കാൻ കാത്തിരിക്കേണ്ടിയും വരും. പകരം നിങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക്  രൊക്കം മറുപടി തരുന്ന ഒരു മൊബൈൽ ആപ്പുണ്ടെങ്കിലോ? അതും  മലയാളത്തിൽ കേട്ട് മലയാളത്തിൽ മറുപടി തരുന്ന ആപ്പാണെങ്കിൽ? 

വിദൂരത്തിരുന്ന് ഏതെങ്കിലും വിദഗ്ധൻ ടൈപ്പ് ചെയ്തു നൽകുന്ന മറുപടിയല്ല. വിപുലമായ  വിവരശേഖരത്തിൽനിന്നു കംപ്യൂട്ടർ കണ്ടെത്തുന്ന മറുപടി കാലതാമസം കൂടാതെ തരുന്ന ചാറ്റ് ബോട്ടാവും ആപ്പിലൂടെ ലഭിക്കുക. അതെന്തു ബോട്ടാണെന്നു മനസ്സിലാകാത്തവർക്ക്  ചില ഉദാഹരണങ്ങൾ നൽകാം– രാവിലെ ഗുഡ്മോണിങ് പറഞ്ഞ് നിങ്ങളെ  വിളിച്ചെഴുന്നേൽപിക്കുകയും നിങ്ങൾ ആവശ്യപ്പെടുന്ന കാര്യ ങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന ഗൂഗിൾ അസിസ്റ്റന്റും അലക്സയുമൊക്കെ കണ്ടിട്ടില്ലേ? അതുതന്നെ സംവിധാനം. മനുഷ്യസംസാരം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കംപ്യൂട്ടർ സംവിധാനമാണ് ചാറ്റ്ബോട്ടുകൾ. പ്രശസ്തമായ പല ചാറ്റ് ബോട്ടുകളുമുണ്ടെങ്കിലും അവയ്ക്കെല്ലാം പൊതുവായ ചില ദൗർബല്യങ്ങളുണ്ട്. പൊതുവായ വിഷയങ്ങളിൽ മാത്രമെ  അവയ്ക്ക് ഉത്തരം നൽകാനാവൂ. കുട്ടനാട്ടിലെയോ കൈപ്പാട്ടെയോ പൊക്കാളിപ്പാടങ്ങളിലെയോ നെൽകൃഷിയെക്കുറിച്ച് ചോദിച്ചാൽ അവർ കുഴഞ്ഞതുതന്നെ. പ്രാദേശിക കാർഷിക വിവരശേഖരങ്ങൾ അടിസ്ഥാനമാക്കി ചാറ്റ്ബോട്ടുകളുണ്ടാക്കുക മാത്രമാണ് പരിഹാരം.  മെഷീൻലേണിങ് , നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് (എൻഎൽപി) എന്നീ സാങ്കേതികവിദ്യകളാണ് ചാറ്റ് ബോട്ട് നിർമാണത്തിൽ  സഹായിക്കുന്നത്. ഓരോ വാക്കിനെയും സാഹചര്യവും സന്ദർഭവുമനുസരിച്ച് തിരിച്ചറിഞ്ഞ ശേഷം യോജ്യമായ മറുപടി  കണ്ടെത്താനും അത് മലയാളത്തിലാക്കാനും ഇതിനു സാധിക്കും. ഒട്ടേറെ ഭാഷകളും ഉപഭാഷകളുമുള്ള ഇന്ത്യയിലെ സാധാരണക്കാരായ കൃഷിക്കാർക്ക്   ഈ സംവിധാനം സഹായകമാണ്.

കാർഷികവിജ്ഞാനവ്യാപന രംഗത്ത്  വലിയ മാറ്റമായിരിക്കും ഇത്തരം ചാറ്റ്ബോട്ടുകൾ സൃഷ്ടിക്കുക. മൊബൈലിലൂടെയും കിയോസ്കുകളിലൂടെയും മറ്റും കാർഷികവിവരങ്ങൾ ചോദിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. മടിയും ലജ്ജയുമില്ലാതെ ചോദ്യങ്ങൾ മാറിമാറിച്ചോദിക്കാൻ ഇത് അവസരം നൽകും. സമയഭേദമില്ലാതെ ഏതു പാതിരാത്രിയിലും ആശയവിനിമയം സാധ്യമാകുമെന്നത് ചാറ്റ്ബോട്ടുകളെ കൂടുതൽ ആകർഷകമാക്കുന്നു. കൃഷിക്കാർക്ക് അറിവ് പകരുന്നതിനുള്ള പല സംവിധാനങ്ങളും നാട്ടിൽ നിലവിലുണ്ട്. ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരും കൃഷിവകുപ്പ് ഉദ്യോസ്ഥരുമൊക്കെ വിജ്ഞാ നവ്യാപനരംഗത്ത് സജീവമായുണ്ടെങ്കിലും വേണ്ട സമയത്ത് പ്രസക്തമായ അറിവ് കിട്ടാതെ വിഷമിക്കുന്ന കൃഷിക്കാർ ഇപ്പോഴും നമുക്കിടയിലുണ്ട്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന കംപ്യൂട്ടർ സാങ്കേതികവിദ്യയും ഇന്റർനെറ്റുമൊക്കെ വ്യാപകമായിക്കഴിഞ്ഞെങ്കിലും സാധാരണക്കാരായ കൃഷിക്കാരെ അവയി ൽനിന്നകറ്റുന്ന പല ഘടകങ്ങളുമുണ്ട്. സാങ്കേതികവിദ്യയും ഭാഷയുമൊക്കെ തന്നെ പ്രധാനം. സ്വന്തം ഭാഷയിൽ ലളിതമായി ആശയവിനിമയം നടത്താവുന്ന വിവരകൈമാറ്റസംവിധാനങ്ങൾക്ക് ഇത്തരം  സാഹച ര്യങ്ങളിൽ പ്രസക്തിയേറെയാണ്. ‌

കണ്ണൂരിലെ ടെക്ടേൺ എന്ന അഗ്രിസ്റ്റാർട്ടപ്പ് കേരളത്തിലെ കൃഷിക്കാർക്കായി മലയാളത്തിൽ സംവദിക്കുന്ന ഒരു ചാറ്റ്ബോട്ടിന്റെ മിനുക്കുപണികളിലാണ്. നെല്ല്, വാഴ, പച്ചക്കറികൾ, തെങ്ങ്, കമുക്,കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കാപ്പി, പഴവർഗങ്ങൾ എന്നിങ്ങനെ പത്തോളം വിളകളുടെ കൃഷി സംബന്ധമായ സംശയങ്ങൾ സ്വന്തം ഭാഷയിൽ ഉന്നയിക്കുന്നതിനും കാലതാമസമില്ലാതെ മറുപടി നേടുന്നതിനും ‘ഫാംക്യു’ എന്നു പേരിട്ടിരിക്കുന്ന ഈ ചാറ്റ്ബോട്ട് ഉപകരിക്കും. ടെക്ടേൺ കമ്പനിയുടെ  ‘മൈഫാം’ ആപ്പിലൂടെയും വെബ് ആപ്പിലുടെയുമാണ് ഇതിന്റെ സേവനം ലഭ്യമാക്കുക.  തുടക്കത്തിൽ പച്ചക്കറിവിളകളുടെ ഫാം മാനേജ്മെന്റ് ആപ്പായാണ് ‘മൈ ഫാം’ വിഭാവനം ചെയ്യുന്നത്. പിന്നീട് കൂടുതൽ വിളകളിൽ ഈ സേവനം ലഭ്യമാക്കുകയുമാവാം. കർഷക ഉൽപാദക കമ്പനികളിലൂടെ ഈ  സേവനങ്ങൾ  ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്  ടെക്ടേൺ എംഡി / സിഇഒ ഡോ. രാജി പറഞ്ഞു.  നിശ്ചിത ഫീസ് നൽകി  ലൈസൻസ് എടുക്കുന്ന കർഷക കമ്പനികളിൽ അംഗങ്ങളായ കർഷകർക്ക്  24 മണിക്കൂറും സംശയനിവാരണം നടത്തുന്നതിനുള്ള സൗകര്യം ഉറപ്പാക്കാനാകും. കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ ഡോക്ടറേറ്റ് നേടിയ രാജി കണ്ണൂർ സർവകലാശാലയിലെ  തന്റെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി കർഷകർക്കു പ്രയോജനപ്പെടുന്ന ഒട്ടേറെ സാങ്കേതികവിദ്യകൾ വികസിപ്പിച്ചുവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com