ADVERTISEMENT

ഇക്കോളജിക്കൽ ഫ്രാജൈൽ ലാൻഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇഎഫ്എൽ. ജീവജാലങ്ങളിൽ ചുറ്റുപാടുകളുടെ സ്വാധീനശക്തിയെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ഇക്കൊളജി. ഫ്രാജൈൽ എന്നതിന്റെ അർഥം ദുർബലം. ഇഎഫ്എൽ എന്നാൽ പാരിസ്ഥിതിക ദുർബലപ്രദേശം.  ഇത്തരം പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ആദ്യമായി  2000ൽ ഓർഡിനൻസ് ഉണ്ടാക്കി. തുടർന്ന് 2003ൽ നിയമ നിർമാണസഭയിൽ ദി കേരള ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് മാനേജ്മെന്റ് ഓഫ് എക്കോളജിക്കലി ഫ്രാജൈൽ ലാൻഡ്സ്) ആക്ട് എന്ന നിയമം പാസാക്കി. പാരിസ്ഥിതിക സന്തുതിലാവസ്ഥയും ജൈവവൈവിധ്യങ്ങളും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കേണ്ടത് മനുഷ്യരുടെ നിലനിൽപിന് ആവശ്യമാണെന്ന വസ്തുത നാം ഗൗരവപൂർവം കണക്കിലെടുക്കേണ്ടതുണ്ട്. ഇപ്പോൾത്തന്നെ മഴയുടെ താളം തെറ്റി. ചൂടിന്റെ തീക്ഷ്ണത കൂടി വരുന്നു. കാലാവസ്ഥ ആകെ തകരാറിലായി. എന്നിട്ടും വനഭൂമി സംരക്ഷിക്കേണ്ടതിന്റെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം നാം മനസ്സിലാക്കുന്നില്ല. ഇനിയെങ്കിലും ചില പ്രത്യേക പ്രദേശങ്ങൾ അതേപടി സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ ജീവിതത്തെ അത് ബാധിക്കും. ഈ പശ്ചാത്തലത്തിലാണ് വനസംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങൾക്ക് പുറമെ പാരിസ്ഥിതിക ദുർബലപ്രദേശങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നിയമം കൂടി കൊണ്ടുവന്നത്.

റിസർവ് വനം, സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള സ്വകാര്യ വനഭൂമി, പ്രകൃത്യാ ഉള്ള സസ്യജാലങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഒഴിച്ചിട്ടിരിക്കുന്ന വനഭൂമി എന്നിവ വലയം ചെയ്തോ അത്തരം ഭൂമികളോട് ചേർന്നു കിടക്കുന്നതോ ആയ വനമോ വനത്തിന്റെ ഭാഗമോ ആണ് പാരിസ്ഥിതിക ദുർബലപ്രദേശങ്ങൾ.  നിയമം നടപ്പായതോടെ ആ പ്രദേശങ്ങളെല്ലാം സർക്കാരിൽ നിക്ഷിപ്തമായി. അതിന്റെ സൂക്ഷിപ്പുകാരൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ്. ഇതു കൂടാതെ, നിയമത്തിൽ പറയുന്ന ഉപദേശകസമിതിയുടെ ശുപാർശയനുസരിച്ച് ഏതു ഭൂമിയും പാരിസ്ഥിതിക ദുർബലപ്രദേശമായി സർക്കാരിനു പ്രഖ്യാപിക്കാം. ഒരു വ്യത്യാസമുണ്ട്. വിജ്ഞാപനം അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിൽ അതിനു നിയമത്തിൽ പറയു ന്ന നഷ്ടപരിഹാരം കൊടുക്കണം. ആദ്യം പറഞ്ഞ വിഭാഗത്തിൽപ്പെടുന്ന ദുർബലപ്രദേശമാണെങ്കിൽ അതിനു വിജ്ഞാപനം ആവശ്യമില്ല. നിയമം നടപ്പായതോടെ സ്വയമേവ അവ സർക്കാരിൽ നിക്ഷിപ്തമാകുന്നു. നിങ്ങളുടെ കൈവശമുള്ള ഭൂമി ദുർബലപ്രദേശത്തിൽപെട്ടതാണോ, അങ്ങനെയെങ്കിൽ അത് സർ ക്കാരിൽ നിക്ഷിപ്തമായതു നിയമം മൂലം സ്വയമേവയാണോ വിജ്ഞാപനം മൂലമാണോ എന്നും മറ്റുമുള്ള വസ്തുതകൾ  ചീഫ് കൺസർവേറ്റർ ഓഫിസിൽനിന്ന് അറിയണം. പറഞ്ഞുകേട്ടതുകൊണ്ടായില്ല.

പാരിസ്ഥിതിക ദുർബലപ്രദേശമാണോ അല്ലയോ എന്നും മറ്റുമുള്ള തർക്കങ്ങൾ തീരുമാനിക്കുന്നതിന് അതതു സ്ഥലത്തെ ജില്ലാക്കോടതിയെ ട്രൈബ്യൂണലായി നിയമിച്ചിട്ടുണ്ട്. സർക്കാരിൽ (നിയമത്തിന്റെ 3–ാം വകുപ്പനുസരിച്ച്) നിക്ഷിപ്തമായ ഭൂമിയുടെ വിസ്തീർണം  രണ്ടു ഹെക്ടറിൽ കൂടുതലല്ലെങ്കിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കു പരാതി കൊടുത്താൽ അതില്‍ തീരുമാനമെടുക്കുന്നതിന്  ക്ലെയിം റിഡ്രസൽ കമ്മിറ്റിക്ക് അയച്ചു കൊടുക്കും. നിയമ നടപടി സ്വീകരിക്കുന്നതിന് മുൻപ് ഉടമയ്ക്ക് സർക്കാരില്‍നിന്നു നോട്ടീസ് അയയ്ക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com