എന്തുകൊണ്ട് പശുക്കളിൽ ആവർത്തിച്ച് ബീജാധാനം നടത്തേണ്ടി വരുന്നു? കാരണങ്ങൾ ഇവയാണ്

HIGHLIGHTS
 • പ്രത്യുൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് ഉപയുക്തമാകുന്ന സാങ്കേതികവിദ്യകൾ
 • ആവർത്തന പ്രജനനം തടയാനുള്ള മാർഗ്ഗങ്ങൾ
dairy-farm
SHARE

അത്യുൽപാദനശേഷിയും ആരോഗ്യവുമുള്ള  പശുക്കളാണ് ഒരു ഡെയറി ഫാമിന്റെ ലാഭകരമായ നടത്തിപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.   എന്നാൽ, അതോടൊപ്പം  തുല്യ പ്രാധാന്യമർഹിക്കുന്ന  ഒന്നാണ് ഉയർന്ന പ്രത്യുൽപ്പാദന ക്ഷമതയുള്ള പശുക്കളെ  വളർത്തുക എന്നുള്ളത്. ഒന്നോ രണ്ടോ  ബീജാധാനം കഴിയുമ്പോൾ  ഗർഭം ധരിച്ച് ആരോഗ്യമുള്ള കിടാക്കളെ പ്രസവിക്കുന്ന പശുക്കളാണ് ഒരു കർഷകന്റെ സമ്പത്ത് എന്ന് പറയാം. ഇന്ന് ഡെയറി ഫാമുകളിൽനിന്ന് പശുക്കളെ വിറ്റൊഴിവാക്കുന്നതിന്റെ  കാരണങ്ങൾ പരിശോധിച്ചാൽ  അതിൽ 5-30 ശതമാനവും  ആവർത്തിച്ചുള്ള പ്രജനനമാണ് (Repeat breeding) എന്നതാണ് വസ്തുത.  അതായത്, ആരോഗ്യമുള്ളതും കൃത്യമായ ഇടവേളകളിൽ മദി‌ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതും പ്രത്യുൽപാദന അവയവങ്ങളിൽ പ്രത്യക്ഷമായ  തകരാറുകളില്ലാത്തതുമായ പശുക്കളെ, ഗുണനിലവാരമുള്ള ബീജമുപയോഗിച്ച്‌, തുടർച്ചയായി രണ്ടോ മൂന്നോ തവണ  കൃത്രിമ  ബീജാധാനത്തിനു വിധേയമാക്കിയ ശേഷവും അവ ഗർഭം ധരിക്കുന്നില്ലെങ്കിൽ അവയെയാണ്  റിപ്പീറ്റ് ബ്രീഡേഴ്സ് ( Repeat breeders) എന്ന് പറയുന്നത്. 

എന്തുകൊണ്ടാണ് ആവർത്തിച്ച് ബീജാധാനം നടത്തേണ്ടി വരുന്നത്? 

ആവർത്തിച്ചുള്ള പ്രജനനത്തിന്റെ കാരണങ്ങൾ കൃത്യമായി നിർണയിക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. എങ്കിലും  ബീജസങ്കലനത്തെ തടസ്സപ്പെടുത്തുന്നതും ഭ്രൂണമരണത്തിന് ഇടയാക്കുന്നതുമായ ഏതു കാരണവും ആവർത്തിച്ചുള്ള പ്രജനനത്തിന്  വഴിയൊരുക്കുന്നു. ആവർത്തിച്ചുള്ള പ്രജനനത്തിന്റെ കാരണങ്ങളിൽ  25 ശതമാനവും ഗർഭധാരണത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന ഭ്രൂണമരണവും, 15%   ബീജസങ്കലനം നടക്കുന്നതിലുള്ള തകരാറുകളുമാണ്. 

ആവർത്തിച്ചുള്ള പ്രജനനം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത 

പശുക്കളിലെ മദിചക്രത്തിന്റെ  ശരാശരി കാലയളവ് 21 ദിവസമാണ്. ഗർഭധാരണം നടക്കാതെ ഒരു മദിചക്രം കടന്നുപോയാൽ 4200 രൂപയോളമാണ് പരിപാലനച്ചെലവിനത്തിൽ കർഷകർക്ക്‌ നഷ്ടപ്പെടുന്നത്. ആയതിനാൽ ആവർത്തിച്ചുള്ള പ്രജനനം ഒഴിവാക്കി ഒന്നോ രണ്ടോ ബീജാധാനത്തിൽ പശുക്കൾ ഗർഭവതികളാകുന്ന തരത്തിലുള്ള പ്രജനന- പരിപാലന നയങ്ങളാണ് കർഷകർ സ്വീകരിക്കേണ്ടത്. 

പ്രധാന കാരണങ്ങൾ 

 • ജനിതക കാരണങ്ങൾ

പശുക്കളുടെ പ്രത്യുൽപാദന അവയവങ്ങളുടെ വളർച്ചക്കുറവും മറ്റു ജനിതക വൈകല്യങ്ങളും,  അതുമൂലം ഹോർമോൺ നിലയിൽ ഉണ്ടാകുന്ന  വ്യതിയാനങ്ങളും ഗർഭധാരണത്തിന് തടസ്സമാകുന്നു.  പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ള ഹോർമോണുകളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ ഭ്രൂണമരണങ്ങൾക്കും കാരണമാകാറുണ്ട്.  പ്രത്യുൽപാദന അവയവങ്ങളിൽ ജനിതക വൈകല്യമുള്ള കാളകളുടെ ബീജം ബീജാധാനത്തിന് ഉപയോഗിച്ചാലും ഇതു സംഭവിക്കാം. കാരണം, ബീജത്തിന്റെ ഗുണനിലവാരം, ഘടന, വലുപ്പം  തുടങ്ങിയവ  ബീജസങ്കലനത്തെ സ്വാധീനിക്കുന്നു. 

 • അസമയത്തുള്ള ബീജാദാനം 

കൃത്യമായി മദിലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള വീഴ്ചയും തൽഫലമായി അസമയത്തു നടത്തുന്ന ബീജാധാനവും പശുക്കളുടെ പ്രത്യുൽപ്പാദന ക്ഷമത കുറയ്ക്കുമെന്നതിൽ സംശയമില്ല. മദിയുടെ ആരംഭത്തിൽ തന്നെയോ, അല്ലെങ്കിൽ മദി അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷമോ ബീജാധാനം  നടത്തുന്നത് ഗർഭധാരണം തടസ്സപ്പെടുത്തുന്നു.

 • പോളിഗൈനി (polygyny) 

സ്വാഭാവിക പ്രജനനത്തിനായി കാളകളെ ഉപയോഗിക്കുന്ന സന്ദർഭത്തിൽ, ഒരു കാളയെ ഉപയോഗിച്ച്  ഒട്ടേറെ പശുക്കൾക്ക് ബീജാധാനം നടത്തുമ്പോൾ ഗർഭാശയ അണുബാധ ഉണ്ടാകാനും അത് മറ്റു പശുക്കളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. തൽഫലമായി പശുക്കളുടെ ഗർഭധാരണശേഷി കുറയുകയും ചെയ്യുന്നു. 

 • അണുബാധ 

പശുക്കളുടെ പ്രസവസമയത്തുണ്ടാകുന്ന  ബുദ്ധിമുട്ടുകൾ,  കിടാവിനെ വലിച്ചെടുക്കുക, മറുപിള്ള സ്വയമേ വീഴാതിരിക്കുക, ഗർഭാശയത്തിലെ പഴുപ്പ്, വീക്കം,  പ്രസവശേഷം ഗർഭാശയം പുറത്തേക്ക് തള്ളിവരിക, പ്രസവശേഷം ഗർഭാശയം ചുരുങ്ങാതിരിക്കുക, കിടാവ് ഗർഭപാത്രത്തിനുള്ളിൽ ജീവനില്ലാതെ കിടക്കുകയോ, ദീർഘനാൾ മമ്മി ( Masceration and Mummification) രൂപത്തിൽ കിടക്കുകയോ ചെയ്യുക തുടങ്ങിയവ ഗർഭാശയ അണുബാധയ്ക്കും  റിപ്പീറ്റ് ബ്രീഡിങ്ങിനും കാരണമാകാം. 

 • ഹോർമോണുകളുടെ അപര്യാപ്തത 

പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ അപര്യാപ്തത മൂലം റിപ്പീറ്റ് ബ്രീഡിങ്ങ് ഉണ്ടാകാം. ഈസ്ട്രജൻ ( Oestrogen), പ്രൊജസ്റ്ററോൺ (Progesterone), ഗൊണാഡോട്രോപ്പിൻ റിലീസിങ് ഹോർമോൺ (Gonadotropin releasing hormine-GnRH) തുടങ്ങിയ ഹോർമോണുകളുടെ  അപര്യാപ്തതയോ അമിത അളവോ ഗർഭധാരണത്തിന് തടസ്സമാകാം. 

 • വളരെ നേരത്തെയോ വൈകിയോ നടക്കുന്ന  അണ്ഡവിസർജനം 

സാധാരണയായി പശുക്കളിൽ മദി അവസാനിച്ച് 12 മണിക്കൂറിനു ശേഷമാണ് അണ്ഡവിസർജനം നടക്കുന്നത്. എന്നാൽ, ചില പശുക്കളിൽ ഹോർമോൺ തകരാറുകൾ മൂലം വളരെ നേരത്തെയോ വൈകിയോ അണ്ഡവിസർജനം നടക്കാറുണ്ട്. ഇത് ആവർത്തിച്ചുള്ള പ്രജനനത്തിനു കാരണമാകുന്നു.

 • സബ് ക്ലിനിക്കൽ എൻഡോമെട്രൈറ്റിസ് ( Subclinical endometritis)

ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഗർഭാശയ അണുബാധ റിപ്പീറ്റ് ബ്രീഡിങ്ങിനു കാരണമാകുന്നു. ഇത്തരം പശുക്കളുടെ ഗർഭാശയ-യോനീസ്രവങ്ങളിൽ വ്യത്യാസമൊന്നും കാണുകയില്ല. പശുക്കൾ സാധാരണ ഗതിയിൽ മദി ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.

 • സൂക്ഷ്മധാതുക്കളുടെ അപര്യാപ്തത 

പശുക്കളിൽ ഉയർന്ന പ്രത്യുൽപാദനക്ഷമത കൈവരിക്കുന്നതിന്  അത്യാവശ്യമായ ഏഴ് സൂക്ഷ്മധാതുക്കളാണുള്ളത്. സെലിനിയം, കോപ്പർ, സിങ്ക്, ഇരുമ്പ്, കൊബാൾട്ട്, മഗ്നീഷ്യം, മാൻഗനീസ് തുടങ്ങിയവയുടെ അപര്യാപ്തതയും ഗർഭധാരണത്തെ തടസ്സപ്പെടുത്തുന്നു. 

 • ബീജത്തിന്റെ  ഗുണമേന്മ 

വിവിധതരം മാലിന്യങ്ങൾ കലർന്നിട്ടുള്ള ബീജം ഉപയോഗിച്ചാൽ ഗർഭാശയ അണുബാധയുണ്ടാകാനും തദ്വാരാ ഗർഭധാരണ തടസ്സവും ഉണ്ടാകാം. 

 • ബീജാധാനസമയത്തെ ശുചിത്വമില്ലായ്മ 

അണുവിമുക്തമായ  ഉപകരണങ്ങളുപയോഗിച്ച് അശാസ്ത്രീയമായ രീതിയിൽ അവിദഗ്ധരായ വ്യക്തികൾ കൃത്രിമ ബീജാധാനം ചെയ്യുന്നത്  ഗർഭാശയ അണുബാധയ്ക്കു കാരണമാകാം. 

 • പരിസ്ഥിതി ഘടകങ്ങൾ 

ഉയർന്ന അന്തരീക്ഷ ഊഷ്മാവ്,  ഈർപ്പം, കനത്ത മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങൾ പ്രത്യുൽപ്പാദന ക്ഷമതയെ വിപരീതമായി ബാധിക്കും.

രോഗനിർണയം 

 • തുടർച്ചയായ ബീജദാനത്തിനു ശേഷവും പശുക്കൾ  ഗർഭം ധരിക്കുന്നില്ലെങ്കിൽ റിപ്പീറ്റ് ബ്രീഡിങ്  സംശയിക്കാം. യോനി സ്രവത്തിന്റെ നിറം, ഗുണ നിലവാരം  എന്നിവ പരിശോധിച്ചു ഗർഭപാത്രത്തിൽ അണുബാധയുണ്ടോ എന്നു മനസ്സിലാക്കാം. 
 • വൈറ്റ് സൈഡ് ടെസ്റ്റ് (White side test): ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഗർഭാശയ അണുബാധ മനസ്സിലാക്കാൻ വൈറ്റ് സൈഡ് ടെസ്റ്റ് സഹായകരമാണ്. . 
 • ഫീനൈൽ സൾഫാനാഫ്ത്തലിൻ ( Phenyl sulphanaphthalene) ടെസ്റ്റ്ഫീനൈൽ സൾഫാനാഫ്ത്തലിൻ ( Phenyl sulphanaphthalene) / ഫിനോൾ റെഡ് (Phenol red ) എന്നിവ ഉപയോഗിച്ച് അണ്ഡവാഹിനി കുഴലുകളിൽ തടസ്സമുണ്ടെങ്കിൽ കണ്ടെത്താവുന്നതാണ്.
 • എൻഡോമെട്രിയൽ സൈറ്റോളജി,  സെർവിക്കൽ മ്യൂക്കസ് ടെസ്റ്റ് , സെർവിക്കൽ മ്യൂക്കസ് പെനീട്രേഷൻ ടെസ്റ്റ് , അൾട്രാസോണിക് സ്കാനിംഗ് , എൻഡോമെട്രിയൽ ബയോപ്സി എന്നിവയിലൂടെയും  പ്രത്യുൽപാദനത്തകരാറുകൾ നിർണ്ണയിക്കാം.

ആവർത്തന പ്രജനനം തടയാനുള്ള മാർഗ്ഗങ്ങൾ

 • ചികിത്സ
 • തുടർച്ചയായ ഒന്നോ രണ്ടോ മദികളിൽ  പശുക്കളെ ബീജാധാനത്തിന് വിധേയമാക്കാതെ  സെക്ഷ്വൽ റെസ്റ്റ് (Sexual rest) കൊടുക്കുന്നത് ഫലപ്രദമായി കാണുന്നു.  ഇപ്രകാരം വിശ്രമം നൽകുമ്പോൾ പ്രത്യുൽപ്പാദനാവയവങ്ങളിലേക്ക് കൂടുതൽ ശ്വേതരക്താണുക്കൾ എത്തിച്ചേരുകയും  അണുബാധ എന്തെങ്കിലുമുണ്ടെങ്കിൽ അത് തുടച്ചുനീക്കുകയും ചെയ്യും.
 • അംഗീകാരമുള്ള ഗവൺമെൻറ് സ്ഥാപനങ്ങളിൽ നിന്നും  ലഭിക്കുന്ന ബീജമാണ് കൃത്രിമ ബീജാദാനത്തിനായി ഉപയോഗിക്കേണ്ടത്. 
 • വൈകിയുള്ള അണ്ഡവിസർജനം മൂലമുള്ള റിപ്പീറ്റ് ബ്രീഡിങ്  മറികടക്കാൻ പശുക്കളെ 24 മണിക്കൂർ ഇടവിട്ട് രണ്ട് തവണ ബീജാധാനത്തിനു വിധേയമാക്കുന്നത് ഫലപ്രദമാണ്.
 • ചൂടു കൂടിയ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ബീജാധാനം നടത്തുന്നതാണ് ഉചിതം. ശരീരം നനച്ച് തണുപ്പിക്കുകയും വേണം.  ബീജാധാനത്തിനു ശേഷമുള്ള ഒന്നോ രണ്ടോ ദിവസത്തേക്ക് പശുക്കളെ തണലിൽ കെട്ടുകയും വേണം.
 • കൃത്രിമ ബീജാധാനം നടത്തുമ്പോൾ ഹ്യൂമൻ കോറിയോണിക്ക്  ഗൊണാഡോട്രോപ്പിൻ (Human Chronionic Gonadotropin -HCG),  ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ (Gonadotropin releasing hormine-GnRH) എന്നീ ഹോർമോണുകളോ  ആന്റിബയോട്ടിക്കുകളോ കുത്തിവയ്ക്കുന്നത് ഫലപ്രദമായി കാണുന്നു. 
 • ആന്റിബയോട്ടിക്കുകൾ, ആന്റി സെപ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് ഗർഭാശയം കഴുകുന്നതും നല്ലതാണ്. എന്നാൽ കഴിവതും ഗർഭാശയത്തിനുള്ളിൽ മരുന്നുകൾ ഉപയോഗിക്കാതെ കുത്തിവയ്പ്പായി നൽകുന്നതാണ് ഉചിതം.
 • പശുക്കൾക്ക് വൈറ്റമിൻ എ, ഡി 3, ഇ, സെലിനിയം എന്നിവ നൽകുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് ഒഴിവാക്കാൻ സഹായിക്കും. 
 • പശുക്കളിൽ മദി സമയം ഏകീകരിക്കുന്നത്  ഈസ്ട്രെസ് സിൻക്രൊനൈസേഷൻ പ്രോട്ടോകോൾ (Oestrus Synchronisation Protocols) ഉപയോഗിക്കാവുന്നതാണ് ( ഉദാ. ഓസിങ്ക് -Ovsynch). ഇതിനായി പ്രൊജസ്റ്റെറോൺ (Progesterone), പ്രോസ്റ്റാഗ്ലാൻഡിൽ (Prostaglandin), ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ (Gonadotropin releasing hormine-GnRH) എന്നീ ഹോർമോണുകൾ  ഉപയോഗിക്കാം. 
 • ഇതിനായി നിയന്ത്രിതമായ അളവിൽ പ്രൊജസ്റ്റെറോൺ ഹോർമോൺ പുറത്തേക്കു വിടുന്ന സിഐഡിആർ (Controlled Internal Drug Release device) ടിആർഐയു - ബി  തുടങ്ങിയ ഹോർമോൺ ഇംപ്ലാന്റുകൾ യോനിയിൽ നിക്ഷേപിക്കുന്നതിലൂടെ ഹോർമോണുകളുടെ അളവ് ക്രമീകരിക്കാൻ സാധിക്കുന്നു.  
 • അണുവിമുക്തമായ ഉപകരണങ്ങളുപയോഗിച്ച്  ശാസ്ത്രീയമായ രീതിയിൽ കൃത്രിമ ബീജാധാനം നടത്തുക. ഇതിനായി ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുക. 
 • സാധാരണയായി പശുക്കളിൽ മദി ലക്ഷണങ്ങൾ പ്രകടമാകുന്നത് 12 മുതൽ 24 മണിക്കൂറാണ്.  മദിയുടെ മധ്യത്തിലോ അവസാനഘട്ടത്തിലോ ആണ്  പശുക്കളെ ബീജാധാനത്തിന് വിധേയമാക്കേണ്ടത്.  ഇതാണ് ഉയർന്ന പ്രത്യുൽപാദനക്ഷമത കൈവരിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. അതായത്  വൈകിട്ട് മദി ലക്ഷണങ്ങൾ കാണിക്കുന്ന പശുക്കളെ പിറ്റേന്ന് രാവിലെയും, രാവിലെ മദി ലക്ഷണങ്ങൾ പ്രകടമാക്കുന്ന പശുക്കളെ വൈകിട്ടുമാണ് ബീജദാനം നടത്തേണ്ടത്. 
 • മദി അവസാനിച്ച് 12 മണിക്കൂറിനു ശേഷമാണ് അണ്ഡവിസർജ്ജന സമയം. പശുവിന്റെ പ്രത്യുൽപ്പാദന വ്യൂഹത്തിൽ അണ്ഡവിസർജ്ജനം കഴിഞ്ഞ് 12 മണിക്കൂറിൽ താഴെയാണ് അണ്ഡത്തിന്റെ ആയുസ്. 
 • മദിയുടെ ആരംഭത്തിൽത്തന്നെ ബീജാധാനം നടത്തിയാൽ അണ്ഡവിസർജനം നടക്കുമ്പോൾ ബീജം പ്രായം കൂടി നശിച്ചു പോകുകയും  ബീജസങ്കലനം നടക്കാതെ വരുകയും ചെയ്യുന്നു.  കാരണം, പശുവിന്റെ പ്രത്യുൽപ്പാദന വ്യൂഹത്തിൽ ബീജാണുക്കളുടെ ആയുസ്  24 മണിക്കൂർ ആണ് . 
 • അതുപോലെതന്നെ  അണ്ഡവിസർജനം നടന്ന് മണിക്കൂറുകൾക്കുശേഷം ബീജാധാനം നടത്തിയാലും അണ്ഡത്തിന് പ്രായമേറി പോകുന്നതുകൊണ്ട് ഗർഭധാരണം നടക്കുന്നില്ല. കാരണം, പശുക്കളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയിൽ  ബീജാണുക്കൾക്ക് കപ്പാസിറ്റേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമാകേണ്ടതുണ്ട്. ഏകദേശം 6-10 മണിക്കൂർ വരെ നീളുന്ന കപ്പാസിറ്റേഷനു ശേഷം മാത്രമേ ബീജാണുക്കൾ ബീജസങ്കലനത്തിന് പ്രാപ്തമാകുന്നുള്ളൂ. ആയതിനാൽ മേൽപ്പറഞ്ഞ ഘടകങ്ങളെ അടിസ്ഥാനമാക്കി ബീജാധാന സമയം ഏകീകരിച്ചാൽ മാത്രമേ പശുക്കളിൽ  ഗർഭധാരണ നിരക്ക് പരമാവധി വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. 

പശുക്കളിൽ പ്രത്യുൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് ഉപയുക്തമാകുന്ന സാങ്കേതികവിദ്യകൾ

 • ഭ്രൂണമാറ്റം (Embryo transfer) 

പശുക്കളുടെ ജനിതക ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന മാർഗമാണ് ഒരു പശുവിൽ നിന്നും ഒന്നിലധികം അണ്ഡം ഉൽപ്പാദിപ്പിക്കുന്നതും  അതിനു ശേഷമുള്ള  ഭ്രൂണമാറ്റവും. ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള പശുക്കളിൽ നിന്ന് ധാരാളം സന്തതികളെ നേടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സാധാരണയായി വർഷത്തിൽ ഒരു പശുക്കുട്ടിയെ ഉൽപ്പാദിപ്പിക്കുന്ന ഒരു പശുവിൽ നിന്നും ഒന്നിലധികം അണ്ഡങ്ങൾ ഉൽപ്പാദിപ്പിച്ച് അതിൽ നിന്നും ഒന്നിലധികം ഭ്രൂണങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയും. ഈ ഭ്രൂണങ്ങൾ  മറ്റു പശുക്കളുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു. അവിടെ വച്ച് ഭ്രൂണം പൂർണ്ണ വളർച്ചയെത്തുകയും ആരോഗ്യമുള്ള കിടാവായി രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾക്ക് ചെലവ് വളരെ കൂടുതലാണ്.

നല്ലയിനം കാളകളെ ഉൽപ്പാദിപ്പിക്കുന്നതിനും, അത്യുൽപ്പാദന ശേഷിയുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വംശനാശഭീഷണി നേരിടുന്ന ഇനങ്ങളെ സംരക്ഷിക്കുന്നതിനും ഭ്രൂണമാറ്റ സാങ്കേതികവിദ്യ സഹായകരമാണ്. 

 • ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) 

അൾട്രാസൗണ്ട് ഗൈഡഡ് ഓവം പിക്ക് അപ്പ് (OPU) എന്ന സാങ്കേതികവിദ്യയുടെ സഹായത്താൽ  ഓരോ മദിയിലും എലൈറ്റ് (അത്യുൽപ്പാദന ശേഷിയുള്ള) പശുക്കളിൽ നിന്ന് ഓസൈറ്റുകൾ (Oocytes) ശേഖരിക്കാം. ഈ ഓസൈറ്റുകൾ ലബോറട്ടറിക്കുള്ളിൽ വച്ച് പക്വത പ്രാപിക്കുന്നു. ( ഇൻ വിട്രോ മെച്യുറേഷൻ - ഐവിഎം) പിന്നീട് കാളകളിൽ നിന്നുള്ള ബീജം (ഐവിഎഫ്) ഉപയോഗിച്ച്  ബീജസങ്കലനത്തിന് വിധേയമാക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ഭ്രൂണങ്ങൾ മറ്റു പശുക്കളുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു.  ഈ സാങ്കേതിക വിദ്യയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് സന്തതികളെ ഉൽപാദിപ്പിക്കാൻ കഴിയും.

പരമാവധി സന്തതികളുടെ ഉൽപാദനം, ഒരേ പ്രായത്തിലുള്ള സഹോദരങ്ങളുടെ ഉൽപാദനം,  ഉയർന്ന ജനിതക മേന്മയുള്ള മൃഗങ്ങളുടെ സംരക്ഷണം , വ്യത്യസ്ത വന്ധ്യതാ പ്രശ്നങ്ങളുള്ള പശുക്കൾക്ക് ഗർഭധാരണം ഉറപ്പാക്കൽ എന്നിവയാണ് ഈ വിദ്യയുടെ മേന്മകൾ.

 • ലിംഗ നിർണ്ണയം നടത്തിയ ബീജത്തിന്റെ ഉപയോഗം 

95% കൃത്യതയോടെ ഫ്ലോ സൈറ്റോമെട്രിക് ടെക്നിക് വഴി  ബീജത്തിന്റെ ലിംഗനിർണ്ണയം നടത്തുകയാണ് ഈ സാങ്കേതികവിദ്യയിൽ ചെയ്യുന്നത്. പെൺ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ബീജങ്ങൾ ശേഖരിച്ച് കൃത്രിമ ബീജാധാനത്തിനായി ഉപയോഗിക്കുന്നു. ഇതിലൂടെ പെൺ സന്താനങ്ങൾ മാത്രമാണ് പിറക്കുന്നത്.

English summary: Repeat breeding syndrome in dairy cows

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA