ആടുവളർത്തൽ ലാഭകരമാണ്, പക്ഷേ കടമ്പകളേറെ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • 30 മുതൽ 40 വരെ ആടുകളെ പാർപ്പിക്കാൻ ഏകദേശം ഒരു ഏക്കറോളം സ്ഥലം
  • മുന്നൊരുക്കങ്ങളില്ലാതെ എടുത്തു ചാടേണ്ട ഒരു തൊഴിലല്ല ആടുവളർത്തൽ
goat-farming
SHARE

കോവിഡ് - 19 ന്റെ ആഗോള വ്യാപന ഫലമായി തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികൾക്കും മറ്റു തൊഴിൽരഹിതരായിട്ടുള്ളവർക്കും കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന സ്വയം തൊഴിൽ സംരംഭമാണ് ആടുവളർത്തൽ. ആടുകളെയും ആട്ടിൻ കുട്ടികളെയും വിൽക്കുന്നതിലൂടെ സുസ്ഥിര വരുമാനം ലഭിക്കുമെന്നതിനാൽ ഈ തൊഴിൽ ഉപജീവനമാർഗ്ഗമാക്കുന്നതിൽ ശങ്കിക്കേണ്ടതില്ല.  ലൈസൻസിങ് മാനദണ്ഡങ്ങളനുസരിച്ച് കേരളത്തിൽ 20 ആടുകളെ വരെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമില്ല. വയോധികർക്കും, സ്ത്രീകൾക്കും മാത്രമല്ല, കുട്ടികൾക്കു പോലും കൈകാര്യം ചെയ്യാൻ എളുപ്പമാണ് താനും. ലോക്‌ഡൗൺ കാലത്ത് ഒന്നോ രണ്ടോ  ആട്ടിൻകുട്ടികളെ വാങ്ങി വളർത്താൻ തുടങ്ങിയ സ്കൂൾ കുട്ടികളുടെ മാതൃക ഈ രംഗത്തേക്ക് പ്രവേശിക്കുന്നവർക്ക് പ്രചോദനമേകുന്നു. ആട്ടിൻ കുട്ടികളെ ഉൽപ്പാദിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി വിപണനം നടത്തിയാൽ നൂറു ശതമാനം വിജയം കൈവരിക്കാവുന്ന ഒരു തൊഴിൽ മേഖല  കൂടിയാണ് ആടുവളർത്തൽ.

ശാസ്ത്രീയ പരിശീലനം അത്യാവശ്യം

മുന്നൊരുക്കങ്ങളില്ലാതെ എടുത്തു ചാടേണ്ട ഒരു തൊഴിലല്ല ആടുവളർത്തൽ. പുതു സംരംഭകർ എന്ന നിലയിൽ ആടുവളർത്തലിനെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും പ്രായോഗിക പരിജ്ഞാനവും നേടുകയാണ് ഏറ്റവും പ്രഥമവും പ്രധാനവുമായ കാര്യം. അതിനു ശേഷം മതി ആടിനെ വാങ്ങുന്നതും ആട്ടിൻകൂടു പണിയുന്നതും.

ശാസ്ത്രീയമായി ആടുവളർത്തുന്ന ഫാമുകൾ സന്ദർശിക്കുകയും, ഈ സംരഭത്തിന്റെ വിജയ - പരാജയങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യണം. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളിലോ മണ്ണുത്തി വെറ്ററിനറി കോളജിന്റെ കീഴിൽ നടത്തുന്ന ആടുവളർത്തൽ പരിശീലന പരിപാടിയിലോ പങ്കെടുക്കുന്നത് നല്ലതാണ്.

goat-farming

ചെലവു കുറഞ്ഞ ആട്ടിൻകൂട്  നിർമ്മാണം 

30 മുതൽ 40 വരെ ആടുകളെ പാർപ്പിക്കാൻ ഏകദേശം ഒരു ഏക്കറോളം  സ്ഥലമാണ് ആവശ്യമുള്ളത്. മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ കിഴക്ക് - പടിഞ്ഞാറ് ദിശയിൽ വേണം ആട്ടിൻ കൂട് പണി കഴിപ്പിക്കേണ്ടത്.  19 പെണ്ണാടുകളും 1 മുട്ടനാടും ഉൾപ്പെടുന്ന ചെറു യൂണിറ്റ് തുടങ്ങുകയാണ് ആരംഭഘട്ടത്തിൽ നല്ലത്.  പ്രയോഗിക പരിജ്ഞാനം നേടിയതിനു ശേഷം ഫാം വിപുലീകരിക്കാവുന്നതാണ്.  20 ആടുകൾക്ക്  240 - 250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂടാണ് വേണ്ടത്. അതായത്  30 അടി നീളവും, 8 അടി വീതിയിലും കൂടു നിർമ്മിക്കാം. തറയിൽ നിന്ന് 5 അടി ഉയരത്തിൽ പലക കൊണ്ട് തട്ടടിച്ച് കൂടു നിർമ്മിക്കുന്ന രീതിയാണ് ചെലവു കുറഞ്ഞത്. ഇതിനായി പന, കവുങ്ങ് എന്നിവയും ഉപയോഗിക്കാം. മരപ്പലകയ്ക്കു പകരം  ചെലവേറിയ ഫൈബർ ഫ്ലോറും ഉപയോഗിക്കാവുന്നതാണ്. രണ്ടു പലകകൾക്കിടയിൽ 1.25 - 1.5 സെ.മീറ്റർ വിടവു നൽകുന്നതിലൂടെ ആട്ടിൻ കാഷ്ഠവും മൂത്രവും ഒഴുകി താഴേക്കു വീഴുന്നതിന് സഹായിക്കും. കൂടിന്റെ തറ കോൺക്രീറ്റ് ചെയ്യാവുന്നതാണ്. തറയിൽ നിന്ന് കൃത്യമായ ഇടവേളകളിൽ കാഷ്ഠവും മൂത്രവും നീക്കം ചെയ്യണം. കവുങ്ങ്, മുള, പലക എന്നിവയുപയോഗിച്ച് ഭിത്തി നിർമ്മിച്ച്, മേൽക്കൂര ഓല, ഓട്, വൈക്കോൽ, തകര, അലുമിനിയം ഷീറ്റ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കാം. കൂടിനുള്ളിൽ കുറഞ്ഞത് 8 അടി ഉയരം വേണം. കുഞ്ഞിന് 1-2 ചതുരശ്ര അടി,  പെണ്ണാടിന്  10 ചതുരശ്ര അടി, മുട്ടനാട് 20 ചതുരശ്ര അടി എന്നിങ്ങനെയാണ് കൂടിന് ആവശ്യമായ അളവുകൾ.

goat-farm-1

ആടുകളുടെ തിരഞ്ഞെടുപ്പ്

3 മാസം കഴിഞ്ഞതും തള്ളയാടിൽ നിന്ന് വേർപെടുത്തിയ പെൺകുഞ്ഞുങ്ങൾ, ആറു മുതൽ ഒരു വയസ്സുവരെ പ്രായമുള്ള പെണ്ണാടുകൾ, ഒരു വയസ്സു തികഞ്ഞ ഒരു മുട്ടനാട് എന്നിവയെ വാങ്ങാം. അന്തഃപ്രജനന സാധ്യത നിലനിൽക്കുന്നതിനാൽ പെണ്ണാടുകളുമായി രക്തബന്ധമില്ലാത്തതും  അംഗവൈകല്യങ്ങളില്ലാത്തതുമായ മുട്ടനാടിനെ വേണം വാങ്ങേണ്ടത്. രോഗപ്രതിരോധശേഷി കൂടിയതും കേരളത്തിന്റെ തനത് ഇനവുമായ മലബാറി ആടുകളോ അവയുടെ സങ്കരയിനങ്ങളെയോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒറ്റപ്രസവത്തിൽ  മൂന്നോ നാലോ കുഞ്ഞുങ്ങൾക്ക്  ജന്മം നൽകുമെന്നുള്ളതാണ് മലബാറി ഇനത്തിന്റെ  പ്രത്യേകത. ജമുനാപാരി, ബീറ്റൽ, അട്ടപ്പാടി ബ്ലാക്ക്, സിറോഹി തുടങ്ങിയവയാണ് മറ്റിനം ആടുകൾ. ആടിനെ വാങ്ങുമ്പോൾ കശാപ്പുകാരുടെ കയ്യിൽ നിന്നോ ഇടനിലക്കാരിൽ നിന്നോ വാങ്ങാതെ  ശാസ്ത്രീയ രീതിയിൽ ആടു വളർത്തുന്ന  കർഷകരിൽ നിന്നോ, സർക്കാർ/ യൂണിവേഴ്സിറ്റി ഫാമിൽ നിന്നോ വാങ്ങുന്നതാണ് ഉചിതം. അവയുടെ ആരോഗ്യവും, വളർച്ചയും മാത്രമല്ല  ഒറ്റ പ്രസവത്തിൽ രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങളായി ജനിച്ചവയ്ക്ക് മുൻഗണന നൽകണം. 

തീറ്റക്രമം 

കറവ ഇല്ലാത്ത ആടുകൾക്ക് പുല്ലും ഇലകളും മാത്രം നൽകിയാൽ മതിയാകും. ഗുണമേന്മയുള്ള  3 - 4 കിലോഗ്രാം പ്ലാവില മാത്രം ഒരാടിനു നൽകിയാൽ മതിയാകും.  പ്ലാവില കൂടാതെ, ഈർക്കിൽ നീക്കിയ തെങ്ങോല, കൈനി, വേങ്ങ, പൂവം, മുരിക്ക് എന്നിവയുടെ ഇലകൾ, ഗിനി, നേപ്പിയർ, പാര, കോംഗോ സിഗ്നൽ തുടങ്ങിയ പച്ചപ്പുല്ലുകൾ നൽകാം. പലതരം പിണ്ണാക്കുകൾ, തവിട് തുടങ്ങിയവയും തീറ്റയിൽ ഉൾപ്പെടുത്താം. ഇതോടൊപ്പം ഉപ്പും ധാതുലവണമിശ്രിതവും നൽകണം. പ്രായപൂർത്തിയായ ഒരാടിന് ദിവസേന രണ്ടോ മൂന്നോ കിലോഗ്രാം പച്ചപ്പുല്ലും  250 ഗ്രാം ഖരാഹാരവും നൽകണം.  മുട്ടനാടിന് ദിവസേന മൂന്നു മുതൽ അഞ്ച് കിലോഗ്രാം പച്ചപ്പുല്ലും 400- 500 ഗ്രാം  ഖരാഹാരവും ആവശ്യമാണ്. ആടുകൾക്ക് ദിവസേന 4 മുതൽ 8 ലീറ്റർ വരെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. 

goat-farming-benny-1

പുൽകൃഷി അത്യാവശ്യം

ആടുവളർത്തുന്ന ചലവിന്റെ മുക്കാൽ ഭാഗവും തീറ്റയ്ക്കായാണ് ചെലവഴിക്കുന്നത്; അതുകൊണ്ടുതന്നെ ആടുകൾക്ക് ആവശ്യമായ പുല്ല് ലഭ്യമാകുന്നതിന് കുറഞ്ഞത് പത്തു സെന്റ് സ്ഥലത്ത് പുൽകൃഷി തുടങ്ങണം. തണ്ടിന് അധികം കട്ടിയില്ലാത്തതും,  അത്യുൽപ്പാദനശേഷിയുമുള്ള തുമ്പൂർമുഴി - 1 ( TM - 1) എന്ന പുല്ലിനമാണ് ആടുകൾക്ക് ഏറ്റവും അനുയോജ്യമായത്. 17% മാംസ്യം അടങ്ങിയിട്ടുള്ള ഈ പുല്ലിനം വളരെ എളുപ്പത്തിൽ ദഹിക്കുന്നതാണ്. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലുള്ള ചാലക്കുടിയിലെ  തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിൽ ഈ പുല്ലിന്റെ നടീൽ വസ്തു ലഭ്യമാണ്. 

അന്നജം അധികമടങ്ങിയിട്ടുള്ള അരിയാഹാരങ്ങൾ, പായസം, ഉണങ്ങാത്ത മരച്ചീനിയില, പഴുത്ത ചക്ക തുടങ്ങിയവ ആടുകൾക്ക് കൊടുക്കരുത്.  എന്നാൽ ക്രമാനുഗതമായി പരിശീലിപ്പിച്ചാൽ കഞ്ഞി, ചോറ് തുടങ്ങിയവ ചെറിയൊരളവിൽ നൽകാം.

ആട്ടിൻപാലിന് ഉയർന്ന ഗുണനിലവാരം

പോഷക പദാർഥങ്ങളുടെ കാര്യത്തിൽ ആട്ടിൻപാൽ പശുവിൻപാലിനേക്കാൾ മേന്മയേറിയതാണ്. അതിൽ ടോറിൻ (Taurine) എന്ന അമിനോ ആസിഡും,  അപൂരിത എണ്ണകളും (Unsaturate fatty acid) കൂടുതലായി അടങ്ങിയിരിക്കുന്നു.  ആട്ടിൻപാലിലെ കൊഴുപ്പ് കണികകൾ വളരെ ചെറുതായതിനാൽ കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ഒരുപോലെ ദഹിക്കുന്നു. 

രോഗനിയന്ത്രണം

  • ആടുകൾക്ക് വിരമരുന്നും, കുരലടപ്പൻ, ആടുവസന്ത, എൻറോടോക്സീമിയ, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ്പും നൽകേണ്ടതാണ്. നാലു മാസം പ്രായമാകുമ്പോൾ ആദ്യ ഡോസ് കുത്തിവയ്പ്പ് നൽകണം. പിന്നീട് വർഷാവർഷം കുത്തിവയ്പ്പ് ആവർത്തിക്കണം. ജനിച്ച്‌ പത്താം നാൾ ആദ്യ ഡോസ് വിരമരുന്നു നൽകേണ്ടതാണ്. 
  • വിറ്റമിൻ B1 അപര്യാപ്തത മൂലമുണ്ടാകുന്ന പോളിയോ എൻസിഫലോ മലേഷ്യ, ശ്വാസകോശ രോഗങ്ങൾ, അകിടുവീക്കം, ലാക്ടിക് അസിഡോസിസ് തുടങ്ങിയവയാണ് സാധാരണഗതിയിൽ ആടുകളിൽ കാണുന്ന മറ്റ് അസുഖങ്ങൾ. ആരോഗ്യമുള്ള ആടുകൾക്ക് താരതമ്യേന അസുഖങ്ങൾ കുറവാണെങ്കിലും, ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങൾ കാണിച്ചാൽ തുടക്കത്തിൽത്തന്നെ ചികിത്സ നൽകേണ്ടതാണ്.
  • വർഷ കാലത്തും തണുപ്പു കൂടുതലുള്ള കാലാവസ്ഥയിലും പ്രത്യേക പരിരക്ഷ നൽകാൻ ശ്രദ്ധിക്കണം. തണുപ്പ് കൂടുമ്പോൾ ചുമ, കഫക്കെട്ട്, ന്യൂമോണിയ തുടങ്ങിയ ശ്വാസകോശസംബന്ധമായ അസുഖങ്ങളും വയറിളക്കവും കൂടുതലായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  • രക്തപരാദങ്ങളായ തൈലേറിയ, അനാപ്ലാസ്മ, ബബീസിയ തുടങ്ങിയവ ആടുകളെ ബാധിക്കാൻ  ഇടയുള്ളതിനാൽ അവയുടെ ശരീരത്തിൽ കാണപ്പെടുന്ന ബാഹ്യപരാദങ്ങളായ പട്ടുണ്ണി, കൊതുക്, ചെള്ള്, ഈച്ച എന്നിവയെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
  • ബാഹ്യപരാദ നിയന്ത്രണത്തിനായി സൈപ്പർമെത്രിൻ, ഡെൽറ്റാമെത്രിൻ തുടങ്ങിയ ബാഹ്യ പരാദലേപനങ്ങളും ഐവർമെക്ടിൻ, ഡോറാമെക്ടിൻ തുടങ്ങിയ കുത്തിവയ്പ്പുകളും ലഭ്യമാണ്. ഫ്ളൂമെത്റിൻ അടങ്ങിയ പോർ-ഓൺ (pour-on) മരുന്നുകൾ ശരീരത്തിൽ വരയ്ക്കാവുന്നതാണ്. 
  • പട്ടുണ്ണികൾക്കെതിരെ ജൈവനിയന്ത്രണ മാർഗങ്ങളും അവലംബിക്കാം. ആട്ടിൻകൂടിന് ചുറ്റുമുള്ള  കരിയിലയും മറ്റ് മാലിന്യങ്ങളും കത്തിച്ചു കളയണം.
  • ആടുകളെ അതിരാവിലെയും വൈകിട്ടും മേയാൻ വിടുന്നത് ഒഴിവാക്കി സൂര്യനുദിച്ചതിനു ശേഷം മാത്രം വിടുക. അവയ്ക്ക്  പനി, വിളർച്ച, തീറ്റ മടുപ്പ്, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ  വേണ്ട വിധം ശ്രദ്ധിച്ച് രക്ത പരിശോധന നടത്തുകയും ചികിത്സിക്കുകയും ചെയ്യണം.‌
goat-farming-1

പ്രജനനം

ശരീരവളർച്ചയനുസരിച്ച് പെണ്ണാടുകൾക്ക് 10 - 12 മാസമാകുമ്പോൾ നമ്മുടെ തന്നെ മുട്ടനാടുമായി ഇണ ചേർക്കാവുന്നതാണ്.  മൂന്നു മാസം പ്രായമാകുമ്പോൾ കുറഞ്ഞത് 10 കി.ഗ്രാം ശരീരഭാരമുള്ള ആട്ടിൻകുഞ്ഞുങ്ങളെയാണ് വിൽക്കേണ്ടത്. ഒരു പെണ്ണാടിൽനിന്ന് ഒരു വർഷം ശരാശരി 2 കുഞ്ഞുങ്ങൾ വീതം 19 ആടുകൾക്ക്  ഏറ്റവും കുറഞ്ഞത് 38 ആട്ടിൻകുഞ്ഞുങ്ങളെ ലഭിക്കും. പകൽ സമയത്ത് ആടുകളെ പുറത്തേക്കു തുറന്നു വിടാനായി പ്രത്യേക സ്ഥലമൊരുക്കുന്നത് അവയുടെ ആരോഗ്യവും വളർച്ചയും വർധിപ്പിക്കും. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വ്യായാമത്തിനു വിടുന്നത് നല്ലതാണ്. 

ശാസ്ത്രീയ മാലിന്യ സംസ്കരണം 

പ്രായപൂർത്തിയായ  ഒരാടിൽനിന്നും ഒരു ദിവസം 400 മുതൽ 700 ഗ്രാം വരെ ആട്ടിൻകാഷ്ഠം ലഭിക്കും ആടു ഫാമിൽ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് സാങ്കേതികവിദ്യയുടെ ( Thumburmuzhy Model Aerobic Composting Technique) ഒരു യൂണിറ്റ് സ്ഥാപിക്കുന്നത് ആട്ടിൻ കാഷ്ഠവും മറ്റ് ജൈവാവശിഷ്ടങ്ങളും ഫലഭൂയിഷ്ടമായ ജെവവളമായി മാറ്റുന്നതിനും ആട്ടിൻ കാഷ്ഠം ഫലപ്രദമായി ഉപയോഗിക്കുന്നതിനും  സഹായിക്കും. ഒരു കിലോ കമ്പോസ്റ്റിന് 17 രൂപ വരെ വില ലഭിക്കും. കൂടാതെ മാലിന്യ നിർമാർജനമെന്ന കീറാമുട്ടിയെ മറികടക്കാനും സാധിക്കും.

രേഖകൾ സൂക്ഷിക്കണം

ഫാമിലെ  ബ്രീഡിംഗ്, രോഗങ്ങൾ, ജനന- മരണങ്ങൾ, വാക്സിനേഷൻ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ  കൃത്യമായി എഴുതി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 

karoli-goat-1

ആടുകൾക്ക്  ഇൻഷുറൻസ് നിർബന്ധം

ആറു മാസത്തിൽ കൂടുതൽ പ്രായമുള്ള എല്ലാ ആടുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകാൻ അമാന്തിക്കരുത്. ഇതിനായി പ്രാദേശിക മൃഗാശുപത്രികളെ സമീപിക്കാവുന്നതാണ്.

ചുരുക്കത്തിൽ, ശാസ്ത്രീയവും കൃത്യവുമായ പരിപാലനത്തിലൂടെയും ആത്മാർഥവും ചിട്ടയുമായ പ്രവർത്തനത്തിലൂടെയും അതിജീവനത്തിന്റെ പുതിയ വിജയഗാഥ രചിക്കാൻ ആടുവളർത്തലിലൂടെ നമുക്കു സാധിക്കുമെന്നതിൽ സംശയമില്ല.

English summary: Goat Farming Business Plan Information

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA