ADVERTISEMENT

കഴിഞ്ഞ ദിവസം ഓഫീസിലെത്തി ചെയ്യേണ്ട ജോലികളെക്കുറിച്ച് ആലോചിക്കുമ്പോഴേക്കും കണ്ടു ഗേറ്റ് തുറന്നു രാജമ്മാൾ  ധൃതിയിൽ നടന്നുവരുന്നത്. ഏറെ നാളായി പശുക്കളെ വളർത്തുന്ന  ക്ഷീരകർഷകയാണവർ. സൂര്യനുദിക്കും മുൻപേ തുടങ്ങുന്ന ദിവസത്തിന്റെ ഭൂരിഭാഗവും അവയെ പരിപാലിക്കുന്നതിൽ മാത്രമാണവരുടെ ശ്രദ്ധ. ‘എന്തുപറ്റി?’

ചോദ്യം പൂർത്തിയാക്കും മുന്നേ  മറുപടിയെത്തി. ‘ഡോക്ടറേ, പശു  ഒന്നും കഴിക്കുന്നില്ല. അയവെട്ടുന്നില്ല.  വയറിനും  വീർപ്പ് ഉണ്ട്. ചാണകം പോകുന്നതും കുറവാ.’ ‘സാധാരണമല്ലാത്ത എന്തെങ്കിലും തീറ്റി കൊടുത്തോ?’

ഇല്ലെന്ന മറുപടിയാണ് ആദ്യം വന്നത്. ചോദ്യത്തിന്റെ ആവർത്തനത്തിൽ യാഥാർഥ്യം പുറത്തുവന്നു. ‘മിനിഞ്ഞാന്ന് വീട്ടിൽ വിരുന്നുകാർ ഉണ്ടായിരുന്നു. കുറച്ചു  ചോറ് അധികം വന്നു പായസവും ഉണ്ടായിരുന്നു. കാടി കൊടുത്തപ്പോൾ ഞാനതും കൂടി ചേർത്താ കൊടുത്തത്. സാധാരണ ഇച്ചിരി കഞ്ഞിയൊക്കെ കൊടുക്കുന്നതാണ് അതുകൊണ്ട് കുഴപ്പമില്ലെന്ന് കരുതി.’ എന്താണ് സംഭവിച്ചിരിക്കുകയെന്നൂഹിച്ചു. ‘ചോറും പായസവും  മനുഷ്യന് കഴിക്കാനുള്ളതല്ലേ രാജമ്മേച്ചി. ഇനിയെങ്കിലുമത് പശുവിന് കൊടുക്കരുത്.’ ഒരുപദേശത്തോടെ വേണ്ട മരുന്നുകൾ കൊടുത്തു. 

വീണ്ടും രണ്ടു ദിവസം കൂടി വേണ്ടിവന്നു പശു പൂർണമായും ആരോഗ്യസ്ഥിതി കൈവരിക്കാൻ. മൃഗചികിത്സയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെല്ലാം ദിനംപ്രതി  കേൾക്കുന്ന കറവമാടുകളുടെ രോഗാവസ്ഥയാണിത്. മൃഗാശുപത്രിയിലെ ചികിത്സാ റജിസ്റ്ററുകളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തുന്നതും ഇത്തരം ദഹന സംബന്ധിയായ അസുഖങ്ങൾ തന്നെ. ‘ആടിന് ദോശ  വലിയ ഇഷ്ടമാണ്. ദിവസവും ഓരോന്ന് കൊടുക്കും. ഇന്നലെ കുറച്ച് കൂടുതൽ കൊടുത്തു... അല്ലെങ്കിൽ അധികം വന്ന ചപ്പാത്തി പശുവിന് കൊടുത്തു... ’എന്നിങ്ങനെ പോകും രോഗവിവരണങ്ങൾ. ഒരുപക്ഷേ കന്നുകാലികളിലെ തീറ്റക്രമത്തെപ്പറ്റിയുള്ള അജ്ഞത കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. അല്ലെങ്കിൽ അധികം വന്ന സാധനങ്ങൾ വെറുതെ കളയണ്ട കാലികൾ എന്തുവേണമെങ്കിലും തിന്നുമല്ലോ എന്ന ചിന്തയാകാം. ആമാശയത്തിന് നാലറകളുള്ള കന്നുകാലികളുടെ ദഹനവ്യവസ്ഥ മനുഷ്യനിൽനിന്ന്  വ്യത്യസ്തമാണ്.

cow-5

കാലികളുടെ തീറ്റയെ പരുഷാഹാരമെന്നും സാന്ദ്രീകൃതാഹാരമെന്നും  തരംതിരിക്കാം. പരുഷാഹാരത്തിൽ നാരിന്റെ അംശം കൂടുതലാണെങ്കിൽ സാന്ദ്രീകൃതാഹാരത്തിൽ പോഷകാംശം കൂടുതലും  നാരിന്റെ അംശം കുറവുമാണ്. പച്ചപ്പുല്ലും വൈക്കോലും  പരുഷാഹാരങ്ങളാണ്. പച്ചപ്പുല്ലിൽ ധാരാളം ജീവകം എ ഉണ്ട്. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, ചോളം, ഗോതമ്പ്, ഉണക്കക്കപ്പ, ഉണക്കമീൻ, ഗോതമ്പ് തവിട്, അരിത്തവിട് എന്നിവ സാന്ദ്രീകൃത ആഹാരങ്ങളാണ്.  കൂടാതെ പാരമ്പര്യേതര തീറ്റകളായ വാഴ, മരച്ചീനി, ശീമക്കൊന്ന, പീലി വാക, ചക്ക, പുളിങ്കുരു, തെങ്ങിന്റെ ഓലക്കാൽ എന്നിവയും കാലിത്തീറ്റയായി ഉപയോഗിക്കുന്നു. പച്ചക്കറിക്കടകളിൽനിന്ന് കിട്ടുന്ന അവശിഷ്ടങ്ങൾ  തീറ്റയായി കൊടുക്കുന്ന പ്രവണതയുമുണ്ട്. വിഷാംശമില്ലാതെ കഴുകി കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വ്യാവസായിക അവശിഷ്ടങ്ങളായ സ്റ്റാർച്ച് വേസ്റ്റ്, ബിയർ വേസ്റ്റ് എന്നിവയും കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്.

കാലികളുടെ ആമാശയത്തിന് നാലറകളാണുള്ളത്. റൂമൻ, റെറ്റിക്കുലം, ഒമാസം, അബോമാസം എന്നിവയാണവ. ആമാശയത്തിലെ ആദ്യ അറ റൂമനാണ്. ആമാശയത്തിന്റെ ഏതാണ്ട് 80 ശതമാനവും റൂമൻ തന്നെയാണ്. 150-200 ലീറ്റർ കപ്പാസിറ്റിയുള്ള റൂമനിൽ ദഹനപ്രക്രിയയുടെ ഫലമായി  മണിക്കൂറിൽ 30 ലീറ്റർ എന്ന തോതിൽ വാതകങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു. റൂമനിലെ ദഹനപ്രക്രിയ യാന്ത്രികവും ഉള്ളിലുള്ള ഏതാണ്ട് മൂന്ന് കിലോയോളം വരുന്ന സൂക്ഷ്മാണുക്കളുടെ സഹായത്താലുമാണ് നടക്കുന്നത്. കന്നുകാലികൾ കഴിക്കുന്ന പരുഷാഹാരങ്ങൾ റൂമന്റെ മുകൾഭാഗത്തുള്ള താരതമ്യേന വെള്ളം കുറഞ്ഞ ഭാഗത്ത് ശേഖരിക്കപ്പെടുന്നു. താഴെ ജലാംശം കൂടിയ ഭാഗത്ത് സാന്ദ്രീകൃത ആഹാരങ്ങളും ശേഖരിക്കപ്പെടുന്നു. പരുഷാഹാരങ്ങൾ റൂമന്റെ മുകൾഭാഗത്തെ സ്തരത്തിൽ സ്പർശിക്കുമ്പോൾ കാലികൾക്ക് അയവെട്ടുന്നതിനുള്ള ചോദനയുണ്ടാകുന്നു. തികട്ടി ചവയ്ക്കൽ വഴി വായിലേക്ക് എത്തുന്ന ആഹാരം ചവച്ചരയ്ക്കപ്പെട്ട് വീണ്ടും റൂമനിലേക്കെത്തുന്നു. ഈ പ്രക്രിയയിൽ  ദഹനത്തിന്റെ ഭാഗമായുണ്ടാകുന്ന  വാതകങ്ങളും പുറന്തള്ളപ്പെടുന്നു. വീണ്ടും റൂമനിൽ എത്തുന്ന തീറ്റയെ സൂക്ഷ്മാണുക്കൾ വിഘടിപ്പിക്കുകയും സ്വയം പെരുകുകയും ചെയ്യുന്നു. 

അടുത്ത അറയായ ഒമാസത്തിൽ എത്തുന്ന തീറ്റിയിലെ ജലാംശമവിടെയാഗിരണം ചെയ്യപ്പെടുന്നു. അബോമാസത്തിലും ചെറുകുടലിലും എത്തുന്ന ആഹാരം അവിടെയുള്ള ദഹനരസങ്ങളും ആയി ചേർന്ന് വിഘടിക്കുകയും സൂക്ഷ്മാണുക്കളുൾപ്പെടെ ദഹിക്കുകയും ചെയ്യുന്നു. ഇത്തരം ദഹനപ്രക്രിയയുടെ പ്രത്യേകത എന്തെന്നുവച്ചാൽ മറ്റൊരു ജീവികൾക്കും ദഹിപ്പിക്കാൻ കഴിയാത്ത സെല്ലുലോസ് പോലെയുള്ള കാർബോഹൈഡ്രേറ്റുകൾ സൂക്ഷ്മജീവികളാൽ വിഘടിക്കപ്പെടുന്നു. B12 ഉൾപ്പെടെയുള്ള ബി കോംപ്ലക്സ് വൈറ്റമിനുകളും നിർമിക്കപ്പെടുകയും മാംസ്യവും വൊളറ്റയിൽ ഫാറ്റി ആ‌സിഡുകളും ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. കരളിൽനിന്നും പിത്താശയത്തിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങളും ആയി ചേർന്ന് ചെറുകുടലിൽവച്ച് ഭക്ഷണത്തിന്റെ ആഗിരണം നടക്കുന്നു. ഈ പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ നടക്കുന്നതിന് റൂമന്റെ അമ്ലത 5.5 -6.5 ആയിരിക്കേണ്ടതുണ്ട്. സാന്ദ്രീകൃത ആഹാരം കൂടുതൽ അളവിൽ കൊടുക്കുമ്പോഴും തീറ്റ ക്രമത്തിൽ പെട്ടെന്ന് വ്യത്യാസം വരുത്തുമ്പോഴും  (ചക്ക, കഞ്ഞി മുതലായവ കൊടുക്കുന്നത് ) അയവെട്ടുന്നതിൽ കുറവ് വരികയും കൂടുതൽ അളവിൽ പുളിപ്പിക്കൽ പ്രക്രിയ നടക്കുകയും തൽഫലമായി റൂമനിലെ അമ്ലത വ്യത്യാസപ്പെടുകയും ചെയ്യുന്നു. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകുന്നു.

പാലിക്കേണ്ട ചില തീറ്റ ക്രമങ്ങൾ

1. തീറ്റ ക്രമത്തിൽ കൃത്യത ഉണ്ടാകണം. സാന്ദ്രീകൃതാഹാരത്തിൽ പകുതി രാവിലെയും പകുതി വൈകിട്ടും കറവയ്ക്ക് മുൻപ് കൊടുക്കാവുന്നതാണ്. പകുതി വീതം പരുഷാഹാരം രാവിലെയും വൈകിട്ടും കറവയ്ക്ക് ശേഷവും കൊടുക്കാം. പാലുൽപാദനം കൂടുതലുള്ള പശുക്കൾക്ക് മൂന്നുനേരവും തീറ്റ നൽകേണ്ടതാണ്.

2. കാലികൾക്ക് ഒരു ദിവസം 30 -35 ലീറ്റർ ശുദ്ധജലം ആവശ്യമുണ്ട്. ഒരു ലീറ്റർ പാൽ ഉൽപ്പാദനത്തിന് 2.5-3 ലീറ്റർ വെള്ളം എന്ന കണക്കിലും നൽകേണ്ടതുണ്ട്. ആവശ്യത്തിന് വെള്ളം നൽകേണ്ട രീതി അവലംബിക്കണം.

3. കറവപ്പശുക്കൾക്ക് സാന്ദ്രീകൃതാഹാരവും പരുഷാഹാരവും 6:4 എന്ന അനുപാതത്തിൽ നൽകണം (ജലാംശം ഒഴിവാക്കിയുള്ളത് ). തീറ്റയിൽ 16% മാംസ്യം ഉണ്ടായിരിക്കണം.

4. പെട്ടെന്ന് തീറ്റയിൽ വ്യത്യാസം വരാതെയും സാന്ദ്രീകൃതാഹാരം അധികമാകാതെയും ശ്രദ്ധിക്കുക.

5. കട്ടിയുള്ള നേപ്പിയർ പോലെയുള്ള പുല്ലുകൾ അരിഞ്ഞു മാത്രം കൊടുക്കുക.

6. ഇളം പുല്ലുകളും പയർ വർഗത്തിൽപ്പെട്ട  ചെടികളും വൈക്കോലുമായി ഇടകലർത്തി കൊടുക്കുക.

7. പൊടി രൂപത്തിലുള്ള സാന്ദ്രീകൃതാഹാരം വെള്ളം ചേർത്ത് കുഴച്ചു കൊടുക്കേണ്ടതും പെല്ലറ്റ് രൂപത്തിലുള്ളവ അതേമാതിരി കൊടുക്കാവുന്നതുമാണ്.

8. തീറ്റ വായു സഞ്ചാരമുള്ളതും ഉണങ്ങിയതുമായ സ്ഥലത്ത് പൂപ്പൽബാധ ഏൽക്കാതെ സൂക്ഷിക്കുക.

കന്നുകാലികളുടെ ദഹനവ്യവസ്ഥയും തീറ്റക്രമവും അറിഞ്ഞവയെ പരിപാലിക്കുകയാണെങ്കിൽ കൂടുതൽ രോഗങ്ങളും ഒഴിവാക്കാൻ കഴിയും. കൂടാതെ ഉൽപാദനക്ഷമതയും വർധിക്കും. പശുക്കിടാവ് മുതൽ കറവപശു വരെയുള്ളവയ്ക്ക് നൽകേണ്ട തീറ്റയുടെ അളവുകൾ രേഖപ്പെടുത്തിയ പട്ടികയും ചില സാന്ദ്രീകൃതാഹാരങ്ങളുടെ ഘടനയും താഴെ കൊടുക്കുന്നു.

dairy-feed-formula-chart
അവലംബം: മൃഗസംരക്ഷണ വകുപ്പിന്റെ കറവപ്പശു പരിപാലനം എന്ന പുസ്തകം
dairy-feed-formula-chart-2
അവലംബം: മൃഗസംരക്ഷണ വകുപ്പിന്റെ കറവപ്പശു പരിപാലനം എന്ന പുസ്തകം
dairyfeedingchart4
അവലംബം: മൃഗസംരക്ഷണ വകുപ്പിന്റെ കറവപ്പശു പരിപാലനം എന്ന പുസ്തകം
dairy-feed-formula-chart-1
അവലംബം: മൃഗസംരക്ഷണ വകുപ്പിന്റെ കറവപ്പശു പരിപാലനം എന്ന പുസ്തകം

English summary: Most Common Disease in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com