50 ദിവസം പ്രായമുള്ള കു​ഞ്ഞിന് 130 രൂപ; താറാവിന്റെ എഗ്ഗര്‍ നഴ്സറിയുമായി യുവ സംരംഭകന്‍

HIGHLIGHTS
  • ആദ്യ 50 ദിവസത്തെ പരിചരണം കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതാണ്
  • ചാര, ചെമ്പല്ലി എന്നീ നാടൻ ഇനങ്ങളുടെ കുഞ്ഞുങ്ങളെയാണ് ഇപ്പോൾ നല്‍കുന്നത്
duck-egger-nursery
SHARE

വീടിന്റെ പിന്നാമ്പുറത്തോ മട്ടുപ്പാവിലോ 10 കോഴിയെ വളർത്താന്‍ ഇന്നു പ്രയാസമില്ല. വിവിധ ഇനത്തിൽപ്പെട്ട കോഴികളും കൂടുകളുമൊക്കെ എത്തിച്ചുതരുന്ന സംരംഭകരുമേറെ. മൃഗസംരക്ഷണവകുപ്പിന്റെ പിന്തുണയോടെ നടക്കുന്ന എഗ്ഗർ നഴ്സറികൾക്ക് ഈ മുട്ടവിപ്ലവത്തിൽ  നിർണായക പങ്കുണ്ട്. എന്നാൽ കോഴികൾക്കെന്നപോലെ താറാവുകൾക്കും എഗ്ഗർ നഴ്സറികളാകാമെന്ന കാര്യം പലരും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല.  വലുപ്പത്തിലും പോഷകഗുണത്തിലും മുൻപിലുള്ള താറാമുട്ടയ്ക്ക് ഒട്ടേറെ ആവശ്യക്കാരുള്ളപ്പോഴാണ് ഈ സാധ്യത അവഗണിക്കപ്പെട്ടിരുന്നത്. 

താറാവു വളർത്തലുകാർ ഏറെയുള്ള കോട്ടയം ജില്ലയിൽ ആദ്യമായി അവർക്കായി എഗ്ഗർ നഴ്സറി നടത്തി നേട്ടമുണ്ടാക്കുകയാണ്  അയ്മനം സ്വദേശി റോയി മാത്യു. ഒരു ദിവസം പ്രായമായ താറാവിൻകുഞ്ഞുങ്ങളെ വാങ്ങി 50 ദിവസത്തോളം വളർത്തി വലുതാക്കി വിൽക്കുന്ന കുമരകം ഡക് നഴ്സറി താറാവുകർഷകർക്ക് ആശ്രയമായി മാറിക്കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞാൽ അല്ലി തെളിയുന്ന ഇവയെ ബാലാരിഷ്ടതകളില്ലാതെ വളർത്തി ഉൽപാദനത്തിലെത്തിക്കാൻ പ്രയാസമുണ്ടാവില്ല. നിരണം ഡക് ഫാമിന്റെ ഭാഗമായി തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ ഹാച്ചറിയിൽ നിന്നാണ്  റോയി മിക്കവാറും കുഞ്ഞുങ്ങളെ വാങ്ങുക. ലഭിക്കാതെ വന്നാൽ സ്വകാര്യ ഹാച്ചറികളിൽ നിന്നു വാങ്ങും. എവിടെനിന്നു വാങ്ങിയാലും എല്ലാ താറാവിൻകുഞ്ഞുങ്ങൾക്കും യഥാസമയം പ്രതിരോധ കുത്തിവയ്പ് നൽകാൻ റോയി പ്രത്യേകം ശ്രദ്ധിക്കുന്നു. ഡക് പ്ലേഗ് രോഗത്തിനും പാസ്ചുറല്ല രോഗത്തിനുമെതിരേയുള്ള വാക്സീനുകളാണ് നൽകാറുള്ളത്. റോയി തന്നെയാണ് മരുന്നുവാങ്ങി കുത്തിവയ്പ് എടുക്കുന്നതും. യഥാവിധി നൽകുന്ന ഈ വാക്സീനുകൾ താറാവുകളെ ബാധിക്കാറുള്ള മുഖ്യരോഗങ്ങളിൽനിന്നെല്ലാം സംരക്ഷണം നൽകുമെന്ന് റോയി ചൂണ്ടിക്കാട്ടി.

ആദ്യ  50 ദിവസത്തെ പരിചരണം കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതാണ്. വേവിച്ച ചോറും കോഴികൾക്കുള്ള സ്റ്റാർട്ടർ തീറ്റയും ഉണങ്ങിയ ചെറുമീനുകളും മരുന്നും മഞ്ഞൾ പ്പൊടിയുമൊക്കെ ചേർന്ന സവിശേഷ മെനുവാണ് ഈ പ്രായത്തിൽ നൽകുക. രണ്ടാഴ്ച കഴിയുമ്പോൾ ചോറിനു പകരം കുതിർത്ത അരി നൽകിത്തുടങ്ങും. തല മുക്കാനുള്ള വെള്ളം മതിയാകുമെങ്കിലും നീന്തിനടക്കാനായി ചെറുടാങ്കെങ്കിലും ക്രമീകരിക്കുന്നത് ഉത്തമം.

സർക്കാർഫാമിൽനിന്ന് 22 രൂപ നിരക്കിൽ ലഭിക്കുന്ന താറാവിൻകുഞ്ഞുങ്ങളുടെ 50 ദിവസത്തെ വളർത്തു ചെലവ് മാത്രം 80 രൂപയോളം വരും. നിശ്ചിത വളർച്ചയെത്തിയ കുഞ്ഞുങ്ങളെ കൂടുതലായി സർക്കാർ പദ്ധതിപ്രകാരമുള്ള വിതരണത്തിനു നൽകും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും മൃഗസംരക്ഷണവ കുപ്പിന്റെയും പദ്ധതിപ്രകാരമുള്ള  താറാവിൻകുഞ്ഞുങ്ങളെ ഇവിടെ നിന്നാണ്  വാങ്ങാറുള്ളത്. 10 താറാവുകൾ വീതമുള്ള യൂണിറ്റുകൾ സൗജന്യമായി നൽകുന്ന പദ്ധതി ഇപ്പോൾ നടപ്പാക്കിവരികയാണ്. എന്നാൽ നേരിട്ടു വാങ്ങാനെത്തുന്നവർക്കും ഇവിടെനിന്നു  കുഞ്ഞുങ്ങളെ നല്‍കുമെന്നു റോയി പറഞ്ഞു. 50 ദിവസം പ്രായമായ ഒരു താറാവിൻകുഞ്ഞിന് 120–130 രൂപയാണ് വില. ചാര, ചെമ്പല്ലി എന്നീ നാടൻ ഇനങ്ങളുടെ കുഞ്ഞുങ്ങളെയാണ് ഇപ്പോൾ നല്‍കുന്നത്. അഞ്ചാം മാസം ഇവ മുട്ടയിട്ടു തുടങ്ങുമെന്നു പ്രതീക്ഷിക്കാം. 90 ദിവസം നീളുന്ന ഒരു മുട്ടയിടീൽ സീസണിനു ശേഷം തൂവല്‍ പൊഴിച്ച് സ്വയം ക്ഷീണിപ്പിക്കുന്ന താറാവുകൾ 20 ദിവസത്തിനു ശേഷം വീണ്ടും മുട്ടയിട്ടുതുടങ്ങും. ശരിയായി തീറ്റ നൽകിയാൽ ഒരു വർഷം 200 മുട്ടയിലേറെ ലഭിക്കുമെന്നാണ് റോയിയുടെ കണക്ക്. 

വാണിജ്യാടിസ്ഥാനത്തിൽ താറാവുകളെ  വളർത്തി വരുമാനം കണ്ടെത്തുന്ന ഒരു വിഭാഗം കർഷകർ കേരളത്തിലുണ്ട്. പക്ഷിപ്പനിയും മറ്റ് പകർച്ചവ്യാധികളും വരുമ്പോൾ മാത്രം വാർത്തകളിൽ നിറയുന്ന അവരുടെ അടിസ്ഥാനപ്രശ്നങ്ങളിലൊന്ന് നിലവാരമുള്ള കുഞ്ഞുങ്ങളെ കിട്ടാനില്ലെന്നതാണ്. സ്വകാര്യ ഹാച്ചറികളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നതിനാൽ താറാവിൻകുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്പും ആരോഗ്യവുമൊക്കെ  അവഗണിക്കപ്പെടും. അതുകൊണ്ടുതന്നെ പകർച്ചവ്യാധികൾ വർഷത്തിൽ ഒരിക്കലെങ്കിലും കണ്ണീർ വീഴ്ത്തുന്ന അനുഭവം പലർക്കും പറയാനുണ്ടാകും.  പ്രതിരോധ കുത്തിവയ്പ് നൽകിയ ആരോഗ്യമുള്ള താറാവിൻകുഞ്ഞുങ്ങളെ ഉത്തരവാദിത്തത്തോടെ വിതരണം ചെയ്യുന്ന ഡക് എഗ്ഗർ നഴ്സറികളുടെ പ്രസക്തിയും ഇതുതന്നെയെന്നു മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയദേവൻ ചൂണ്ടിക്കാട്ടി.  ഉപജീവനത്തിനായി താറാവ് വളർത്തുന്നവർക്കും വീട്ടാവശ്യത്തിനായി വളർത്തുന്നവർക്കും പ്രയോജനപ്പെടുന്ന ഈ സംരംഭം ഏറ്റെടുക്കാൻ കൂടുതലാളുകൾ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ– അദ്ദേഹം പറഞ്ഞു.

ഫോണ്‍:  9447134289

English summary: Duck Egger Nursery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA