ADVERTISEMENT

ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല... വളർത്തുമൃഗപരിപാലനത്തിൽ പലരുടെയും അവസ്ഥ ഇങ്ങനെയാണ്. ശരീരവലുപ്പവും അകിടും കണ്ട് ഉയർന്ന വിലകൊടുത്തു വാങ്ങുന്ന പശുക്കൾ പലപ്പോഴും കർഷകർക്ക് തലവേദനയും സാമ്പത്തിക നഷ്ടവും മാത്രമേ നൽകാറുള്ളൂ. അത്തരം സംഭവങ്ങൾ ദിനംപ്രതി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. പ്രസവിച്ച പശുക്കളെ പലരും വിൽക്കുന്നത് കറവ കാണിച്ചാണ്. പ്രസവത്തിനു മുൻപ് ആണെങ്കിൽ ഈ അവസരം വാങ്ങുന്ന ആൾക്ക് ലഭിക്കില്ല.

കറവ കണ്ട് ഇഷ്ടപ്പെട്ട് പശുവിനെ വാങ്ങിക്കൊണ്ടു പോവുകയും എന്നാൽ അത് പിന്നീട് പൊലീസ് കേസ് ആവുകയും ചെയ്ത കഥ പറയുകയാണ് ഡോ. മരിയ ലിസ മാത്യു. താൻ കടുത്തുരുത്തിയിൽ സർവീസിലിരുന്ന കാലത്ത് സംഭവിച്ച കാര്യമാണ് ഡോക്ടർ വിഡിയോയിലൂടെ കർഷകരുടെ അറിവിലേക്കായി പങ്കുവച്ചത്.

കഥ ഇങ്ങനെയാണ്... ഒരു ക്ഷീരകർഷകന്റെ അടുത്തുനിന്ന് പത്തു ലീറ്റർ കറവ കണ്ട് പശുവിനെ മറ്റൊരാൾ വാങ്ങുന്നു. വാങ്ങിയ ആൾ പിറ്റേന്ന് പശുവിനെ കറന്നപ്പോൾ ലഭിച്ചത് 6 ലീറ്റർ മാത്രം. പശുവിനെ തന്ന ആൾ പാലിന്റെ അളവിൽ കൃത്രിമം കാണിച്ചുവെന്ന് വാങ്ങിയ ആൾക്ക് തോന്നി. നേരേ പൊലീസിൽ പരാതിയുമായി ചെന്നു. 

സംഭവത്തിന്റെ നിജസ്ഥിതി അറിയാനും വിദഗ്ധ ഉപദേശത്തിനുമായി പൊലീസ് ഉദ്യോഗസ്ഥൻ സമീപിച്ചത് ഡോ. മരിയ ലിസയെ ആയിരുന്നു. പാലിന്റെ അളവിൽ  കൃത്രിമം കാണിക്കാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കറവ രീതിയും കറവയ്ക്ക് എടുക്കുന്ന സമയവും പരിചരണവുമെല്ലാം പാലുൽപാദനത്തെയും പാലിന്റെ അളവിനെയും സ്വാധീനിക്കുമെന്ന് ഡോക്ടർ പറഞ്ഞുകൊടുത്തു.

ഇവിടെ സംഭവിച്ചത് എന്താണെന്നുവച്ചാൽ, കറവയ്ക്കു മുൻപ് പശുവിനെ കുളിപ്പിച്ച് വൃത്തിയാക്കിയശേഷം ബക്കറ്റ് നിലത്തുവച്ച് ഇരു കൈകളും ഉപയോഗിച്ച് അതിവേഗമുള്ള കറവയായിരുന്നു ആദ്യത്തെ വ്യക്തി ചെയ്തിരുന്നതെങ്കിൽ രണ്ടാമത്തെ ആൾക്ക് കറവയ്ക്ക് സാമർഥ്യം കുറവായിരുന്നു. അതുകൊണ്ടുതന്നെ കറവ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തു. അതിനാലാണ് പാൽ കുറഞ്ഞത്. പാൽ ചുരത്താൻ പശുവിനെ സഹായിക്കുന്നത് ഓക്സിറ്റോസിൻ എന്ന ഹോർമോൺ ആണ്. കിടാവ് പാൽ കുടിക്കുമ്പോഴും കറവയ്ക്കു മുൻപ് കുളിപ്പിക്കുമ്പോഴുമെല്ലാം ഈ ഹോർമോൺ ഉദ്ദീപിപ്പിക്കപ്പെടും. പത്തു മിനിറ്റിൽ താഴെ മാത്രമാണ് ഇതിന്റെ ആയുസ്. അതുകൊണ്ടുതന്നെ അതിവേഗമുള്ള കറവയാണെങ്കിൽ അകിടിലുള്ള പാൽ മുഴുവൻ ലഭിക്കാൻ കാരണമാകും.

ഡോക്ടറിന്റെ വിഡിയോ കാണാം

English summary: Cow Sale Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com