ചേറിനു മീതേ പറക്കും ചേറിനെയാകെ ഇളക്കും; ചതുപ്പിൽ താഴാതെ മലയാളികളുടെ ഫെറി ട്രാക്ടർ

HIGHLIGHTS
  • ചതുപ്പുനിലങ്ങളിൽ താഴാത്ത ട്രാക്ടർ
ferry-tractor
SHARE

ആറു മാസത്തിലേറെ മഴയുള്ള, വെള്ളക്കെട്ടുകളും ചതുപ്പുകളും ധാരാളമായുള്ള, സമുദ്രനിരപ്പിൽനിന്നു താഴ്ന്നുകിടക്കുന്ന പാടങ്ങളുള്ള സംസ്ഥാനത്ത് ചേറിൽ താഴാത്ത കാർഷികയന്ത്രങ്ങൾ ആവശ്യമല്ലേ? ഗവേഷകർക്കും നയരൂപീകരണവിദഗ്ധർക്കും തോന്നാത്ത ഈ ചിന്തയാണ് ഫെറി ട്രാക്ടർ രൂപകൽപന ചെയ്യാൻ ടീം അഗ്രിഹോപ്പിനു പ്രേരണയായത്. മുഴുവൻസമയ നെൽകർഷകനും കൂട്ടുകാരും ചേർന്ന ടീമിനു അങ്ങനെ ചിന്തിച്ചേ പറ്റൂ. ഭാരമേറിയ ട്രാക്ടറും മറ്റു യന്ത്രങ്ങളും പാടത്തെ ചേറിൽ താഴുന്നതുമൂലമുള്ള ധനനഷ്ടവും  സമയനഷ്ടവും അവരെ അത്രയേറെ അലട്ടിയിട്ടുണ്ട്.

നെൽകർഷകരുടെ വെല്ലുവിളികളിലൊന്നാണ് ശരിയായി നിലമൊരുക്കല്‍.  സംസ്ഥാനത്തെ നെൽവയലുകളിൽ ഏറിയ പങ്കും ചെളി നിറഞ്ഞതും താഴ്ന്നുപോകുന്നതുമായ ചതുപ്പുനിലങ്ങള്‍. ഇത്തരം വയലുകളിലെ നിലമൊരുക്കൽ കർഷകർക്ക് ഏറെ പ്രയാസകരം.  നിലവിലുള്ള ടില്ലറുകളും ട്രാക്ടറുകളും ഇത്തരം പാടശേഖരങ്ങൾക്ക്  യോജിക്കില്ല. ഭാരമേറിയ ട്രാക്ടര്‍ താഴ്ന്നു പോകുമ്പോൾ നിലത്തിന്റെ അടിത്തട്ട് പൊട്ടുകയും നെല്ലിന്റെ വിളവിനെ ബാധിക്കുകയും ചെയ്യും. കർഷകരുടെ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തിന്റെ ഭൂപ്രകൃതിക്കു ചേരുന്ന വിധത്തിൽ നിർമിച്ചതാണ് ഫെറി ട്രാക്ടർ (Ferry Tractor).   ചങ്ങാടത്തിനു മീതേയെന്നവിധം നിർമിച്ചിരിക്കുന്നതിനാൽ ചെളിയിൽ താഴ്ന്നുപോകില്ല. ടില്ലറും ട്രാക്ടറും താഴ്ന്നുപോകുന്ന നിലങ്ങളിലും അനായാസം നിലമൊരുക്കാം. നിലത്തിന്റെ ഘടന അനുസരിച്ച് 30–90 മിനിറ്റുകൊണ്ട് ഒരേക്കർ  ഒരുക്കാന്‍ ഫെറി ട്രാക്ടറിനു സാധിക്കുമെന്ന് റോജേഷ്. മണിക്കൂറിൽ വേണ്ടത് 1 - 1.5 ലീറ്റർ ഇന്ധനം. കാര്യക്ഷമതയോടെ വേഗത്തിലും കൃത്യതയിലും നെൽച്ചെടിയുടെ വളർച്ചയ്ക്കാവശ്യമായ ആഴത്തിൽമാത്രം മണ്ണൊരുക്കാൻ ഇതിനു കഴിയും. പരമാവധി 6 ഇ ഞ്ച് മാത്രം താഴുന്ന കൊ ഴുവാണ് ഇതിലുള്ളത്. കൂടുതൽ താഴുന്നതുമൂലം പുളിയിളകുമെന്ന ആശങ്ക ഇതുവഴി ഒഴിവാകും.

വർഷങ്ങളുടെ ശ്രമഫലമായാണ് ഫെറി ട്രാക്ടർ രൂപകല്‍പന ചെയ്തതെന്ന്  റോജേഷ് തോമസ് പറയുന്നു. 350 ഏക്കറിലധികം തരിശുപാടങ്ങളിൽ നെൽകൃഷി പുനരാരംഭിക്കാന്‍  റോജേഷ് നേതൃത്വം നൽകിയിട്ടുണ്ട്. ഈ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ചേറിൽ താഴാത്ത ട്രാക്ടർ എന്ന ആശയം സുഹൃത്ത് ബോബൻ ജോസഫിനോട് അവതരിപ്പിച്ചത്. ഗവേഷണാടിസ്ഥാനത്തിൽ പുതിയ യന്ത്രങ്ങൾ വികസിപ്പിക്കുന്ന ബോബൻ, മെക്കാനിക്കൽ എൻ ജിനീയറായ ബേസിൽ ഏബ്രഹാം, യുവകർഷകനായ നിഖിൽ ജോണി എന്നിവർ കൂടി പങ്കാളികളായതോടെ  ഫെറി ട്രാക്ടർ യാഥാർഥ്യമായി.  പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. കൃഷിമന്ത്രി പി. പ്രസാദ് കഴിഞ്ഞ മാസം ഫെറി ട്രാക്ടറിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. 2.5–3ലക്ഷം രൂപ മാത്രം ചെലവ് പ്രതീക്ഷിക്കുന്ന ഫെറി ട്രാക്ടർ വൈകാതെ വിപണിയിലെത്തിക്കാനാണ് ശ്രമം.   

കൃഷിയെ ജനകീയമാക്കി യുവാക്കളെ അതിലേക്കു കൊണ്ടുവരാനും നിലവിലുള്ള പ്രതിസന്ധികൾക്കു പരിഹാരം കണ്ടെത്താനുമാണ് ഈ യുവാക്കൾ ചേർന്ന് രൂപീകരിച്ച ‘അഗ്രോഹോപ്’ എന്ന സ്റ്റാർട്ടപ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്.  വെള്ളത്തിൽ കൊയ്യാനുള്ള യന്ത്രങ്ങൾ, കളനിയന്ത്രണ യന്ത്രങ്ങൾ, മരുന്നുതളിയന്ത്രങ്ങൾ, വലിയ കൊയ്ത്തുയന്ത്രങ്ങളിൽനിന്നു നെല്ല് പകർത്തി കരയ്ക്കെത്തിക്കുന്ന, നനവു പറ്റിയ നെല്ല് ഉണക്കാനുള്ള യന്ത്രങ്ങൾ തുടങ്ങിയവ പുറത്തിറക്കാൻ തയാറെടുക്കുകയാണ് അ ഗ്രോഹോപ്.

കേരളത്തിലെ തരിശുപാടശേഖരങ്ങൾ മുഴുവൻ കൃഷിയോഗ്യമാക്കാനും കർഷകസമൂഹത്തിനു മൊത്തമായും വിശേഷിച്ച് കൃഷിയിലേക്കു വരുന്ന യുവജനങ്ങളെ സഹായിക്കാനും ഇവർ ഒരു മൊബൈൽ ആപ്പ് ഒരുക്കിയിട്ടുണ്ട്. ഇതിന്റെ വരിക്കാരാകുന്ന കർഷകർ, പാടശേഖര സമിതികൾ, കർഷക കൂട്ടായ്മകൾ, എന്നിവയ്ക്ക് ഇവരുടെ യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യാൻ ഈ ആപ് വഴിയൊരുക്കുന്നു.   

ഫോൺ:7337081975, 9400243618

English summary: Ferry Tractor for Paddy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS