ADVERTISEMENT

സോളർ പമ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി മത്സ്യക്കുളത്തിലെ വെള്ളമുപയോഗിച്ച് 5 ഏക്കർ പുരയിടമാകെ നനയ്ക്കുകയാണ് കോതമംഗലം കരിങ്ങഴ സ്വദേശി തകിടിയിൽ ജോസഫ്. വീടിനു മുന്നിലെ  70 സെന്റ് പാടത്ത് ഇദ്ദേഹത്തിനു മത്സ്യക്കൃഷിയുണ്ട്. പാടത്തെ വെള്ളക്കെട്ടിൽ തിലാപ്പിയ, നട്ടർ തുടങ്ങിയ മത്സ്യങ്ങളെയാണ് ആദ്യം വളര്‍ത്തിയത്. ഇപ്പോൾ ഇവിടെ കോയികാർപ് , ഗോൾഡ്ഫിഷ് തുടങ്ങിയ അലങ്കാരമത്സ്യങ്ങളാണ്.

പാടത്തെ വെള്ളത്തിൽ പ്രാണവായുവിന്റെ അളവ് കുറയാതിരിക്കാൻ ഉതകുന്ന സംവിധാനത്തിന്റെ ഭാഗമായാണ് താൻ സോളർ പമ്പ് ഉപയോഗിച്ചതെന്നു ജോസഫ്. ചെരിവു പുരയിടത്തിന്റെ താഴ്ഭാഗത്തുള്ള പാടത്തുനിന്ന് ഏറ്റവും ഉയർന്ന ഭാഗത്തേക്കു സോളർ പമ്പ് ഉപയോഗിച്ച് വെള്ളമെത്തിക്കുന്നു. ടാങ്കിൽനിന്നു കുളത്തിന്റെ നടുവിലുള്ള സ്പ്രിങ്കളറിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിക്കും. ഉയരത്തിൽനിന്നുള്ള പ്രവാഹശക്തി പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന സ്പ്രിങ്ക്ളർ കുളത്തിലാകെ സദാ മഴ പെയ്യിച്ചുകൊണ്ടിരിക്കും. മണിക്കൂറുകളോളം ഇപ്രകാരം കുളത്തിൽ മഴ പെയ്യിക്കുമ്പോഴും വൈദ്യുതിച്ചെലവിനെക്കുറിച്ച് ആശങ്കയില്ലാത്തത് സോളർ പമ്പുള്ളതുകൊണ്ടാണെന്ന് ജോസഫ് പറയുന്നു.  തുള്ളികളായി പതിക്കുന്ന വെള്ളത്തിൽ പ്രാണവായു കൂടുതലായി കലരുന്നതിനാൽ കൂടുതൽ മത്സ്യങ്ങളെ ആരോഗ്യത്തോടെ വളർത്താനും സാധിക്കുന്നു.  ഇപ്പോൾ നിക്ഷേപിച്ചിരിക്കുന്ന അലങ്കാരമത്സ്യങ്ങൾക്ക് ഓക്സിജൻ അധികമായി നൽകേണ്ടതില്ലാത്തതിനാൽ സ്പ്രിങ്ക്ളർ തൽക്കാലം അഴിച്ചുവച്ചിരിക്കുകയാണ്. എങ്കിലും ടാങ്കിലെ ജലം പ്രയോജനപ്പെടുത്തി പുരയിടത്തിലെ ജാതിയും റംബുട്ടാനും തെങ്ങും പച്ചക്കറികളുമൊക്കെ നിർലോപം നനയ്ക്കാൻ സോളർ പമ്പ് സഹായിക്കുന്നു.  3 വർഷം മുന്‍പ് ഏകദേശം 70,000 രൂപ മുടക്കിയാണ് ഈ സംവിധാനം സ്ഥാപിച്ചത്. എന്നാൽ ഇപ്പോൾ കൂടുതൽ കാര്യശേഷിയും വിലക്കുറവുമുള്ള സോളർ പമ്പു കൾ ലഭ്യമാണെന്ന് ജോസഫ് ചൂണ്ടിക്കാട്ടി. അവയ്ക്ക് സർക്കാർ സബ്സിഡിയും നൽകുന്നുണ്ട്.

ദീർഘകാല നേട്ടം

ഹരിതസാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗിക്കാനുള്ള താൽപര്യമാണ്  മലയാറ്റൂർ ആയുഷ്പ്രാണ ആശുപത്രിയുടമ ഡോ. പ്രശാന്തിനെ സോളർ പമ്പുകൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. കടുത്ത വേനലിലും തന്റെ കൃഷി യിടം ഹരിതാഭമായി സൂക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 3 പാനലുകളും ഒരു ഡിസി മോട്ടറുമുൾപ്പെടെ 85,000 രൂപയോളം  മുതൽമുടക്കേണ്ടിവന്നെങ്കിലും വൈദ്യുതിച്ചെലവിനെക്കുറിച്ച് ആശങ്കയില്ലാതെ നനയ്ക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണിക്കൂറിൽ 9000–15000 ലീറ്റർ വെള്ളം പമ്പ് ചെയ്യാനാകും. ഔഷധ സസ്യങ്ങളും വാഴയും തെങ്ങുമൊക്കെയുള്ള  5 ഏക്കർ കൃഷിയിടമാണ് ഇദ്ദേഹത്തിനുള്ളത്.  മുടങ്ങാത്ത നന മൂലമുള്ള അധികോൽപാദനവും വൈദ്യുതിച്ചെലവിലെ ലാഭവും ചേരുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ സോളർ പമ്പ് നേട്ടമാകുമെന്നാണ് ഡോക്ടറുടെ അഭിപ്രായം.

ഫോൺ: 9446687191 (ജോസഫ്), 8589909090 (ഡോ. പ്രശാന്ത്)

English summary: Solar Water Pump Irrigation System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com