ADVERTISEMENT

നാടൻ പശുക്കൾ ഒരു പരിധി വരെ പിടിച്ചുനിൽക്കുമെങ്കിലും അത്യുൽപ്പാദന ശേഷിയുള്ള ഹോൾസ്റ്റൈൻ ഫ്രീഷ്യൻ, ജേഴ്‌സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടിൽ കിതച്ചും അണച്ചും  പശുക്കൾ തളരും. തീറ്റയെടുക്കൽ പൊതുവെ  കുറയും. ശരീരസമ്മർദമേറുമ്പോൾ പ്രത്യുൽപ്പാദനപ്രശ്നങ്ങൾക്കും  സാധ്യതയേറെ. ഉയര്‍ന്ന താപനില പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നത് കാരണം പശുക്കളുടെ മദി ചക്രം താളം തെറ്റും.

പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും മദിയുടെ ദൈർഘ്യവും കുറയുന്നതാണ് പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട വേനൽക്കാലത്തെ  മുഖ്യ പ്രശ്നം കഠിനമായ  വേനലിൽ  കൃത്രിമബീജാധാനം  നടത്തുമ്പോൾ ഗർഭധാരണം നടക്കാനുള്ള സാധ്യത താരതമ്യേന  കുറവാണെന്ന് വിവിധ  പഠനങ്ങൾ പറയുന്നു . ഗർഭധാരണം നടന്നാലും ഭ്രൂണാവസ്ഥയിൽ തന്നെ ഗർഭസ്ഥ കിടാവിന്റെ ജീവൻ നഷ്ടമാകാനും  വേനൽ ചൂടും പശുക്കളുടെ ശരീരസമ്മർദവും  കാരണമാവും.  പശു  മദിചക്രത്തിലൂടെ  കടന്നുപോവുമെങ്കിലും ഉഷ്ണസമ്മർദത്തിന്റെ  ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍  കാണിക്കാത്ത നിശബ്ദമദിക്കും സാധ്യതയുണ്ട്. മദി കൃത്യമായി തിരിച്ചറിയാൻ കർഷകന്  കഴിയാതെ പോയാൽ കൃത്രിമബീജാധാനം  മുടങ്ങും.  പ്രസവങ്ങൾ തമ്മിലുള്ള ഇടവേള കൂടുന്നതും പാലുൽപ്പാദനമില്ലാത്ത ദിവസങ്ങളുടെ എണ്ണവും  പരിപാലനച്ചെലവും  ഉയരുന്നതടക്കം ഒരു മദി തിരിച്ചറിയാൻ കഴിയാതെ പോയാൽ കർഷകർക്ക് ഉണ്ടായേക്കാവുന്ന  സാമ്പത്തികനഷ്ടങ്ങൾ ഏറെ. നിശബ്ദ മദി ഗർഭധാരണം നടക്കാതിരിക്കൽ  ഭ്രൂണ നാശം  എന്നിവയെല്ലാം ഉൾപ്പെടുന്ന പശുക്കളിലെ വേനൽക്കാല വന്ധ്യത മറികടക്കാൻ പരിപാലനത്തിൽ ചില പ്രയോഗികമാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.

വേനലിൽ കൃത്രിമബീജാധാനം എപ്പോൾ നടത്തണം

പശുക്കളിൽ ഒരു മദിചത്ത്രിന്റെ ദൈര്‍ഘ്യം 21 ദിവസമാണ്. ഗര്‍ഭധാരണം നടക്കുന്നതുവരെ ആരോഗ്യമുള്ള പശുക്കള്‍ ഓരോ  21 ദിവസം കൂടുന്തോറും  മദിക്കോളില്‍ എത്തുകയും അണ്ഡവിസര്‍ജനം നടത്തി  ഗർഭധാരണത്തിന് സജ്ജമാവുകയും ചെയ്യും . മദിയിലുള്ള പശുക്കള്‍ മറ്റു പശുക്കളുടെ മേല്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതും  മറ്റ് പശുക്കള്‍ക്ക് കയറുന്നതിനായി അനങ്ങാതെ നിന്ന് കൊടുക്കുന്നതുമാണ് (സ്റ്റാന്റിങ് ഹിറ്റ് ) മദി ആരംഭിക്കുന്നതിന്റെ  പ്രഥമവും പ്രധാനവുമായ  ലക്ഷണം. ഈ ലക്ഷണം കണ്ടതിന് ശേഷം 12-18 മണിക്കൂറുകൾക്കുള്ളിലാണ് പശുക്കളിൽ കൃത്രിമ ബീജാധാനം നടത്തേണ്ട ഏറ്റവും ഉചിതമായ സമയം. എന്നാല്‍ തൊഴുത്തിൽ തന്നെ പൂർണ്ണസമയം  കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയില്‍  മദിയാരംഭിക്കുന്നതിന്റെ ഏറ്റവും പ്രധാനമായ ഈ ലക്ഷണം തിരിച്ചറിയാന്‍ പ്രയാസമാണ്.  

യോനീമുഖത്തുനിന്ന് മുട്ടയുടെ വെള്ള പോലെയുള്ള സുതാര്യമായ കൊഴുത്ത സ്രവം ഒലിക്കല്‍, ചുവന്ന് തടിച്ച യോനീമുഖം, യോനിക്കു ചുറ്റും വാലിട്ടിളക്കല്‍, തുടങ്ങിയ അനുബന്ധ ലക്ഷണങ്ങൾ മാത്രമാണ് പലപ്പോഴും കർഷകന്റെ ശ്രദ്ധയിൽപ്പെടുക. എന്നാൽ  കഠിനമായ വേനൽകാലത്ത് ഈ അനുബന്ധ മദി ലക്ഷണങ്ങൾ പശു പ്രകടിപ്പിക്കാനുള്ള സാധ്യതയും കുറയും. അത്യുല്‍പാദന  ശേഷിയുള്ള സങ്കരയിനം പശുക്കളിൽ  മദിലക്ഷണങ്ങളുടെ പ്രകടിപ്പിക്കുന്ന തീവ്രത മാത്രമല്ല മദിചക്രത്തിന്റെയും, മദിക്കോളിന്റെയും ആകെ ദൈര്‍ഘ്യവും വേനൽ കുറഞ്ഞുവരുന്നതായി പുതിയ പഠനങ്ങളില്‍ നിരീക്ഷിച്ചിട്ടുണ്ട്.  കുത്തിവയ്ക്കാന്‍  വൈകുംന്തോറും  ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കുറയുകയും ചെയ്യും. കൃത്രിമ ബീജാധാനം നടത്താന്‍ വൈകും തോറും മൂരികിടാക്കള്‍ ജനിക്കാനുള്ള  സാധ്യത കൂടുമെന്നും പുതിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . ഈ പഠനങ്ങളുടെ വെളിച്ചത്തില്‍ മദിയുടെ മേൽപ്പറഞ്ഞ അനുബന്ധ  ലക്ഷണങ്ങള്‍ ഏതെങ്കിലും മാത്രമാണ്  ശ്രദ്ധയില്‍പെടുന്നതെങ്കിൽ  12 മണിക്കൂര്‍  കഴിയുന്നതായി കാത്തിരിക്കാതെ 6-12 മണിക്കൂറിനുള്ളില്‍ തന്നെ അത്യുൽപ്പാദന ശേഷിയുള്ള പശുക്കളെ  കൃത്രിമ ബീജാധാനത്തിന്  വിധേയമാക്കുന്ന രീതി കർഷകർക്ക് സ്വീകരിക്കാവുന്നതാണ്.

പശുക്കളിലെ വേനൽ വന്ധ്യത തടയാൻ ചില മാർഗങ്ങൾ

കൃത്രിമ ബീജാധാനം  തണലുള്ള ഇടങ്ങളില്‍ വെച്ച് നടത്തണം. കൃത്രിമ ബീജാധാനം  നടത്തിയതിനു ശേഷം പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും.  വേനൽക്കാലത്ത് പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും മദിയുടെ ദൈർഘ്യവും കുറയാനിടയുള്ളതിനാൽ   അതിരാവിലെയും സന്ധ്യയ്ക്കും മദി പ്രത്യേകം നിരീക്ഷിക്കണം. ബീജാധാനം നടത്തിയാതിന് 60-70 ദിവസങ്ങള്‍ക്ക് ശേഷം നിര്‍ബന്ധമായും ഗര്‍ഭ പരിശോധന നടത്തണം. ബാഹ്യ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലോ, മദിയുടെ  അഭാവത്തിന്റെ അടിസ്ഥാഥനത്തിലോ ഗര്‍ഭം സ്ഥിരീകരിക്കുന്ന രീതി അഭികാമ്യമല്ല.  ഗര്‍ഭ പരിശോധന നടത്തിയാല്‍ ഗര്‍ഭം അലസും എന്നു കരുതുന്ന ചിലരെങ്കിലുമുണ്ട് ഇത്  മിഥ്യാധാരണയാണ്.

ചൂട് കാരണം പശുക്കളിൽ   ഉണ്ടാവുന്ന  ശരീരസമ്മർദം  കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തൊഴുത്തിൽ സ്വീകരിക്കണം. തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം.തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിച്ച് നൽകണം. പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും  ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിങ്ങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും.  സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന്  മിനിട്ട് നേരം ഇവ പ്രവർത്തിപ്പിച്ച് പശുക്കളെ തണുപ്പിക്കാം. തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേൽക്കൂര നനച്ച് നൽകാവുന്നതാണ്.

വേനൽകാലത്ത് കറവപ്പശുക്കളിൽ കീറ്റോസിസ്

പ്രസവത്തെ തുടർന്നുള്ള സ്വാഭാവിക തീറ്റമെടുപ്പും ചൂട് കാരണം തീറ്റയെടുക്കൽ കുറയുന്നതും കറവപ്പശുക്കളുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനും ഊർജഅപര്യാപ്തതയ്ക്ക്  വഴിയൊരുക്കും. അത്യുൽപ്പാദനമുള്ള കറവപശുക്കളുടെ ശരീരത്തിൽ ഊർജം കുറയുന്നതോടെ കീറ്റോസിസ് എന്ന ഉപാപചയ രോഗത്തിനുള്ള സാധ്യത ഏറെയാണ്. കീറ്റോസിസ് പിടിപെട്ടാൽ പാലുൽപ്പാദനം ഒറ്റയടിക്ക് പകുതിയും കാൽപ്പാതിയുമൊക്കെയായി കുറയും എന്ന് മാത്രമല്ല പ്രസവാനന്തര മദിയും വൈകും. സാധാരണ നിലയിൽ  പ്രസവം കഴിഞ്ഞ് ഒന്നരമാസത്തിനകം  വീണ്ടും മദിയിലെത്തേണ്ട പശുക്കൾ കീറ്റോസിസ് ബാധിച്ചാൽ  അതിന്റെ ഇരട്ടി സമയം കഴിഞ്ഞാലും മദിയുടെ ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ഊഹിക്കാമല്ലോ. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ വേനലിൽ കറവപ്പശുക്കൾക്ക്  നൽകുന്ന കാലിത്തീറ്റ ഏറ്റവും ഗുണനിലവാരമുള്ളതാവണം. പ്രസവം കഴിഞ്ഞ് ആദ്യ മൂന്ന് മാസം മതിയായ ഊര്‍ജം  അടങ്ങിയ അതായത് അന്നജത്തിന്റെ അളവുയര്‍ന്ന ബിയര്‍ വേസ്റ്റ്, പുളിങ്കുരുപ്പൊടി,  മരച്ചീനിപ്പൊടി, തവിട്, ചോളത്തണ്ട്, ചോളം പൊടിച്ചത്  മുതലായവ കാലിത്തീറ്റയ്ക്കൊപ്പം പശുക്കളുടെ തീറ്റയില്‍ ഉൾപ്പെടുത്തണം. ഇത് പശുക്കളുടെ ശരീരത്തിലുണ്ടായേക്കാവുന്ന ഊര്‍ജകമ്മി  പരിഹരിക്കാനും പ്രസവാനന്തര മദി വേഗത്തിലാക്കാനും സഹായിക്കും . കാലിതീറ്റയും മറ്റ് ഖരാഹാരങ്ങളും    നൽകുന്നത്  ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി  ക്രമീകരിക്കണം. അധിക സാന്ദ്രീകൃത തീറ്റനൽകുന്നത്  കാരണം ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന  അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം) ഒരു കിലോഗ്രാം  കാലിത്തീറ്റയ്ക്ക് 10  ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. കീറ്റോണ്‍ രോഗം അറിയുന്നതിനായി പ്രസവിച്ച് ഒരു മാസം  കഴിയുമ്പോള്‍ പശുവിന്റെ മൂത്രം പരിശോധിക്കുന്നത് ഉചിതമാണ്. രോഗം നേരത്തെ തിരിച്ചറിയുകയാണെങ്കില്‍ തീറ്റയില്‍ മതിയായ ക്രമീകരണങ്ങള്‍ വരുത്തി പിന്നീടുണ്ടാവുന്ന ഉല്‍പ്പാദന പ്രത്യുല്‍പ്പാദന നഷ്ടം ഒഴിവാക്കാന്‍ കഴിയും.

English summary: Summer-like temperatures can affect artificial insemination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com