ADVERTISEMENT

മരം നടുമ്പോൾ അയൽക്കാർക്ക് ശല്യം ഉണ്ടാകരുതല്ലോ. മരം വളർന്നു വലുതായി അതിൽനിന്നും ഇലകൾ വന്നു അയൽക്കാരുടെ തോട്ടത്തിൽ നിറയുക, കിണറ്റിലേക്ക് വീഴുക എന്നതൊക്കെ അവർക്കൊരു ശല്യമായി മാറാം എന്നതിനാൽ മതിലിൽനിന്നു 2–2.5 മീറ്റർ ദൂരത്തിൽ വേണം മരങ്ങൾ നടാൻ. മരങ്ങൾ കൃത്യമായി പ്രൂൺ ചെയ്തു വളർത്തിക്കൊണ്ടുവന്നാൽ ശാഖകൾ രണ്ടു മീറ്റർ ദൂരത്തിൽ പരിമിതപ്പെടുത്തി ഫലങ്ങളും ഉണ്ടാക്കിയെടുക്കാനും കഴിയും. എന്നാൽ പേര പോലുള്ള മരം നടുമ്പോൾ ഒന്നോ ഒന്നരയോ മീറ്റർ ദൂരത്തിൽ ആകാം. വാഴയാണെങ്കിൽ രണ്ടടി മൂന്നടി ദൂരത്തിലും. ഇങ്ങിനെ വളർച്ചയുടെ വലുപ്പവും ഇനങ്ങളും നോക്കിവേണം മരങ്ങൾ മതിലരികിൽ നട്ടുപിടിപ്പിക്കാൻ.

തെങ്ങാണെങ്കിൽ മതിലിൽനിന്നും ഒന്നര മീറ്റർ ദൂരമെങ്കിലും അകത്തി നടുന്നത് നന്ന്. മതിൽ റോഡിന് അരികിൽ ആണെകിൽ ഒരു മീറ്റർ അകലത്തിലെങ്കിലും നട്ടാൽ ചെറിയൊരു തടമെങ്കിലും ലഭിക്കും. തെങ്ങും മരങ്ങളും നടുമ്പോൾ രണ്ടു മീറ്റർ തടം തുറസ്സായി നൽകാൻ കഴിഞ്ഞാൽ അത്രയും നന്ന്. അത്രയും വ്യാസത്തിൽ ഇന്റർലോക് സ്റ്റോൺ നിർത്തരുത്.

ഏതു മരമായാലും മൂന്നടി ആഴത്തിൽ വേണം നട്ടുപിടിപ്പിക്കാൻ. അങ്ങിനെ നട്ടുപിടിപ്പിച്ചാൽ വേരുകൾ മൂന്നടി താഴ്ചയിലൂടെ മാത്രം സഞ്ചരിക്കുന്നു എന്നതിനാൽ മേലെ നിരത്താൻ പോകുന്ന കോൺക്രീറ്റ്/സ്റ്റോൺ വർക്കുകൾക്ക് കാര്യമായ കോട്ടങ്ങൾ ഉണ്ടാക്കില്ല. മൂന്നടി ആഴത്തിലൂടെ ആകുമ്പോൾ മതിലുകൾക്കും ഉണ്ടാകാവുന്ന കോട്ടങ്ങൾ ഒഴിവാക്കാം. ടോയ്‌ലെറ്റ് ടാങ്കുകൾ പണിയുമ്പോൾ പരിസരത്ത് മരങ്ങൾ നടാൻ പദ്ധതിയുടെങ്കിൽ ടാങ്കുകളുടെ പുറം വശങ്ങളിൽ നല്ല ഗുണമേന്മയുള്ള GRP ലാമിനേഷൻ അല്ലെങ്കിൽ ബിറ്റുമിൻ ലാമിനേഷൻ നടത്തി ചെയ്യുക. വേരുകൾ അവസരവാദികളാണ്. ഉറച്ച ഒരു മറ ഉണ്ടായാൽ തിരിഞ്ഞു മാറി സഞ്ചരിച്ചോളും. അതുകൊണ്ടു അപ്പുറത്തു നിന്നും വളവും വെള്ളവും ലഭിക്കുമെന്ന് മനസ്സിലായി കഴിഞ്ഞാൽ വിടവുകളിലൂടെ തുളച്ചു കയറാൻ സാധ്യതയുണ്ട്. എന്നാൽ നല്ല നിലയിലുള്ള ലാമിനേഷൻ  വേരുകൾ ഈർപ്പം സെൻസ് ചെയ്തു ചുമരിലൂടെ തുളച്ചു കയറാതിരിക്കാൻ സഹായിക്കും.

വേരുകൾ സെൻസ് ചെയ്തു മുന്നോട്ടു സഞ്ചരിക്കുമ്പോൾ ജല ലഭ്യത ഇല്ലായെന്ന് വന്നാൽ അവ സ്വയം ഗതി തിരിച്ചു സഞ്ചരിക്കുന്ന തരത്തിലാണ്. എന്നാൽ അപ്പുറത്തെവിടെയോ ഈർപ്പവും പോഷകവും ലഭിക്കാൻ സാധ്യതയുണ്ടെന്ന് വന്നാൽ തുളച്ചു കയറാനും ശ്രമിക്കുമെന്നതുകൊണ്ട് ഈ ലാമിനേഷൻ അതിന്റെ സെൻസിനെ തടയാം. മതിലുകളുടെ അടിത്തറ പണിയുമ്പോൾ നല്ല രീതിയിൽ തന്നെ കല്ലുകൾക്കിടയിൽ സിമന്റ് നിറച്ചു പണിതാൽ മറുപുറത്തേക്കു തുളച്ചു കയറാൻ ശ്രമിക്കില്ല. പകരം വേരുകൾ ദിശ തിരിഞ്ഞു സഞ്ചരിക്കുകയും ചെയ്യുന്നു. എന്നാൽ അടിത്തറയിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത്തരം വിടവുകളിലൂടെ സഞ്ചരിക്കുകയും തുടർന്ന് വേരുകൾ വണ്ണം വെക്കുന്നതിനനുസരിച്ച് മതിലുകളിൽ വിള്ളൽ ഉണ്ടാകാനും കാരണമാകാം. 

ഇന്ന് പ്രത്യേക തരത്തിലുള്ള ദീർഘ കാലം നിലനിൽക്കുന്ന കനം കൂടിയ വെർട്ടിക്കൽ പ്ലാസ്റ്റിക്  റൂട്ട് ബാരിയർ ലഭ്യമാണ് എന്നതുകൊണ്ട് മതിലുകൾ/തറ പണിയുമ്പോൾ ഒരു മീറ്റർ ആഴത്തിൽ അവ രണ്ടു വശങ്ങളിലും വയ്ക്കുന്നത് നന്ന്.

ആൽമരം പോലുള്ള ഇനങ്ങൾ വീടിനു പരിസരത്തു നട്ടുവളർത്താതിരിക്കുന്നതാണ് നല്ലത്. എന്നാൽ മുരിങ്ങ പോലുള്ള വളരെ ലോലമായ വേരുകൾ മതിലുകളും മറ്റുമായി അധികം ഗുസ്തി പിടിക്കാറില്ല. എന്നാൽ നേരത്തെ പറഞ്ഞപോലെ ചെറു ഈർപ്പവും പോഷകങ്ങളും അപ്പുറത്തു ലഭിക്കുമെന്ന് വന്നാലോ വിടവുകളുള്ള അടിത്തറ ആണെങ്കിലോ അപ്പുറത്തേക്കൊന്നു എത്തിനോക്കാനും മടിക്കില്ല. എന്നാൽ മുരിങ്ങയുടെ വേരുകൾ വളരെ മൃദുവാണ് എന്നതുകൊണ്ടും അധികകാല ആയുസ്സില്ലാത്ത മരം എന്നതിനാലും ഈ വേരുകൾ കുഴപ്പക്കാരല്ല.

പൊതുവെ അവസരവാദികളാണ് വേരുകൾ എന്നതുകൊണ്ട് ഈർപ്പമില്ലാത്തതും വരണ്ടും പോഷകവുമില്ലാത്ത മണ്ണുള്ള വീടിന്റെ അടിത്തറ ഭാഗത്തേക്ക് കടന്നുനോക്കാൻ താൽപര്യപ്പെടാറില്ല.

നിലം നികത്തി വീടുവയ്ക്കുന്നവർ പഴയ കെട്ടിടങ്ങൾ പൊളിച്ചുള്ള അവശിഷ്ട്ങ്ങൾ നിറച്ചു നികത്താതിരിക്കുക. അങ്ങനെയുള്ള മണ്ണിൽ ഫലവൃക്ഷങ്ങളോ പച്ചക്കറികളോ നല്ല രീതിയിൽ പ്രകടനം കാഴ്ചവയ്ക്കില്ല.

English summary: Border Planting tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com