ADVERTISEMENT

രണ്ടു പശുക്കളുള്ള തൊഴുത്തുതന്നെ അയൽക്കാരിൽ ഈർഷ്യ ഉളവാക്കുന്ന കാലമാണിത്. തൊഴുത്തിലെ മൂത്രത്തിന്റെയും ചാണകത്തിന്റെയും നാറ്റവും പിന്നെ ഈച്ച–കൊതുകുശല്യവും കൂടിയായാൽ പുലിവാലു പിടിച്ചതുതന്നെ. അങ്ങനെയെങ്കിൽ വീടിനു മുന്നിൽ 40 പശുക്കളുടെ തൊഴുത്തുള്ളയാളിന്റെ സ്ഥിതി എന്തായിരിക്കും? ഇവിടെയാണു ‘ചെമ്പരത്തി ഫാം’ വ്യത്യസ്തമാകുന്നത്.

ശുചിയായ പശുപാലനം എങ്ങനെയെന്നറിയാന്‍ ആലപ്പുഴ ചെങ്ങന്നൂരിനടുത്തു ചെറിയനാട് ചെറുവല്ലൂർ ചെമ്പരത്തിൽ വീട്ടിലെത്തിയാല്‍ മതി. വീടിനോടു ചേര്‍ന്നാണ്  ‘ചെമ്പരത്തി ഫാംസ്’. 40 പശുക്കളുള്ള തൊഴുത്താണെങ്കിലും ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ മണം ഒട്ടുമില്ല. ഈച്ചയുടെയോ കൊതുകിന്റെയോ ശല്യമില്ല. പശുക്കള്‍ മാത്രമല്ല, 750ൽപ്പരം കോഴികളും ഈ വീട്ടുമുറ്റത്തു വളരുന്നു.   

മെക്കാനിക്കൽ എൻജിനീയറായി തുടങ്ങി വൻ വ്യവസായിയായി വളർന്ന ശശിധരൻപിള്ളയുടെ ഏറ്റവും പുതിയ  സംരംഭമാണ് ചെമ്പരത്തി ഫാംസ്. 47 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് 2019ൽ ജന്മനാട്ടിൽ തിരികെയെത്തിയ ശശിധരൻപിള്ള 3 വർഷംകൊണ്ട് ചെറിയനാട്ടിലെ മാതൃകാ കർഷകനായി മാറിക്കഴിഞ്ഞു. ശാസ്ത്രീയ പശുപരിപാലനം, കോഴിവളർത്തൽ, പുൽകൃഷി, അക്വാപോണിക്സ്, അടുക്കളത്തോട്ടം, കംപോസ്റ്റ് വളനിർമാണം, മഴവെള്ളക്കൊയ്ത്ത്, പുരപ്പുറ സൗരോർജ വൈദ്യുതി ഉൽപാദനം തുടങ്ങി സമ്മിശ്രക്കൃഷിക്കും സുസ്ഥിര ജീവിതശൈലിക്കും വേണ്ടതെല്ലാം ഒരുക്കി  എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹം കർമനിരതനാവുന്നു. 

ഓടുമേഞ്ഞ മേൽക്കൂരയാണ്  തൊഴുത്തിന്റെ സവിശേഷത. ഓടിട്ടതിനാൽ ഉള്ളിൽ ചൂട് കുറവാണ്. എങ്കിലും കുളിരേകാൻ ഫാനുകളുണ്ട്.  പശുക്കൾക്കായി റബർ മാറ്റുകൾ, യഥേഷ്ടം ശുദ്ധജലം ലഭിക്കാൻ രണ്ടു പശുക്കൾക്കിടയിൽ ഒന്ന് എന്ന രീതിയിൽ പുൽത്തൊട്ടിയിൽത്തന്നെ കുടിവെള്ള ടാങ്കുകൾ, വെയിൽ കായാനും നടക്കാനും തൊഴുത്തിനരികിൽ വിശാലമായ വെളിയിടം, കറവയ്ക്കായി റാംപ് – ഇങ്ങനെ നീളുന്നു തൊഴുത്തിലെ  വിശേഷങ്ങൾ.

മികച്ച സങ്കരയിനം കറവപ്പശുക്കളെ അയൽപ്രദേശങ്ങളിൽനിന്നു വാങ്ങിയാണ്  തുടക്കം. ആദ്യം വാങ്ങിയ പശുക്കൾ പ്രസവിച്ചതിലേറെയും പശുക്കിടാങ്ങൾ. അവ തന്നെ 15 എണ്ണത്തിലേറെ. എല്ലാമിന്നു മുതിര്‍ന്ന് പശുക്കളായി  

chembarathi-farms-2
പശുക്കൾക്ക് നിൽക്കാൻ എട്ടിഞ്ച് ഉയരത്തിൽ കെട്ടിയ തറ

എട്ട് ഇഞ്ച് ഉയരത്തിൽ ക്രമീകരിച്ച പ്ലാറ്റ്ഫോമിലാണ് പശുക്കൾ നിൽക്കുന്നത്. പ്ലാറ്റ്ഫോമിനു പുറത്തേക്കാണ് ചാണകവും മൂത്രവും വീഴുക. കിടക്കുമ്പോൾ  പശുക്കളുടെ ദേഹത്ത് ചാണകവും മൂത്രവും പുരളാതിരിക്കാൻ ഈ ക്രമീകരണം ഉപകരിക്കുമെന്നു ശശിധരൻപിള്ള. ചാണകവും മൂത്രവും ഒഴുക്കിമാറ്റുന്ന കാര്യക്ഷമമായ ഓവുകൾ തൊഴുത്തിലെ പ്രധാന ഘടകമാണ്. വലിയൊരു യന്ത്രസംവിധാനത്തിന്റെ ഭാഗമായ ടാങ്കിലേക്കാണ് ഓവുകൾ നീളുന്നത്. ചാണകത്തെ നിർജലീകരിച്ച് ഉടൻതന്നെ ചാണകപ്പൊടിയും, വെള്ളവുമാക്കി വേർതിരിക്കും. ശേഷമുള്ള വെള്ളം കൃഷിയിടത്തിലേക്കും ചാണകം കമ്പോസ്റ്റിങ് യൂണിറ്റിലേക്കും മാറ്റും. 2 ഏക്കറിലെ തീറ്റപ്പുൽകൃഷിക്ക് ചാണകത്തിൽനിന്നു വേർതിരിക്കുന്ന വെള്ളമല്ലാതെ മറ്റു വളങ്ങൾ നൽകാറില്ല. 

ചാണകത്തിൽനിന്നു വെള്ളം വേർതിരിക്കുന്ന സംവിധാനം

കോയമ്പത്തൂരിൽനിന്ന് എത്തിച്ച എയ്റോബിക് കമ്പോസ്റ്റിങ് യൂണിറ്റിന്റെ ആറു മാതൃകകൾ ഫാമിൽ നിർമിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും 1000 കിലോ ശേഷിയാണുള്ളത്. ഈർപ്പം നീക്കിയ ചാണകവും കോഴികളുടെ വിസർജ്യാവശിഷ്ടങ്ങളും തൊഴുത്തിലെ  മറ്റു മാലിന്യങ്ങളും ചപ്പുചവറും കരിയിലയും  കംപോസ്റ്റ് യൂണിറ്റിൽ നിറയ്ക്കുന്നു, ഒന്നു നിറയുമ്പോൾ അടുത്തതിൽ എന്ന ക്രമത്തില്‍. 100 കിലോ ജൈവ വസ്തുക്കൾക്ക് ഒരു കിലോ ബയോ ബാക്ക് എന്ന ജീവാണു കൾച്ചർ ചേർത്തിളക്കിയാണ് കംപോസ്റ്റ് യൂണിറ്റിൽ നിറയ്ക്കുന്നത്. 40 ദിവസംകൊണ്ട് ഒന്നാന്തരം കംപോസ്റ്റ് ആയി മാറും.  ഇത് 50 കിലോയുടെ ബാഗുകളിൽ നിറച്ചു വിൽക്കുന്നു.  സ്വന്തം കൃഷിക്കും വളമിതുതന്നെ.  

ഓരോ മണിക്കൂർ ഇടവിട്ട് നേർപ്പിച്ചു പുൽത്തൈലം സ്പ്രേ ചെയ്യുന്നതിനാൽ ഈച്ചയുടെയും കൊതുകിന്റെയും ശല്യം തീരെയില്ല. 2 നേരം പശുക്കളെ നന്നായി കുളിപ്പിച്ചു മഞ്ഞളും കറിയുപ്പും പ്രത്യേക അനുപാതത്തിൽ കൂട്ടിക്കലർത്തി ശരീരത്തിൽ, വിശേഷിച്ച് കാലുകളിലും അകിടിലും തളിച്ചു കൊടുക്കുന്നു. ഇതുവഴി കുളമ്പുരോഗം, അകിടു വീക്കം എന്നിവയിൽനിന്നു സംരക്ഷണം ലഭിക്കുമെന്നു ശശിധരൻപിള്ള.

പുലർച്ചെ നാലിന് തൊഴുത്തു വൃത്തിയാക്കി അഞ്ചിന് കറവ ആരംഭിക്കും. രണ്ടാം കറവ ഉച്ചകഴിഞ്ഞു രണ്ടിനാണ്. കറവസമയത്തു പ്രത്യേക പ്ലാറ്റ്ഫോമില്‍ കയറ്റി നിര്‍ത്തി ഒരേസമയം രണ്ടു പശുക്കളെ കറക്കാനാവും. ശരാശരി 100–150 ലീറ്റർ പാൽ ഒരു ദിവസം ലഭിക്കും.  അര ലീറ്റർ, ഒരു ലീറ്റർ പായ്ക്കറ്റുകളിലാക്കിയാണ് വിൽപന. സ്ഥിരമായി ഫാമിലെത്തി വാങ്ങുന്നവരുണ്ട്. വിപണനകേന്ദ്രം വഴിയും നൽകും. ശശിധരന്‍പിള്ളയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ജീവനക്കാരും ഉപഭോക്താക്കളാണ്. ബാക്കിയുള്ളത് ക്ഷീരസംഘത്തിൽ അളക്കും.

chembarathi-farms-1
ശരിധരൻ പിള്ളയും ഭാര്യ ഇന്ദിരയും ഹൈടെക് പൗൾട്രി ഫാമിൽ

ഹൈടെക്  കോഴിവളർത്തൽ

തൊഴുത്തിനോടു ചേർന്നുതന്നെ ഹൈടെക് കൂട്ടിലെ കോഴിവളർത്തൽ. ബിവി 380 ഇനത്തിൽപ്പെട്ട 750 മുട്ടക്കോഴികളാണുള്ളത്. മികച്ച ഉൽപാദനശേഷിയുള്ള ഇവയ്ക്ക് കോഴിത്തീറ്റയ്ക്കു പുറമേ, പച്ചപ്പുല്ല് അരിഞ്ഞു നൽകും. ശുദ്ധജലം നിപ്പിൾ സംവിധാനത്തിലൂടെ യഥേഷ്ടം ലഭ്യമാക്കുന്നു. കോഴിക്ക് ആവശ്യമുള്ള ധാതുക്കളും ജീവകങ്ങളും പ്രതിരോധ മരുന്നുകളും ഔഷധങ്ങളും ആവശ്യാനുസരണം കുടിവെള്ളത്തിൽ കലർത്തി നൽകുന്നുണ്ട്. അറക്കപ്പൊടി അല്ലെങ്കിൽ  ഉമിക്കു പകരം കരിയിലപ്പൊടിയാണ് ‘ലിറ്റർ’ ആയി ഉപയോഗിക്കുന്നത്.  കോഴിക്കൂട്ടിലെ വിസർജ്യവും കരിയിലയും ചേർന്ന ലിറ്റർ  അതതു ദിവസം കംപോസ്റ്റ് ബിന്നുകളിലേക്കു   മാറ്റുന്നതിനാൽ കോഴി ക്കൂട്ടിലും ദുർഗന്ധമില്ല.  വെളിച്ചത്തിനായി വൈദ്യുതവിളക്കും ചൂടു ക്രമീകരിക്കാൻ ഫാനും സജ്ജം. ദിവസം  ശരാശരി 400–450 മുട്ട കിട്ടും.  മുട്ടയുടെ വലുപ്പം അനുസരിച്ചാണ് വിലയിടുക. എങ്കിലും വിപണിവിലയെക്കാൾ ഒരു രൂപ കുറച്ചാണു നല്‍കുന്നത്. 

അടുക്കളത്തോട്ടവും  ഉഷാര്‍

വീട്ടുവളപ്പിൽ നല്ലൊരു അടുക്കളത്തോട്ടവുമുണ്ട്. പാവൽ, പടവലം, വഴുതന, പച്ചമുളക്, വെണ്ട, പയർ, വെള്ളരി തുടങ്ങി സീസൺ അനുസരിച്ച് കാബേജ്, കോളിഫ്ലവർ, തക്കാളി എന്നിവയാണു കൃഷി. പലതരം വാഴകൾ, പപ്പായ, മുരിങ്ങ, കറിവേപ്പ്, ചേന, ചേമ്പ്, കിഴങ്ങ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നിവയുമുണ്ട്. ഫാമിൽനിന്നുള്ള കംപോസ്റ്റും ജൈവ സ്ലറിയുമാണ് വളം.

നൂറു ചതുരശ്ര അടിയിലുള്ള ഒരു സിമന്റ് ടാങ്കും, അത്രതന്നെ വലുപ്പത്തിലുള്ള പോളിഹൗസിലുമായി അക്വാപോണിക്സ് സമ്പ്രദായത്തിൽ മത്സ്യവും പച്ചക്കറികളും ഒരുമിച്ചു കൃഷിചെയ്യുന്നു. ടാങ്കിൽ ആയിരത്തിലേറെ ഗിഫ്റ്റ് തിലാപ്പിയയും, അനുബന്ധ പോളിഹൗസിൽ സാല‍ഡ് കുക്കുംബർ, പാലക്ക് അടക്കമുള്ള ചീരയിനങ്ങൾ, വള്ളിത്തക്കാളി എന്നിവയും മാറിമാറി കൃഷി ചെയ്യുന്നു. 

വീടിനും തൊഴുത്തിനും വേണ്ട വൈദ്യുതിക്കായി 17 കിലോവാട്ട് ശേഷിയുള്ള സോളർ പാനൽ പുരപ്പുറത്തു വച്ചിട്ടുണ്ട്. 7 കിലോവാട്ട് ശേഷിയുള്ള ഇൻവെർട്ടറും തയാര്‍.  അതിനാൽ 24 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കും. പ്രതിമാസ വൈദ്യുതി ബിൽ 1000 രൂപയിൽ താഴെ!

മൂവായിരം ചതുരശ്ര അടി വിസ്തൃതിയുള്ള വീടിന്റെയും തൊഴുത്തിന്റെയും മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ഒരു തുള്ളിപോലും നഷ്ടപ്പെടുത്താതെ സംഭരിച്ച് ഒന്നര ഏക്കർ വളപ്പിൽ  മൂന്നു കിണറുകളിൽ റീ–ചാർജ് ചെയ്യുന്നുമുണ്ട്. അതിനാൽ കുന്നിൻപുറത്തുള്ള സ്ഥലമായിട്ടും ജലക്ഷാമം തീരെയില്ല!

ഫോണ്‍: 94460 96056.

English summary: Chembarathi Farms Alappuzha- A Model Dairy Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com