ADVERTISEMENT

കാലിത്തീറ്റയ്ക്ക് തീവിലയുള്ളപ്പോള്‍ അല്‍പം പോലും തീറ്റ പാഴാക്കാതിരിക്കാനും അതേസമയം  പോഷകങ്ങളുടെ ലഭ്യതയില്‍ കുറവുകളില്ലാത്ത ശാസ്ത്രീയമായ തീറ്റക്രമം പിന്‍തുടരാനും കര്‍ഷകര്‍ ശ്രദ്ധിക്കണം. പശുക്കുട്ടികള്‍ക്കും കിടാരികള്‍ക്കും കറവപ്പശുക്കള്‍ക്കും ശ്രദ്ധിക്കേണ്ട അടിസ്ഥാന തത്വങ്ങള്‍ താഴെ പറയുന്നു.

കിടാക്കളുടെ തീറ്റക്രമം

കിടാക്കളെ പോറ്റിവളര്‍ത്തുന്നത് ഏറെ ചെലവും അധ്വാനവുമുള്ള കാര്യമാണ്. പക്ഷേ നാളെ നല്ല പശുക്കള്‍ ഉണ്ടാകണമെങ്കില്‍ ഇന്നു കിടാക്കള്‍ ശാസ്ത്രീയമായി വളര്‍ത്തപ്പെടണം. കിടാവുകളുടെ തീറ്റക്രമത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.

  • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ പശുക്കുട്ടിയെ കന്നിപ്പാല്‍ കുടിപ്പിക്കേണ്ടതാണ്. പ്രസവിച്ച് ആദ്യത്തെ നാല് ദിവസം കന്നിപ്പാല്‍ കൊടുക്കണം. അപ്പോഴേക്കും തള്ളപ്പശുവിന്റെ പാല്‍ സാധാരണ രൂപത്തിലാകും.
  • കിടാക്കള്‍ക്ക് ആദ്യത്തെ ഒരു മാസം ശരീരഭാരത്തിന്റെ പത്തിലൊന്ന് (1/10) എന്ന അളവില്‍ പാല്‍ കൊടുക്കണം. വളരുന്നതിനനുസരിച്ച് ക്രമേണ പാലിന്റെ അളവ് കുറച്ചു കൊണ്ടുവരാം. അതായത് 2-ാം മാസം ശരീരഭാരത്തിന്റെ പതിനഞ്ചിലൊന്നും (1/15), 3-ാം മാസം ശരീരഭാരത്തിന്റെ ഇരുപതിലൊന്നും (1/20) എന്ന അളവില്‍ പശുക്കുട്ടിക്ക് പാല്‍ നല്‍കണം.
  • മൂന്നുമാസം വരെ മേല്‍പറഞ്ഞ അളവില്‍ പശുക്കുട്ടിയെ പാല്‍ കുടിപ്പിച്ചാല്‍ മാത്രമേ, ഉചിതമായ ശരീരവളര്‍ച്ച ഉണ്ടാവുകയുള്ളൂ.
  • മൂന്നു മാസത്തിനു ശേഷം പശുക്കുട്ടിയെ പാല്‍ കുടിപ്പിക്കേണ്ട ആവശ്യമില്ല.
  • പശുക്കുട്ടിയ്ക്ക് 15 ദിവസം പ്രായമാകുമ്പോള്‍ കുറെശ്ശെ ഇളംപുല്ല് കൊടുത്തു തുടങ്ങണം.
  • രണ്ടാഴ്ച പ്രായം മുതല്‍  പ്രത്യേകം തയ്യാറാക്കിയ സാന്ദ്രീകൃതാഹാരമിശ്രിതം കൊടുത്തു തുടങ്ങാവുന്നതാണ്. ഇതിന് 'കാഫ് സ്റ്റാര്‍ട്ടര്‍' എന്നാണ് പറയുന്നത്. ഗുണനിലവാരം കൂടിയ മാംസ്യം  അടങ്ങിയ തീറ്റയാണിത്. കാഫ് സ്റ്റാര്‍ട്ടര്‍ ആദ്യമായി കൊടുക്കുമ്പോള്‍ അല്‍പം പാലില്‍ കുഴച്ചു കൊടുക്കണം.
  • ഭാവിയിലെ കഴിക്കേണ്ട പുല്ല്, കാലിത്തീറ്റ എന്നിവ ജനിച്ച് 15-ാം ദിവസ്സം മുതല്‍ക്കു തന്നെ പശുക്കുട്ടിക്ക് കൊടുത്തു തുടങ്ങിയാല്‍ ആമാശയത്തിന്റെ ഒന്നാമത്തെ അറയായ റൂമന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും. മേല്‍പറഞ്ഞ ആഹാരസാധനങ്ങളുമായി പരിചയപ്പെടുവാനും,  ഇത് സഹായകമാകുന്നു. പുല്ലിന്റെയും കാഫ് സ്റ്റാര്‍ട്ടറിന്റെയും അളവ് ദിവസംതോറും കൂട്ടികൊണ്ടുവരേണ്ടതാണ്.    
  • ആറുമാസം പ്രായം വരെയാണ് കാഫ് സ്റ്റാര്‍ട്ടര്‍ കൊടുക്കേണ്ടത്. ആറു മാസത്തിനു ശേഷം സാധാരണ കാലിത്തീറ്റ കൊടുക്കാം.

കിടാരികളുടെ  (6 മാസം മുതല്‍ 18 മാസംവരെ പ്രായമുള്ളവ ) തീറ്റക്രമത്തില്‍ ശ്രദ്ധിക്കേണ്ടത്

  • പച്ചപ്പുല്ല് ധാരാളമുണ്ടെങ്കില്‍ ദിവസേന അര കിലോ കാലിത്തീറ്റ മതിയാവും. പുല്ലു കുറവാണെങ്കില്‍  6 മാസം പ്രായമുള്ള കിടാവിന് ഒന്നേകാല്‍ കിലോ കാലിത്തീറ്റയും 5 കിലോ പച്ചപ്പുല്ലും നല്‍കേണ്ടതുണ്ട്.
  • കാലിത്തീറ്റയുടെയും പച്ചപ്പുല്ലിന്റെയും അളവ് ക്രമേണ കൂട്ടിക്കൊണ്ടു വരണം. പതിനെട്ട് മാസം പ്രായമാകുമ്പോള്‍, 2 കിലോ കാലിത്തീറ്റയും 10 കിലോ പച്ചപ്പുല്ലും കൊടുക്കേണ്ടതാണ്. ഈ രീതിയില്‍ പശുക്കിടാങ്ങളെയും, കിടാരികളെയും വളര്‍ത്തിയെടുത്താല്‍ ഒന്നര വയസാകുമ്പോള്‍ തന്നെ അവ മദിലക്ഷണം കാണിക്കും.
  • പച്ചപ്പുല്ല് ആവശ്യത്തിനില്ലെങ്കില്‍ വൈക്കോല്‍ കൊടുക്കാം.
  • വൈക്കോല്‍ കൊടുക്കുമ്പോള്‍, ഒരു ടേബിള്‍ സ്പൂണ്‍ മീനെണ്ണ വീതം രാവിലെയും വൈകീട്ടുമായി കിടാരികള്‍ക്ക് നല്‍കാന്‍ മറക്കരുത്.
dairy-farming-1

കറവപ്പശുക്കളുടെ തീറ്റക്രമത്തില്‍ ശ്രദ്ധിക്കേണ്ടത്

  • കറവപ്പശുക്കളുടെ തീറ്റയില്‍ 60 ശതമാനം കാലിത്തീറ്റയും 40 ശതമാനം പുല്ല്, വൈക്കോല്‍ മുതലായ നാരധികമുള്ള പരുഷാഹാരങ്ങളും ആയിരിക്കണം. കറവ ഇല്ലാത്ത പശുക്കളുടെ തീറ്റയില്‍ ഇതില്‍ കൂടുതല്‍ പരുഷാഹാരം ഉള്‍പ്പെടുത്താവുന്നതാണ്.
  • 20 കിലോ നല്ലയിനം പച്ചപ്പുല്ല് (ഗിനി, നേപ്പിയര്‍ ) അല്ലെങ്കില്‍ 8 കിലോ പയര്‍ വര്‍ഗ ചെടികള്‍ (വന്‍പയര്‍, തോട്ടപ്പയര്‍) എന്നിവ ഒരു കിലോ കാലിത്തീറ്റയ്ക്കു പകരമാകും.
  • 4 മുതല്‍ 5 കിലോ വരെ പച്ചപ്പുല്ല്, ഒരു കിലോ വൈക്കോലിന് പകരമാകും.
  • ശരീര സംരക്ഷണത്തിനായി എല്ലാ പശുക്കള്‍ക്കും ഒന്നേകാല്‍ കിലോ കാലിത്തീറ്റ നല്‍കണം.
  • കറവപ്പശുക്കള്‍ക്ക് അവ ഉല്‍പാദിപ്പിക്കുന്ന ഓരോ ലീറ്റര്‍ പാലിനും 500 ഗ്രാം കാലിത്തീറ്റ വീതം അധികം നല്‍കണം. ഉദാഹരണത്തിന്, 250 കിലോ ശരീരതൂക്കമുള്ള 10 ലീറ്റര്‍ പാല്‍ തരുന്ന പശുവിന് അഞ്ചേകാല്‍  കിലോ കാലിത്തീറ്റയും, 5 മുതല്‍ 6 കിലോ വൈക്കോലും, 5 കിലോ പച്ചപ്പുല്ലും കൊടുത്താല്‍ മതിയാകും. ധാരാളം പുല്ലുണ്ടെങ്കില്‍ 30 കിലോ പുല്ല് നല്‍കി വൈക്കോല്‍ ഒഴിവാക്കാം.
  • വളരുന്ന പ്രായത്തിലുള്ള പശുക്കള്‍, ഗര്‍ഭിണികള്‍ എന്നിവയ്ക്ക് ശരീര സംരക്ഷണ റേഷനും ഉല്‍പാദന റേഷനും പുറമെ, അധികമായി കാലിത്തീറ്റ നല്‍കേണ്ടതായി വരും.
  • സങ്കരയിനം പശുക്കയളുടെ ശരീരം 4 വയസ്സ് പ്രായം ആകുന്നതു വരെ വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ഈ പശുക്കള്‍ കറവയിലാണെങ്കില്‍ അവയുടെ ശരീര വളര്‍ച്ചയ്ക്ക് വേണ്ട കാലിത്തീറ്റ അധികമായി നല്‍കണം. ഒന്നാമത്തെ കറവയിലാണെങ്കില്‍ 1 കിലോയും, രണ്ടാമത്തെ കറവയിലാണെങ്കില്‍ അര കിലോയും കാലിത്തീറ്റ അധികം കൊടുക്കേണ്ടതാണ്.
  • ഗര്‍ഭിണിയായ പശുക്കള്‍ക്ക് ഏഴാം മാസം മുതല്‍ ഒരു കിലോ കാലിത്തീറ്റ സാധാരണ കൊടുക്കുന്ന ശരീര സംരക്ഷണ റേഷനു പുറമെ അധികമായി നല്‍കേണ്ടതാണ്.
  • കാത്സ്യം അടങ്ങിയ ധാതുലവണ മിശ്രിതം 5-ാം മാസം മുതല്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
  • പ്രസവത്തിന് 3 ദിവസം മുന്‍പ് കൂടുതല്‍ കട്ടിയുള്ള ആഹാരങ്ങളും, പിണ്ണാക്കുകളും മറ്റും ഒഴിവാക്കി, ഒരു കിലോ തവിടും ധാരാളം പച്ചപ്പുല്ലും, വെള്ളവും മാത്രമാക്കാം.
  • പൊടിത്തീറ്റ നനച്ചും പെല്ലെറ്റ് അതേ രൂപത്തിലും നല്‍കുക.
  • തീറ്റ കൊടുക്കുന്നതില്‍ കൃത്യസമയം പാലിക്കണം. കറവയ്ക്ക് തൊട്ടു മുമ്പോ, കറന്നുകൊണ്ടിരിക്കുമ്പോഴോ കാലിത്തീറ്റ കൊടുക്കാവുന്നതാണ്. പുല്ല്, വൈക്കോല്‍ മുതലായ പരുഷാഹാരങ്ങള്‍ കറന്നു കഴിഞ്ഞതിനു ശേഷം മാത്രം കൊടുക്കേണ്ടതാണ്.
  • പതിവായി കൊടുത്തു വരുന്ന തീറ്റ പെട്ടെന്നു മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക.  
  • ആവശ്യത്തിനുള്ള തീറ്റയ്‌ക്കൊപ്പം പശുക്കള്‍ക്ക്  കുടിക്കുവാന്‍ വേണ്ടി  ശുദ്ധജലം എല്ലായ്പ്പോഴും തൊഴുത്തില്‍ ലഭ്യമാക്കിയിരിക്കണം.
  • കട്ടിയുള്ള  തണ്ടുകളോടുകൂടിയ പുല്ല് ചെറുകഷ്ണങ്ങളാക്കി നല്‍കുക
  • വെള്ളത്തിന്റെ അംശം കൂടുതലുള്ള പുല്ല് ഉണക്കി വൈക്കോലുമായി ചേര്‍ത്ത് നല്‍കേണ്ടതാണ്.
  • തീറ്റ നനവും, ഈര്‍പ്പവും തട്ടാതെ സൂക്ഷിക്കണം. പൂപ്പല്‍ പിടിച്ച പശുക്കള്‍ക്ക് നല്‍കരുത്.

english Summary: Cattle: Feed Management Animal Husbandry 

dairy-farm-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com