ADVERTISEMENT

ബിരുദധാരിണിയായ ഗീത. ചിത്രകലയിൽ ഡിപ്ലോമ എടുത്ത ഭർത്താവ് ശിവപ്രസാദ്. ഇവർ യോജിച്ചു കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോൾ അതു സംയോജിത ജൈവകൃഷിയുടെ ഒന്നാന്തരം കൃഷിപാഠമാകുന്നു. വാമനപുരം നദിയുടെ ഇരുകരകളിലുമായാണ് ഇവരുടെ കൃഷി. തുടങ്ങിയപ്പോൾ മിക്ക കർഷകരെയും പോലെ രാസവളങ്ങളും രാസകീടനാശിനികളും ഒക്കെ തന്നെയായിരുന്നു ഇവർക്കും ആശ്രയം. എന്നാൽ, കീടനാശിനി അലർജി ആയപ്പോൾ ജൈവകൃഷിയിലേക്കു മാറി. മണ്ണിനെയും പ്രകൃതിയെയും നോവിക്കാതെ കൃഷിയിറക്കുക എന്നതാണ് ഈ ദമ്പതികളുടെ ഇന്നത്തെ മുദ്രാവാക്യം.

സംയോജിത കൃഷിത്തോട്ടം 

വീടിനോടു ചേർന്ന്, 30 സെന്റിൽ സംയോജിത കൃഷിത്തോട്ടം. നദിക്ക് അക്കരെ 4 ഏക്കറിൽ 2 ഏക്കർ റബർ കൃഷി. ബാക്കി സ്ഥലത്ത് നെല്ലൊഴികെ മറ്റെല്ലാം. പശു, തേനീച്ച, കോഴി, മണ്ണിര കംപോസ്റ്റ് യൂണിറ്റ്, വീടിനോടു ചേർന്ന് 2 മഴമറ യൂണിറ്റ് എന്നിവയുണ്ട്. ചേന, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷിയും വീടിനോട് ചേർന്ന്. ശീതകാല പച്ചക്കറി കൃഷിയുമുണ്ട്. 

മഴമറ യൂണിറ്റുകളിൽ പച്ചക്കറിക്കൃഷിയും പച്ചക്കറിത്തൈ ഉൽപാദനവും ഉണ്ട്.  കറിവേപ്പില കൃഷിയുമുണ്ടിവിടെ. റെഡ് ലേഡി പപ്പായയയും ഉൽപാദിപ്പിക്കുന്നു. ഓർക്കിഡ് കുടുംബത്തിലെ സുഗന്ധ റാണിയായ വനിലയും കൃഷി ചെയ്യുന്നു. തെങ്ങ്, മാവ് പ്ലാവ്, കുരുമുളക്, കാപ്പി എന്നിവ ഉൾപ്പെടെ വിവിധ ഫലവൃക്ഷങ്ങളും നാണ്യ വിളകളും സമൃദ്ധം.  കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കാൻ തോട്ടത്തിനു ചുറ്റും സൗരോർജ വേലി സ്ഥാപിച്ചു. വിപണി പ്രാദേശികമായി. മണ്ണിര കംപോസ്റ്റാണ് പ്രധാന വളക്കൂട്ട്. ഡിസംബറിൽ പയർ നട്ട് 45–50  ദിവസം കഴിയുമ്പോൾ ഇടവിളയായി  ചേ‍മ്പ് വിത്തുകൾ പാകും. സ്വർണമുഖി എന്ന കാച്ചിലും നടും. കൃഷിയിലൂടെ ഒരു വർഷം 3 ലക്ഷത്തിലേറെ രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്നു ഗീത പറയുന്നു.

 ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. മികച്ച കർഷകയ്ക്കായി കൃഷി വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ ഗീതയ്ക്കു ലഭിച്ചിട്ടുണ്ട്. 

സാധനങ്ങളെത്തിക്കാൻ ‘റോപ് വേ’

കറവ യന്ത്രം ഉപയോഗിച്ചാണ് പാൽ കറക്കുന്നത്. പാലിന് ആവശ്യക്കാർ വീട്ടിലെത്തും. ബാക്കി വരുന്നത് സൊസൈറ്റിയിൽ നൽകും. ചാണകം ബയോഗ്യാസ് യൂണിറ്റിലേക്കും കൃഷിയിടങ്ങളിലേക്കും എത്തും. ചാണകം കൊണ്ടുള്ള ജൈവവളക്കൂട്ടുകളും തയാറാക്കുന്നു.  വീടിന് അക്കരെയുള്ള 2 ഏക്കറിലാണ് മറ്റു കൃഷി. തടിപ്പാലം കടന്നു വേണം ഇവിടെ എത്താൻ.  കൃഷിക്കാവശ്യമായ സാധന‍ങ്ങൾ അക്കരെയെത്തിക്കാൻ  മക്കളായ ടാരോയും ഷെല്ലോയും അമ്മയ്ക്കായി ഒരു റോപ് വേയും സജ്ജമാക്കി. 

പരീക്ഷണത്തോട്ടം

ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി പദ്ധതി പ്രകാരം  പരീക്ഷണ‍ത്തോട്ടവും ഇവിടെയുണ്ട്. ശാസ്ത്രീയമായ രീതിയിൽ എങ്ങനെ ജൈവ കൃഷി ചെയ്യാമെന്നത് ഇതിലൂടെ പഠിപ്പിക്കുന്നു.  

പദ്ധതിയുടെ ഭാഗമായി അഗ്രോ ഇക്കോളജിക്കൽ ഫാമിങ് സിസ്റ്റം(എഇഎഫ്എസ്), വൃക്ഷായുർവേദം, കേരള കാർഷിക സർവകലാശാല ഓർഗാനിക് പാക്കജ് എന്നീ 3 പരീക്ഷണ ട്രീറ്റ്മെന്റുകളാണ് നടത്തിയത്. 

ജൈവ കൃഷിയിൽ നിന്നു കാർഷിക പാരിസ്ഥിതിക സമ്പ്രദായത്തിലേക്കു മാറ്റുന്നതിനുള്ള പരീക്ഷണമായിരുന്നു ഇവിടെ. കാർഷിക ചെലവു കുറയ്ക്കുക, ബഹുവിള കൃഷിയും ബഹുനില കൃഷിയും പ്രോത്സാഹിപ്പിക്കുക, മഴവെള്ളവും, സൂര്യപ്രകാശവും കൃഷിയിടങ്ങളിലേക്ക് പരമാവധി സംഭരിക്കുക, കർഷകരുടെ കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനത്തിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, ആഗോളതാപനത്തിന്റെ ആഘാതം കുറച്ച് കർഷകന്റെ വരുമാനവും ഉൽപന്നങ്ങളുടെ ഗുണമേൻമയും വർധിപ്പിക്കുക, പരിസ്ഥിതിയെ പൂർവ സ്ഥിതിയിലാക്കുക എന്നിവയാണ് എഇഎഫ്എസിലൂടെ ലക്ഷ്യമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com