ADVERTISEMENT

വീട്ടാവശ്യത്തിന് നാല് തെങ്ങു വയ്ക്കുന്നവർക്കും വലിയ  തെങ്ങുകൃഷിക്കാർക്കുമെല്ലാം പേടിസ്വപ്നമാണ് ചെമ്പൻചെല്ലി. തെങ്ങിന്‍തൈ മുതൽ കായ്ഫലമെത്തിയതുവരെ ചെമ്പൻചെല്ലിയുടെ ആക്രമണത്തിന്  ഇരയാവുന്നു. കർഷകർ ഒറ്റയ്ക്കു ചെയ്യുന്ന പ്രതിവിധികൊണ്ടു  ചെമ്പൻചെല്ലിശല്യം നിയന്ത്രിക്കാനാവില്ല.  എന്നാല്‍ ഒരു പ്രദേശത്തെ കേരകർഷകർ ഒരുമിച്ചു ചേർന്നുള്ള നിയന്ത്രണ നടപടി  ഫലിക്കുന്നുമുണ്ട്. കായംകുളം തോട്ടവിളഗവേഷണകേന്ദ്രത്തിന്റെ കർഷകപങ്കാളിത്തപ്രവർത്തനം അതു തെളിയിക്കുന്നു. 

ആലപ്പുഴ ജില്ലയില്‍ ഭരണിക്കാവ് പഞ്ചായത്തിലെ 5000 ഏക്കർ വരുന്ന തെങ്ങിൻ പുരയിടങ്ങളിലാണ് സംസ്ഥാന ആസൂത്രണ ബോർഡിന്റെ ധനസഹായത്തോടെ പദ്ധതി  നടപ്പാക്കിയത്. ആദ്യപടി  ബോധവൽക്കരണമായിരുന്നു. ഒപ്പം, നിലവിലെ കൃഷിവിസ്തൃതി, രോഗ, കീടബാധ എന്നിവ  സംബന്ധിച്ച സ്ഥിതി വിവര കണക്കുകളും തയാറാക്കി. ഒാരോ വാർഡിലും കേരസംരക്ഷണ നിരീക്ഷണ യൂണിറ്റ് സജ്ജമാക്കി. അടുത്ത ഘട്ടത്തിൽ വിദഗ്ധരുടെ നിർദേശപ്രകാരമുള്ള നിയന്ത്രണമുറകള്‍.  

ചെമ്പൻചെല്ലി മൂലം പൂർണമായും നശിച്ച തെങ്ങുകൾ വെട്ടി നീക്കി സമൂലം തീയിട്ടു നശിപ്പിച്ച് ചെല്ലി മുട്ടയിട്ടു പെരുകുന്നത് തടഞ്ഞു.  മണ്ടമറിഞ്ഞതും എന്നാൽ പച്ചപ്പ്  ശേഷിക്കുന്നതുമായ തെങ്ങുകളിലെ ചെല്ലികളെ നശിപ്പിക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഇത്തരം തെങ്ങുകളിൽ മുട്ട, പുഴു, പ്യൂപ്പ, ചെല്ലി എന്നി ങ്ങനെ കീടത്തിന്റെ വിവിധ ഘട്ടങ്ങൾ സജീവമായിരിക്കും. കവളൻമടലിന്റെ ചുവട്ടിൽ ചകിരിനാരുകൊണ്ടു പൊതിഞ്ഞ ഭാഗത്ത് ഉള്ളിലാവും പ്യൂപ്പകൾ. ഇത്തരം തെങ്ങുകളും വെട്ടി നീക്കി സമൂലം തീയിട്ടു നശിപ്പിച്ച് കീടങ്ങൾ പെരുകുന്നതു തടയണം.

രോഗം ബാധിച്ചതും അതേസമയം രാസകീടനാശിനി പ്രയോഗത്തിലൂടെ രക്ഷിക്കാവുന്നതുമായ തെങ്ങുകളുടെ പരിപാലനമാണ് അടുത്ത ഘട്ടം. കീടബാധയുള്ള ഭാഗങ്ങൾ വൃത്തിയാക്കി ഇമിഡോ ക്ലോപ്രിഡ് 1 മി. ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കീടബാധയുണ്ടായ ഭാഗത്ത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലും വിധം ചോർപ്പ് ഉപയോഗിച്ച് ഒഴിച്ചു നൽകാം. കൊമ്പൻചെല്ലികളുടെ ആക്രമണം ചെമ്പൻചെല്ലിക ളുടെ ജോലി എളുപ്പമാക്കുന്നതായി കാണുന്നതിനാല്‍ കൊമ്പൻചെല്ലി മുട്ടയിട്ട് പെരുകുന്ന ചാണകക്കുഴി, കംപോസ്റ്റുകുഴി, ചകിരിച്ചോറുകൂന  എന്നിങ്ങനെ ജൈവാവശിഷ്ടങ്ങൾ കൂടിക്കിടക്കുന്ന ഭാഗങ്ങളും കീടമുക്തമാക്കണം. 100 ഗ്രാം മെറ്റാറൈസിയം പച്ചകുമിൾ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി, അവശിഷ്ടങ്ങളിൽ അവിടവിടെ കമ്പുകൾ താഴ്ത്തി അടിവരെ ദ്വാരമുണ്ടാക്കി അതിലേക്ക് ഒഴിക്കുക. പുഴുക്കൾ നശിച്ചു കൊള്ളും.

തുടർന്ന് മുൻകരുതൽ നടപടി. തെങ്ങുകളുടെ ഏറ്റവും മുകളിലുള്ള 2–3 ഒാലക്കവിളുകളിൽ 250ഗ്രാം വേപ്പിൻ/മരോട്ടിപ്പിണ്ണാക്ക് (അതല്ലെങ്കിൽ കല്ലുപ്പ്–ചാരം–തുല്യ അളവിൽ മണൽ മിശ്രിതം) ജനുവരി, മേയ്, സെപ്റ്റംബർ മാസങ്ങളിൽ നിറയ്ക്കണം. പ്രായപൂർത്തിയായ തെങ്ങുകളുടെ ഒാലക്കവിളുകളിൽ 3 പാറ്റാ ഗുളിക അതല്ലെങ്കിൽ ഫെർട്ടറ 3 ഗ്രാം (സുഷിരങ്ങളിട്ട പായ്ക്കറ്റിലാക്കി) എന്നിവ വയ്ക്കുന്നത് ഫലപ്രദം.

ഒാലചീയലുള്ളവയുടെ കാര്യത്തിൽ അഴുകിയ ഒാലകൾ നീക്കം ചെയ്ത ശേഷം നാമ്പോലക്കവിളുകളിൽ 2 മി. ലീറ്റർ ഹെക്സാ കോണോസോൾ 300 മി. ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കാം. രോഗം തീവ്രമല്ലെങ്കിൽ സ്യൂഡോമോണാസ് ഫ്ലൂറസൻസ് 50 ഗ്രാം അര ലീറ്റർ വെള്ളത്തിൽ കലക്കി നാമ്പോലക്കവിളുകളിൽ ഒഴിക്കുക. ചെന്നീരൊലിപ്പ് രോഗമുള്ള പ്രദേശങ്ങളിൽ ട്രൈക്കോഡെർമ കുഴമ്പാക്കി തടിയിൽ പുരട്ടുന്നതും  5 കിലോ വേപ്പിൻപിണ്ണാക്കും 100 ഗ്രാം ട്രൈക്കോഡെർമയും ചേർത്ത് തടത്തിലിടുന്നതും ഫലം ചെയ്യും. തടത്തിൽ ഒാലകൊണ്ട് പുതയിടാനും ആവശ്യത്തിന് ഈർപ്പം ഉറപ്പാക്കാനും ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com