ADVERTISEMENT

ആടുകളുടെ കാഷ്ഠത്തില്‍ ചിലപ്പോഴൊക്കെ വേവിച്ച ചോറു പോലുള്ള വസ്തുക്കള്‍ കാണപ്പെടുന്നതായി കര്‍ഷകര്‍ പറയാറുണ്ട്. ആടുകളെ ബാധിച്ചിരിക്കുന്ന നാടവിരകളുടെ ശരീരകഷണങ്ങളാണ് ഈ രൂപത്തില്‍ പുറത്തു വരുന്നത്. ഇത്തരം കഷണങ്ങളില്‍ നാടവിരയുടെ മുട്ടകള്‍ ഉണ്ടായിരിക്കും. ആടുകളുടെ വളര്‍ച്ച, ഉല്‍പാദനക്ഷമത എന്നിവയെ ബാധിക്കാവുന്ന ആന്തരപരാദങ്ങളില്‍ പ്രധാനമാണ് നാടവിരകള്‍. മൊണീസിയ എന്ന ജനുസ്സില്‍പ്പെട്ട നാടവിരകളാണ് നമ്മുടെ നാട്ടിലെ ആടുകളില്‍ സാധാരണ കണ്ടുവരുന്നത്. ഏകദേശം അര മീറ്റര്‍ നീളമുള്ള ഇവ വെളുത്ത നിറത്തിലും റിബണ്‍ ആകൃതിയിലുമാണ് കാണപ്പെടുന്നത്.

നാടവിര ബാധിച്ച് ഏകദേശം ഒന്നരയാഴ്ച കഴിയുന്നതോടെ ആടുകളുടെ കാഷ്ഠത്തിലൂടെ വിരയുടെ മുട്ടകള്‍ അല്ലെങ്കില്‍ മുട്ടകള്‍ അടങ്ങിയ ശരീരകക്ഷണങ്ങള്‍ ( ഖണ്ഡങ്ങള്‍ ) പുറത്തുവരുന്നു. മണ്ണിലെത്തുന്ന വിരമുട്ടകള്‍ പുല്ലുകളില്‍ കാണപ്പെടുന്ന തീരെ ചെറിയ ഇനം മണ്ഡരികളിലെത്തുന്നു. നാടവിരയുടെ ശൈശവഘട്ടങ്ങള്‍ മണ്ഡരിയുടെ ശരീരത്തിലാണ് കടന്നു പോകുന്നത്. ഇത്തരം മണ്ഡരികളെ പുല്ലിനൊപ്പം തിന്നുന്ന ആടുകള്‍ക്ക് വിരബാധയുണ്ടാകുന്നു.

ആറുമാസത്തില്‍ താഴെ പ്രായമുള്ള ആട്ടിന്‍കുട്ടികളിലാണ് നാടവിരബാധയുടെ ശല്യം കൂടുതല്‍ കാണപ്പെടുന്നത്. തീറ്റയുടെയും പരിപാലനത്തിലെയും കുറവുകള്‍ മൂലം ദുര്‍ബലമായ രോഗപ്രതിരോധശേഷി മാത്രമുള്ള കുട്ടികളില്‍ രോഗം ഗുരുതരമാകും. വിശപ്പില്ലായ്മ, വയറിളക്കം, ദഹനക്കുറവ്, ശരീര ശോഷണം, വളര്‍ച്ചാ നിരക്കിലെ കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവും. വിരകള്‍ കുടലില്‍ ക്ഷതങ്ങളുണ്ടാക്കുകയും പോഷകങ്ങള്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ കുടലില്‍ അണുബാധയുമുണ്ടായേക്കാം. കൂട്ടംകൂടി കുടലില്‍ തടസ്സം സൃഷ്ടിക്കുന്ന നാടവിരകള്‍ ആട്ടിന്‍ കുട്ടികളുടെ മരണത്തിനു വരെ കാരണമാകുന്നു. 

കര്‍ഷകര്‍ക്ക് ചെയ്യാവുന്നത്

  • രോഗപ്പകര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പുല്‍മണ്ഡരികളെ നിയന്ത്രിക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍, വിരബാധയുള്ള ആടുകളെ കണ്ടെത്തി ചികിത്സിക്കുകയും അതുവഴി അവയില്‍നിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരുന്നത് തടയുകയുമാണ് ചെയ്യേണ്ടത്.
  • കാഷ്ഠ പരിശോധന നടത്തിയാണ് വിരബാധയുള്ള ആടുകളെ കണ്ടത്തേണ്ടത്. മൃഗാശുപത്രികളില്‍ ഇതിനുള്ള സൗകര്യമുണ്ട്.
  • വിരബാധയുണ്ടെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന നാടവിരയ്‌ക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ ശരിയായ അളവില്‍ നല്‍കുക. നിക്ലോസമൈഡ്, പ്രാസികാന്റല്‍ തുടങ്ങിയ മരുന്നുകള്‍ നാടവിരകള്‍ക്കെതിരെ ഫലപ്രദമാണ്.
  • അതിരാവിലെയും വൈകുന്നേരവും ആടുകളെ മേയാന്‍ വിടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഈ സമയത്താണ് പുല്ലില്‍ മണ്ഡരികര്‍ ധാരാളമായി കാണപ്പെടുക എന്നതിനാലാണിത്.
  • ഒരേ സ്ഥലത്ത് സ്ഥിരമായി മേയാന്‍ വിടാതെ മേയുന്ന സ്ഥലങ്ങള്‍ മാറിമാറി ഉപയോഗിക്കുക. മേയുന്ന സ്ഥലങ്ങള്‍ ഇടയ്ക്കിടെ ഉഴുതുമറിച്ച് പുതിയ പുല്ല് വളരാന്‍ അനുവദിക്കുക.
  • മെച്ചപ്പെട്ട പരിപാലനവും പോഷകസമൃദ്ധമായ തീറ്റയും നല്‍കി ആടുകളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക.

English summary: Tapeworms in goats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com