ADVERTISEMENT

ആവശ്യമായ പോഷകങ്ങൾ അളവിലും ഗുണത്തിലും ലഭിക്കുന്ന വിധം കാലിത്തീറ്റ  കൃത്യതയോടെ നൽകുന്ന പ്രിസിഷന്‍  അഥവാ സൂക്ഷ്മപോഷണമാണ് പശു വളർത്തലിലെ പുതിയ സമ്പ്രദായം. ഡെയറി ഫാമിങ്ങിലെ തീറ്റക്രമത്തിലെ  പുത്തന്‍ രീതികൾ ചിലത് താഴെ പറയുന്നു.

ടിഎംആര്‍  അഥവാ സമ്പൂർണ കാലിത്തീറ്റ മിശ്രിതം

ഓരോ പിടി തീറ്റയിലും സമ്പൂർണ പോഷകങ്ങള്‍ ലഭിക്കുന്ന  സമ്പൂർണ കാലിത്തീറ്റ രീതിയാണ് പുതിയ മാതൃക. ഇതിനെ Complete feeding എന്നു വിളിക്കാം. പാലുല്‍പാദനത്തിനും, ശാരീരികാവസ്ഥയ്ക്കും, വളര്‍ച്ചയ്ക്കും ആനുപാതികമായി  കാലിത്തീറ്റ, പച്ചപ്പുല്ല്,  വൈക്കോല്‍ എന്നിവ കൃത്യമായ അളവിലും രൂപത്തിലും കലര്‍ത്തി നല്‍കുന്ന ടിഎംആര്‍ (ടോട്ടല്‍ മിക്‌സഡ് റേഷന്‍) വഴിയാണ് ഇത് നടപ്പിലാക്കുന്നത്. ചുരുക്കത്തില്‍  പശുവിന് നല്‍കുന്ന ഖരാഹാരവും  നാരു കൂടുതലുള്ള  പരുഷാഹാരവും  സംയോജിപ്പിച്ച് പശുക്കള്‍ക്ക് സമ്പൂര്‍ണ്ണാഹാരമായി  നല്‍കപ്പെടുന്നതോടെ തീറ്റയെടുപ്പും, ദഹനവും, പോഷകങ്ങളുടെ ആഗിരണവും ഉത്തമമാകുകയും ഉൽപാദനവും ആരോഗ്യവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. 

കാലിത്തീറ്റ, വൈക്കോല്‍, പച്ചപ്പുല്ല് എന്നിവയോടൊപ്പം പിണ്ണാക്കും, തവിടും, വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും ഒപ്പം കാടിവെള്ളവുമൊക്കെ പ്രത്യേക കണക്കും സമയക്രമവുമില്ലാതെ  നല്‍കിയാല്‍ റൂമനിലെ  സൂക്ഷ്മാണുക്കള്‍  നശിക്കുകയും  ദഹനക്കുറവും പോഷകന്യൂനതയും ഉണ്ടാവുകയും ചെയ്യുന്നു. പാല്‍ ഉൽപാദനം, ഗുണമേന്മ, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങളാകും അനന്തരഫലം.  ചാണകത്തിന്റെ ഘടനയില്‍ മാത്രമല്ല ഗന്ധത്തിലും  വ്യത്യാസമുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടിഎംആര്‍ (TMR) സഹായകരമാകും. 

വിപണിയില്‍  ലഭ്യമായ ടിഎംആര്‍ തീറ്റകളോ, കര്‍ഷകരുടെ വീട്ടില്‍ തയാറാക്കുന്ന  തീറ്റ മിശ്രിതമോ സമ്പൂർണാഹാരമായി  ഉപയോഗിക്കാം. വിവിധ ബ്രാന്‍ഡുകളില്‍ വിപണിയില്‍ ലഭ്യമായ ടിഎംആര്‍ തീറ്റകള്‍ യന്ത്രസഹായത്തോടെ  മിശ്രണം നടത്തിയുണ്ടാക്കുന്നവയാണ്. ഉല്‍പാദനശേഷിയനുസരിച്ച് മൂന്നു മുതല്‍ പത്തു ലക്ഷം രൂപവരെ വിലയുണ്ട് യന്ത്രത്തിന്. 

ചോളം, പിണ്ണാക്ക്, വിറ്റമിന്‍, ലവണ മിശ്രിതങ്ങള്‍ തുടങ്ങിയ സാന്ദ്രീകൃത ഖരാഹാരങ്ങളോടൊപ്പം പച്ചപ്പുല്ല്, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങള്‍ സമന്വയിപ്പിച്ച് സമീകൃതമാക്കി നല്‍കുന്ന ടിഎംആര്‍ തീറ്റ ദഹനപ്രക്രിയയെ സുഗമമാക്കുന്നു. പോഷകങ്ങളെല്ലാം  ആവശ്യമായ അളവില്‍  ലഭിക്കുന്നതിനാല്‍ പാലിന്റെ അളവും, ഗുണവും കൂടുന്നു.  കന്നുകാലികളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം ചാണകത്തിലെ  ജലാംശവും, ദുര്‍ഗന്ധവും കുറയുന്നു. സാധാരണ രീതിയില്‍ നാല്‍പ്പത്തഞ്ചു ശതമാനമാണ്  ടിഎംആറിലെ ജലാംശം. ഒപ്പം നാരിന്റെ അളവ് (എന്‍ഡിഎഫ് വിഭാഗം) 28-35 ശതമാനമായി  ക്രമപ്പെടുത്തണം.  

ടിഎംആര്‍ നല്‍കുമ്പോള്‍ വിറ്റാമിനുകളും, ധാതുക്കളും വീണ്ടും നല്‍കേണ്ടി വരുന്നില്ല. ദിവസത്തില്‍  3-4 തവണയായി നല്‍കാവുന്നതാണ്. ശരാശരി 15 കിലോഗ്രാമുള്ള  ബ്ലോക്കുകളായോ, പൊടി രൂപത്തിലോ വിപണിയില്‍ ലഭ്യമാണ്.  വീട്ടില്‍ തന്നെ  ടിഎംആര്‍ തയാറാക്കുമ്പോള്‍ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. വിപണിയില്‍ ലഭ്യമായ  ടിഎംആര്‍  കാലിത്തീറ്റ വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും വലിയ ചെലവുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍  കഴിയാത്തവര്‍ക്കും  വീട്ടില്‍ തയാറാക്കുന്ന സമ്പൂര്‍ണ്ണാഹാരം ഉപയോഗിക്കാം. അടിസ്ഥാന തത്വങ്ങള്‍ പാലിച്ച് മൃഗപോഷണത്തില്‍ വൈദഗ്ദ്യം നേടിയവരുടെ ഉപദേശ  പ്രകാരം  ഇത് ചെയ്യാവുന്നതാണ്. 

പച്ചപ്പുല്ല്, വൈക്കോല്‍, വിപണിയില്‍ നിന്നു വാങ്ങുന്ന  കാലിത്തീറ്റ അല്ലെങ്കില്‍  മറ്റു സാന്ദ്രീകൃത  തീറ്റ ഘടകങ്ങള്‍ എന്നിവയാണ് അംസ്‌കൃത ഘടകങ്ങള്‍.  പച്ചപ്പുല്ലും, വൈക്കോലും ചാഫ് കട്ടര്‍ അഥവാ പുല്ല് മുറിക്കുന്ന യന്ത്രംകൊണ്ട് യഥാക്രമം ഒരു ഇഞ്ച്, ഒരു ഇഞ്ചില്‍ താഴെ നീളത്തില്‍ മുറിച്ച് പൊടിച്ച തീറ്റയോടൊപ്പമോ, അല്ലെങ്കില്‍ പെല്ലെറ്റ് രൂപത്തിലുള്ള കാലിത്തീറ്റ വെള്ളം ചേര്‍ത്ത് കുതിര്‍ത്ത് പൊടിരൂപത്തിലാക്കിയതിന് ശേഷമോ കൂട്ടിയോജിപ്പിച്ച് നല്‍കണം.  

puramattom-dairy-farm-4

പച്ചപ്പുല്ലിന്റെ ലഭ്യതയനുസരിച്ച് പുല്ലിന്റെയും, വൈക്കോലിന്റെയും, കാലിത്തീറ്റയുടേയും അളവില്‍ വ്യത്യാസം വരുത്താവുന്നതാണ്.   കാലിത്തീറ്റ കുതിര്‍ത്തു വയ്ക്കുന്നത് നല്ലതല്ലാത്തതിനാല്‍  ഓരോ ദിവസത്തേക്കുള്ളതു മാത്രം   തയ്യാറാക്കി 2-3 തവണയായി നല്‍കുക. ധാരാളം ശുദ്ധജലം നല്‍കണം.  പെല്ലറ്റ് തീറ്റ കുതിര്‍ക്കുമ്പോള്‍ വെള്ളം അധികമാകരുത് കേവലം പൊടിയാനുള്ള  ജലം മതിയാകും. 

ഉദാഹരണമായി 20 കിലോയെങ്കിലും  പച്ചപ്പുല്ല്   ലഭ്യമാകുമെങ്കില്‍ ഏഴു ലീറ്റര്‍ കറവയുള്ള പശുവിന് 3 കിലോ കാലിത്തീറ്റയും, മൂന്നു കിലോ വൈക്കോലും കൂടി ചേര്‍ത്ത്  നല്‍കാവുന്നതാണ്. പ്രാദേശികമായി ലഭിക്കുന്ന വില കുറഞ്ഞതും സുലഭവുമായ പലപ്പോഴും രുചിയല്‍പ്പം കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ ടിഎംആര്‍ തീറ്റയില്‍ ചേര്‍ക്കാം. പൈനാപ്പിള്‍, ചക്ക, തേയില, കുരുമുളക്, കശുവണ്ടി എന്നിവയുടെ അവശിഷ്ടങ്ങളും മരച്ചീനി ഇല, തണ്ട്, കാപ്പിക്കുരുതൊണ്ട്, ശീമക്കൊന്നയുടെ  ഇല ഇവയൊക്കെ ഒരു പരിധിവരെ ഉപയോഗിക്കാം. ടിഎംആര്‍ തീറ്റ നല്‍കിയുള്ള  സമ്പൂര്‍ണാഹാരം നല്‍കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒരു ആനിമല്‍ ന്യൂട്രീഷന്‍ വിദഗ്ധന്റെ സഹായത്തോടെ തയാറാക്കേണ്ടതാണ്.

കുറവുകൾ നികത്താൻ ബൈപാസ് പോഷണം

കന്നുകാലികളുടെ ആമാശയത്തിന്  നാലറകളുണ്ട്.  ഇവയില്‍ ആദ്യ അറയായ റൂമനില്‍ താമസമുറപ്പിച്ചിരിക്കുന്ന  ലക്ഷക്കണക്കിനു വരുന്ന  സൂക്ഷ്മജീവികളാണ്  പശുക്കളുടെ ദഹനത്തെ സഹായിക്കുന്നത്. അയവെട്ടുന്ന ജീവികളില്‍ അന്നജം, പ്രോട്ടീന്‍ (മാംസ്യം), കൊഴുപ്പ്  തുടങ്ങിയ ആഹാരഘടകങ്ങളുടെ  ദഹനം പ്രധാനമായും ഈ വിധത്തില്‍ ബാക്ടീരിയ, പ്രോട്ടോസോവ  തുടങ്ങിയ റൂമന്‍ നിവാസികളുടെ കൈകളിലൂടെയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ ആഹാരഘടകങ്ങളെ  പ്രത്യേക സാങ്കേതിക വിദ്യകളുപയോഗിച്ച് റൂമനില്‍ ദഹനം നടക്കാത്തവിധത്തില്‍  രൂപം മാറ്റി കുടലില്‍വെച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യിക്കുന്നതിനാണ് ബൈപാസ് പോഷണമെന്ന് പറയുന്നത്.  

ഉയര്‍ന്ന ഉൽപാദനശേഷിയുള്ള പശുക്കള്‍ക്ക് കറവയുടെ  ആദ്യഘട്ടത്തിലാണ് ഇത്തരം പോഷകങ്ങള്‍ നല്‍കുന്നത്.  ബൈപ്പാസ് കൊഴുപ്പ് (ഫാറ്റ്), ബൈപാസ് പ്രോട്ടീന്‍ (മാംസ്യം) എന്നിവയാണ് വിപണിയില്‍ ലഭ്യമായ ഇത്തരം തീറ്റ ഘടകങ്ങള്‍.  കറവയുടെ പ്രാരംഭഘട്ടത്തില്‍ പ്രത്യേകിച്ച് ഉയര്‍ന്ന ഉൽപാദനമുള്ള  ആദ്യത്തെ 2-3  മാസക്കാലം പശുക്കള്‍ക്ക് കൂടുതല്‍ ഊര്‍ജം  ആവശ്യമായി വരുന്നു.  ആവശ്യമായ ഊര്‍ജം  നല്‍കുന്ന തീറ്റയിലൂടെ ലഭ്യമായില്ലെങ്കില്‍  ഉൽപാദനശേഷിക്കനുസരിച്ച്  പാല്‍ കിട്ടാതാകുന്നു. കറവയുള്ള അളവില്‍ പോഷകങ്ങള്‍ ശരീരത്തില്‍ നിന്ന് ചോര്‍ത്തപ്പെടുകയും പശു ക്ഷീണിക്കുകയും ചെയ്യുന്നു.

കറവ കൂടുന്നതതനുസരിച്ച് സാധാരണയായി കര്‍ഷകര്‍ പശുവിന്റെ ക്ഷീണമകറ്റാനും, പാല്‍ കൂട്ടാനായി കൂടുതല്‍ കാലിത്തീറ്റയും  ഒപ്പം ധാന്യങ്ങള്‍, കഞ്ഞി എന്നിവ നല്‍കുകയുമാണ് പതിവ്.  എന്നാല്‍ ഇത് പലപ്പോഴും  റൂമനിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ  തടസ്സപ്പെടുത്തുകയും  ദഹനക്കേട്, അസിഡോസിസ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു.  തീറ്റയില്‍ അന്നജത്തിന്റെ അളവ് കൂട്ടുന്നത് പാലില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്‌തേക്കാം.  കറവയുടെ ആദ്യഘട്ടത്തില്‍  പശുക്കള്‍ക്ക് വിശപ്പും, തീറ്റയെടുക്കാനുള്ള കഴിവും  കുറവായതിനാല്‍ കൂടുതല്‍ തീറ്റ നല്‍കി വർധിച്ച ആവശ്യം നിറവേറ്റാന്‍  പ്രായോഗികമായി കഴിയാറില്ല. കൊഴുപ്പ് കൂടുതല്‍ നല്‍കി ഊര്‍ജസാന്ദ്രത  തീറ്റയില്‍ കൂട്ടാനും ചിലര്‍ ശ്രമിക്കാറുണ്ട്.  ഇതിനായി സസ്യ എണ്ണകളും,  എണ്ണക്കുരുക്കളും നല്‍കുന്ന രീതിയുമുണ്ട്.  പക്ഷേ റൂമനിലെ സൂക്ഷ്മജീവികള്‍ക്ക് കൊഴുപ്പ് ദഹിപ്പിക്കാനുള്ള കഴിവ്  കുറവായതിനാല്‍ ഇതും ലക്ഷ്യം കാണാറില്ല. 

puramattom-dairy-farm-1

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി കൂടുതല്‍ ഊര്‍ജം അടങ്ങിയിരിക്കുന്ന കൊഴുപ്പുകളെ ബൈപാസ് രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ഇതിനു വേണ്ടി കൊഴുപ്പിലെ  അമ്ലങ്ങളെ  കാത്സ്യം  കണങ്ങളുമായി ചേര്‍ത്ത് ലയിക്കാത്ത രൂപത്തിലാക്കുന്നു.  തന്മൂലം  റൂമനില്‍ ഇവയ്ക്ക് മാറ്റങ്ങളുണ്ടാകുന്നില്ല.  തീറ്റയുടെ ഊര്‍ജ സാന്ദ്രത കൂടുകയും  ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.  റൂമനില്‍ ദഹിക്കാത്ത ഇവ കുടലുല്‍ ആഗിരണം ചെയ്യപ്പെടുന്നു. ആവശ്യത്തിനുള്ള ഊര്‍ജം ലഭ്യമാകുന്നതോടെ പാലുൽപാദനം, പാലിലെ കൊഴുപ്പ് എന്നിവയില്‍ വര്‍ധനയുണ്ടാകുന്നു.  

പശുക്കളുടെ പ്രത്യുൽപാദനക്ഷമതയില്‍ വർധനയുണ്ടാകുന്നതിനാല്‍ അടുത്ത ഗര്‍ഭധാരണവും എളുപ്പമാകുന്നു.  ഇങ്ങനെ കറവയുടെ ആരംഭത്തില്‍ ഉത്പാദനശേഷികൂടിയ  പശുക്കള്‍ക്കുണ്ടാകുന്ന വർധിച്ച ഊര്‍ജാവശ്യം  നിറവേറ്റാന്‍ ബൈപ്പാസ്  കൊഴുപ്പുകള്‍ ഉപയോഗിക്കാം.  പലപേരുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. പത്തു ലീറ്ററില്‍ കൂടുതല്‍ കറവയുള്ള പശുക്കള്‍ക്ക് കറവയുടെ പ്രാരംഭ ഘട്ടത്തില്‍ ഇത്തരം ബൈപ്പാസ് പോഷകങ്ങള്‍ നല്‍കുന്നത് ഉൽപാദനവും പ്രത്യുൽപാദനക്ഷമതയും വര്‍ധിപ്പിക്കുകയും  പശു മെലിഞ്ഞു പോകുന്നത് തടയുകയും ചെയ്യുന്നു. 

കറവപ്പശുക്കളുടെ  വളര്‍ച്ച, പാലുൽപാദനം എന്നിവയില്‍ പ്രോട്ടീനുകളുടെയും അവയുടെ അടിസ്ഥാന ഘടകങ്ങളായ അമിനോ ആസിഡുകളുടേയും പങ്ക് വലുതാണ്.  പ്രോട്ടീന്‍ കുറവ് കറവയെ ബാധിക്കുന്നു.  കാലിത്തീറ്റയിലെ റൂമനിലെ  സൂക്ഷ്മജീവികളാണ് ഇവ.  പ്രോട്ടീന്‍ ദഹനം നടത്തി  ആമിനോ ആസിഡുകളെ  സ്വന്തം ശരീരത്തിന്റെ ഭാഗമാക്കുന്നു.  പിന്നീട് ഈ സൂക്ഷ്മജീവികള്‍ കുടലിലേക്ക് നീക്കം ചെയ്യപ്പെടുകയും ദഹിച്ച് പശുവിനാവശ്യമായ അമിനോ ആസിഡുകള്‍ ശരീരത്തിന്  ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ദഹനം സാധാരണ ഉൽപാദനമുള്ള പശുക്കള്‍ക്ക്  പ്രത്യേകിച്ച് കറവയുടെ തുടക്കത്തില്‍  മാംസ്യത്തിന്റെ ആവശ്യം കൂടുതലായിരിക്കും. തീറ്റയിലെ പ്രോട്ടീന്‍ (മാംസ്യം) ബൈപ്പാസ് രൂപത്തിലാക്കിയാണ് കൂടുതലുള്ള ആവശ്യം നിറവേറ്റുന്നത്.  ബൈപ്പാസ് പ്രോട്ടീന്‍ കൂടുതലടങ്ങിയ  തീറ്റകള്‍ കാലിത്തീറ്റ കമ്പനികള്‍  പ്രത്യേകം പുറത്തിറക്കുന്നുണ്ട്. 30 ലീറ്ററിലധികം പാലുൽപാദനമുള്ള പശുക്കള്‍ക്ക് തീര്‍ച്ചയായും ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ ആവശ്യമായി വരും.

ധാതുലവണ മിശ്രിതം  പല രൂപത്തില്‍

ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ പ്രത്യേകതകള്‍ അറിഞ്ഞതിനുശേഷം അവിടെയുള്ള സസ്യങ്ങള്‍ തിന്നു വളരുന്ന പശുക്കള്‍ക്ക്  ഏരിയ സ്‌പെസിഫിക് മിനറല്‍ മികസ്ചര്‍  നല്‍കാം. മണ്ണിലെ ധാതുക്കളുടെ കുറവ് പശുക്കളെയും ബാധിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്യാറുള്ളത്. വളര്‍ച്ചയ്ക്കും ഉൽപാദനത്തിനുമാവശ്യമായ ഇനോര്‍ഗാനിക് രൂപത്തിലുള്ള ധാതുലവണങ്ങളെ പ്രത്യേക സാങ്കേതികവിദ്യ വഴി മാംസ്യ തന്മാത്രകളുമായും അമിനോ അമ്ലങ്ങളുമായും സംയോജിപ്പിച്ച് സംയുക്ത രൂപത്തിലാക്കുന്നതിനെയാണ് ചീലേഷന്‍ എന്ന് പറയുന്നത്. പ്രസ്തുത ധാതുവിന്റെ ദഹനവും ആഗിരണവും കാര്യക്ഷമമാക്കാനും, ജൈവലഭ്യത ഉയര്‍ത്താനും ചീലേഷന്‍ വിദ്യ വഴി കഴിയും. ഇങ്ങനെ തയാറാക്കുന്ന ഖനിജ മിശ്രിതങ്ങളെ ചീലേറ്റഡ് മിശ്രിതങ്ങള്‍ എന്ന് വിളിക്കുന്നു. 

ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തയാറാക്കിയ ഒട്ടേറെ ധാതുലവണ മിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. സാധാരണ രൂപത്തിലുള്ള  ധാതുജീവക മിശ്രിതങ്ങളേക്കാളും വില കൂടുതലാണെങ്കിലും ചീലേറ്റഡ് ധാതുലവണമിശ്രിതങ്ങള്‍ വാങ്ങി പശുക്കള്‍ക്ക് നല്‍കിയാല്‍  വളര്‍ച്ചയിലും ഉല്‍പ്പാദനത്തിലും മികവ് നേടാം എന്നതില്‍ സംശയമില്ല. സാധാരണ ധാതു മിശ്രിതങ്ങള്‍ നല്‍കുന്നതിനേക്കാള്‍ അളവ് കുറച്ച് ചീലേറ്റഡ് മിശ്രിതങ്ങള്‍ നല്‍കിയാല്‍ മതി എന്ന നേട്ടവുമുണ്ട്.

dairy-farm-3

കാറ്റയോണ്‍  ആനയോണ്‍  ബാലന്‍സ് പ്രധാനം 

കാലിത്തീറ്റയിലെ പോസിറ്റീവ് ചാർജുള്ള മൂലകങ്ങളുടെ(സോഡിയം, പൊട്ടാസ്യം)യും നെഗറ്റീവ് ചാര്‍ജുള്ളവയുടെയും അളവിലുള്ള വ്യത്യാസം വളരെ പ്രധാനമാണ്. ഇതില്‍ നെഗറ്റീവ് ചാര്‍ജുള്ള ആനയോണ്‍സ് കൂടുതലടങ്ങിയ തീറ്റ പ്രസവത്തിന് 3-4 ആഴ്ച മുന്‍പു മുതല്‍ നല്‍കുന്നത് പ്രസവാനന്തരമുള്ള കാത്സ്യക്കുറവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉൽപാദനം കൃത്യമാക്കും. മഗ്നീഷ്യം സള്‍ഫേറ്റ് പോലുള്ള ഇത്തരം മിശ്രിതങ്ങള്‍ ഒരു ഡോക്ടറുടെ  ഉപദേശപ്രകാരം നല്‍കാം. 

വിശേഷ വിഭവങ്ങള്‍ ഒട്ടേറെ

പലവിധ ആവശ്യങ്ങള്‍ക്കായി കാലിത്തീറ്റയോടൊപ്പം ചേര്‍ക്കാവുന്ന ഒട്ടേറെ ചേരുവകള്‍ ഇന്ന് ലഭ്യമാണ്. ആമാശയത്തിന്റെ അമ്ലക്ഷാരനില കൃത്യമായി നിലനിര്‍ത്താനുള്ള  ബഫറുകള്‍ മുതല്‍ പ്രോബയോട്ടിക്കുകള്‍ വരെ ഇതില്‍ വരും. അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്), സോഡിയം സെസ്‌ക്വികാര്‍ബണേറ്റ്, മഗ്നീഷ്യം ഓക്‌സൈഡ്, കാത്സ്യം കാര്‍ബണേറ്റ്,  സോഡിയം ബെന്റോണൈറ്റ് , പൊട്ടാസ്യം കാര്‍ബണേറ്റ്  എന്നിവ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബഫറുകളാണ്. ദഹനസഹായിയായും, പിഎച്ച് ക്രമീകരണത്തിനും, സമ്മര്‍ദ്ദാവസ്ഥയെ അതിജീവിക്കാനും സഹായിക്കുന്ന ഫംഗസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. പ്രത്യുല്‍പ്പാദനം, രോഗപ്രതിരോധം, അകിടുവീക്കം, പ്രതിരോധം എന്നിവയ്ക്ക് ബീറ്റാ കരോട്ടിൻ, സിങ്ക് മെത്തിയോണിന്‍ എന്നിവ ഉപയോഗിക്കാറുണ്ട്. കോളിന്‍, നിയാസിന്‍ എന്നിവ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.

പ്രോബയോട്ടിക്കുകള്‍ക്ക് ഗുണമേറെ

സൂക്ഷ്മജീവികളായ ബാക്ടീരിയയും, ഫംഗസുമൊക്കെ നമ്മുടെ കണ്ണില്‍ രോഗം വരുത്തുന്ന ഉപദ്രവകാരികളാണ്.  ഇവയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളെക്കുറിച്ചും  നമുക്കറിയാം.  എന്നാല്‍ കന്നുകാലികളുടെ ഉൽപാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒട്ടേറെ ഉപകാരികളായ സൂക്ഷ്മാണുക്കള്‍ ഉണ്ട്.  കാലിത്തീറ്റയില്‍ നിശ്ചിത അളവില്‍  ചേര്‍ക്കാന്‍ കഴിയുന്ന പ്രയോജനപ്രദമായ  സൂക്ഷ്മാണുക്കള്‍ അടങ്ങിയ ഉൽപന്നങ്ങളാണ് പ്രോബയോട്ടിക്കുകള്‍.  ഇവയില്‍ അടങ്ങിയിരിക്കുന്ന ഉപകാരികളായ  സൂക്ഷ്മാണുക്കള്‍ കന്നുകാലികളുടെ  ആമാശയത്തിലെ സൂക്ഷ്മജീവികളെ  സംതുലിതമാക്കുകയും തല്‍ഫലമായി ഗുണപരമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 

പ്രോബയോട്ടിക്ക് എന്ന നിലയില്‍ യീസ്റ്റ് കാലിത്തീറ്റയില്‍ ചേര്‍ക്കുന്നത് തീറ്റയുടെ മണവും, രുചിയും വര്‍ധിപ്പിക്കുന്നതോടൊപ്പം നാരുകളുടെ ദഹനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.  കറവപ്പശുക്കള്‍, എരുമകള്‍, ആടുകള്‍ ഇവയിലൊക്കെ യീസ്റ്റ് ഗുണപരമായ പ്രയോജനങ്ങള്‍ നല്‍കുന്നു. പാലുൽപാദനം, പാലിലെ കൊഴുപ്പിന്റെ അളവ്, വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, രോഗപ്രതിരോധശേഷി ഇവയിലൊക്കെ വർധനയുണ്ടാകുന്നു.  ദഹനസഹായിയായി പ്രവര്‍ത്തിച്ച്, ശരീരതൂക്കം കൂട്ടുന്ന വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്ന ഘടകമെന്ന നിലയില്‍ ആടുകളില്‍ യീസ്റ്റ് ഫലപ്രദമാണ്. അയവെട്ടുന്ന മൃഗങ്ങളില്‍ മറ്റ് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തം മെച്ചപ്പെടുത്താനും, അമ്ല, ക്ഷാര നില തുലനം ചെയ്യാനും  യീസ്റ്റ് സഹായിക്കുന്നു.

puramattom-dairy-farm-3

സൈലേജെന്ന വരദാനം

പച്ചപ്പിന്റെ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ പ്രത്യേക രീതിയില്‍ വായു കടക്കാത്ത അറകളില്‍ സൂക്ഷിച്ച് പുളിപ്പിക്കല്‍ പ്രക്രിയ നടത്തിയുണ്ടാകുന്ന ഉല്‍പന്നമാണ് സൈലേജ്. നിര്‍മാണ സമയത്തുണ്ടാക്കുന്ന ലാക്ടിക് ആസിഡുകള്‍ അമ്ല-ക്ഷാര നിലയില്‍ കുറവു വരുത്തി ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാന്‍ സഹായിക്കുന്നു. ഏകദേശം പച്ചപ്പുല്ലിനൊപ്പം തന്നെ പോഷകഗുണവും, വൈക്കോലിനേക്കാള്‍ ഗുണമേന്മയില്‍ ഏറെ മുന്നിലുമാണ് സൈലേജ്. 

ഒരു പശുവിന് ശരാശരി 15-20 കിലോവരെ സൈലേജ് ദിവസവും കൊടുക്കാം. സൈലേജ് കറവയ്ക്ക് ശേഷം നല്‍കുന്നതാണ് ഉത്തമം. കറവയ്ക്ക് മുമ്പ് കൊടുത്താല്‍ സൈലേജിന്റെ പ്രത്യേക ഗന്ധം പാലിലെത്താന്‍ സാധ്യതയുണ്ട്. പച്ചപ്പുല്ലിന്റെ ദൗര്‍ലഭ്യം നല്‍കുന്ന വിപണി സാധ്യത മുന്നില്‍ക്കണ്ട്, ഒട്ടേറെ സ്വകാര്യ സംരംഭകര്‍ സൈലേജ് നിര്‍മിച്ച് ബാഗുകളിലാക്കി വിപണിയിലെത്തിക്കുന്നു.  ചോളം പോലെയുള്ള ധാന്യവിളകളാണ് സൈലേജ് നിര്‍മാണത്തിന് ഏറ്റവും അനുയോജ്യം. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ കൂടിയ അളവ് പുളിപ്പിക്കല്‍ പ്രക്രിയയെ സഹായിക്കുന്നു.

English summary: Nutrition and feeding of dairy cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com