ADVERTISEMENT

കറവപ്പശുക്കളിൽ ഉല്‍പാദന നഷ്ടമുണ്ടാക്കുന്ന അസുഖങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് അകിടുവീക്കം. പ്രധാനമായും വിവിധതരം ബാക്ടീരിയ മൂലമാണ് അകിടുവീക്കം ഉണ്ടാകുന്നത്. അകിടിൽ നീര് വരുക, ഇളം ചുവപ്പോടു കൂടി അകിട് മാർദവമില്ലാതെ കട്ടിയാകുക, പാൽ തൈര് പോലെയോ കലങ്ങിയ മഴവെള്ളം പോലെയോ ആയിത്തീരുക തുടങ്ങിയവ അകിടുവീക്കത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. കൂടാതെ പശു ഭക്ഷണം കഴിക്കാതിരിക്കുകയും, പനിയുടെ ലക്ഷണം കാണിക്കുകയും, ചിലപ്പോൾ എഴുന്നേൽക്കാതിരിക്കുകയും ചെയ്യും. പാലുൽപാദനം നന്നേ കുറയുകയോ തീരെ ഇല്ലാതാവുകയോ ചെയ്തേക്കാം.

എന്നാൽ, ചിലതരം ബാക്ടീരിയ മൂലമുള്ള അകിടുവീക്കത്തിന് പ്രത്യക്ഷത്തിൽ യാതൊരു ലക്ഷണവും കാണില്ല. പാൽ ക്രമേണ കുറഞ്ഞുവരികയും, ചിലപ്പോൾ പാലിൽ കരടു കാണുകയും ചെയ്യും. ഇത് സബ്ക്ലിനിക്കൽ മാസ്റ്റൈറ്റിസ് എന്നാണ് അറിയപ്പെടുന്നത്. അകിടുവീക്കം ആണോ അല്ലയോ എന്ന് ചെറിയ ഒരു ടെസ്റ്റ് നടത്തിയാൽ അറിയാൻ കഴിയും. CMT ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. എല്ലാ മൃഗാശുപത്രികളിലും ഈ ടെസ്റ്റ് സൗകര്യമുണ്ട്. അസുഖമുള്ള പശുവിന്റെ നാല് മുലക്കാമ്പിൽ നിന്നും പ്രത്യേകം കറന്ന പാൽ (ഏകദേശം 15 മി.ലി) മൃഗാശുപത്രിയിൽ നൽകിയാൽ പരിശോധിക്കാൻ കഴിയും. 

പശുവിന് മേൽപറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറെ അറിയിക്കുകയും ചികിത്സ നൽകുകയും വേണം. ചികിത്സയുടെ ഫലപ്രാപ്തി എത്രവേഗം ചികിത്സ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. 

നാട്ടുവൈദ്യവും, മറ്റ് അശാസ്ത്രീയ ചികിത്സാ രീതികളും ഒന്നോ രണ്ടോ ദിവസം നടത്തിയതിനു ശേഷം അകിടുവീക്കത്തിന് ചികിത്സിക്കാൻ തുടങ്ങിയാൽ ഫലപ്രാപ്തി ഉണ്ടാകില്ല. ശരിയായ ആന്റിബയോട്ടിക്കുകൾ, ശരിയായ രീതിയിൽ നൽകേണ്ടതുണ്ട്. ഇത് ഒരു വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിലാണ് നൽകേണ്ടത്. 

ചില കർഷകർ ഇൻജക്ഷൻ എടുത്താൽ പാൽ കുറയും എന്ന് തെറ്റായി ധരിച്ച് ചികിത്സിപ്പിക്കാതിരിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ അസുഖം വേണ്ട രീതിയിൽ ചികിത്സിച്ച് പൂർണമായും ഭേദമായാൽ പാൽ കുറയില്ല. 

രോഗപ്രതിരോധശേഷി കുറവുള്ളതും, വൃത്തിഹീനമായ തൊഴുത്തിൽ വളരുന്നതുമായ പശുക്കൾക്ക് ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. കറവയ്ക്ക് മുൻപും ശേഷവും അയഡിൻ ലായനിയിൽ മുലക്കാമ്പ് മുക്കണം. അതുവഴി അകിടിലേക്കുള്ള അണുബാധ തടയാൻ കഴിയും. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചാണകവും മൂത്രവും കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ദിവസവും തൊഴുത്ത് കഴുകി വൃത്തിയാക്കി അണുനാശിനി തളിക്കണം. തൊഴുത്തിൽ വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. ഉണങ്ങിക്കിടക്കുന്നതാണ് ഉത്തമം. 

അകിടുവീക്കത്തിന് ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകൾ ചെലവേറിയതാണ്. കൂടാതെ പൂർണമായി അസുഖം ഭേദമാകുന്നതു വരെ ഏകദേശം 7 മുതൽ 10 ദിവസം വരെ പാലുൽപാദനത്തിൽ ഗണ്യമായ കുറവും വരും. ഈ കാലയളവ് കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് ‘കർഷകന്റെ കണ്ണീർ’ എന്നു പറയുന്നത്. അതിനാൽ ശരിയായ ചികിത്സ കാലതാമസം കൂടാതെ വിദഗ്ധരെക്കൊണ്ട് മാത്രം നടത്തുക. 

മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മനോരമ ഓൺലൈൻ കർഷകശ്രീയിലൂടെ സംശയങ്ങൾ ചോദിക്കാം. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (റിട്ട) ഡോ. ഷാഹുൽ ഹമീദ് സംശയങ്ങൾക്കു മറുപടി നൽകും. 8714617871 എന്ന വാട്സാപ് നമ്പറിലേക്ക് പേരും സ്ഥലവും MOKSAH എന്ന കോഡും രേഖപ്പെടുത്തി  ശബ്ദസന്ദേശമായോ കുറിപ്പായോ സംശയം അയയ്ക്കാം. ആവശ്യമായ ചിത്രങ്ങളോ വിഡിയോയോ ഉൾപ്പെടുത്തുകയും വേണം. 

English summary: Mastitis in Cows: Causes, Symptoms, Prevention and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com