ADVERTISEMENT

വീട്ടിലിരുന്നു വരുമാനമുണ്ടാക്കുന്നത് എങ്ങനെയെന്നു പഠിക്കാൻ ഷീബയുടെ വരുമാനവഴികൾ ചോദിച്ചറിയുകയേ വേണ്ടൂ. നഴ്സറി, മുല്ലക്കൃഷി, കോഴി, തേനീച്ച, ആടുവളര്‍ത്തല്‍ എന്നിവയിലൂടെ പ്രതിമാസം 45,000 രൂപയോളം നേടുന്നു അങ്കമാലിക്കു സമീപം അയ്യമ്പുഴയിലെ ഈ വീട്ടമ്മ. 

എട്ടു വർഷമായി തുടരുന്ന കോഴിവളർത്തൽ തന്നെ മുഖ്യം. ആകെ വരുമാനത്തിന്റെ പകുതിയോളം ഈയിനത്തിലാണ്. നാടൻകോഴികളെയും വിവിധ തരം മുട്ടക്കോഴികളെയും വളർത്തുന്നുണ്ട്.  അട വയ്ക്കാൻ യോഗ്യമായ കൊത്തുമുട്ടകള്‍ക്കായി നാടൻ പിടക്കോഴികൾക്കൊപ്പം പൂവന്മാരെയും വളർത്തുന്നു. കൊത്തുമുട്ടകളാണ് ഉൽപാദിപ്പിക്കുന്നതെങ്കിലും ഇവർ വിൽക്കുന്നത് കോഴിക്കുഞ്ഞുങ്ങളെയാണ്. ഓരോ ആഴ്ചയിലെയും മുട്ടകളിൽനിന്ന് നിലവാരമുള്ള കൊത്തുമുട്ടകൾ തിരഞ്ഞെടുത്ത് ഇൻകുബേറ്ററിൽ വയ്ക്കും. 

തൃശൂരിലെ മണ്ണുത്തി ഹാച്ചറീസിൽ ആഴ്ചതോറും വിരിയിക്കാനായി മുട്ട എൽപ്പിക്കുന്ന രീതിയാണ് ഷീബയുടേത്. മൂന്നാഴ്ചയ്ക്കു ശേഷം മുട്ടയുമായി ചെല്ലുമ്പോൾ ആദ്യം ഏൽപ്പിച്ച മുട്ടകൾ വിരിഞ്ഞ് കു‍ഞ്ഞുങ്ങൾ പുറത്തുവന്നിരിക്കും. ഒരു മുട്ട വിരിയിക്കുന്നതിന് 8 രൂപയാണ് ചെലവ്. മണ്ണുത്തി ഹാച്ചറിയുടെ പരിസരത്തുതന്നെയുള്ള വിപണനസൗകര്യം പ്രയോജനപ്പെടുത്തി ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. അധികമുളളവയെ വീട്ടിലെത്തിച്ചു വിൽക്കും. പ്രായം കൂടുന്നതനുസരിച്ച് കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഉയരുമെന്നു മാത്രം. കോഴിവളർത്തലുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലൂടെയാണ്  ആവശ്യക്കാരെ കണ്ടെത്തുന്നത്.  എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിൽനിന്നും ഓർഡർ കിട്ടാറുണ്ട്. 2 മാസം പ്രായമാകുമ്പോഴേക്കും കോഴിക്കുഞ്ഞുങ്ങൾ വിറ്റുതീരുന്നതായാണ് ഷീബയുടെ അനുഭവം 

അടുത്ത കാലത്ത് ശ്രദ്ധ നേടിയ സാസോ, റെയിൻബോ റൂസ്റ്റർ തുടങ്ങിയ കോഴിക്കുഞ്ഞുങ്ങളെയും വാങ്ങി വളർത്താറുണ്ട്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയശേഷം വിൽക്കുകയാണ് പതിവ്. ഒരു മാസമാകുമ്പോൾ തന്നെ ഇവയ്ക്ക് ആവശ്യക്കാരെത്തും. നൂറോളം റെയിൻബോ റൂസ്റ്റർ കോഴികളാണ് ഇപ്പോഴുള്ളത്. വൈകുന്നേരങ്ങളിൽ മാത്രം അഴിച്ചുവിടുന്ന ഇവ 2 മാസത്തിനകം 2 കിലോയോളം തൂക്കമെത്തുന്നുണ്ട്. മാംസത്തിനും മുട്ടയ്ക്കുമായി വീട്ടുവളപ്പുകളിൽ വളർത്താൻ യോജ്യമായ ഈ ഇനങ്ങൾക്ക് മികച്ച വളർച്ചനിരക്കുണ്ടെന്ന് ഷീബ പറഞ്ഞു. എന്നാൽ താരതമ്യേന കൂടുതൽ തീറ്റ നൽകേണ്ടിവരും. ബ്രോയിലർ കോഴിയുടെ മാംസത്തേക്കാൾ രുചികരമാണ് സാസോയുടെയും റെയിൻ ബോറൂസ്റ്ററിന്റെയും മാംസമെന്ന് ഷീബ അഭിപ്രായപ്പെട്ടു. 

കോഴികളുടെ തീറ്റവില കുത്തനെ ഉയരുന്നത് വലിയ വെല്ലുവിളിയാണെന്ന് ഷീബ ചൂണ്ടിക്കാട്ടി. കമ്പനിത്തീറ്റ മാത്രം നൽകി കോഴികളെ വളർത്തുന്നത് ആദായകരമല്ലാതായി. തീറ്റച്ചെലവ് കുറയ്ക്കാന്‍ ഷീബയ്ക്ക് തനതുവഴികളുണ്ട്. അടുക്കളമാലിന്യങ്ങളിൽനിന്നു പട്ടാളപ്പുഴുക്കളെ ഉൽപാദിപ്പിച്ചു നൽകുകയാണ് ഒരു വഴി. ഇതിനായി രൂപകൽപന ചെയ്ത ഒരു ബയോപോഡ്  എറണാകുളം കൃഷിവിജ്ഞാനകേന്ദ്രത്തിൽനിന്നു ലഭിച്ചത് സഹായകമായി. ദിവസേന 2 കിലോയോളം പുഴുക്കൾ ഈ രീതിയിൽ കിട്ടുന്നുണ്ടെന്നും കോഴികളുടെ മാംസ്യാവശ്യങ്ങൾ നിറവേറ്റാൻ ഇതുവഴി സാധിക്കുമെന്നും ഷീബ ചൂണ്ടിക്കാട്ടി. ഒരു അസോള ടാങ്ക് കോഴിക്കൂടിനോടു ചേർന്നുണ്ട്. പട്ടാളപ്പുഴുക്കളും അസോളയുമൊക്കെ പണച്ചെലവില്ലാതെ കിട്ടുന്നതിനാൽ തീറ്റച്ചെലവു ഗണ്യമായി കുറയുന്നു. മില്ലുകളിൽനിന്നുള്ള നുറുക്കരിയും തവിടുമാണ് മറ്റൊരു ആശ്രയം. കമ്പനിത്തീറ്റ ഒരു നേരം മാത്രം. 

ഫോൺ: 9497242050

English summary: Success Story of a Woman Poultry Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com