മനുവിന്റെ കരുത്ത് കൃഷി, പരിമിതികൾ മറന്ന് മുന്നേറുന്ന കർഷകൻ

HIGHLIGHTS
  • രണ്ടു ഷെഡ്ഡുകളിലായി 3000 ഇറച്ചിക്കോഴികളെ കരാർ അടിസ്ഥാനത്തിൽ വളർത്തുന്നു
  • ബിവി 380 സങ്കര ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി 45 ദിവസം വളർത്തിയാണ് വിൽക്കുക
poultry-1
മനു ബിവി 380 എഗ്ഗർ നഴ്സറിയിൽ
SHARE

കാലുകൾ പരിമിതികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും പത്തനംതിട്ട വെച്ചൂച്ചിറ അരീപ്പറമ്പിൽ മനു തോമസ് അതൊരു ബുദ്ധിമുട്ടായി കരുതുന്നില്ല. എട്ടാം വയസിൽ കാലുകൾ തളർന്നെങ്കിലും ഇന്ന് മികച്ചൊരു സമ്മിശ്രക്കർഷകനായി മാറിയിരിക്കുന്നു ഈ യുവാവ്. ഇടക്കാലത്ത് ചെറിയ ബിസിനസിലേക്കു തിരിഞ്ഞെങ്കിലും 10 വർഷമായി കൃഷിയാണ് മനുവിന്റെയും കുടുംബത്തിന്റെയും അടിത്തറ.

ആറേക്കർ തോട്ടത്തിൽ കുരുമുളക്, കാപ്പി, ജാതി എന്നിവയാണ് പ്രധാന വിളകളെങ്കിലും സ്ഥിരവരുമാനം നൽകുന്നത് കോഴിവളർത്തലാണ്. രണ്ടു ഷെഡ്ഡുകളിലായി 3000 ഇറച്ചിക്കോഴികളെ കരാർ അടിസ്ഥാനത്തിൽ വളർത്തുന്നു. തീറ്റയും കുഞ്ഞുങ്ങളെയും കമ്പനി ഇറക്കിത്തരും. 45 ദിവസം വളർത്തി നൽകുമ്പോൾ കിലോയ്ക്ക് 7 രൂപ വച്ച് ലഭിക്കും. ഇതിനൊപ്പം മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ എഗ്ഗർ നഴ്സറിയും മനുവിനുണ്ട്. കെപ്കോയിൽനിന്ന് 1000 ബിവി 380 സങ്കര ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി 45 ദിവസം വളർത്തിയാണ് വിൽക്കുക. 

ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങി ആദ്യ ആഴ്ച ബ്രൂഡിങ് നൽകും. തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ ബ്രൂഡിങ്ങ് ദിവസങ്ങളുടെ എണ്ണം കൂട്ടും. 5–7 ദിവസം പ്രായത്തിൽ ലസോട്ട വാക്സീനും 15–ാം ദിവസം ഐബിഡി, 21ന് ലസോട്ട ബൂസ്റ്റർ എന്നിവ നൽകിയശേഷം 30 ദിവസം പ്രായത്തിൽ വിരയിളും. 45–ാം ദിവസം ആർ2ബി വാക്സീൻ ചിറകിനടിയിൽ കുത്തിവച്ചശേഷം കുഞ്ഞുങ്ങളെ വിതരണം ചെയ്തുതുടങ്ങും.

manu-poultry-farmer
മനു കുടുംബാംഗങ്ങൾക്കൊപ്പം

ഒന്നര മാസം പ്രായത്തിൽ 160 രൂപ നിരക്കിലാണ് കുഞ്ഞുങ്ങളുടെ വിൽപന. അതുപോലെതന്നെ വളർച്ചയ്ക്കനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. മുട്ടയിടുന്ന കോഴികളെ ആവശ്യപ്പെട്ടെത്തുന്നവർക്ക് ഒരെണ്ണത്തിന് 500–550 രൂപ നിരക്കിലും വിൽക്കാറുണ്ട്. കോവിഡിനു മുൻപ് വർഷം 8 ബാച്ച് കോഴിക്കുഞ്ഞുങ്ങളെ ഇത്തരത്തിൽ വിറ്റിരുന്നെങ്കിലും ഇപ്പോൾ അത് 6 ആയി കുറച്ചിട്ടുണ്ടെന്നും മനു.

റബറിന്റെ വിലയിടിവു മൂലം മൂന്നു വർഷം മുൻപ്  4 ഏക്കറോളം സ്ഥലത്തെ റബർ വെട്ടിമാറ്റി അവിടെ കശുമാവ്, കമുക്, തെങ്ങ്, കുരുമുളക്, ഫലവൃക്ഷങ്ങൾ എന്നിവയും നട്ടിട്ടുണ്ട്. കുരുമുളകും കശുമാവും ചെറിയ രീതിയിൽ ഉൽപാദനം തുടങ്ങിയിട്ടുണ്ട്. കാലുകൾ പരിമിതി സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്കൂട്ടർ, ഓട്ടോറിക്ഷ, കാർ എന്നിവയിലാണ് മനു സ്വയം കൃഷിയിടത്തിലേക്ക് ഇറങ്ങുക. മാതാപിതാക്കളും ഭാര്യയും മൂന്നു മക്കളും മനുവിന് താങ്ങായി ഒപ്പമുണ്ട്.

ഫോൺ: 9249986188, 8075831221

English summary: Disabled man finds success raising chickens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS