ജാതിമരങ്ങൾ പൊന്മുട്ടയിടുന്ന താറാവുകളോ?

HIGHLIGHTS
  • നല്ല വിളവിനും വളർച്ചയ്ക്കും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ വേണം
  • പുറംതൊണ്ട് പൊട്ടിയ കായ്കൾ വിളവെടുത്ത് തുടങ്ങാം
nutmeg-1
SHARE

ഇന്തോനേഷ്യയിലാണ് ജാതിയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു. ഇന്തോനേഷ്യയിലെത്തിയ അറകബികൾ യൂറോപ്യൻ രാജ്യങ്ങളിൽ ജാതിക്ക കച്ചവടം നടത്തിയിരുന്നു. അതിനു പുറകെ ഇന്തോനേഷ്യയിൽ എത്തിയ പോർച്ചുഗീസുകാർ, ഡച്ചുകാർ ഇവരൊക്കെ ജാതിത്തോട്ടങ്ങളുടെ അധിപന്മാരായി. ഇതിനിടെ ഫ്രഞ്ചുകാരും, ബ്രിട്ടീഷ് സായിപ്പുമാരും മറ്റു കിഴക്കൻ ദ്വീപുകളിലേക്കും, വെസ്റ്റിൻഡീസിലേക്കും (ഗ്രനേഡ) ജാതിക്കൃഷി വ്യാപിപ്പിച്ചു. ജാതിക്ക ഉൽപാദനത്തിൽ ( 75-80 %) ഒന്നാം സ്ഥാനത്തുള്ള ഗ്രനേഡയിലെ ജാതിമരങ്ങൾ കൊടുങ്കാറ്റിൽ നശിച്ചതാണ് ഇന്ന് ഇന്ത്യയിലെ ജാതിക്കയുടെ വില തകരാതെ നിലനിൽക്കാൻ കാരണം. ഇന്ത്യ, ശ്രീലങ്ക, പപ്പുവ ന്യൂഗിനിയ ഇവരൊക്കെ ഇന്ന് ജാതിക്കൃഷിയിൽ രാജാക്കന്മാരെന്ന് അവകാശപ്പെടുന്നു. 

ജാതിയുടെ ശാസ്ത്രീയ നാമം 'മിരിസ്റ്റിക്ക ഫ്രാഗ്രൻസ്'. ഇതിൽത്തന്നെ നാടൻ ജാതികളുടെയുടെയും കാട്ടുജാതികളുടെയും ഒട്ടേറെ ഇനങ്ങൾ കണ്ടുവരുന്നു. നാടൻ ഇനങ്ങളിലും കാട്ടുജാതി ഇനങ്ങളിലും നല്ല കായ്ഫലമുള്ള നാടൻ ജാതി ഇനങ്ങൾ ബഡ് ചെയ്തത് വാണിജ്യക്കൃഷിക്ക് ഉപയോഗിച്ചു വരുന്നു. ഇന്ന് കർഷകരുടെ കണ്ടെത്തലുകളും പൂന്തുറ, ഗോൾഡൻ, കിണറ്റുകര, പുല്ലൻസ്, മടുക്കക്കുഴി, കടുകൻമാക്കൻ, പുന്നത്താനം, ഫാബ്, കൊച്ചുകുടി.... അങ്ങനെ ചിലതും

 ഗവേഷണ കേന്ദ്രങ്ങളുടെ കൊങ്കൺ സുഗന്ധ, സ്വാദ്, സിന്ദുശ്രീ, വിശ്വശ്രീ, കേരളശ്രീ ... അങ്ങനെ ചില കണ്ടെത്തലുകളും, വിദേശ ഇനങ്ങളും, നിരവധി നാടൻ ജാതി ഇനങ്ങളും കേരളത്തിൽ കൃഷി ചെയ്തു വരുന്നു. 

nutmeg

20°C മുതൽ 35°C വരെ ചൂടുകാലാവസ്ഥയുള്ളതും, മണ്ണിൽ ധാരളം ജൈവാംശം ഉള്ളതും, വെള്ളം കെട്ടി നിൽക്കാതെ നല്ല നീർവാർച്ചയുമുള്ള  സ്ഥലങ്ങളാണ് ജാതിക്കൃഷി ചെയ്യാൻ ഏറ്റവും നല്ലത്. മാറുന്ന കാലാവസ്ഥയും, കനത്ത മഴയും കായ് ഉൽപാദനത്തെ കാര്യമായി ബാധിച്ചു തുടങ്ങിയതായി കാണാം. തൃശൂർ, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ജാതി വ്യാപകമായി കൃഷി ചെയ്യുന്നു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ജാതിക്കർഷകർ ഉള്ളത് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലാണ്.

നല്ല വിളവിനും വളർച്ചയ്ക്കും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ വേണം. 16°C താഴെ ചൂട് (ഡിസംബർ - ഫെബ്രുവരി ) വരുന്ന സ്ഥലങ്ങളിൽ 50 ശതമാനത്തിൽ കൂടുതൽ മൂപ്പ് എത്തുന്ന കായ്കൾ പൊട്ടി നശിക്കുന്നതായും (കേട് മൂലം അല്ല പൊട്ടിപ്പോകുന്നത് ജാതിക്ക് തണുപ്പ് താങ്ങാൻ ശേഷി ഇല്ലാത്തതിനാൽ ), ഇലപൊഴിച്ചിൽ, ചീക്ക് രോഗങ്ങൾ വ്യാപകമായി കണ്ടുവരുന്നു. മഴയില്ലാത്ത സമയങ്ങളിൽ ദിവസവും നനയ്ക്കാൻ വേണ്ടത്ര വെള്ളം ലഭ്യമല്ലെങ്കിൽ ജാതിക്കൃഷിക്ക് തുനിഞ്ഞ് ഇറങ്ങാതിരിക്കുന്നതാവും നല്ലത്. ചെറുപ്പത്തിൽ ഷെയ്ഡ് ഇഷ്ടപ്പെടുന്ന ചെടിയാണ് ജാതിയെങ്കിലും 5 വർഷം കഴിയുന്ന കായ് ഉൽപാദനം തുടങ്ങിയ ചെടികൾക്ക് ഷെയ്ഡ് ഇല്ലാത്തതാണ് നല്ലത്. തെങ്ങ്, കമുക് തോപ്പുകളിൽ ജാതിക്കൃഷി ശുപാർശ ഉണ്ടെങ്കിലും കൃഷി പരാജയമാണ്. കമുകിന് വരുന്ന എല്ലാ രോഗങ്ങളും ജാതിക്കു പകരും. കമുകിന്റെ പാള, തെങ്ങിന്റെ മടല് ഇതൊക്കെ പൊഴിഞ്ഞ് ജാതിയുടെ മുകളിൽ വീണാൽ ജാതിയുടെ കായ്കൾ തല്ലിക്കൊഴിഞ്ഞ് വൻ നഷ്ടം സംഭവിക്കും.

വിത്ത് പാകി തൈകൾ ഉൽപാദിപ്പിക്കാം. ജാതിയിൽനിന്ന് വിത്ത് കായ്കൾ എടുത്ത് പെട്ടന്നു തന്നെ (ഉണങ്ങാൻ പാടില്ല) നേഴ്സറികളിൽ നടണം. 60 മുതൽ 90 ദിവസം കൊണ്ട് വിത്ത് കിളിർത്ത് വരും. ഇങ്ങനെ ഉണ്ടാക്കുന്ന തൈകൾ 50:50 എന്ന ഏകദേശ കണക്കിന് ആൺ–പെൺ മരങ്ങൾ ഉണ്ടാകും. ആവശ്യത്തിന് വളർച്ച എത്തിയാൽ തോട്ടത്തിൽ നേരിട്ട് നടുകയോ. പോളിത്തീൻ ബാഗിൽ നിർത്തിക്കൊണ്ട് തളിരൊട്ടിക്കൽ നടത്തി പെൺമരം എന്ന ഉറപ്പിൽ തന്നെ തോട്ടത്തിൽ നടാവുന്നതാണ്. ചെടികൾ തമ്മിൽ ഇന വ്യത്യാസം അനുസരിച്ച് / സ്ഥലസൗകര്യം അനുസരിച്ച് 25 മുതൽ 30 അടി അകലത്തിൽ നടാം.

ഏകദേശം 70-75 അടി ഉയരത്തിൽ വളരുന്നതും വൃത്താകൃതിയിൽ ശിഖരങ്ങൾ വിന്യസിച്ച് ഇടതൂർന്ന പച്ചിലകൾ ഉള്ള നിത്യഹരിത വൃക്ഷമാണ് ജാതി. ജാതിയുടെ വേരുകൾ ( തായ്‌വേര് ) അധികം ആഴത്തിലേക്ക് ഇറങ്ങുന്നില്ല. പന്ന വേരുകൾ മണ്ണിന് മുകളിൽ പടരുന്ന പ്രകൃതം. അതുകൊണ്ടുതന്നെ ജാതി ചുവട് മണ്ണ് ഇളക്കാൻ പാടില്ല. വേരിനു മുറിവ് പറ്റുന്ന ചെടിക്ക് രോഗങ്ങൾ വരാൻ സാധ്യത ഏറെയാണ്. ജാതിക്ക് തായ്‌വേര് കുറവായതുകൊണ്ടുതന്നെ കാറ്റ് പിടിച്ച് മരങ്ങൾ മറിഞ്ഞ് വീഴാം. ഗ്രനേഡയിലെ ജാതികൾ കാറ്റത്ത് നശിച്ചതാണ് ഇന്ന് നമുക്ക് ജാതിക്കായ്ക്കും, പത്രിക്കും നല്ല വില ലഭിക്കാൻ കാരണം. ഏതാനും വർഷത്തിനുള്ളിൽ പഴയതിനേക്കാൾ നല്ല രീതിയിൽ ഗ്രനേഡയിൽ തോട്ടങ്ങൾ  വളർത്തിക്കൊണ്ട് വരുന്നുണ്ട്.

nutmeg-2

ജാതിയുടെ പലയിനങ്ങൾ തേടുന്നവർക്ക് നേഴ്സറിയിൽനിന്ന് കാട്ടുജാതിയിൽ ബഡ്/ ഗ്രാഫ്റ്റ് ചെയ്ത ചെടികൾ വാങ്ങി നടാം. ഏറ്റവും നല്ലത് ഫീൽഡ് ബഡ്ഡിങ്ങ് ആണ്. കുരു കിളിർപ്പിച്ച് 6 മാസത്തിൽ താഴെ പോളീത്തീൻ ബാഗിൽ വളർത്തിയ തൈകൾ മണ്ണിൽ നട്ടാൽ തായ്‌വേര് നേരെ മണ്ണിലേക്ക് താഴ്ന്ന് പൊയ്ക്കോളും. അത് ആവശ്യത്തിന് ഉയരം എത്തിയാൽ ഗ്രാഫ്റ്റിങ് / ബഡ്ഡിങ് നടത്താവുന്നതാണ്. പോളിത്തീൻ ബാഗിൽ വളരുന്ന ജാതി തൈകൾ നാടൻ ആയാലും, കാടൻ ജാതിയായാലും ബാഗിന്റെ അടിയിൽ തായ്‌വേര് ചുരുണ്ട് നശിച്ചിട്ടുണ്ടാവും അത് മണ്ണിൽ നട്ടാലും തായ്‌വേര് ഒരിക്കലും വളരില്ല, ഇങ്ങനുള്ള ചെടികളാണ് കാറ്റത്ത് മറിഞ്ഞ് വീഴുന്നത്. മൾട്ടി റൂട്ട് സിസ്റ്റത്തിൽ ഉണ്ടാക്കി എടുത്ത ചെടികൾ ഒരുപക്ഷേ കാറ്റിനെ പ്രതിരോധിച്ച് നിൽക്കാൻ സാധ്യതയുണ്ട്. 3ഉം 5ഉം വർഷമൊക്കെ കൂടയിൽ വളർത്തി വലിയ ചെടിയാക്കി തോട്ടത്തിൽ നട്ടാൽ അത് വലിയ മരമാകുന്ന സമയത്ത് ചെറിയ കാറ്റിൽത്തന്നെ മറിഞ്ഞ് വീഴും (കാട്ടുജാതിയും മറിയും).

കാട്ടുജാതികൾ മഞ്ഞ പത്രിയുള്ളതും, ചുവന്ന പത്രിയുള്ളതുമുണ്ട്. നാട്ടുജാതിയിൽ ബഡ്ഡ് ചെയ്താൽ വിജയം 20–30 ശതമാനമാണെന്നിരിക്കേ കാട്ടുജാതിയിൽ ബഡ്ഡ് ചെയ്താൽ വിജയം 90–95 ശതമാനമാണ്. അതുകൊണ്ടുതന്നെയാണ് കാട്ടുജാതി കൂടുതലായി ഉപയോഗിക്കുന്നത്. കാട്ടുജാതി തന്നെ പല ഇനങ്ങൾ ഉണ്ട്. ചതുപ്പിൽ വളരുന്നതും, കരയിൽ വളരുന്നതും. ചുവന്ന പ്രതിയും, കട്ടി കൂടിയ ഇലയുമുള്ള കർണ്ണാടകയിൽ കാണുന്ന ചോരപൈൻ എന്ന ജാതി ഇനം പെട്ടന്ന് വളരുന്നതിനാലും, ഇതിൽ ബഡ്ഡിങ് 95% വിജയം ആയതിനാലും കൂടുതലായി ഈ ഇനം ഉപയോഗിക്കാറുണ്ട്. ഈ ഇനത്തിൽ കാലക്രമേണ ബഡ് ചെയ്ത ഭാഗത്ത് പൊട്ടി കറ ഒലിച്ച് ചെടി കേടു വരാറുണ്ട്. ആതിനാൽ ബഡ് ചെയ്ത ഭാഗം ഭാവിയിൽ മണ്ണിനടിയിൽ പോകുന്ന രീതിയിൽ നട്ടാൽ മുകളിലെ നാടൻ ചെടിയിൽ നിന്ന് വേരുകൾ ഇറങ്ങി ചെടി കരുത്താകും, നശിക്കില്ല എന്നാണ് ഒരിത്.  മഞ്ഞ പത്രിയുള്ള പശുവ എന്ന് പറയുന്ന കാട്ടുജാതിക്ക് ഈ പ്രശ്നം കാണാറില്ല. ഇതിന് പൊതുവെ വളർച്ച കുറവായതിനാൽ ഈ ഇനംകാട്ട് ജാതി ഉപയോഗിക്കാറില്ല. 

ചോരപൈൻ, കൊത്തപ്പൈൻ, ഉണ്ടപൈൻ എന്നീ (വേറെയും കാട്ടുജാതികൾ ചതുപ്പുകളിൽ കാണാറുണ്ട് ) കാട്ടുജാതികൾ ചതുപ്പ് നിലങ്ങളിൽ വളരുന്നതായി കണ്ടിട്ടുണ്ട്. അതിന്റെ തൈകളിൽ നല്ല ഇനം ചെടികൾ ബഡ്/ ഗ്രാഫ്റ്റ് ചെയ്ത് എടുത്താൽ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിലും ജാതി കൃഷി ചെയ്യാം. നല്ലയിനങ്ങൾ തിരഞ്ഞെടുത്ത് ഗ്രാഫ്റ്റ് / ബഡ് ചെയ്ത് എടുത്താലും എല്ലാ ചെടിയും നല്ലത് തന്നെ ലഭിക്കില്ല 10-20% ചെടി എങ്കിലും ഇനത്തിന് ചെറിയ മാറ്റം ഉണ്ടാകും ജീൻ മാറ്റം സംഭവിച്ച് തായ്ചെടിയുടെ സ്വഭാവം ഉണ്ടാകാൻ സാധ്യത ഉണ്ട്.

ബഡ് ചെയ്ത ചെടികൾ / വിത്ത് കിളിർപ്പിച്ച ചെടികൾ ആണെങ്കിലും 10 പെൺമരങ്ങൾക്ക് 1 ആൺ മരം എന്ന രീതിയിൽ വേണം. ആൺ ചെടികൾ അടുത്ത് ഉണ്ടെങ്കിൽ മാത്രമേ നല്ല രീതിയിൽ മരത്തിൽ കായ് പിടുത്തം ഉണ്ടാകൂ. ഒരു ചെടിയിൽ തന്നെ ആൺ പെൺ പൂക്കൾ ഉണ്ടാകുന്ന കൊങ്കൺ സുഗന്ധ പോലുള്ള ഇനങ്ങളും ഉണ്ട്. വിത്ത് കിളിർപ്പിച്ച് വളർത്തുന്ന ചെടികളിൽ പൂവിട്ട് തുടങ്ങാൻ 5 വർഷം മുതൽ മുകളിലേക്ക് എടുക്കും. ഇത്രയും വർഷങ്ങൾക്ക് ശേഷമേ ആൺ, പെൺ ചെടിയാണോ എന്ന് കർഷകന് തിരിച്ചറിയാൻ സാധിക്കൂ. പൂവിട്ട് തുടങ്ങിയാലും 15 വർഷം എങ്കിലും എടുക്കും അത്യാവശ്യം നല്ല രീതിയിൽ കായിച്ച് വരാൻ എന്ന ബുദ്ധിമുട്ട് ഉള്ളതിനാലാണ് ഗ്രാഫ്റ്റ് / ബഡ്തൈകളുടെ പ്രസക്തി. പൂമൊട്ട് വരുന്നത് മുതൽ ആൺ ചെടിക്ക് 80 ദിവസവും, പെൺ ചെടിക്ക് ഏതാണ്ട് 150 ദിവസവും എടുക്കും പൂ വിരിയാൻ. പൂ വിരിഞ്ഞ ശേഷം ഏതാണ്ട് 200 ദിവസം കൊണ്ട് കായ്കൾ പൊട്ടി വിളവ് എടുപ്പിന് പാകമാകും.

ബഡ് ചെയ്ത ചെടികളാണ് തോട്ടത്തിൽ നടുന്നതെങ്കിൽ ഭാവിയിൽ ബഡ് ചെയ്തഭാഗം മണ്ണിനടിയിൽ പോകത്തക്ക വിധത്തിൽ വേണം ചെടി നടാൻ. മഴയ്ക്കുശേഷം വേണം തൈകൾ തോട്ടത്തിൽ നടാൻ. നട്ട് നന്നായി പുതയിടുകയും ആവശ്യമെങ്കിൽ തണൽ നൽകേണ്ടതുമാണ്. നന്നായി ജൈവവളങ്ങൾ വേണ്ടുന്ന ചെടിയാണ്. ജൈവവള പ്രയോഗത്തിൽ തന്നെ ചെടി അതിന്റെ പരമാവധി ഉൽപാദനക്ഷമ കാണിക്കുമെങ്കിലും, നന്നായി കായിച്ചാൽ പിറ്റേ വർഷം ചെടി ഷീണം ആകുകയും തൊട്ടടുത്ത വർഷങ്ങളിൽ കായ്കൾ തീരെ ഉണ്ടാകാത്തതായി കാണാം. രാസവളത്തോട് നന്നായി പ്രതികരിക്കുന്ന ചെടിയാണ് ജാതി. ഒന്നര - രണ്ട് മാസം കൂടുമ്പോൾ ചെടിക്ക് രാസവളങ്ങൾ നൽകിയാൽ എല്ലാ വർഷവും കൂടി വരുന്ന ഉൽപാദനവും, ചെടിക്ക് നല്ല കരുത്തും ഉണ്ടാകും. 

വളർന്ന ചെടിയുടെ ചുവട്ടിലെ ശിഖരങ്ങൾ വെട്ടിമാറ്റുന്നത് കായ്കൾ പെറുക്കുന്നതിനും വളം ചെയ്യുന്നതിനും എളുപ്പമാകും. ഉൾഭാഗത്ത് തിങ്ങി വളരുന്ന ആവശ്യമില്ലാത്ത ചെറുകമ്പുകൾ കൃത്യ സമയത്ത് നീക്കം ചെയ്ത് വായു സഞ്ചാരം കൂട്ടുന്നത് രോഗങ്ങൾ അകന്ന് നിൽക്കുന്നതിനും, കായ് ഉൽപാദനത്തിനും നല്ലതായി കാണാം.

പുറംതൊണ്ട് പൊട്ടിയ കായ്കൾ വിളവെടുത്ത് തുടങ്ങാം. മഴക്കാലത്താണ് പ്രധാന സീസൺ എന്നതിനാൽ പത്രി പെട്ടന്ന് ചീഞ്ഞ് നശിക്കും. എല്ലാ ദിവസവും ചുവട്ടിൽ നിന്ന് പെറുക്കി എടുക്കുകയോ ഒന്നിടവിട്ട ദിവസങ്ങളിൽ തോട്ടിക്ക് പറിച്ചെടുക്കുകയോ ചെയ്യാം. പറിച്ചെടുക്കുകയാണെങ്കിൽ പൊഴിഞ്ഞ് മണ്ണിൽ വീണ് നശിക്കാതെ കായ്/ പത്രി ശേഖരിക്കാം. പൊഴിഞ്ഞ് മണ്ണിൽ വീഴുന്ന കായ്കളിലെ പത്രി സാധാരണ ചീഞ്ഞ് തുടങ്ങിയിരിക്കും. വിളവ് എടുത്ത കായ്കൾ 15-30 മിനിറ്റ് വെള്ളത്തിൽ മുക്കിയിട്ടശേഷം വേണം കായിൽ നിന്ന് പത്രി ശ്രദ്ധയോടെ വേർതിരിക്കാൻ. പത്രി പൊടിഞ്ഞ് പോകാതെ ഫ്ലവറായി പൊളിച്ച് എടുത്ത് ഉണക്കി എടുക്കണം. പത്രി ഡ്രയർ/ വെയിലത്ത് ഒറ്റ ദിവസം കൊണ്ടും, കായ്കൾ 6-7 ദിവസം കൊണ്ടും ഉണങ്ങി എടുക്കാം.  

വളർച്ചയെത്തിയ ചെടികളിൽനിന്ന് ഏകദേശം 2500-3000 കായ്കൾ പ്രതീക്ഷിക്കാം (10000 കായ്ക്കുന്ന മരങ്ങളും ഉണ്ട് ). 100 ഉണക്ക കായ്കൾ 1കിലോയ്ക്ക് കൂട്ടിയാൽ തന്നെ 30 കിലോ കായ്കൾ ഒരു ചെടിയിൽ നിന്ന് ലഭിക്കും. ഇന്നത്തെ വില  280-300 രൂപവച്ചു നോക്കിയാൽ 9000 രൂപയുടെ കായ്കൾ. നല്ല പത്രി കിട്ടുന്ന ചെടിയാണെങ്കിൽ 400 പത്രിക്ക് 1 കിലോ എന്ന് കണക്കാക്കിയാൽ 7.5 കിലോ പത്രി എന്ന രീതിയിൽ, ചീഞ്ഞതും പൂത്തതും എല്ലാം പോയി 6 കിലോ പത്രി കിട്ടും. ഇന്നത്തെ 1800-2000 വിലവച്ച് 12000 രൂപയുടെ പത്രി. കായ് 9000+ പത്രി 12000 രൂ = 21000 രൂപ. ഏക്കറിന് 25 അടിക്ക് ആൺ മരം അടക്കം 60 മരം. 50 പെൺമരത്തിൽ നിന്ന് 21000 x50= 10,50,000. ആഹാ മോഹിപ്പിക്കുന്ന കണക്കുകൾ...

ഏക്കറടിസ്ഥാനത്തിൽ കായുടെ വരുമാനം വിളവെടുപ്പ് + വളം + മരുന്ന് തളിക്കൽ/ ഒഴിക്കൽ + മറ്റ് ചെലവുകൾ എല്ലാത്തിലേക്കും പോയി പത്രിയിൽ നിന്ന് 6 ലക്ഷം വരുമാനം എന്നത് വെറുതെ മോഹിപ്പിക്കുന്ന കണക്കുകൾ മാത്രമാണ്. മുന്നേ പറഞ്ഞത് പോലെ കാലാവസ്ഥ  അനുസരിച്ച് ചില വർഷങ്ങളിൽ കായ്കൾ ഉണ്ടായന്ന് പോലും വരില്ല. ഈ കണക്കുകൾ ചെടി നട്ട് 15-20 വർഷങ്ങൾ കഴിഞ്ഞ് ഈ വില കിട്ടിയാലുള്ള കാര്യമാണ്. ഒട്ടുമിക്ക സ്ഥലത്തും ജാതിച്ചെടികൾക്ക് വ്യാപകമായി രോഗങ്ങൾ കണ്ടു വരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

English summary: Nutmeg Cultivation Information Guide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA