ADVERTISEMENT

നല്ല ആരോഗ്യമുള്ള ആടുകൾ പെട്ടെന്ന് കൈകാലുകളുടെ ബലം കുറഞ്ഞ് വേച്ചുവേച്ചു നടക്കുക, നടക്കുന്നതിനിടെ നിലതെറ്റി വീണ് തറയില്‍ കൈകാലുകളിട്ടടിച്ച് പിടയുക, കുഴഞ്ഞുവീണ് ഒരുവശം തളർന്ന് കിടപ്പിലാകുക ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ മിക്ക ആടുകർഷകരും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവാം. ആടുകളെ ബാധിക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമായ പെം (PEM) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ ആണിതെല്ലാം. ആടുകളിലെ പോളിയോ എന്നും ഈ രോഗം അറിയപ്പെടുന്നു. ആടുവാതം എന്ന പേരിലാണ് കർഷകർക്കിടയിൽ ഈ രോഗം പരിചിതം. 

ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ തയാമിൻ എന്ന ബി 1 വിറ്റാമിന്റെ പെട്ടെന്നുണ്ടാകുന്ന അപര്യാപ്തതയാണ് രോഗത്തിന് വഴിയൊരുക്കുന്നത്. ആടുകൾക്കാണ് രോഗസാധ്യത കൂടുതലെങ്കിലും പശുക്കളിലും ചില സാഹചര്യങ്ങളിൽ ഈ രോഗം കാണാറുണ്ട്. ഏതു കാലാവസ്ഥയിലും ആടുകളിൽ വാതരോഗം ഉണ്ടാവാമെങ്കിലും മഴക്കാലത്ത് രോഗം വരാനുള്ള സാധ്യത പൊതുവെ ഉയർന്നതാണ്. തീറ്റയിൽ ഉണ്ടാവുന്ന പെട്ടെന്നുള്ള മാറ്റങ്ങളും, നാരളവ്‌ കൂടിയ തീറ്റ കഴിച്ചിരുന്ന ആടുകൾ മഴക്കാലത്തിന്റെ തുടക്കത്തിൽ ജലാംശം കൂടിയതും നാരളവ്‌ കുറഞ്ഞതുമായ ഇളം പുല്ലുകൾ കൂടുതലായി കഴിക്കുന്നതും, തീറ്റയിലെ പൂപ്പൽവിഷബാധയും ശരീരസമ്മർദ്ദവുമാണ് മഴക്കാലത്ത് ആടുകളിൽ വാതരോഗസാധ്യത കൂട്ടുന്നത്.

തയാമിൻ കുറയുന്നത് എന്തുകൊണ്ട്? 

ഏതു പ്രായത്തിലുള്ള ആടുകളെയും പോളിയോ രോഗം ബാധിക്കാം. എങ്കിലും നാലു മാസം പ്രായമെത്തിയത് മുതൽ മൂന്നു വര്‍ഷം വരെ പ്രായമുള്ള ആടുകളിലാണ് കൂടുതല്‍ രോഗസാധ്യത. തീറ്റയില്‍ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന ദഹനക്കേട് കാരണമായും അന്നജം കൂടുതൽ അടങ്ങിയ തീറ്റകള്‍ നല്‍കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള ആമാശയത്തിലെ ഉയർന്ന അമ്ലത്വം / അസിഡോസിസ് കാരണമായും ആടിന്റെ പ്രധാന ആമാശയ അറയായ റൂമനിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ നശിക്കുന്നതാണ് ഈ രോഗത്തിന് പ്രധാനമായും വഴിയൊരുക്കുന്നത്.

ആടിനാവശ്യമായ തയാമിൻ ജീവകം ഉൽപാദിപ്പിക്കപ്പെടുന്നത് ഈ മിത്രാണുക്കളുടെ പ്രവര്‍ത്തനഫലമായാണ്. ഈ മിത്രാണുക്കൾ നശിക്കുന്നതോടെ തയാമിൻ ഉൽപാദനം നിലയ്ക്കുകയും തയാമിനെ ആശ്രയിക്കുന്ന ഉപാപചയപ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യും. സ്ഥിരമായി അമിതമായ അളവിൽ പച്ച പ്ലാവില തീറ്റയായി നല്‍കുന്നതും കാച്ചിൽ ഇല ‌നൽകുന്നതും വയല്‍ക്കരയിലും മറ്റും വളരുന്ന പന്നല്‍ച്ചെടികള്‍ നല്‍കുന്നതും രോഗത്തിന് ഇടയാക്കും. തീറ്റയിലെ പൂപ്പല്‍ വിഷബാധയും തയാമിൻ ജീവകം ഉൽപാദിപ്പിക്കുന്ന മിത്രാണുക്കളെ നശിപ്പിക്കും. നാരളവ്‌ കൂടിയ തീറ്റ കഴിച്ചിരുന്ന ആടുകൾ മഴക്കാലത്തിന്റെ തുടക്കത്തിൽ ജലാംശം കൂടിയതും നാരളവ്‌ കുറഞ്ഞതുമായ ഇളം പുല്ലുകൾ കൂടുതലായി കഴിക്കുന്നതും റൂമനിൽ കാണപ്പെടുന്ന തയാമിൻ ഉൽപാദിപ്പിക്കുന്ന സൂക്ഷ്മാണുക്കളുടെ സാന്ദ്രതയിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുകയും തയാമിൻ ഉൽപാദനം കുറയ്ക്കുകയും ചെയ്യും. 

ഗ്ലൂക്കോസിന്റെ ഉപാപചയത്തിന്  തയാമിൻ പ്രധാനം 

ശരീരത്തിലെ പ്രധാന ഊർജസ്രോതസ്സായ ഗ്ലൂക്കോസിന്റെ  കാര്യക്ഷമമായ ഉപാപചയപ്രക്രിയയ്ക്ക് തയാമിൻ ജീവകം കൂടിയേ തീരൂ. മാത്രമല്ല തലച്ചോറിലെ കോശങ്ങളുടെ പ്രധാന ഊർജസ്രോതസ് ഗ്ലൂക്കോസ് ആയതിനാൽ തയാമിൻ  ജീവകലഭ്യതയിൽ ഉണ്ടാവുന്ന കുറവ് വളരെ വേഗത്തിൽ തലച്ചോറിനെ ഗുരുതരമായി ബാധിക്കും. തലച്ചോറിലെ കോശങ്ങൾക്ക് സ്ഥിരമായ ക്ഷതമേൽക്കാനും തലച്ചോറിൽ നീര് വന്ന് നിറയാനും തയാമിൻ അളവിലുണ്ടാവുന്ന കുറവും തുടർന്ന് ഗ്ലൂക്കോസിന്റെ ഉപാപചയത്തിലുണ്ടാവുന്ന തടസ്സവും വഴിയൊരുക്കും. തലച്ചോറിലെ ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന  നാഡി കോശങ്ങൾക്ക് ക്ഷതമേൽക്കുന്നത് ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും. 

ലക്ഷണങ്ങൾ എന്തെല്ലാം 

നല്ല ആരോഗ്യമുള്ള ആടുകളിൽ ഞൊടിയിടയിലാണ് പോളിയോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.  ഉറക്കെയുള്ള കരച്ചിൽ, കണ്ണിലെ കൃഷ്ണമണിയുടെ തുടര്‍ച്ചയായ പിടയൽ, പൂർണ്ണമായോ ഭാഗികമായോ കാഴ്ച മങ്ങൽ, പല്ലുകള്‍ തുടര്‍ച്ചയായി ഞെരിക്കൽ, തല നേരേ പിടിക്കാന്‍ കഴിയാതെ ഇരുവശങ്ങളിലേക്കും വെട്ടിക്കൊണ്ടിരിക്കൽ, വേച്ച് വേച്ചുള്ള നടത്തം, നടക്കുന്നതിനിടെ നിലതെറ്റി വീഴൽ, പേശീവിറയൽ, തറയില്‍ വീണ് കൈകാലുകളിട്ടടിച്ച് പിടയല്‍, കഴുത്ത് വളച്ചു തോളിനോട് ചേർത്തു വച്ച് കിടക്കൽ എന്നിവയെല്ലാമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗതീവ്രത കൂടുന്നതിനനുസരിച്ച് ലക്ഷണങ്ങളിലും  പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാവും. തറയിൽ പിടഞ്ഞുവീണ് കിടപ്പിലാവുന്ന ആടുകൾ ശരീരത്തിന്റെ ഒരുവശം ചേര്‍ന്ന് മാത്രമേ കിടക്കുകയുള്ളു. മറുവശത്തേക്കു മാറ്റി കിടത്തിയാല്‍ പെട്ടെന്നുതന്നെ പിടഞ്ഞ് ആദ്യം കിടന്ന രൂപത്തിലാവുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ രോഗനിർണയത്തിനും ചികിത്സകൾക്കുമായി ഉടനടി വിദഗ്‌ധഡോക്ടറുടെ സേവനം തേടണം. കൃത്യമായ ചികിത്സകൾ നല്‍കിയാല്‍ 2-3 മണിക്കൂറിനുള്ളില്‍ ആടുകള്‍ പൂര്‍ണാരോഗ്യം വീണ്ടെടുക്കും. തയാമിൻ എന്ന ജീവകം സിരകളിലും പേശികളിലും കുത്തിവച്ച് ജീവക അപര്യാപ്‌തത പരിഹരിക്കുന്നതാണ് പ്രധാന ചികിത്സ. ഒപ്പം തലച്ചോറിലെ നീർക്കെട്ട് ഒഴിവാക്കുന്നതിനുള്ള ചികിത്സയും വേണ്ടതുണ്ട്. എന്നാല്‍ വിദഗ്‌ധ ചികിത്സ വൈകുന്തോറും ലക്ഷണങ്ങള്‍ തീവ്രമാവുകയും തലച്ചോറിലെ കോശങ്ങൾക്ക് ഏൽക്കുന്ന ക്ഷതം ഗുരുതരമാകുകയും ചെയ്യും. ഇതോടെ പിന്നീടുള്ള ചികിത്സകള്‍ ഫലപ്രദമാവാതെ തീരുകയും ആടുകള്‍ സ്ഥിരമായി കിടപ്പിലാകുകയും  മരണം സംഭവിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. 

എങ്ങനെ തടയാം?

ആടുകളുടെ ആമാശയ അറയായ റൂമനിൽവച്ച് ആടുകൾക്കാവശ്യമായ തയാമിൻ ജീവകം ഉൽപാദിപ്പിക്കുന്ന മിത്രാണുക്കൾക്ക് നാശം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങൾ പൂർണമായും തടയണം. ശാസ്ത്രീയമായ തീറ്റക്രമം പാലിക്കുക എന്നതാണ് ഇതിൽ പ്രധാനം. ഉയർന്ന ശതമാനം നാരടങ്ങിയ തീറ്റപ്പുല്ലും വൃക്ഷയിലകളും ഉൾപ്പെടെയുള്ള തീറ്റകളാണ് ആടിന് പ്രധാനമായും നൽകേണ്ടത്. മുതിർന്ന ഒരു മലബാറി ആടിന് പച്ചപ്പുല്ലും പച്ചിലകളും അടക്കമുള്ള പരുഷാഹാരങ്ങൾ ദിവസം 4 - 5  കിലോഗ്രാം എങ്കിലും ആവശ്യമാണ്. ഇത് റൂമനിലെ മിത്രാണുക്കളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങൾ അധിക അളവിൽ നിത്യവും ആടുകൾക്ക് നൽകുന്നത് ഒഴിവാക്കണം. സ്ഥിരമായി നല്‍കുന്ന തീറ്റയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കണം. അന്നജപ്രധാനമായതും പെട്ടെന്ന് ദഹിക്കുന്നതുമായ കഞ്ഞി, ചോറ് പോലുള്ള ധാന്യസമൃദ്ധമായ തീറ്റകൾ  ആടിന് നല്‍കരുത് (സമീപകാലത്ത് കഞ്ഞി കഴിച്ച് മൃഗാശുപത്രികളിലെത്തുന്ന ആടുകളുടെ എണ്ണം കൂടിയിട്ടുണ്ട്).

റൂമെൻ വികാസം പൂർണമായിട്ടില്ലാത്ത മൂന്നു മാസം വരെ പ്രായമുള്ള ആട്ടിൻകുട്ടികൾക്ക് തയാമിൻ അടങ്ങിയ ഗ്രോവിപ്ലെക്‌സ്‌, പോളിബയോൺ, സിങ്കോവിറ്റ് തുടങ്ങിയ ജീവക മിശ്രിതങ്ങൾ നൽകുന്നത് ഫലപ്രദമാണ്. പ്ലാവില അധികമായി നിത്യവും ആടുകൾക്ക് നൽകുന്നതും പലപ്പോഴും ഈ രോഗത്തിന് കാരണമാകാറുണ്ട്. പ്ലാവിലയ്ക്കൊപ്പം പരുഷാഹാരമായി മറ്റ് വൃക്ഷയിലകളും തീറ്റപ്പുല്ലും ഉൾപ്പെടുത്താൻ കർഷകർ ശ്രദ്ധിക്കണം. വിപണിയിൽ ലഭ്യമായ ഫീഡ് അപ് യീസ്റ്റ്, പി ബയോട്ടിക്സ് , എക്കോട്ടാസ് പോലുള്ള മിത്രാണു മിശ്രിതങ്ങൾ ആടുകളുടെ തീറ്റയിൽ ഉൾപ്പെടുത്തുന്നത് ഈ അപര്യാപ്തതാ രോഗം തടയാൻ ഏറെ ഫലപ്രദമാണ്.

English summary: All About Goat Polio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com