ചട്ടങ്ങൾ ചതിക്കുഴിയാകുന്ന ക്ഷീരമേഖല: അസഹ്യതയുളവാക്കുന്ന പ്രവൃത്തി ചെയ്യാൻ സർക്കാർ പ്രോത്സാഹനവും!

dairy-farm
ഇൻസെറ്റിൽ ഡോ. ഷാഹുൽ ഹമീദ്, എ.കെ.രൂപേഷ്, എൻ.ഐ.റെജി
SHARE

കെട്ടിടനിര്‍മാണച്ചട്ടങ്ങളും ലൈസന്‍സ് നിബന്ധനകളും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ചെറുകിട ക്ഷീരസംരംഭകര്‍

കാലത്തിനൊത്തു മാറണം നിയമം

സി. പ്രവീൺ, ഗോവിന്ദ ഫാം, വടക്കഞ്ചേരി

സംസ്ഥാന, കേന്ദ്ര സർക്കാരുകള്‍ മൃഗസംരക്ഷണമേഖലയ്ക്കു വലിയ പ്രോത്സാഹനം  നൽകിവരുന്നുണ്ട്. ഈ മേഖലയിലേക്കു പുതു സംരംഭകരെ ആകർഷിക്കുകയും പാൽ, മുട്ട, മാംസ ഉൽപാദനം പരമാവധി വർധിപ്പിക്കുകയുമാണ് ഇരു സർക്കാരുകളും ലക്ഷ്യമിടുന്നതും. എന്നാൽ ഇതിനു കടകവിരുദ്ധമാണ് സര്‍ക്കാര്‍തന്നെ കൊണ്ടുവരുന്ന പല നിയമങ്ങളും ചട്ടങ്ങളുമെന്നു പറയാതെ വയ്യ.  

ഒരു ലൈവ്‌സ്റ്റോക്ക് ഫാം നടത്തുന്നതിന് 2012ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ ബാധകമാണ്.  ലൈവ്സ്റ്റോക്ക് ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുളവാക്കുന്ന പ്രവൃത്തിയായാണ് ഈ ചട്ടം പറയുന്നത്. അതായത്, അസഹ്യതയുളവാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് പരമാവധി ആളുകളെ പ്രോത്സാഹിപ്പിക്കുകയും അതിന് സഹായം നൽകുകയുമാണ്  സർക്കാർ ചെയ്യുന്നത്.

ഈ ചട്ടപ്രകാരം 5 പശുക്കൾ ഉണ്ടെങ്കിൽ ലൈസൻസ് ആവശ്യമാണ്. പശു എന്നാൽ അതിന്റെ കിടാവും ഉൾപ്പെടും. അപ്പോൾ 3 കറവപ്പശു ഉണ്ടെങ്കിൽ അതിന്റെ കിടാക്കളടക്കം 6 ആകുകയും ലൈസൻസ് ബാധകമാവുകയും ചെയ്യും. കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിൽ ഈ നിയമത്തിൽ ഇളവുകൾ വരുത്തിയെന്നും 20 പശുക്കളുള്ളവയ്ക്കുവരെ ലൈസന്‍സില്‍  ഇളവു നൽകിയെന്നും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ അത്തരമൊരു ഇളവ് ലൈസൻസ് ചട്ടങ്ങളിൽ വന്നിട്ടില്ല എന്നാണ് അറിയുന്നത്.

കെട്ടിട നിർമാണച്ചട്ടം 2019ൽ പെർമിറ്റ് ഒഴിവാക്കുന്ന പ്രവൃത്തികളിൽ 20 പശുക്കളെവരെ നിർത്താവുന്ന ഷെഡ് കൂടി ഉൾപ്പെടുത്തി ഒരു ഭേദഗതി 2020 സെപ്റ്റംബറിൽ വന്നു. എന്നാൽ  ഫാമിനു ലൈസൻസ് വേണം. അതിനായി അപേക്ഷിക്കുമ്പോൾ കെട്ടിട നമ്പർ നിർബന്ധം എന്നാണ് പഞ്ചായത്തുകളുടെ നിലപാട്. ഫാം ലൈസൻസ് ചട്ടത്തിൽ ഫാം എന്നാൽ  കെട്ടിടങ്ങളോടു കൂടിയോ അല്ലാതെയോ എന്നു പറയുന്നുണ്ടെങ്കിലും ഒരു ലൈസൻസ് എങ്ങനെ നൽകാതിരിക്കാം എന്ന നിലയില്‍ നിയമത്തെ നിർവചിക്കുന്ന ഉദ്യോഗസ്ഥരാണ് അധികവും എന്നതിനാല്‍  അതുകൊണ്ടു കെട്ടിടനിർമാണച്ചട്ടത്തിലെ ഇളവുകൊണ്ട് സംരംഭകര്‍ക്കു പ്രയോജനമില്ലാത്ത സ്ഥിതിയാണ്.  

കേരളത്തിലെ ഭൂപ്രകൃതിയും ജനവാസവും കണക്കിലെടുക്കുമ്പോൾ മൃഗസംരക്ഷണം കൂടിയുള്ള സമ്മിശ്ര– സംയോജിതക്കൃഷിക്കാണ് സാധ്യത കൂടുതൽ. കൃഷിഭൂമിയിലും വീട്ടുവളപ്പിലുമുള്ള ഇത്തരം ഹോം സ്റ്റെഡ് ഫാമുകൾ കൂടി കണക്കിലെടുത്തു നിലവിലെ ഫാം ലൈസൻസ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തണം. നിലവിലെ ഫാം ലൈസൻസ് ചട്ടങ്ങൾ പ്രത്യേക വാണിജ്യ ഫാമുകളെ ഉദ്ദേശിച്ചുള്ളതാണ്.  

ഡെയറി ഫാമിങ്ങിൽ ധാരാളം മാറ്റങ്ങളും പരീക്ഷണങ്ങളും നടക്കുന്ന കാലമാണിത്. തൊഴുത്തിനുള്ളില്‍ കോൺക്രീറ്റ് തറയിലെ റബർ മാറ്റിൽ നിര്‍ത്തി പശുക്കളെ വളര്‍ത്തുന്ന സ്ഥിതിയില്‍നിന്ന്  നിശ്ചിത വിസ്തീര്‍ണമുള്ള സ്ഥലത്ത് തുറന്നുവിട്ടു വളര്‍ത്തുന്ന രീതിയിലേക്കും മറ്റുമുള്ള മാറ്റങ്ങള്‍ വരുന്നു. മൃഗങ്ങള്‍ക്കു സുഖകര(Cow comfort)മായ വളര്‍ത്തല്‍രീതിയാണ് പുതിയ ട്രെന്‍ഡ്. തൊഴുത്തുകളുടെ സ്വഭാവവും മാറുന്നു.   ഓല മേഞ്ഞ, തറ കോൺക്രീറ്റ് ഇടാത്ത ചെറിയ ഷെഡും, മണൽ വിരിച്ച കോമ്പൗണ്ടുമാണ് ആധുനിക ഡെയറി ഷെഡ്. ധാരാളം വെള്ളം ഉപയോഗിച്ചു പശുക്കളെ വൃത്തിയാക്കുന്ന രീതിക്കു പകരം കറവസമയത്തെ  അകിട് വൃത്തിയാക്കൽ മാത്രമായി. 20, 30ഉം പശുക്കളില്‍നിന്നു 100 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്നതിൽനിന്ന് 5 പശുവില്‍നിന്ന് എങ്ങനെ 150 ലീറ്റർ ഉൽപാദിപ്പിക്കാം എന്നാണ്  പുതുസംരംഭകരുടെ നോട്ടം. ഇത്തരം  മാറ്റങ്ങള്‍  ഉള്‍ക്കൊള്ളാന്‍ നിലവിലെ ഫാം ചട്ടങ്ങൾ അപര്യാപ്തമാണ്.

കർഷകർക്കു  സാമ്പത്തിക സഹായങ്ങൾ നൽകുന്നതു നല്ല കാര്യം തന്നെ.  എന്നാൽ അതിനെക്കാള്‍ അവര്‍ക്കു വേണ്ടത് സമൂഹത്തിന്റെ  അംഗീകാരമാണ്. അതിന് ആദ്യം മാറേണ്ടതു നിയമവും അവ വ്യാഖ്യാനിച്ചു നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ സമീപനവുമാണ്. കർഷകൻ എന്നും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കനിവിനു കാത്തു കിടക്കണം എന്ന മനോഭാവം മാറണം. അങ്ങനെ വന്നാൽ പാൽ, മുട്ട, മാംസം എന്നിവയുടെ ഉല്‍പാദനത്തില്‍ നമുക്ക് സ്വയംപര്യാപ്തമാവാം.  മാത്രമല്ല, ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

പരാതി വന്നാല്‍ ഉടന്‍ പൂട്ടിടും

എ.കെ.രൂപേഷ്, എടത്തനാട്ടുകര, പാലക്കാട്

കെട്ടിടനിർമാണച്ചട്ടങ്ങളിൽ വന്ന ഇളവുകൾകൊണ്ടു മാത്രം ക്ഷീരസംരംഭകര്‍ക്കു പ്രയോജനമില്ല. ഫാം ലൈസൻസ്, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലും കൂടി ഇളവുണ്ടാകണം. 20 പശുക്കൾക്കുവരെ  കെട്ടിട അനുമതി വേണ്ടെന്നു പറയുന്നുണ്ടെങ്കിലും 5 പശുക്കൾക്കു മുകളിലുണ്ടെങ്കിൽ ലൈസൻസ് വേണം. ലൈസൻസ് ലഭിക്കണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കര്‍ശന നിബന്ധനകള്‍ പാലിക്കണം. പശുക്കളെ  വളർത്തി ജീവിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് പലപ്പോഴും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പൂർണമായും പാലിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ പശുക്കളെ വളർത്തി ഉപജീവനം കഴിക്കുന്ന, സ്ഥലവിസ്തൃതി കുറഞ്ഞവർക്ക് സംരംഭം മുന്നോട്ടു കൊണ്ടുപോകാന്‍  കഴിയാതെവരും. 

ലൈസൻസ് നേടിയിട്ടും പരാതികള്‍ കാരണം സംരംഭം നിര്‍ത്തേണ്ടിവരുന്നവര്‍ ഒട്ടേറെ. പരാതി  ഉയർന്നാൽ അതിനു കാരണമായ  ന്യൂനതകൾ പരിഹരിക്കാൻ നിർദേശിക്കുകയോ അതിനു സാവകാശം നല്‍കുകയോ ചെയ്യാതെ അടച്ചു പൂട്ടാനുള്ള നിർദേശമാണ് അധികൃതർ നൽകുക. കർഷകരോടുള്ള മനോഭാവത്തിൽ മാറ്റം വരണം. 

വെറ്ററിനറി സർജന്‍ തീരുമാനിക്കട്ടെ

ഡോ. ഷാഹുൽ ഹമീദ്, അസി. ഡയറക്ടർ (റിട്ട), മൃഗസംരക്ഷണ വകുപ്പ്

20 പശുക്കളെവരെ വളർത്തുന്നതിനുള്ള  കെട്ടിടം നിർമിക്കുന്നതിന് പഞ്ചായത്തിന്റെ ബിൽഡിങ് ലൈസൻസ് വേണ്ട. എന്നാൽ. ഈ കെട്ടിടത്തിൽ 5ൽ കൂടുതൽ പശുവിനെ വളർത്തണമെങ്കിൽ ലൈസൻസ് വേണം. ലൈസൻസ് നൽകുന്നതാവട്ടെ, മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയും.

ലൈസൻസ് നൽകിയ ഫാമിന്റെ നിർമിതി പശുക്കൾക്ക് ആരോഗ്യപരമായി വളരാൻ പറ്റിയതാണോ, വളരുന്ന പശുക്കൾ ആരോഗ്യമുള്ളതാണോ ജന്തുജന്യരോഗമുക്തമാണോ, ചാണകം, മൂത്രം, മറ്റ് മാലിന്യങ്ങൾ എന്നിവ ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ അതത് പഞ്ചായത്തിലെ വെറ്ററിനറി സർജനാണ് കൃത്യമായി പരിശോധിക്കാൻ കഴിയുക. എന്നാൽ, നിലവിൽ വെറ്ററിനറി സർജന് ഫാം ലൈസൻസ് നൽകുന്നതിൽ ഒരു പങ്കുമില്ല. ഈ സ്ഥിതി മാറി വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകുന്ന രീതിയിൽ നടപടിക്രമം ലഘൂകരിക്കണം.

വേണം കര്‍ഷകസൗഹൃദനിയമം 

എൻ.ഐ.റെജി കോട്ടപ്പടി

കെട്ടിടനിർമാണച്ചട്ടങ്ങളിൽ 20 പശുക്കൾവരെയുള്ള കെട്ടിടങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും ലൈസൻസ് ഇല്ലാതെ വളർത്താൻ കഴിയുന്ന പശുക്കളുടെ എണ്ണം 5 ആണ്.  കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഭേദഗതി വന്നിട്ട് 2 വർഷം കഴിഞ്ഞിട്ടും ലൈസൻസ് ചട്ടങ്ങളിൽ മാറ്റം വന്നിട്ടില്ല. കന്നുകാലിവളർത്തൽ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. അതുപോലെതന്നെ ഫാം ലൈസൻസ് മാനദണ്ഡങ്ങളിലും ഇളവ് വേണം. 

വ്യവസായശാലകൾക്കുള്ള അതേ നിബന്ധനകൾതന്നെയാണ് ഇന്നു ചെറുകിട, വൻകിട ഡെയറി ഫാമുകൾക്കുമുള്ളത്. മൃഗസംരക്ഷണമേഖലയിലെ  ചട്ടങ്ങള്‍ സംരംഭകസൗഹൃദമാക്കാന്‍  മൃഗസംരക്ഷണ വകുപ്പും സർക്കാരും തയാറാകണം.

സർക്കാർ പദ്ധതിപ്രകാരം പശുക്കളെ വാങ്ങുന്നതിന് തമിഴ്നാട്ടിലേക്ക് പോകേണ്ട അവസ്ഥയാണ് ക്ഷീര കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്നം. മികച്ച കന്നുകുട്ടികളെ മികച്ച രീതിയിൽ ഇവിടെത്തന്നെ വളർത്തിയെടുക്കാനുള്ള അവസരം കർഷകർക്കുണ്ടാവണം. അതിന് മികച്ച കാളകളുടെ ബീജം ലഭ്യമാക്കണം. നിലവില്‍ സംസ്ഥാനത്തുള്ള ബീജാധാനശൃംഖലയില്‍ ഉപയോഗിക്കപ്പെടുന്നതു പാലുൽപാദനം കുറഞ്ഞ പശുവിനുണ്ടായ   കാളകളുടെ  ബീജമാണ്. ഇത്തരം കാളകളുടെ ബീജത്തിൽനിന്ന് ജനിക്കുന്ന പശുക്കുട്ടി കൾ എങ്ങനെ മികച്ച ഉൽപാദനശേഷി ഉള്ളവരാകും?   അതുകൊണ്ടുതന്നെ യുവ കർഷകർ എൻഡിഡിബി, എബിഎസ് പോലുള്ള കമ്പനികളുടെ ബീജം വാങ്ങി പശുക്കളിൽ കുത്തിവയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. 

സർക്കാർ മേഖലയിൽ  ബീജാധാനത്തിനു ചുമതലപ്പെടുത്തിയിട്ടുള്ളവരുടെ അലംഭാവവും സ്വകാര്യമേഖലയിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ക്രയോകാനിൽ കൊണ്ടുപോകേണ്ട ബീജ സ്ട്രോ കുപ്പിക്കുള്ളിൽ വെള്ളത്തിൽ കൊണ്ടുപോകുന്ന രീതിയുണ്ട്. അത് ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല,  ഏതെങ്കിലും  ബീജം കുത്തിവച്ചാൽ പോരേ എന്ന ചിന്താഗതിയാണ് അവർക്ക്. സ്ട്രോയിൽ ബീജസ്രോതസ്സായി രേഖപ്പെടുത്തിയിരിക്കുന്ന കാളയുടെ വിശദവിവരങ്ങളൊന്നും കുത്തിവയ്ക്കാനെത്തുന്നവർക്ക് അറിയില്ല. ഇക്കാര്യത്തില്‍  പ്രാഥമിക അറിവുകളെങ്കിലും ബീജാധാനം നടത്തുന്നവർക്കു വേണ്ടതല്ലേ? അതില്ലാത്തതുകൊണ്ടല്ലേ പശുവിന് ആടിന്റെ ബീജം കുത്തിവച്ച സംഭവം വരെ  ഇവിടെ ഉണ്ടായത്. 

English summary: Dairy Farm License Issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS