പശുക്കളുടെ പാലളവു കുറയ്ക്കുന്ന പത്തു സുപ്രധാന കാരണങ്ങൾ അറിയുക

dairy-farm-cattle-cow
SHARE

പതിവില്ലാതെ പശുക്കളിലെ പാൽ കുറയാൻ കാരണമായേക്കാവുന്ന കാരണങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു.

1. ജനിതകശേഷി

പാരമ്പര്യമാണ് പാലുൽപാദനത്തിന്റെ അളവ് തീരുമാനിക്കുന്ന അടിസ്ഥാന ഘടകം. അതിനാൽ വര്‍ഗഗുണമുള്ള പശുക്കളെ തൊഴുത്തിലെത്തിക്കുക ഏറെ പ്രധാനമാണ്. ഇങ്ങനെ പാരമ്പര്യഗുണമുള്ള പശുക്കള്‍ക്ക് ആവശ്യമായ പോഷണവും കൃത്യമായ   പരിപാലനവും ലഭിക്കുമ്പോള്‍ അവര്‍ പരമാവധി പാല്‍ ചുരത്തുന്നു. 

2. കറവയുടെ വിവിധ ഘട്ടങ്ങൾ

9-10 മാസം നീളുന്ന പശുവിന്റെ കറവക്കാലം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.  പ്രസവശേഷം പാലുൽപാദനം ക്രമമായി  ഉയരുകയും 6-8  ആഴ്ചയില്‍ ഏറ്റവും  ഉയര്‍ന്ന ഉൽപാദനത്തിലെത്തുകയും ചെയ്യുന്നു.  പരമാവധി ഉൽപാദനകാലം നിലനില്‍ക്കുന്ന ഘട്ടത്തിനുശേഷം പാലുൽപാദനം പ്രതിമാസം 8-10 ശതമാനം എന്ന നിരക്കില്‍  കുറഞ്ഞു വരികയും ചെയ്യുന്നു. അടുത്ത പ്രസവത്തിനു രണ്ടു മാസം മുമ്പ് കറവ അവസാനിപ്പിക്കുകയും, പശുക്കള്‍ക്ക് വറ്റുകാല വിശ്രമം നല്‍കുകയുമാണ് കര്‍ഷകര്‍ ചെയ്യുന്നത്.  പരമാവധി ഉൽപാദനം ലഭിക്കുന്ന ഘട്ടത്തില്‍  ഒരു ലീറ്റര്‍ കുറവുണ്ടായാല്‍ ആ കറവക്കാലത്തെ പാലിന്റെ അളവ് 200 ലീറ്ററോളം  കുറവായിരിക്കുമെന്ന് കണക്കുകള്‍ പറയുന്നു. അതിനാല്‍ കറവയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനം നല്‍കുകയും ഉൽപാദനത്തില്‍ കുറവുണ്ടായാല്‍ ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം.   

dairy-farm

3. തീറ്റക്രമം

പ്രസവത്തിന് മുമ്പ്  7-8 ആഴ്ച പശുക്കള്‍ക്ക് വറ്റുകാലം നല്‍കിയോ എന്ന് പരിശോധിക്കുക. കറവയുടെ അവസാനകാലത്തും വറ്റുകാലത്തും അമിതമായ തീറ്റ നല്‍കി പശുവിനെ തടിപ്പിക്കുന്നത് പ്രസവശേഷം തീറ്റയുടെ അളവ് കുറയ്ക്കുകയും പരമാവധി ഉൽപാദനത്തിന് വിഘാതമാകുകയും ചെയ്യുന്നു. വറ്റുകാലത്തില്‍ നിന്ന് പ്രസവത്തോടടുക്കുന്ന സമയത്ത് നല്‍കുന്ന തീറ്റ ഏറെ പ്രധാനമാണ്. പ്രസവശേഷം  നല്‍കേണ്ട തീറ്റ പ്രസവത്തിന് മുമ്പേ തന്നെ നല്‍കി പരിചയപ്പെടുത്തുന്ന 'സ്റ്റീമിങ് അപ്' രീതി നടപ്പാക്കിയോ എന്ന് ഉറപ്പാക്കണം.  ഊര്‍ജവും, ധാന്യങ്ങളും കൂടുതല്‍ അടങ്ങിയ സാന്ദ്രാഹാരം കറവയുടെ തുടക്കത്തില്‍ നല്‍കിയില്ലെങ്കില്‍ ഉയര്‍ന്ന ഉൽപാദനത്തിലെത്താന്‍ പശുക്കള്‍ക്ക് കഴിയില്ല. പ്രസവശേഷം  ആദ്യത്തെ  60 ദിവസം തീറ്റയുടെ അളവ് ഓരോ 4 ദിവസം, കൂടുമ്പോഴും അരക്കിലോഗ്രാം കൂട്ടിക്കൊടുക്കുന്ന  'ചാലഞ്ച് ഫീഡിങ്' രീതി പരീക്ഷിച്ചാല്‍ മാത്രമേ പരമാവധി  ഉൽപാദനം സാധ്യമാകൂ.  പാലിന്റെ ഉൽപാദനം കൂടുന്നില്ലെങ്കില്‍ തീറ്റയുടെ അളവ് അങ്ങനെ തന്നെ നിര്‍ത്തുക. 

4. തീറ്റയിലെ നാര്

തീറ്റപ്പുല്ലില്‍നിന്നുള്ള  ശുഷ്‌കാഹാരം (ഡ്രൈ മാറ്റര്‍), ഫലപ്രദമായ  നാരുകളുടെ അളവ് എന്നിവയിലുണ്ടാകുന്ന കുറവ് ദഹനത്തെ ബാധിക്കുകയും ഉൽപാദനം ഉയര്‍ന്ന  അളവിലെത്തുന്നത്  തടയുകയും ചെയ്യുന്നു. ശരീരഭാരത്തിന്റെ  1.5 ശതമാനം എന്ന നിരക്കില്‍  (20-30 കിലോഗ്രാം പച്ചപ്പുല്ല്) തീറ്റപ്പുല്ലില്‍ നിന്നുള്ള ശുഷ്‌ക പദാര്‍ഥങ്ങള്‍ കിട്ടുന്നുണ്ടോയെന്നു പരിശോധിക്കുക. പ്രസവത്തിനു മുന്‍പും പിന്‍പും കറവയുടെ വിവിധ ഘട്ടങ്ങളിലുള്ള  വിവിധ പോഷക ന്യൂനതകള്‍ ഉൽപാദനം കുറയ്ക്കുന്നു.  ഊര്‍ജം, മാംസ്യം, കാത്സ്യം, ഫോസ്ഫറസ്,  മഗ്നീഷ്യം, സള്‍ഫര്‍, ഉപ്പ് എന്നിവയുടെ ന്യൂനത പരിശോധിച്ചറിയണം. ശുദ്ധമായ ജലം ആവശ്യത്തിനും  സമയത്തും  ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തണം

dairy-farm

5. അസിഡോസിസ്

അമിതമായി നല്‍കുന്ന കൊഴുപ്പ്,  ധാന്യഭക്ഷണം, എളുപ്പം ദഹിപ്പിക്കാവുന്ന അന്നജം എന്നിവ നല്‍കുന്നത് ദഹനത്തെ  ബാധിക്കുകയും  ദീര്‍ഘകാലം നിലനില്‍ക്കുന്ന അസിഡോസിസ് വരുത്തി വയ്ക്കുകയും ചെയ്യുന്നു. പാല്‍ പെട്ടെന്നു കുറയാനിടയുള്ള കാരണങ്ങളിലൊന്നാണിത്. സാന്ദ്രാഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതം പരിശോധിക്കണം.  ഉയര്‍ന്ന ഉൽപാദനത്തില്‍ ഇത് 60:40 എന്ന വിധത്തിലും പിന്നീട്  50:50 അല്ലെങ്കില്‍ 40:60 എന്ന രീതിയിലും ആയിരിക്കണം. ഉയര്‍ന്ന  ഉൽപാദന ശേഷം കറവയുടെ അടുത്ത ഘട്ടത്തിലെത്തുമ്പോള്‍ തീറ്റയില്‍ സാന്ദ്രാഹാരത്തിന്റെ അളവ് കുറഞ്ഞാല്‍ അത് കറവക്കാലത്തിനെ ഹ്രസ്വമാക്കുന്നു.  

6. രോഗങ്ങൾ

അകിടുവീക്കമാണ് ശരിയായ ഉൽപാദനത്തിനുള്ള പ്രധാന തടസ്സം. തീവ്രസ്വഭാവമുള്ള  അകിടുവീക്കവും, ലക്ഷണരഹിതമായ സബ് ക്ലിനിക്കല്‍ അകിടുവീക്കവും പാലുൽപാദനത്തില്‍ 25-50 ശതമാനം വരെ കുറവു വരുത്താം. ഉൽപാദനത്തില്‍ കുറവ് കണ്ടാല്‍ പാല്‍ പരിശോധിച്ച് ലക്ഷണരഹിത അകിടുവീക്കം നിര്‍ണയ കിറ്റ് മൃഗാശുപത്രികളില്‍  ലഭ്യമാണ്.  കറവയുടെ മുന്‍പും പിന്‍പും മുലക്കാമ്പുകള്‍ അണുനാശിനിയില്‍ മുക്കുന്ന 'ടീറ്റ് ഡിപ്പിങ്'  അനുവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.   അകിടുവീക്കത്തിനെതിരെ വറ്റുകാല ചികിത്സയും നടപ്പിലാക്കാം.  മുലക്കാമ്പുകളില്‍  വ്രണങ്ങളോ, മുറിവുകളോ ഉണ്ടോയെന്ന് പരിശോധിക്കാം. 

dairy-farm-1

7. കറവയുടെ കൃത്യത

കറവയന്ത്രത്തിന്റെ പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. കൃത്യ സമയത്ത് യന്ത്രം ഘടിപ്പിക്കാനും  മാറ്റാനും ശ്രദ്ധിക്കണം.  കറവസമയത്ത് കുത്തിവയ്പുകള്‍ നല്‍കുന്നതും ഭയപ്പെടുത്തുന്ന അസുഖകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കണം.  

8. പ്രസവ പ്രശ്നങ്ങൾ

പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം,  കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം എന്നിവ ഉയര്‍ന്ന ഉൽപാദനം അസാധ്യമാക്കുന്നു. 

dairy-farm-3

9. വിരബാധയും മറ്റു പ്രശ്നങ്ങളും

ശ്വാസകോശ, ആമാശയ പ്രശ്‌നങ്ങള്‍, ആന്തരബാഹ്യ പരാദബാധ എന്നിവ പാലുൽപാദനം കുറയ്ക്കുന്ന പ്രധാന വില്ലന്മാരാണ്. ദീര്‍ഘകാലമുള്ള മാംസ്യം, അയണ്‍, കോപ്പര്‍, കൊബാള്‍ട്ട്, സെലീനിയം എന്നിവയുടെ കുറവും, വിരബാധയും വിളര്‍ച്ചയിലേക്കും ഉൽപാദന നഷ്ടത്തിലേക്കും വഴിതെളിയിക്കുന്നു. പാദത്തിന്റേയും, കുളമ്പിന്റേയും അനാരോഗ്യം പാലുൽപാദനത്തെ തളര്‍ത്തുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ഗര്‍ഭമലസല്‍,  സമയമെത്തും മുമ്പേയുള്ള പ്രസവം എന്നിവ പാല്‍ കുറയുന്നതിന് കാരണമാകും.  വിഷസസ്യങ്ങള്‍, പൂപ്പല്‍ബാധ, എന്നിവ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും, പാല്‍ പെട്ടെന്ന് വലിയ അളവില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന പനിയുണ്ടാക്കുന്ന സാംക്രമിക രോഗങ്ങള്‍ പാല്‍ പെട്ടെന്ന് താഴ്ന്നു പോകുന്നതിന് കാരണമാകും.  

10. കാലാവസ്ഥയും തൊഴുത്തും

ഉയര്‍ന്ന ചൂടും, അന്തരീക്ഷ ആര്‍ദ്രതയും പാലുൽപാദനത്തിന്റെ പ്രധാന ശത്രുക്കളാണ്. തീറ്റയെടുക്കുന്നതിലുണ്ടാകുന്ന കുറവ് പാലുൽപാദനം കുറയ്ക്കുന്നു.  അതിനാല്‍ കാലാവസ്ഥയുടെ കാഠിന്യങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന വിധത്തില്‍ തൊഴുത്തിലും ക്രമീകരണങ്ങളുണ്ടെന്ന്  ഉറപ്പാക്കണം. 24 മണിക്കൂറും ആവശ്യമായ അളവില്‍ ശുദ്ധജലം ലഭിക്കുന്ന  വിധം വെള്ളപാത്രങ്ങള്‍ സജ്ജീകരിക്കണം. ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ വരുന്നതും ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദ്ദതതിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന  അവസ്ഥയെത്തുകയും ചെയ്യുന്നു. പെട്ടെന്നുള്ള  കാലാവസ്ഥാ മാറ്റങ്ങള്‍ പാല്‍ അളവ് കുറയാന്‍ ഇടയാക്കുന്നു.

English summary: Key factors affecting milk production and quality

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS