ADVERTISEMENT

പശുക്കളുടെ വിഷമപ്രസവം ഏതൊരു ക്ഷീരകർഷകനും വെല്ലുവിളിയുടെയും മാനസിക സമ്മർദ്ദത്തിന്റെയും നിമിഷങ്ങളാണ് സമ്മാനിക്കുക. കൃത്യമായി വെറ്ററിനറി ഡോക്ടറുടെ സേവനം ലഭിക്കാതെവന്നാൽ പശുവിന്റെയോ കുട്ടിയുടെയോ ജീവൻതന്നെ അപകടത്തിലാകുകയും ചെയ്യും. ഒരു വെറ്റിനറി ഡോക്ടർപോലുമില്ലാത്ത ലക്ഷദ്വീപിലെ തങ്ങളുടെ അവസ്ഥ പങ്കുവയ്ക്കുകയാണ് കൽപേനി ദ്വീപ് നിവാസിയായ എ.കെ.നജുമുദ്ദീൻ എന്ന ക്ഷീരകർഷകൻ. അടുത്തിടെ വിഷമപ്രസവാവസ്ഥയിലായ പശുവിനെ രക്ഷിക്കാൻ ഡോക്ടർവേഷം സ്വയം അണിയേണ്ടി വന്ന അവസ്ഥയെക്കുറിച്ച് അദ്ദേഹം കർഷകശ്രീക്ക് എഴുതിയ കുറിപ്പ് ചുവടെ...

രാവിലെ ഫാമിൽ ചെന്ന് ആദ്യം പോയത് മാളുവിന്റെ അടുത്തേക്ക് ആയിരുന്നു. കുറച്ചു ദിവസമായി അവളെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങീട്ട്. കാരണം അവൾ ആദ്യമായി അമ്മയാകാനുള്ള തയ്യാറാടുപ്പിൽ ആയിരുന്നു. രാവിലെ അടുത്തു പോയി നിന്നിട്ടും അവൾ എണീക്കാൻ കുട്ടാക്കിയില്ല. ലക്ഷണം കണ്ടപ്പൊഴേ ഉറപ്പിച്ചു അവൾ പ്രസവിക്കാനുള്ള ഒരുക്കത്തിലാണ്. പെട്ടന്ന് ബാക്കി പശുക്കളെ എല്ലാം കുളിപ്പിച്ചു കറന്ന് തീറ്റയും കൊടുത്തു. അപ്പോഴേക്കും പെങ്ങൾ വന്നു അവളുടെ കയ്യിൽ വിതരണത്തിനുള്ള പാലും കൊടുത്തു വിട്ടു. ഞാൻ ബാക്കി പണിയെല്ലാം പെട്ടന്നു കഴിച്ച്  ബാക്കി പാൽ വീട്ടിൽ കൊണ്ടുപോയി കൊടുത്തു പെട്ടന്ന് തിരിച്ചു ഫാമിൽ എത്തി. 

അപ്പോഴേക്കും കുട്ടിയുടെ ഒരു കൈ പുറത്തുവന്നിരുന്നു. മാളു പരമാവധി ശക്തിയിൽ കുട്ടിയെ പുറത്തെത്തിക്കാൻ മുക്കുന്നുണ്ട്. എന്നിട്ടും, ഒരു മാറ്റവും ഇല്ല എന്നു കണ്ടപ്പോൾ ആകെ വിഷമമായി. എത്ര പരിചയമുണ്ടെങ്കിലും മോളെ പോലെ സ്നേഹിച്ചവളുടെ ആ അവസ്ഥ കണ്ട് ഒന്ന് പതറി. 

സഹായം ചോദിച്ചു വിളിക്കാൻ ഡോക്ടർ ഇല്ല. ആകെയുള്ളത് ലൈവ്സ്റ്റേക് ഇൻസ്പെക്ടർ (എൽഐ) ആണ്. കോരിച്ചൊരിയുന്ന മഴ വരാം... വിളിച്ചാൽ കിട്ടാത്ത ടവർ... അവസാനം എങ്ങനെയോ കിട്ടി. അദ്ദേഹം വരാം എന്ന് പറഞ്ഞു. അതൊരു വലിയ ആശ്വാസമായിരുന്നു. സമയം 20 മിനിറ്റ് കഴിഞ്ഞു. മാളു പഴയ അവസ്ഥ. മഴ തിമിർത്തു പെയ്യുന്നു. എങ്കിലും ഞാൻ വിയർക്കുന്നുണ്ടായിരുന്നു. 

മാളുവിന്റെ അവസ്ഥ കണ്ടുനിൽക്കാൻ പറ്റാതെ ഡോക്ടറുടെ റോൾ കെട്ടാൻ തീരുമാനിച്ചു. അങ്ങനെ രണ്ടു കൈയും പുറത്തെടുത്തു. പക്ഷേ തല വരുന്നില്ല. അപ്പോൾ തന്നെ ആപൽഘട്ടത്തിൽ എന്നും തുണ ഉപ്പയും അനിയനുമാണ്. അവരും കൂടി സഹായിച്ചു. 3 പേരുടെയും 10 മിനിറ്റോളം നീണ്ട പരിശ്രമം, അല്ലാഹുവിന്റെ അനുഗ്രഹം... അൽഹംദുലില്ലാഹ്... ഒരു പെൺകുട്ടിക്ക് ജന്മം നൽകി എന്റെ മാളു ഒരു അമ്മയായി. സുഖമില്ലാതിരുന്നിട്ടും ലത്തീഫ് സർ ഓടി എത്തിയിരുന്നു. ഇത് എഴുതാൻ കാരണം ഡോക്ടർമാരെ ദ്വീപിൽ നിയമിക്കാതെ ഇപ്പോഴും പട്ടേലിന് സ്തുതി പാടുന്ന ചിലർ കർഷകരുടെ ബുദ്ധിമുട്ട് ഒന്ന് അറിയാൻ വേണ്ടിമാത്രം.

English summary: Dairy Farmer from Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com