‘ജീവിതം വഴിമുട്ടി... കടബാധ്യതകൾ ഉറക്കം കെടുത്തുന്ന കർഷകരുടെ അവസ്ഥ വാക്കുകൾക്കും അപ്പുറമാണ്’

HIGHLIGHTS
  • ആവശ്യമുള്ള പന്നിയിറച്ചിയുടെ 30 ശതമാനം മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളൂ
african-swine-fever-culling
SHARE

‘വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ചു സന്തോഷത്തോടെ അനുഭവിച്ചു ജീവിച്ച തൊഴിലാണ് പന്നിവളർത്തൽ. എല്ലാ സ്വാതന്ത്ര്യവും ഇല്ലാതായി. ഭയത്തോടെ മാത്രേ ഇനി ഇത് മുന്നോട്ടു കൊണ്ടു പോകാൻ കഴിയൂ... ജീവിതം വഴിമുട്ടി... കടബാധ്യതകൾ ഉറക്കം കെടുത്തുന്ന കർഷകരുടെ അവസ്ഥ വാക്കുകൾക്കും അപ്പുറമാണ്.’– കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി വയനാട്ടിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒരു കർഷകൻ വേദനയോടെ പങ്കുവച്ചതാണിത്. അത് കേവലം ഒരു കർഷകന്റെ മാത്രം അവസ്ഥയല്ല, കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 12000ൽപ്പരം പന്നിക്കർഷകരുടെ നോവാണ്. ഒന്നും രണ്ടും പന്നികളെ വളർത്തുന്നവർ മുതൽ നൂറിലധികം പന്നികളെ വളർത്തുന്നവർ വരെ ഇക്കൂട്ടത്തിൽപ്പെടും. പ്രശ്നങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് വലിയ രീതിയിൽ വളർത്തുന്നവരെയായിരിക്കും.

വയനാട്ടിലെ രണ്ടു ഫാമുകളിൽ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിന്റെ പിന്നാലെ ഒരു ഫാമിലെ 360 പന്നികളെ കൊന്നൊടുക്കുകയും (കള്ളിങ്) ചെയ്തു. കൊന്നു കുഴിച്ചുമൂടി എന്ന് ഒറ്റവാക്കിൽ പറയാം. രോഗം റിപ്പോർട്ട് ചെയ്ത മറ്റൊരു ഫാമിലെ പന്നികൾ എല്ലാം ചത്തു. അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൂന്നു ഫാമുകളിലെ പന്നികളെ കൊന്നൊടുക്കാൻ തുടങ്ങുകയും ചെയ്തു. നിലവിൽ ആ ഫാമുകളിലെ നൂറോളം പന്നികളെക്കൂടി ഇപ്പോൾ കൊന്നൊടുക്കിയിട്ടുണ്ടാകും. 

രോഗം പിടിപെട്ടാൽ പെട്ടെന്നു പടരുമെന്ന വസ്തുത നിലനിൽക്കെ വയനാട്ടിലെ പന്നികളെവില നൽകി സർക്കാർ ഏറ്റെടുക്കുമെന്ന വാർത്ത കർഷകർക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും അതിപ്പോൾ ഭീതിയോടെയാണ് മറ്റു ജില്ലകളിലെ കർഷകർ നോക്കിക്കാണുന്നത്. വയനാട്ടിൽനിന്ന് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യയുടെ സംസ്കരണ യൂണിറ്റിലേക്ക് എത്തണമെങ്കിൽ എത്ര ജില്ലകൾ കടക്കണം? ഇനി എന്തെങ്കിലും സാഹചര്യത്തിൽ അങ്ങനെ കൊണ്ടുവരുന്ന പന്നികളിൽ ഒന്നിനെങ്കിലും രോഗമുണ്ടെങ്കിൽ ഈ ജില്ലകളിലും വെല്ലുവിളി സൃഷ്ടിക്കില്ലേ? പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചശേഷമാണോ ഇത്തരത്തിൽ പന്നികളെ കൊണ്ടുവരിക? കർഷകർക്ക് ചോദ്യങ്ങൾ ഏറെയാണ്. ഇങ്ങനെ പന്നികളെ കൊണ്ടുവരുന്ന നടപടി തീർത്തും തെറ്റും അശാസ്ത്രീയവുമാണെന്ന് കർഷകർത്തന്നെ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ കർഷകർ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മറ്റു ജില്ലകളിലേക്കുകൂടി വ്യാപിക്കാൻ ഇത് ഇടവരുത്തുമെന്നും കർഷകർ പറയുന്നു.

pig-farming-5

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉൽപാദിപ്പിക്കുന്നതിലും അധികം ഭക്ഷ്യവസ്തുക്കൾ ഇതര സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. മത്സ്യമാംസാദികളുടെ കാര്യത്തിലും അങ്ങനെതന്നെ. പന്നി, പോത്ത്, കോഴി, മത്സ്യം എന്നിവയെല്ലാം മലയാളികളുടെ തീൻമേശയിൽ ഭക്ഷമായി മാറാൻ അതിർത്തി കടന്ന് എത്തുന്നു. കേരളത്തിൽ നിലവിൽ കോഴിവില താഴ്ന്നത് തമിഴ്നാട്ടിൽനിന്ന് വ്യാപകമായി കോഴികൾ എത്തുന്നതുകൊണ്ടാണ്. കോഴിത്തീറ്റവില 50 കിലോ ചാക്കിന് 2500 രൂപയായി നിൽക്കുമ്പോൾ കേരളത്തിലെ കോഴിക്കർഷകരുടെ നിലനിൽപ്പുതന്നെ ചോദ്യച്ചിഹ്നമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇവിടെ വളർത്തുന്ന കോഴിയും വില താഴ്ത്തി വിൽക്കേണ്ട സ്ഥിതിയിലേക്ക് കർഷകരെത്തി. 

പന്നിയിറച്ചിയുടെ കാര്യത്തിലും അതുതന്നെയാണ്. ഇവിടെ ആവശ്യമുള്ള പന്നിയിറച്ചിയുടെ 30 ശതമാനം മാത്രമാണ് ഉൽപാദിപ്പിക്കുന്നുള്ളൂ. ശേഷിക്കുന്നത് കർണാടക, തമിഴ്നാട്, പഞ്ചാബ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നു. പന്നിപ്പനി പകർച്ചവ്യാപനം മുൻനിർത്തി സർക്കാർ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പന്നി, പന്നിമാംസം, മറ്റുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, നിരോധനം മറികടന്നും ഇവിടേക്ക് പന്നികളെത്തി. അതിനു പിന്നാലെയാണ് വയനാട്ടിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ പന്നിയിറച്ചി ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്. നട്ടിൻപുറങ്ങളിലെ ഇറച്ചിവിതരണ കേന്ദ്രങ്ങൾ പന്നിയിറച്ചിയുടെ വിൽപന നിർത്തിവച്ചിരിക്കുകയാണ്. ഇനി കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും പ്രതിസന്ധി ഉണ്ടാകാമെന്ന് പന്നിക്കർഷകർത്തന്നെ സമ്മതിക്കുന്നു. 

പന്നിയുള്ളപ്പോൾ നിക്ഷേപം, അവ ഇല്ലാതായാൽ ബാധ്യത

‘ഒരു കോടി രൂപയോളം കടമുണ്ട്. ഇനി എന്തു ചെയ്യണമെന്നറിയില്ല. സാവകാശം വേണം’ എന്നായിരുന്നു വയനാട്ടിലെ തവിഞ്ഞാലിലെ ഫാം ഉടമ പറഞ്ഞത്. ഇക്കാര്യം പുറത്തുവന്നപ്പോൾ ‘തന്നോട് ഒരു കോടി രൂപ വായ്പയെടുക്കാൻ ആരെങ്കിലും പറഞ്ഞോ’ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉയർന്നതു കണ്ടു. ശരിയാണ് കടമെടുക്കാൻ ആരും പറഞ്ഞില്ല. ഏതൊരു സംരംഭവും മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ അതൊരു നിക്ഷേപമാണ്. പ്രവർത്തനച്ചെലവും നിക്ഷേപവും ലാഭവുമെല്ലാം തരുന്ന ഒരു വരുമാനമാർഗം. എന്നാൽ, അത് അടച്ചുപൂട്ടേണ്ടിവന്നാലോ? നിക്ഷേപിച്ച തുകയെല്ലാം ബാധ്യതയായി മാറും. എല്ലാവരും കൈവശമുള്ള പണം ഉപയോഗിച്ചായിരിക്കില്ലല്ലോ ഒരു സംരംഭം തുടങ്ങുക. അതുതന്നെയാണ് തവിഞ്ഞാലിലെ ഉടമയ്ക്കും സംഭവിച്ചിട്ടുള്ളത്. 

pig-farming

അവഗണിക്കപ്പെടേണ്ടവരല്ല

മൃഗസംരക്ഷണമേഖലയിൽ ഏറ്റവും താഴേത്തട്ടിലാണ് പന്നിക്കർഷകരുടെ സ്ഥാനം. ഏവരും അവജ്ഞയോടെ കാണുന്ന ഒരു വിഭാഗം. എന്നാൽ, സംസ്ഥാനത്തെ മാലിന്യനിർമാർജനരംഗത്ത് സുപ്രധാന പങ്കുവഹിക്കുന്നവരുമാണിവർ. ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന മിച്ചഭക്ഷണവും അറവുമാലിന്യവുമെല്ലാം മറ്റൊരു സംരംഭത്തിന്റെ അസംസ്കൃതവസ്തുവാകുന്നത് വലിയൊരു കാര്യംതന്നെയാണ്. ഭക്ഷ്യശൃംഖല എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതും ഇതിലൂടെ കാണാം. പലപ്പോഴും ഫാമുകളെ പ്രതിക്കൂട്ടിലാക്കുന്നത് ഹോട്ടലുകളിൽനിന്ന് കൊണ്ടുവരുന്ന മിച്ചഭക്ഷണത്തിൽനിന്നുള്ള ദുർഗന്ധമാണ്. എങ്കിലും അത് കൃത്യമായി സംസ്കരിക്കാൻ ഓരോ പന്നിഫാമിനും കഴിയുന്നുമുണ്ട്. ഒട്ടേറെ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും വരുമാനം നൽകുന്ന മേഖലയാണ്. അതുകൊണ്ടുതന്നെ വെറുപ്പോടെ നോക്കിക്കാണേണ്ടവരല്ല പന്നിക്കർഷകർ.

English summary: Pig farmers worried about African swine fever 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}