ADVERTISEMENT

കണ്ണൂർ ജില്ലയിലെ ഒരു ആടു ഫാമിൽ ഒരാഴ്ചയ്ക്കിടെ അഞ്ചിലേറെ ആടുകൾ ചില അസാധാരണ ലക്ഷണങ്ങൾ കാണിച്ച ശേഷം ചത്തുവീണത് കർഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. 

ചെറിയ ക്ഷീണം വരികയും പിന്നാലെ പനി, വിറയൽ, വായിലൂടെ നുരയും പതയും, ചുണ്ടുകളുടെയും നാവിന്റെയും തളർച്ച, കുഴഞ്ഞുവീഴുക എന്നിവയെല്ലാമായിരുന്നു ആടുകൾ പ്രകടിപ്പിച്ച ലക്ഷണങ്ങൾ. ആദ്യ ഘട്ടത്തിൽ നൽകിയ ചികിത്സകൾ ഒന്നും തന്നെ ഫലപ്രദമായില്ല. രോഗലക്ഷണങ്ങൾ കാണിച്ച് മൂന്നുനാലു ദിവസത്തിനുള്ളിൽ ആടുകൾ ചത്തുവീണു. ചില ആടുകളുടെ ഗർഭം അലസി. അജ്ഞാതരോഗത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ പ്രദേശത്തെ കർഷകരിൽ പലരും ആശങ്കയിലായി. കർഷകരുടെ ആശങ്ക ദൂരീകരിക്കുന്നതിനായി സാംപിളുകൾ ശേഖരിച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗകാരണം റിക്കറ്റ്ഷ്യ എന്ന അണുകുടുംബത്തിലുള്‍പ്പെടുന്ന അനാപ്ലാസ്മ എന്നയിനം രക്തപരാദങ്ങളായ ബാക്ടീരിയകളാണെന്ന് കണ്ടെത്തിയത്. 

അനാപ്ലാസ്മ: ആടുകളുടെ സൈലന്റ് കില്ലർ 

കേരളത്തിൽ ആടുകളിൽ ഇപ്പോൾ വ്യാപകമായി കാണപ്പെടുന്ന രക്താണുരോഗമാണ് അനാപ്ലാസ്മ. ആടുകളുടെ ശരീരത്തിനുള്ളിൽ കയറിക്കൂടിയാൽ ക്രമേണ ആരോഗ്യം ക്ഷയിപ്പിക്കുന്ന നിശബ്ദനായ വില്ലനാണ് അനാപ്ലാസ്മ. പ്രതിരോധശേഷി തീരേ കുറയുന്ന സാഹചര്യങ്ങളിൽ രോഗം മൂർച്ഛിച്ച് ആടുകൾ അകാലമൃത്യുവടയാനും സാധ്യതയേറെ. രോഗകാരികളായ ഒട്ടേറെ ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും അനാപ്ലാസ്മ മാർജിനേൽ എന്ന് പേരായ രോഗാണു കാരണമായുണ്ടാകുന്ന അനാപ്ലാസ്മ രോഗമാണ് കേരളത്തില്‍ സാധാരണ കാണപ്പെടുന്നത്. 

രോഗാണുക്കളെ പ്രധാനമായും ആടുകളിലേക്കു പടര്‍ത്തുന്നത് രക്തം ആഹാരമാക്കുന്ന പട്ടുണ്ണികള്‍/ വട്ടൻ (Tick) എന്നറിയപ്പെടുന്ന ബാഹ്യപരാദങ്ങളാണ്. രോഗവാഹകരായ പട്ടുണ്ണികളുടെ ഉമിനീർ ഗ്രന്ഥിയിലാണ് രോഗാണുക്കൾ വാസമുറപ്പിക്കുക. പട്ടുണ്ണികള്‍ രക്തമൂറ്റിക്കുടിക്കുമ്പോള്‍ അവയുടെ ഉമിനീര്‍ വഴി ആടുകളുടെ ശരീരത്തിലെത്തുന്ന രോഗാണുക്കള്‍ ചുവന്ന രക്തകോശങ്ങളിലാണ് കടന്നുകയറുകയും പെരുകുകയും ചെയ്യുക. ഇത് ചുവന്ന രക്തകോശങ്ങളുടെ നാശത്തിനു വഴിയൊരുക്കും. ഉരുക്കളുടെ ശരീരത്തിലെ തൊണ്ണൂറ് ശതമാനത്തിലധികം ചുവന്ന രക്തകോശങ്ങളിലും കടന്നുകയറി കോശങ്ങളെ നശിപ്പിക്കാൻ അനാപ്ലാസ്മ രോഗാണുക്കൾക്ക് കഴിയും. ചുവന്ന രക്തകോശങ്ങളുടെ നാശം ആടുകളിൽ വിളർച്ചയ്ക്കും മഞ്ഞപ്പിത്തത്തിനുമെല്ലാം വഴിയൊരുക്കും. 

രോഗാണുക്കളുടെ തീവ്രത അനുസരിച്ച് ലക്ഷണങ്ങൾ പലവിധത്തിലുമുണ്ടാവും. രോഗാണുക്കൾ ശരീരത്തിലെത്തി സാധാരണ ഗതിയിൽ ഒന്നു മുതൽ അഞ്ച് ആഴ്ചകൾക്കകം രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.  വിളർച്ച, ക്രമേണയുള്ള മെലിച്ചിൽ, ശരീരക്ഷീണം, തീറ്റയോടുള്ള മടുപ്പ്, 105 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ പനി, വിറയല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, ചുമ തുടങ്ങിയവയാണ് രോഗത്തിന്‍റെ ആരംഭലക്ഷണങ്ങള്‍. ലക്ഷണങ്ങൾ ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ചകൾ നീണ്ടുനിൽക്കും.

തലച്ചോറിനെ ബാധിക്കുന്നതിനാൽ നാഡീ സംബന്ധമായ പ്രശ്നങ്ങളും കാണിക്കും. ക്രമേണ ആടുകൾ തളര്‍ന്ന് കിടപ്പിലാകുകയും വിളർച്ചയും മഞ്ഞപ്പിത്തവും ശ്വാസതടസ്സവും മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും.  

ലക്ഷണങ്ങളിൽ നിന്നും രോഗം സംശയിക്കാമെങ്കിലും കൃത്യമായ രോഗനിർണയത്തിന് രക്തപരിശോധന പ്രധാനമാണ്. തൈലേറിയ രോഗം, പാസ്ച്ചറല്ല തുടങ്ങിയ സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആടുരോഗങ്ങളില്‍ നിന്നെല്ലാം അനാപ്ലാസ്മ രോഗാണുവിനെ പ്രത്യേകം വേര്‍തിരിച്ച് മനസ്സിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്. രോഗാണുവിനെ നശിപ്പിക്കുന്ന ഇമിഡോകാർബ്, ടെട്രാസൈക്ലിൻ തുടങ്ങിയ ആന്റിബയോട്ടിക് മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്.  

ആടുഫാമുകളിൽ രക്തപരിശോധന 

രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ ചില ആടുകൾ അനാപ്ലാസ്മ രോഗാണുവിന്റെ വാഹകരാകാൻ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീർഘ യാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഇവയിൽ രോഗാണുക്കൾ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. അനാപ്ലാസ്മ അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം ആടുകളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാര്‍ഗ്ഗമാണ്. ഫാമുകളിലേക്ക് പുതുതായി ആടുകളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് (ക്വാറന്റൈന്‍) നിരീക്ഷിക്കാനും, രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറ്റ് ആടുകൾക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.

English summary: Anaplasmosis in Goats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com