മുട്ടനാടിനെ കൂടുതൽ കരുതിയാൽ ഗുണം തലമുറകൾക്കപ്പുറം: കർഷകർ അറിയേണ്ടത്

HIGHLIGHTS
 • പ്രജനനത്തിനുള്ള മുട്ടനാടുകളുടെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
 • മുട്ടനാടുകള്‍ 5 മുതല്‍ 6 മാസം കൊണ്ട് പ്രത്യുല്‍പാദനശേഷി കൈവരിക്കുന്നു
goat-farming
SHARE

ആടുകൾക്കു പാരമ്പര്യമായി കിട്ടുന്ന ഗുണഗണങ്ങളിൽ പകുതി മുട്ടനാടുകളുടെ സംഭാവനയായിരിക്കും. മറുപാതി അമ്മയാടുകളിൽ നിന്നും. അതിനാൽ പാരമ്പര്യഗുണവും ആരോഗ്യവും ശാരീരികക്ഷമതയുമുള്ള മുട്ടനാടുകളുണ്ടെങ്കിലേ ആടുവളർത്തൽ പൂർണമായി വിജയിപ്പിക്കാൻ കഴിയുകയുള്ളൂ. മുട്ടനാടുകളെ ചെറുപ്രായത്തില്‍ തന്നെ വിറ്റു കാശാക്കുന്നതിനാൽ വർഗഗുണമുള്ള മുട്ടനാടുകൾ പ്രായപൂർത്തിയെത്തുന്നത് കുറവാണ്. കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യം ലഭ്യമാണെങ്കിലും പലകാരണങ്ങളാൽ കർഷകർക്ക് അതിൽ താൽപര്യക്കുറവുണ്ട്. അമ്പതോളം പെണ്ണാടുകളുടെ പ്രജനനത്തിന് ഒരു മുട്ടനാട്  മതിയെന്ന കണക്കിൽനിന്നും പിൻതലമുറകളുടെ  ജനിതകമേന്മ നിര്‍ണ്ണയിക്കുന്നതില്‍ അത്രയും പെണ്ണാടുകളുടെ  പ്രാധാന്യം പ്രജനനത്തിനുപയോഗിക്കുന്ന ഓരോ മുട്ടനാടിനും ഉണ്ടെന്നത് മനസ്സിലാക്കാം. ആയതിനാല്‍ മുട്ടനാടുകളെ ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുകയും ശാസ്ത്രീയമായി പരിപാലിക്കുകയും ചെയ്യണം.  

പ്രജനനത്തിനുള്ള മുട്ടനാടുകളുടെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

 • രോഗബാധകളില്ലാത്ത  ആട്ടിൻകൂട്ടത്തിൽ നിന്നായിരിക്കണം.
 • ഇണ ചേർക്കുന്ന പെണ്ണാടുകളുമായി രക്തബന്ധം (അന്തപ്രജനനം) ഉണ്ടാകരുത്.
 • മികച്ച ഉല്‍പാദന, പ്രത്യുല്‍പാദന ഗുണങ്ങളുള്ള ആടുകളുടെ പരമ്പരയിൽ പെട്ടവയാകണം.
 • പ്രദേശത്തിന് അനുയോജ്യമായ ഇനത്തിൽപ്പെട്ട മികച്ച ശരീര പ്രകൃതമുള്ളവയാകണം.
 • മികച്ച വളർച്ചനിരക്കും തീറ്റപരിവര്‍ത്തനശേഷിയും.
 • കൈകാര്യം ചെയ്യാൻ എളുപ്പമുള്ള സ്വഭാവം.
 • പ്രത്യുൽപാദന അവയവങ്ങളുടെ തൃപ്തികരമായ ഘടനയും വലുപ്പവും പരിഗണിക്കണം. 
 • വലുപ്പമുള്ള വൃഷണങ്ങൾ, ആണിന്റേതായ ശാരീരിക ഘടന, ലൈംഗിക താല്‍പര്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം.  
 • ഇണ ചേര്‍ക്കാന്‍ ഉപയോഗിച്ചിട്ടുള്ള മുട്ടനാടുകളാണെങ്കിൽ അവയെ ഉപയോഗിച്ച പെണ്ണാടുകളുടെ ഗർഭധാരണ നിരക്ക്, പ്രസവത്തില്‍ ലഭ്യമായ കുഞ്ഞുങ്ങളുടെ എണ്ണം, തൂക്കം, ഗുണമേന്മ എന്നിവയും പരിഗണിക്കണം.

പരിപാലനം

കൂടുകളിൽ വളർത്തി കുറച്ചുസമയമെങ്കിലും പുറത്തു വിടുന്ന അര്‍ധഊര്‍ജ്ജിത പരിപാലന രീതിയാണ് നല്ലത്. ദിവസവും ഏതാനും മണിക്കൂര്‍ തുറന്നുവിടുന്നതിലൂടെ  ആവശ്യത്തിന് വ്യായാമം, കുളമ്പുകള്‍ക്ക് തേയ്മാനം, കാലുകള്‍ക്ക് ദൃഢത എന്നിവ ലഭിക്കുന്നു. അതുവഴി പ്രത്യുല്‍പാദനശേഷിയും, ആയുസ്സും വർധിക്കുന്നു. കൂടിനോടു ചേര്‍ന്ന് തയാറാക്കിയ വേലിക്കത്ത് തുറന്നുവിട്ടോ, നീളംകൂടിയ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലത്ത് കെട്ടിയിട്ടോ വളർത്തുന്ന രീതി പിൻതുടരാം.

sirohi-goat-1

കൂടുകൾ തയാറാക്കുമ്പോൾ

നാലു മാസം പ്രായമാകുമ്പോള്‍തന്നെ മുട്ടനാടുകളെ കൂട്ടത്തില്‍നിന്ന് മാറ്റേണ്ടതും തനിച്ച് പാര്‍പ്പിക്കേണ്ടതുമാണ്. പെണ്ണാടുകളുടെ കൂട്ടത്തില്‍നിന്ന് പരമാവധി അകലത്തില്‍ വേണം മുട്ടനാടിന് കൂടൊരുക്കേണ്ടത്. പെണ്ണാടുകളുടെ പ്രത്യുൽപാദനം ക്രമീകരിക്കുന്നതിനും  പാലിനുണ്ടാകുന്ന മുട്ടൻ മണം ഒഴിവാക്കാനും ഇത് സഹായിക്കും. 

കൂടുകള്‍ ആവശ്യത്തിന് വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്നതും മഴ, വെയില്‍, അതിശൈത്യം, ശക്തമായ കാറ്റ്, ശത്രുക്കള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതുമാകണം.  മരപ്പലകകള്‍ കമുക്, മുള, ഓല, ഓട് മുതലായ വസ്തുക്കള്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ കൂടുകള്‍ നിര്‍മിക്കാം. പകല്‍ സമയത്ത് തുറന്നു വിടുന്നതിന്  വിസ്താരവും വേലിക്കെട്ടോടു കൂടിയ തുറസ്സായ സ്ഥലം തയാറാക്കുന്നത് നല്ലത്. 

കൂട്, 4 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണവും തറനിരപ്പില്‍നിന്ന് അര മീറ്ററോളം ഉയരത്തിലുമാകണം. മൂത്രവും, കാഷ്ഠവും തങ്ങി നില്‍ക്കാത്ത വിധം വിടവുകളുള്ള പ്രതലവും വേണം. കൂടിന് ചുരുങ്ങിയത് ഒന്നര മീറ്ററെങ്കിലും  ഉയരം കിട്ടുന്ന വിധമാകണം മേല്‍ക്കൂര വേണ്ടത്.   സൗകര്യപ്രദമായ  ഭാഗത്ത് 1/2 മീറ്റര്‍ വീതിയും 1 മീറ്റര്‍ ഉയരവുമുള്ള വാതിലുകൾ സ്ഥാപിക്കാം. 

goat-farming-2

ആഹാരം

ആവശ്യമായ തീറ്റയുടെ മൂന്നിലൊരു ഭാഗം സാന്ദ്രിതാഹാരവും, മൂന്നിൽ രണ്ട് പരുഷാഹാരവുമായിരിക്കണം. വളര്‍ച്ചയുടെ ഘട്ടം പിന്നിട്ട മുട്ടനാടുകള്‍ക്ക് നിലനില്‍പ്പിനുള്ള ആഹാരം മാത്രമാണ് വേണ്ടത്. എന്നാല്‍ ഒരു വയസ്സുവരെ വളര്‍ച്ചയ്ക്കുവേണ്ട പോഷകങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. 30 കിലോ തൂക്കമുളള മുട്ടനാടിന് പരുഷാഹാരമായി 5 കിലോ പച്ചപ്പുല്ലോ 2-3  കിലോ പച്ചിലകളോ പ്രതിദിനം നല്‍കണം. സാന്ദ്രീകൃതാഹാരമായി സാധാരണ 250 ഗ്രാം സമീകൃത തീറ്റ മതിയാകുമെങ്കിലും വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇതിന്റെ ഇരട്ടിയോളം വേണ്ടിവരും. വീട്ടില്‍ നിന്ന് കിട്ടാവുന്ന  200 ഗ്രാം ധാന്യഭക്ഷണ അശിഷ്ടങ്ങളുടെ കൂടെ 100 ഗ്രാം പിണ്ണാക്കും അല്‍പ്പം  തവിടും ധാതുലവണ മിശ്രിതവും ചേര്‍ത്ത് നല്‍കുന്നതിലൂടെ പുറമെ നിന്ന് തീറ്റ വാങ്ങുന്നത് ഒഴിവാക്കാം.  കുടിവെള്ള ലഭ്യത യഥേഷ്ടം   ഉറപ്പാക്കേണ്ടത് മൂത്രതടസ്സം പോലുളള രോഗങ്ങള്‍ തടയാനാവശ്യമാണ്.

പ്രജനനം‌

മുട്ടനാടുകള്‍ 5 മുതല്‍ 6 മാസം  കൊണ്ട്  പ്രത്യുല്‍പാദനശേഷി കൈവരിക്കുന്നു. വൃഷണങ്ങളുടെ പെട്ടെന്നുള്ള വളര്‍ച്ച, ആണിന്റെ സ്വഭാവ സവിശേഷതകള്‍, ലിംഗത്തിന്റെ ഉദ്ധാരണശേഷി എന്നിവ വികസിക്കുന്നത് പ്രധാന ലക്ഷണങ്ങളാണ്. എങ്കിലും പത്തു മാസം പ്രായമെത്തും മുമ്പ് ഇണ ചേർക്കാതിരിക്കുന്നതാണ് നല്ലത്. പത്തു മാസം കഴിഞ്ഞ് ഇണചേർത്തു തുടങ്ങിയാലും, ഒരു ദിവസം നാലു തവണയില്‍ കൂടുതലോ, ആഴ്ചയില്‍ 10 തവണയില്‍ കൂടുതലോ  ഇണ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്.  വയര്‍ നിറഞ്ഞ സമയത്തും, തുറന്ന വെയിലത്തും ഇണ ചേര്‍ക്കുന്നത് ഒഴിവാക്കണം.  

ഇണചേരുന്നതിനായി മുട്ടനാടുകളെ സ്ഥിരമായി പെണ്ണാടുകളുടെ കൂടെ തുറന്നു വിടുന്നത് ശരീരം ക്ഷീണിക്കുന്നതിനും പ്രത്യുല്‍പാദനശേഷി കുറയുന്നതിനും കാരണമാകും. കൃത്യമായ മദി നിരീക്ഷണവും നിയന്ത്രിത രീതിയിലുള്ള  ഇണചേര്‍ക്കലും  സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍  മുട്ടനാടുകളെ ഓരോ മാസവും 7-10 ദിവസം തുടര്‍ച്ചയായി പെണ്ണാടുകളുടെ കൂട്ടത്തില്‍ വിടുകയും തുടര്‍ന്നുള്ള 20 ദിവസ്സം മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് പെണ്ണാടുകളില്‍ കൂടിയ പ്രത്യുൽപാദന തോത് കൈവരിക്കാന്‍ സഹായിക്കും.  രക്തബന്ധമുള്ള ആടുകളുമായി ഇണ ചേര്‍ക്കുന്നത് തലമുറകളുടെ വര്‍ഗമേന്മ കുറയാന്‍ കാരണമാകും. പ്രജനനത്തിനുപയോഗിക്കുന്ന മുട്ടനാടിന്റെ സന്തതികള്‍ ഒരു വര്‍ഷത്തിനകം  പ്രത്യുല്‍പാദനത്തിന് തയാറാകുന്നതിനാല്‍ അന്തഃപ്രജനനത്തിനുള്ള സാധ്യത (ബന്ധുക്കൾ തമ്മിലുള്ള ഇണചേരൽ) വർധിക്കുന്നുവെന്നത് ഓർക്കുക. അതിനാല്‍ പ്രത്യുൽപാദന പ്രായത്തിന്  മുൻപേ പെണ്‍സന്തതികളെ  ഒഴിവാക്കുകയോ ഇണചേരല്‍ ശ്രദ്ധാപൂര്‍വം  നിയന്ത്രിക്കുകയോ ചെയ്യണം. അധികമുള്ള മുട്ടനാടുകളെ വരിയുടക്കുന്നതാണ് നല്ലത്.  

ഒരു മുട്ടനാടിനെ ഏതാണ്ട് 10 വര്‍ഷം പ്രജനനത്തിന് ഉപയോഗിക്കാം. എന്നാൽ, ഇണചേര്‍ക്കല്‍ നമ്മൾ നിയന്ത്രിക്കുന്ന രീതിയിലല്ലാതെ കൂട്ടമായിട്ടാണെങ്കിൽ മുട്ടനാടിനെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ ആടുകളില്‍ പ്രജനനത്തിനായി ഉപയോഗിക്കുന്നത്  ബന്ധു പ്രജനനത്തിന്  വഴിയൊരുക്കും.  അതുകൊണ്ട് ഒരു വര്‍ഷം പ്രജനനത്തിനുപയോഗിച്ചതിനു ശേഷം മുട്ടനാടുകളെ മറ്റു കര്‍ഷകരുമായി  കൈമാറ്റം ചെയ്യുന്നത് അന്തഃപ്രജനനം ഒഴിവാക്കാൻ  സഹായിക്കും.

ആരോഗ്യ പരിപാലനം പ്രധാനം

കൂടിന്റെ വൃത്തി, പരിസരശുചിത്വം മഴയില്‍ നിന്നും കടുത്ത തണുപ്പില്‍ നിന്നും സംരക്ഷണം, സമീകൃതാഹാരം, കുടിവെള്ളം, ശാസ്ത്രീയ ഇണചേര്‍ക്കല്‍ എന്നിവ ഉറപ്പാക്കിയാല്‍  രോഗങ്ങൾ അകന്നു നിൽക്കും. കുളമ്പുകളുടെ പരിചരണം, ആറുമാസത്തിലൊരിക്കല്‍ വിരയിളക്കല്‍, വര്‍ഷത്തിലൊരിക്കല്‍ പ്രധാന രോഗങ്ങള്‍ക്കെതിരെയുളള പ്രതിരോധ കുത്തിവയ്പ് എന്നിവയും ശ്രദ്ധിക്കണം.  മൂത്രാശയത്തില്‍ കല്ലുകള്‍ രൂപപ്പെട്ടുണ്ടാകുന്ന മൂത്രതടസ്സമാണ് മുട്ടനാടുകളിലെ മറ്റൊരു ആരോഗ്യപ്രശ്നം. കുടിവെള്ളത്തിന്റെ കുറവ്, ധാതുലവണങ്ങളുടെ അസന്തുലിതാവസ്ഥ, ജീവകം എ യുടെ കുറവ് എന്നിവ രോഗസാധ്യത കൂട്ടുന്നു. ഇത്തരം കാരണങ്ങള്‍ ഒഴിവാക്കണം. മൂത്രതടസമുണ്ടാകുന്നത് പ്രത്യുൽപാദനത്തെ ബാധിക്കാത്ത വിധത്തിൽ ചെറിയ ശസ്ത്രക്രിയയിലൂടെ തടയാൻ സാധിക്കും.

English summary: Goat Farming Technical Manual

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}