ADVERTISEMENT

കർഷകരെ കൂടുതൽ ഭീതിയിലാഴ്ത്തി കേരളത്തിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥരീകരിച്ചു. കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ച വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിനൊപ്പം കണ്ണൂരിലും രോഗം സ്ഥിരീകരിച്ചു. കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനിയുടെ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിൽ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിരുന്നു. കണ്ണൂരിൽനിന്ന് ഏഴ്, വയനാട്ടിൽനിന്ന് 11, തൃശൂരിൽനിന്ന് എട്ട് എന്നിങ്ങനെ 26 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ കണ്ണൂരിലെ 5 എണ്ണവും വയനാട്ടിലെ രണ്ടെണ്ണവുമാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തൃശൂരിലെ സാംപിളുകളുടെ റിസൾട്ട് നെഗറ്റീവ് ആയിരുന്നു.

ഇന്നലെയായിരുന്നു ഭോപ്പാലിൽനിന്നുള്ള റിസൾട്ട് പുറത്തുവന്നത്. അതുകൊണ്ടുതന്നെ രോഗം സ്ഥീരികരിച്ച ഫാമുകളിലെയും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെയും പന്നികളെ കൊല്ലാനുള്ള (കള്ളിങ്) നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 

കണ്ണൂർ കണിച്ചാർ മേഖലയിൽ‌ ആരംഭിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പന്നികൾ കൊളക്കാട് നെല്ലിക്കുന്നിലെ പള്ളിക്കമാലിൽ മാനുവലിന്റെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ 22നും 23നും രണ്ട് പന്നികൾ വീതം ഇവിടെ ചത്തു. തുടർന്ന് ജില്ലാ ഇൻവസ്റ്റിഗേറ്റീവ് ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ സംഘം 24, 25 തീയതികളിലാണ് ഫാമിലെത്തി പോസ്റ്റ്മോർട്ടം നടത്തി, സാംപിളുകൾ ശേഖരിച്ചത്. ഇന്നലെ വരെ 14 പന്നികൾ ഈ ഫാമിൽ ചത്തിട്ടുണ്ട്. ആകെ 102 പന്നികളാണ് ഫാമിലുള്ളത്. കൊളക്കാട് പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ പരിധിയിൽ മറ്റൊരു ഫാം കൂടിയുണ്ട്.

ചർച്ചകൾ നടക്കുന്നു

ഇന്നലെ രോഗം സ്ഥിരീകരിച്ച കണ്ണൂരിലെ ഫാമിലെയും സമീപത്തെ ഫാമിലെയും പന്നികളെ കൊന്നൊടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉന്നതതല യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. നാളെയോ മറ്റെന്നാളോ ആയി ഇവിടുത്തെ പന്നികളെ കൊന്ന് മറവു ചെയ്യുമെന്നാണ് വിവരം.

ജാഗ്രത വേണം

ഇന്ത്യയിലെ ഏറ്റവും വലിയ പന്നിമാംസവിപണിയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നിപ്പനി സ്ഥരീകരിച്ചതിനാൽ മറ്റൊരു വിപണിയായ കേരളത്തിലേക്ക് പന്നികൾ കൂടുതലായി എത്തി. ഇവയിലൂടെയാവാം ഇവിടേക്ക് പന്നിപന്നി എത്തിയതെന്നാണ് നിഗമനം. രോഗബാധിതരമായ പന്നികളുടെ രക്തം, കാഷ്ഠം, മൂത്രം, ഉമിനീര് തുടങ്ങിയവയിലൂടെയാണ് രോഗപ്പകർച്ച. രോഗം ബാധിച്ച പന്നികളിൽനിന്ന് ബാഹ്യപരാദങ്ങളിലൂടെ ഫാമുകളിലേക്ക് രോഗം പകർന്നതാകാനും സാധ്യതയുണ്ട്. രോഗം പിടിപെട്ടാൽ കൂട്ടത്തോടെ ചത്തൊടുങ്ങും എന്നതുകൊണ്ടുതന്നെ കർഷകർ അതീവ ജാഗ്രത പുലർത്തണം. 

പന്നികളെ വളർത്തുന്നവർ മറ്റു ഫാമുകളിലെയും രോഗം സ്ഥീരികരിച്ച ഫാമുകളിലെയും സന്ദർശനം ഒഴിവാക്കണം. അതുപോലെതന്നെ പുതുതായി പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും ഫാമിൽ കൊണ്ടുവരുന്നതും വിൽക്കുന്നതും ഒഴിവാക്കണം. കൂടും പരിസരവും വൃത്തിയാക്കി അണുനാശിനി തളിക്കണം. പന്നികൾക്കുള്ള തീറ്റയിൽ ചിക്കൻ ഒഫൽസ് പോലുള്ളവ കൃത്യമായി വേവിച്ചതിനുശേഷം മാത്രം നൽകുക. 

രോഗം മറച്ചുവയ്ക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ  വിറ്റൊഴിവാക്കുന്നതും കേരളത്തിലെ പന്നിക്കൃഷി മേഖലയെത്തന്നെ ഒന്നടങ്കം നശിപ്പിക്കും എന്നതിനാൽ രോഗം ബാധിച്ച പന്നികളെ വിറ്റൊഴിവാക്കി രോഗത്തിന്റെ വിതരണക്കാർ ആകാതിരിക്കാൻ ഓരോ കർഷകനും ശ്രദ്ധിക്കണം. അസാധരണ ലക്ഷണങ്ങൾ കണ്ടാൽ അധികൃതരെ കൃത്യമായി അറിയിക്കുകയും വേണം. 

സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് പന്നികളിൽ സംശയാസ്പതമായ രോഗബാധയുണ്ടായാൽ വിവരങ്ങൾ അറിയിക്കുന്നതിന് തിരുവനന്തപുരം കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കണ്ട്രോൾ പ്രൊജെക്ടിൽ കണ്ട്രോൾ റൂം പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട് (ബന്ധപ്പെടാനുള്ള നമ്പർ: 0471 27 32151 ).

English summary: Again African Swine Fever Reported in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com