ADVERTISEMENT

കേരളത്തിലെ പശുക്കള്‍ക്കിടയില്‍ അടുത്ത കാലത്തായി വ്യാപകമായ സാംക്രമിക രക്താണുരോഗമാണ് തൈലേറിയ. പശുക്കളുടെ ശരീരം ക്ഷയിക്കുന്നതിനും ഉല്‍പ്പാദനമികവും പ്രത്യുല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയുമെല്ലാം കുറയുന്നതിനും അകാലമരണത്തിനും കാരണമാവുന്ന തൈലേറിയ രോഗം ഇന്ന് ക്ഷീരമേഖലയ്ക്ക് വന്‍ വെല്ലുവിളിയായിത്തീര്‍ന്നിട്ടുണ്ട്. പ്രോട്ടോസോവ വിഭാഗത്തിലുള്‍പ്പെടുന്ന തൈലേറിയ എന്നയിനം ഏകകോശ രക്തപരാദജീവികളാണ് രോഗത്തിനു കാരണക്കാര്‍. രോഗകാരികളായ ഒട്ടേറെ ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും ചുവന്ന രക്തകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഓറിയന്റല്‍ തൈലേറിയയാണ് കേരളത്തിൽ ഏറ്റവും വ്യാപകം. രോഗാണുക്കളെ പശുക്കളിലേക്കു പടര്‍ത്തുന്നത് രക്തം ആഹാരമാക്കുന്ന പട്ടുണ്ണികള്‍ എന്ന ബാഹ്യപരാദങ്ങളാണ്. പട്ടുണ്ണികള്‍ രക്തമൂറ്റിക്കുടിക്കുമ്പോള്‍ അവയുടെ ഉമിനീര്‍ വഴി പശുക്കളുടെ ശരീരത്തിലെത്തുന്ന രോഗാണുക്കള്‍ ചുവന്ന രക്തകോശങ്ങളെയും വെളുത്ത രക്തകോശങ്ങളെയും ആക്രമിച്ച് നശിപ്പിക്കും. 

കിടാക്കളെ മുതല്‍ ഏതു പ്രായത്തിലുള്ള പശുക്കളെയും രോഗം ബാധിക്കും. ശരീര സമ്മര്‍ദ്ദം ഏറുന്നതിനാല്‍ മഴക്കാലത്തും വേനലിലും പ്രസവത്തോടനുബന്ധിച്ചും ദീര്‍ഘദൂരം യാത്ര ചെയ്ത് കൊണ്ടുവരുന്ന പശുക്കളിലും തൈലേറിയയ്ക്ക് സാധ്യതയേറെയാണ്. പശുക്കളുടെ ശരീരത്തില്‍ അവയുടെ സ്വാഭാവിക പ്രതിരോധശേഷി കാരണം നിഷ്ക്രിയരായി കഴിയുന്ന തൈലേറിയ രോഗാണുക്കള്‍ ഈയവസരത്തില്‍ പെരുകുന്നതാണ് രോഗത്തിലേക്കു നയിക്കുന്നത്. പശുക്കളില്‍ മാത്രമല്ല, എരുമകളിലും ആടുകളിലുമെല്ലാം രോഗസാധ്യത ഉയര്‍ന്നതാണ്. മതിയായ ആരോഗ്യപരിശോധനകളില്ലാതെ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കന്നുകാലി ഇറക്കുമതി, രോഗവാഹകരായ പശുക്കളുടെയും രോഗം പരത്തുന്ന പട്ടുണ്ണികളുടെയും വര്‍ധന, ഉല്‍പ്പാദനശേഷി ഉയര്‍ന്ന സങ്കരയിനം പശുക്കളുടെ കുറഞ്ഞ രോഗപ്രതിരോധശേഷി, മതിയായ പോഷകാഹാരങ്ങളുടെ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാണ്  രോഗനിരക്ക് ഉയരാന്‍ ഇടയാക്കിയത്.

ഈ ലക്ഷണങ്ങൾ കണ്ടാൽ തൈലേറിയ സംശയിക്കാം

പശുക്കൾക്ക് പനി, മൂക്കൊലിപ്പ്, വായിൽനിന്നു കൂടുതലായി തുള്ളികളായോ നൂലുപോലെയോ ഉമിനീർ പതഞ്ഞിറങ്ങൽ, ശ്വാസ തടസ്സം / ശ്വാസം മുട്ട് /കിതപ്പ്, കണ്ണിലെ മൂന്നാമത്തെ കൺപോള പുറത്തുചാടൽ, കണ്ണിൽ പീളകെട്ടൽ, തീറ്റ കുറയാതെ പാലിൽ ഉണ്ടാവുന്ന കുറവ്, ശരീരത്തിൽ പ്രത്യേകിച്ച് കഴുത്തിൽ താരൻ, ശരീരത്തിൽ ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള മുഴകൾ, ചെവിക്കുള്ളിൽ കൂടുതൽ മഞ്ഞനിറം, ഇടക്കിടക്കുള്ള വയറുകമ്പനവും വയറിളക്കവും, ചാണകത്തിൽ രക്തത്തിന്റേയോ കഫത്തിന്റെയോ അംശം, നടക്കുമ്പോൾ പിൻകാലുകൾക്ക് ബലക്ഷയം ഇടക്കിടക്കുള്ള അകിടുവീക്കം തുടങ്ങിയ ലക്ഷണങ്ങൾ തൈലേറിയ രോഗത്തിന്റേത് ആവാൻ ഉയർന്ന സാധ്യതയുണ്ട്. 

രോഗം സംശയിച്ചാല്‍ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. സ്വയം ചികിത്സയോ മുറിവൈദ്യമോ അരുത്. ബബീസിയോസിസ്, അനാപ്ലാസ്മോസിസ്, ട്രിപ്പാനോസോമിയാസിസ് തുടങ്ങിയ സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മറ്റു രോഗങ്ങളില്‍നിന്നെല്ലാം തൈലേറിയയെ പ്രത്യേകം വേര്‍തിരിച്ച് മനസിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്. 

തൈലേറിയയെന്ന് കേട്ടപാതി കേൾക്കാത്തപാതി മരുന്നെടുത്തു കുത്തേണ്ട

തൈലേറിയ എന്ന് കേട്ടപാതി കേൾക്കാത്തപാതി തൈലേറിയയ്ക്കെതിരെയുള്ള വിലകൂടിയ ബുപാർവാക്വോൺ മരുന്ന് പശുക്കളിൽ പ്രയോഗിക്കാനുള്ള പ്രവണത ചില ക്ഷീരസംരംഭകർക്കുണ്ട്. ബുപാർവാക്വോൺ ഘടകം അടങ്ങിയ 20 മില്ലി മരുന്നിനുതന്നെ ആയിരത്തിലധികം രൂപ വിലയുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നും പശുക്കളെ കൊണ്ടുവരുന്ന ചിലർ ഒരു പരിശോധനയും കൂടാതെ തന്നെ പശുക്കൾക്ക് വിലകൂടിയ ഈ മരുന്നുകൾ പല ഡോസ് ഒരു നിയന്ത്രണവുമില്ലാതെ കുത്തിവയ്ക്കുന്ന പ്രവണതയുമുണ്ട്. തൈലേറിയ രോഗം പ്രതിരോധിക്കുന്നതിനായി മുൻകൂറായി പശുക്കൾക്ക് ബുപാർവാക്വോൺ എന്ന മരുന്ന് കുത്തിവയ്ക്കുന്ന ചിലരുമുണ്ട്. ലബോറട്ടറിയിൽ നിന്നുള്ള പരിശോധന ഫലത്തിൽ തൈലേറിയ പ്ലസ് എന്ന കണ്ടയുടൻ ബുപാർവാക്വോൺ കൊടുക്കാൻ നിർബന്ധിക്കുന്ന കർഷകരുമുണ്ട്. തൈലേറിയ വ്യാപനത്തിന്റെ സാഹചര്യവും കർഷകരുടെ അജ്ഞതയും മുതലെടുത്ത് ചില ഫാർമ കമ്പനികളും അവരുടെ പ്രതിനിധികളും തൈലേറിയയ്ക്കെതിരെയുള്ള വിലകൂടിയ മരുന്ന് ചെലവാക്കാൻ പാവപ്പെട്ട കർഷകരെ കരുവാക്കുകയാണെന്നത് പച്ചയായ വസ്തുതയാണ്. ഈയൊരു സാഹചര്യത്തിൽ വിലകൂടിയ മരുന്നുകൾ വാങ്ങി പശുക്കളിൽ പ്രയോഗിക്കുന്നതിന് മുൻപ് ശാസ്ത്രീയവസ്തുതകൾ മനസ്സിലാക്കാൻ ക്ഷീരസംരഭകർ തയാറാകണം.

ചെറിയ രീതിയിലുള്ള തെലേറിയ രോഗബാധയിൽ, പനി ക്ഷീണം ശ്വാസതടസ്സം ചുമ വയറിളക്കം പാലുൽപാദനത്തിൽ കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കാണപ്പെടുന്നില്ലെങ്കിൽ പ്രത്യേകം മരുന്നുപയോഗിച്ച് ചികിത്സിക്കേണ്ടതില്ല. ചെറിയ തോതിലുള്ള തൈലേറിയ അണുബാധ കൂടുതൽ ഗുരുതരമായ അണുബാധയെ തടയുന്ന പ്രിമ്മ്യൂണിറ്റി എന്നൊരു പ്രതിഭാസമുണ്ട് ഇതാണ് കർഷകനു തുണയാവുന്നത്. ചെറിയ രീതിയിൽ രോഗബാധ കാണുന്ന പശുക്കളെ  ബുപാർവാക്വോൺ ഉപയോഗിച്ച് ചികിത്സിച്ചാൽ ഭൂരിഭാഗത്തിനും മൂന്നു മാസത്തിനകം ഗുരുതരമായ തൈലേറിയ അണുബാധ പിടിപെടാൻ ഉയർന്ന സാധ്യതയുണ്ട്. പ്രിമ്മ്യൂണിറ്റി തകരുന്നതാണ് ഇതിനിടയാക്കുന്നത്. 

ചെറിയ രോഗബാധ കാണുന്ന പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മെഥോചീലേറ്റഡ് വിഭാഗത്തിൽ പെട്ടതും ഒരു കിലോയിൽ 9000 മില്ലിഗ്രാം എങ്കിലും സിങ്ക് എന്ന മൂലകം അടങ്ങിയതുമായ ധാതുലവണ മിശ്രിതം 50 ഗ്രാം വീതം ദിവസവും (ഉദാഹരണം: ഇന്ദുസോൾ, ന്യൂട്രിസെൽ)  നൽകാവുന്നതാണ്. സിങ്ക് മൂലകത്തിനൊപ്പം കോപ്പർ, സെലീനിയം, അയഡിൻ, മംഗനീസ്‌ തുടങ്ങിയ ഘടകങ്ങളും ധാതുലവണ മിശ്രിതത്തിൽ ഉണ്ടെന്നത് ഉറപ്പാക്കണം. അതോടൊപ്പം കരളിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാൻ സിലിമാരിൻ, കോളിൻ ക്ലോറൈഡ് എന്നീഘടകങ്ങൾ അടങ്ങിയ നല്ലൊരു നോൺ ഹെർബൽ  ലിവർ ടോണിക് (ഉദാഹരണം: ബെക്‌സോലിവ്, കെലിവ് ) കൂടി തീറ്റയിൽ ഉൾപ്പെടുത്തണം.

രക്തം കുറവാണെങ്കിൽ ഇരുമ്പുസത്ത് അടങ്ങിയിട്ടില്ലാത്ത ടോണിക്കുകൾ നൽകാം. ഇരുമ്പ് സത്ത് കരൾവീക്കവും മഞ്ഞപ്പിത്തവും കൂട്ടാൻ ഇടയാക്കും. തൈലേറിയ രോഗത്തിനു ചികിത്സിക്കുമ്പോൾ ബുപാർവാക്വോൺ ഒന്നിലധികം തവണ നൽകുന്നതും ഒഴിവാക്കുക. മാത്രമല്ല തൈലേറിയ രോഗത്തിനെതിരെ ഒരു വാക്സിൻ പോലെ മുൻ‌കൂർ പ്രതിരോധം നൽകാൻ ബുപാർവാക്വോൺ മരുന്ന് നൽകുന്നതുകൊണ്ട് കഴിയില്ലെന്ന കാര്യവും മനസിലാക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ  സാമ്പത്തികനഷ്ടം ഒഴിവാക്കാം എന്ന് മാത്രമല്ല അനാവശ്യമരുന്നുകൾ കുത്തിവച്ച് പശുക്കളുടെ ആരോഗ്യം നശിക്കുന്നത് തടയുകയും ചെയ്യാം.

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. പി.ആർ.പ്രദീപ്‌കുമാർ, ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.) മൃഗസംരക്ഷണവകുപ്പ്)

English summary: Treatment of theileriosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com