1960ൽ ഇംഗ്ലണ്ടിൽ ഫാമുകളിലും വീടുകളിലും വളർത്തിയിരുന്ന ടർക്കി പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങി.രാജ്യത്തെ ടർക്കി പക്ഷികളിൽ നല്ലൊരുഭാഗം ചത്തൊടുങ്ങിയെങ്കിലും രോഗത്തിന്റെ കാരണം കൃത്യമായി കണ്ടെത്താൻ ആദ്യഘട്ടത്തിൽ ആർക്കുമായില്ല. ടർക്കി പക്ഷികളുടെ മരണരഹസ്യം അജ്ഞാതമായതോടെ രോഗത്തിന് ടർക്കി എക്സ് ഡിസീസ് ( Turkey 'X' Disease) എന്നായിരുന്നു അന്ന് വിളിപ്പേര്. പക്ഷികൾക്ക് നൽകുന്നതിനായി ബ്രസീലിൽ നിന്നെത്തിച്ച നിലക്കടല പിണ്ണാക്കിൽനിന്നാണ് രോഗം പടർന്നതെന്ന് ഏറെ വൈകാതെ ഗവേഷകർ കണ്ടെത്തി.
രോഗത്തിന്റെ വഴി കണ്ടെത്തിയെങ്കിലും കൃത്യമായ കാരണം അപ്പോഴും കാണാമറയത്ത് തന്നെയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രാന്വേഷണങ്ങൾക്കൊടുവിൽ നിലക്കടല പിണ്ണാക്കിൽനിന്നും ഒരു കുമിളിനെ വേർതിരിച്ചെടുത്തതോടെയാണ് ടർക്കി എക്സ് ഡിസീസിന്റെ ചുരുളഴിഞ്ഞത്. നിലക്കടല പിണ്ണാക്കിൽ ഒളിച്ചിരുന്ന് ആസ്പെർഗില്ലസ് ഫ്ലാവസ് എന്നുപേരായ കുമിളുകൾ പുറന്തള്ളിയ അഫ്ലാടോക്സിൻ വിഷമായിരുന്നു ലക്ഷക്കണക്കിന് ടർക്കി പക്ഷികളുടെ ജീവനെടുത്തത്. അഫ്ലാടോക്സിൻ വിഷത്തിന്റെ ചെറിയ ഒരംശത്തിന് തന്നെ ടർക്കി, താറാവ്, വാത്ത തുടങ്ങിയ വളർത്തുപക്ഷികളുടെ ജീവനെടുക്കാൻ സാധിക്കും. മറ്റു വളർത്തുമൃഗങ്ങളിലും മനുഷ്യരിലുമെല്ലാം അഫ്ലാടോക്സിൻ വിഷം വിവിധ അളവുകളിൽ മാരകമാണ്.
ഇന്നും വളർത്തുമൃഗ പക്ഷി മേഖലയിൽ ഏറ്റവും കരുതൽ പുലർത്തേണ്ട ഭക്ഷ്യവിഷബാധയാണ് അഫ്ലാടോക്സിൻ പൂപ്പൽ വിഷബാധ. പ്രത്യേകിച്ച് മഴക്കാലത്ത് മുൻകൂട്ടി വാങ്ങി സൂക്ഷിച്ചുവച്ചുപയോഗിക്കുന്ന വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റയിൽ പൂപ്പൽ വിഷബാധ സംഭവിക്കാൻ സാധ്യത കൂടുതലാണ്.

ഫാമുകളിൽ കരുതണം പൂപ്പൽവിഷബാധയെ
ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ലഭിക്കുന്ന മുറികളിലാണ് തീറ്റച്ചാക്കുകൾ സൂക്ഷിക്കേണ്ടത്. മാത്രമല്ല, തീറ്റമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. തീറ്റ സൂക്ഷിക്കുന്ന മുറി കന്നുകാലി/പൗൾട്രി ഷെഡിൽ നിന്നും ചുരുങ്ങിയത് അഞ്ചു മീറ്റർ എങ്കിലും അകലത്തിൽ ആയാൽ ഏറെ നന്ന്. തീറ്റമുറികളുടെ പ്രവേശന കവാടത്തിൽ അണുനാശിനികളാൽ നിറച്ച ഫൂട്ട് ബാത്ത് ക്രമീകരിക്കുന്നതും അതിൽ കാൽ നനച്ച ശേഷം മാത്രം ഉള്ളിലേക്കു കയറുന്നതും മികച്ച ഒരു ജൈവസുരക്ഷാ മാർഗമാണ്. പൊട്ടാസ്യം പെർമാംഗനേറ്റ് -ഫോർമാലിൻ മിശ്രിതം ഉപയോഗിച്ച് തീറ്റമുറികൾ ഫ്യൂമിഗേഷൻ നടത്തി അണുനശീകരണം നടത്താവുന്നതാണ്. മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കുന്ന തീറ്റച്ചാക്കുകളും തീറ്റ ചേരുവകളും തറയില്‍നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍ നിന്ന് ഒന്നരയടി അകലത്തിലും മാറി പലകയുടെ മുകളില്‍ വേണം സൂക്ഷിക്കാന്‍. കാലിത്തീറ്റ സൂക്ഷിക്കാനുള്ള പ്രത്യേകം ഫൈബർ / പ്ലാസ്റ്റിക് ചട്ടക്കൂടുകൾ ഇന്ന് വിപണിയിൽ ഉണ്ട്. ചാക്കുകൾക്ക് മുകളിൽ തണുത്ത കാറ്റോ മഴചാറ്റലോ ഏൽക്കാതെ ശ്രദ്ധിക്കണം. മഴക്കാലത്ത് ഒന്ന് രണ്ട് ആഴ്ചത്തേക്കു മാത്രമുള്ള തീറ്റ മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്നതാണ് അഭികാമ്യം.
നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍കൊണ്ടോ കാലിത്തീറ്റയും പക്ഷിതീറ്റയും കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റച്ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. ഇതുവഴി വലിയ ചാക്കിലെ പൂപ്പല്‍ ബാധ തടയാം. തീറ്റ നനയാൻ ഇടയായാൽ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വൈക്കോലും പ്ലാവിലയടക്കമുള്ള പച്ചില തീറ്റകളും നന്നായി ഉണക്കി ഈര്‍പ്പമോ, മഴച്ചാറ്റലോ ഏല്‍ക്കാത്തവിധം സൂക്ഷിക്കണം. തീറ്റ നല്‍കുന്ന പാത്രങ്ങള്‍ നിത്യവും കഴുകി തുടച്ചു വൃത്തിയാക്കണം. തൊഴുത്തിന്റെ തറയില്‍ പുല്ലും വൈക്കോലും കാലിത്തീറ്റയവശിഷ്ടങ്ങളും കെട്ടിക്കിടന്ന് അവയില്‍ പൂപ്പലുകള്‍ വളരാനുള്ള സാധ്യത ഒഴിവാക്കണം. വൈക്കോൽ ഉൾപ്പെടെ സൂക്ഷിച്ചുവെച്ച കാലിത്തീറ്റകള്‍ ഇടയ്ക്ക് വെയിലില്‍ ഉണക്കുന്നത് ഈര്‍പ്പം കുറയ്ക്കാനും പൂപ്പലുകളുടെ വളര്‍ച്ച തടയാനും ഉപകരിക്കും.
കാലിത്തീറ്റയ്ക്കും വൈക്കോലിനും പക്ഷിതീറ്റയ്ക്കും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയിൽ വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പൽ വിഷബാധയേറ്റതിന്റെ സൂചനകള്‍. പഴകിയതോ പൂപ്പല്‍ ബാധിച്ചതോ കട്ടകെട്ടിയതോ കനച്ചതോ ആയ തീറ്റകള്‍ ഒരു കാരണവശാലും പശുക്കളും ആടുകളും കോഴികളും അടക്കമുള്ള വളര്‍ത്തുജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. ലക്ഷണങ്ങൾ ഒന്നും പ്രകടമാകാത്ത തീറ്റയിലും പൂപ്പൽ വിഷബാധ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. തീറ്റകള്‍ നന്നായി കഴുകിയോ തിളപ്പിച്ചോ ചൂടാക്കിയോ നല്‍കിയാല്‍ പോലും പൂപ്പലുകള്‍ പുറന്തള്ളിയ മാരകവിഷം നശിക്കില്ല എന്ന കാര്യം മനസ്സിലാക്കണം. ചില കര്‍ഷകര്‍ പൂപ്പല്‍ ബാധിച്ച തീറ്റ മറ്റ് തീറ്റകളുമായി ചെറിയ അളവില്‍ കലര്‍ത്തി നല്‍കാറുണ്ട്, ഇതും തെറ്റായ രീതിയാണ്.
പൂപ്പൽ വിഷബാധ രോഗലക്ഷണങ്ങളുടെ തീവ്രത പൂപ്പല്‍ വിഷത്തെയും ഉള്ളിലെത്തിയ അതിന്റെ അളവിനെയും ആശ്രയിച്ചിരിക്കും. ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വയറിളക്കം, വയറിലുള്ള നീര്‍ക്കെട്ട്, പാലുൽപാദനത്തില്‍ പെട്ടെന്നുള്ള കുറവ് എന്നിവയാണ് പശുക്കളിൽ തീവ്ര പൂപ്പല്‍ വിഷബാധയുടെ പ്രാരംഭലക്ഷണങ്ങള്‍. പൂപ്പല്‍ വിഷം ആന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് കാരണമാവുന്നതിനാല്‍ രക്തം കലര്‍ന്ന മൂത്രത്തിനും വയറിളക്കത്തിനും സാധ്യതയുണ്ട്.

ഗര്‍ഭിണികളായ ഉരുക്കളില്‍ ഗര്‍ഭമലസലിനും പൂപ്പല്‍ വിഷം കാരണമാവും. മൃഗങ്ങളിൽ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൊണ്ടുവരുന്ന പുതിയ പരുഷ, സാന്ദ്രീകൃത തീറ്റകൾ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും നൽകിയതിനു ശേഷം ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വിട്ടുമാറാത്ത വയറിളക്കം, പാലുൽപാദനത്തില്‍ പെട്ടെന്നുള്ള കുറവ്, പക്ഷികളിൽ പെട്ടെന്നുള്ള കൂട്ടമരണം തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തീറ്റയിൽ പൂപ്പൽ വിഷബാധ സംശയിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ പ്രസ്തുത തീറ്റ നൽകുന്നത് താൽക്കാലികമായി നിർത്തി തീറ്റയുടെ രാസപരിശോധനാ നടത്താനുള്ള നടപടികൾ തൊട്ടടുത്ത വെറ്ററിനറി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് കർഷകർ സ്വീകരിക്കണം. വെറ്ററിനറി കോളേജുകളിലും ക്ഷീരവികസനവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ലാബുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. കൂട്ടമായി ചത്തൊടുങ്ങിയ പക്ഷികളുടെ ജഡം ശേഖരിച്ച് പോസ്റ്റ് മോർട്ടം പരിശോധന നടത്തി രോഗകാരണം കണ്ടുപിടിക്കാവുന്നതാണ് .
English summary: Aflatoxin: Hazards in Livestock