ADVERTISEMENT

ഭാഗം– 1

സമ്പത്ത് കാലത്ത് തൈപത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാപത്ത് തിന്നാം എന്ന പഴഞ്ചൊല്ലിന്റെ അർഥം മലയാളി ശരിക്കുമറിഞ്ഞതും അനുഭവിച്ചതും കോവിഡ് ലോക്‌ഡൗണ്‍ ദിനങ്ങളിലാണ്. സ്വന്തം പുരയിടത്തില്‍ തന്നെ പച്ചക്കറിക്കൃഷിയും നറുംപാല്‍ ചുരത്തുന്ന പൂവാലിപ്പശുവും അടുക്കളമുറ്റത്ത് കോഴി വളര്‍ത്തലും ചെറിയ തോതില്‍ പറമ്പില്‍  മത്സ്യക്കൃഷിയുമൊക്കെയുള്ളവര്‍ക്ക് തങ്ങളുടെ സമ്മിശ്ര കൃഷിയിടം ലോക്‌ഡൗണ്‍ കാലത്ത് അന്നവും അനുഗ്രഹവുമായി മാറി. കൃഷിയും മൃഗപരിപാലനവും ഒരുമിക്കുന്ന സമ്മിശ്ര കൃഷിയിടങ്ങള്‍ നമുക്കാവശ്യമായ സുരക്ഷിത ഭക്ഷ്യവിഭവങ്ങള്‍ നല്‍കുമെന്ന് മാത്രമല്ല നന്നായി ആസൂത്രണം ചെയ്താല്‍ വര്‍ഷം മുഴുവന്‍ ആദായം ഉറപ്പുനല്‍കുന്ന ഒരു തൊഴില്‍ സംരംഭം കൂടിയാണ്.

ഓരോ പുരയിടത്തിലും ലഭ്യമായ സ്ഥലത്ത് കൃഷിയും മൃഗസംരക്ഷണവും സമന്വയിപ്പിച്ച് ഒരുക്കാവുന്നതും വർഷം മുഴുവൻ ചെറുതല്ലാത്ത ഒരാദായം ഉറപ്പുവരുത്തുന്നതുമായ മൃഗസംരക്ഷണസംരംഭങ്ങളെ പരിചയപ്പെടാം. 10 പശുക്കളും, 50 ആടുകളും, 100 കോഴികളും, 500 കാടകളും ഒക്കെ ഉള്‍പ്പെടുന്ന വലിയ മൃഗപരിപാലന യൂണിറ്റുകളല്ല, മറിച്ച് രണ്ടു പശുവിനെയും അഞ്ച് ആടുകളെയും, പത്ത് കോഴികളെയും അന്‍പത് കാടകളെയും  ഒക്കെ നിയന്ത്രിതമായ രീതിയില്‍ വളര്‍ത്തുന്ന യൂണിറ്റുകളാണ്. പുരയിടത്തില്‍ ഒരുക്കുന്ന സമ്മിശ്ര മൃഗപരിപാലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

പശു പുരയിടത്തിലെ സമ്മിശ്രകൃഷിയുടെ നട്ടെല്ല് 

പുരയിട സമ്മിശ്ര കൃഷിയിലെ അനിവാര്യ ഘടകമാണ് പശുക്കള്‍. സ്ഥല ലഭ്യതയും പ്രാദേശിക സാഹചര്യവും അനുസരിച്ച് രണ്ടു മുതല്‍ അഞ്ചു വരെ പശുക്കളെ വളര്‍ത്താം. പാലില്‍നിന്ന് മുടങ്ങാതെ ആദായം കിട്ടുമെന്ന് മാത്രമല്ല അവയുടെ ചാണകവും മൂത്രവും മറ്റു ജൈവാവശിഷ്ടങ്ങളും കൃഷിയിടത്തില്‍ ജൈവവളമാക്കി ഉപയോഗിക്കുകയും ചെയ്യാം. മിനി ബയോഗ്യാസ് യൂണിറ്റുകൾ സ്ഥാപിച്ചാൽ വീട്ടിലേക്കാവശ്യമായ ഊർജവും ക്ഷീരസംരംഭത്തിൽനിന്ന് തന്നെ ലഭിക്കും. നല്ല ആരോഗ്യവും ഉൽപാദന മികവുമുള്ള പശുക്കളെ വേണം വാങ്ങേണ്ടത്. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടു മാസങ്ങള്‍ക്ക് മുമ്പോ, പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലോ പശുക്കളെ വാങ്ങാം.   രോഗപ്രതിരോധ ഗുണവും കാലാവസ്ഥാ അതിജീവന ശേഷിയും പരിഗണിക്കുമ്പോൾ ഇടത്തരം കറവയുള്ള സങ്കരയിനം ജഴ്സി പശുക്കളാണ് ഏറ്റവും അഭികാമ്യം. താല്‍പര്യമുണ്ടെങ്കില്‍ ഒന്നോ, രണ്ടോ നാടന്‍ പശുക്കളെയും ഫാമില്‍ ഉള്‍പ്പെടുത്താം.

പശുക്കളെ പാര്‍പ്പിക്കുന്നതിനായി ചെലവ് കുറഞ്ഞ തൊഴുത്തുകൾ മതി. ഒരു പശുവിന് നിൽക്കാനും കിടക്കാനും 1.8 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമുള്ള സ്ഥലം തൊഴുത്തില്‍ വേണം. തറനിരപ്പില്‍നിന്ന് 15 സെ.മീ. ഉയര്‍ത്തി 60 സെ.മീ. വീതിയില്‍ തീറ്റത്തൊട്ടി നിര്‍മിക്കാം  ചാണകവും, മൂത്രവും ഒഴുകി പോകാനുള്ള ചാല്‍ 10 സെ.മീ. ആഴത്തിലും 45-50 സെ.മീ വീതിയിലും നിര്‍മിക്കണം. പിന്‍വശത്ത് 1.5 മീറ്റര്‍ വീതിയില്‍ ഒരു പിന്‍ വരാന്ത നല്‍കണം. ഏറ്റവും പിന്‍വശത്തുള്ള അരഭിത്തിക്ക്  മൂന്നടിയില്‍ അധികം ഉയരം പാടില്ല. മേല്‍ക്കൂരയ്ക്ക്  ഏറ്റവും ചുരുങ്ങിയത് വശങ്ങളില്‍ 2 മീറ്ററും മധ്യത്തില്‍ 3 മീറ്ററും ഉയരം നല്‍കണം. അലുമിനിയം ടിന്‍ ഷീറ്റുകൊണ്ടോ ഓലമേഞ്ഞ് സില്‍പോളിന്‍ ഷീറ്റുകൊണ്ട് പൊതിഞ്ഞോ മേല്‍ക്കൂര നിര്‍മിക്കാം. തീറ്റച്ചെലവ് കുറയ്ക്കുന്നതിന് ലഭ്യമായ സ്ഥലത്ത് ഇടവിളയായോ, തനിവിളയായോ തീറ്റപ്പുല്‍ക്കൃഷി ചെയ്യണം. പ്രാദേശിക ക്ഷീരസംഘത്തില്‍ അംഗത്വം നേടി പാല്‍ വിപണനം നടത്തുന്നതിനൊപ്പം പശുക്കളെ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്‍ഷൂർ ചെയ്യുകയും വേണം. പാൽ ആവശ്യക്കാർക്ക് പ്രാദേശിക വിൽപന നടത്താനും വീട്ടിൽ തന്നെ എളുപ്പത്തിൽ നിർമിക്കാവുന്ന തൈര്, പനീർ, നെയ്യ് പോലുള്ള മൂല്യവർധിത ഉൽപന്നങ്ങളാക്കി വിറ്റഴിക്കാനും സാധിച്ചാൽ കൂടുതൽ ആദായം സംരംഭകനെ തേടിയെത്തും. 

malabari-goat-2

ആടുകള്‍ വീടിന് ഒരു എടിഎം

വലിയ ഫാം തുടങ്ങാന്‍ മുതല്‍ മുടക്കാന്‍ എല്ലാവര്‍ക്കും പണം ഉണ്ടായെന്നു വരില്ല. എന്നാൽ, രണ്ടോ, മൂന്നോ ആട് ഉണ്ടെങ്കില്‍ ഏതു വീടിനും ഒരു പ്രശ്നവുമില്ല. ഏറെ തീറ്റയൊന്നും വേണ്ടല്ലോ, പുല്ലും ഇലയുമെല്ലാം തിന്നുകൊള്ളും. ലളിതമായ പാര്‍പ്പിടസംവിധാനങ്ങള്‍, കുറഞ്ഞ തീറ്റച്ചെലവ്, വെള്ളത്തിന്റെ കുറഞ്ഞ ആവശ്യകത, ലളിതമായ പരിപാലന മുറകള്‍, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഉയർന്ന പോഷകമൂല്യവും വിപണിമൂല്യവുമുള്ള പാലും ഇറച്ചിയും, ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കുള്ള ഉയർന്ന ആവശ്യകതയും വിപണിമൂല്യവും,  ജൈവകൃഷിക്ക് ഉത്തമമായ ചാണകവും മൂത്രവും എന്നിവയെല്ലാമാണ് ആടുകളെ സമ്മിശ്ര മൃഗപരിപാലന യൂണിറ്റുകള്‍ക്ക്  അനുയോജ്യമാകുന്നതും ആദായകരമാക്കുന്നതും. കർഷകന് ഏതുസമയത്തും വിറ്റുകാശാക്കി ആദായം നേടാവുന്ന എടിഎം തന്നെയാണ് ആടുകൾ എന്ന് പറയാം.

ഒരു മുട്ടനാടും അഞ്ചു പെണ്ണാടുകളും ചേര്‍ന്ന ഏറ്റവും ചെറിയ ബ്രീഡിങ് യൂണിറ്റ്  (പ്രജനന യൂണിറ്റ്) ആയി ആട് സംരംഭം ആരംഭിക്കുന്നതാണ് അഭികാമ്യം. സ്ഥല സൗകര്യമുണ്ടെങ്കില്‍ ഒരു മുട്ടനാടിനൊപ്പം 20 പെണ്ണാടുകളെ വരെ ഒരു ചെറുകിട യൂണിറ്റില്‍ ഉള്‍പ്പെടുത്താം. കേരളത്തിന്റെ തനത് ആടിനമായ  മലബാറി ആടുകളേയോ മലബാറി ആടുകളുമായി ജംനാപാരി, ബീറ്റല്‍, സിരോഹി തുടങ്ങിയ ആടിനങ്ങളെ പ്രജനനം നടത്തിയുണ്ടായ മികച്ച വളര്‍ച്ചയുള്ള ഒന്നാം തലമുറയില്‍പ്പെട്ട സങ്കരയിനം ആടുകളേയോ വളര്‍ത്താനായി തിരഞ്ഞെടുക്കാം. 7- 8 മാസം  പ്രായമെത്തിയ പെണ്ണാടുകളെയോ 4 മാസം പ്രായമെത്തിയ കുഞ്ഞുങ്ങളേയോ ഒരു വയസ്സ് പിന്നിട്ട മുട്ടനാടുകളേയോ വളര്‍ത്താനായി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

പ്രജനനം നടത്തുന്നതിനായി സമീപ പ്രദേശങ്ങളില്‍  മുട്ടനാടുകളുടെ ലഭ്യതയോ കൃത്രിമബീജാധാനത്തിനുള്ള സൗകര്യങ്ങളോ ഉണ്ടെങ്കില്‍ കുറഞ്ഞ എണ്ണം മാത്രം പെണ്ണാടുകളെ വളർത്തുന്നവർ പ്രജനനാവശ്യത്തിനായി പ്രത്യേകം മുട്ടനാടുകളെ വളർത്തേണ്ടതില്ല .

കൂടുകള്‍ പണികഴിപ്പിക്കുമ്പോള്‍ ഒരു പെണ്ണാടിന് ഏകദേശം 10 ചതുരശ്ര അടിയും മുട്ടനാടിന് ചുരുങ്ങിയത് 20-25 ചതുരശ്ര അടിയും കുട്ടികള്‍ക്ക് രണ്ട് ചതുരശ്ര അടിയും സ്ഥലം കൂട്ടില്‍ ഉറപ്പാക്കണം. ഈ കണക്കുപ്രകാരം 75-80  ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കൂട് പണികഴിപ്പിച്ചാല്‍ 5 പെണ്ണാടുകളെയും കുട്ടികളെയും ഒരു മുട്ടനാടിനെയും വളര്‍ത്താം. നല്ല ബലമുള്ള മരത്തടികളോ ഹോളോബ്രിക്സോ  കോൺക്രീറ്റ് ബാറുകളോ സ്‌ക്വയർ പൈപ്പുകളോ ഉപയോഗിച്ച് ഭൂനിരപ്പിൽ നിന്നും 5-6 അടി ഉയർത്തി വേണം കൂടിന്റെ  പ്ലാറ്റ്‌ഫോം ( ആടുകൾ നിൽക്കുന്ന തട്ട്)  നിർമിക്കേണ്ടത്. പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനായി പാകപ്പെടുത്തിയ കവുങ്ങിൻതടിയോ പനത്തടിയോ നല്ല ഈടുനിൽക്കുന്ന മരപ്പട്ടികയോ ഉപയോഗപ്പെടുത്താം. 

goat-farm-antony-2

തട്ട് ഒരുക്കാൻ ഉപയോഗിക്കുന്ന മരപ്പട്ടികകൾക്കിടയിൽ 1.25-1.5  സെന്റിമീറ്റർ വിടവ് നൽകണം. പ്ലാറ്റ്‌ഫോമിൽനിന്നും ഒന്നര- രണ്ട്  മീറ്റർ വരെ ഉയരത്തിൽ മരപ്പട്ടികകൊണ്ടോ മുള കൊണ്ടോ ഇഴയകലമുള്ള  കമ്പിവല കൊണ്ടോ  ഭിത്തി നിർമിക്കാം. മരപ്പട്ടികകൾക്കിടയിൽ   തമ്മിൽ   4-6 സെന്റിമീറ്റർ അകലം നൽകണം. തീറ്റത്തൊട്ടി കൂട്ടിനുള്ളിലോ കൂട്ടില്‍നിന്ന് തല പുറത്തേക്ക് കടക്കാനുന്ന തരത്തിലോ ക്രമീകരിക്കാം. വ്യാസം കൂടിയ പിവിസി പൈപ്പുകൾ നെടുകെ കീറി ചെലവ് കുറഞ്ഞ രീതിയിൽ തീറ്റത്തൊട്ടി നിർമിക്കാവുന്നതാണ് ഓല കൊണ്ടോ ഓടുകൊണ്ടോ തകരകൊണ്ടോ ടിൻ കോട്ടഡ് അലുമിനിയം ഷീറ്റ് കൊണ്ടൊ മേൽക്കൂര ഒരുക്കാം. പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയുടെ ഒത്ത മധ്യത്തിലേക്ക് നാലു മീറ്റർ ഉയരം നൽകണം. ഇരുവശങ്ങളിലും പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയിലേക്കുള്ള  ഉയരം 3 മീറ്റർ നൽകണം. വശങ്ങളിൽ 1- 1.5 മീറ്റർ പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിൽ വേണം മേൽക്കൂര ക്രമീകരിക്കേണ്ടത്.

പകല്‍ സമയത്ത് തുറന്നുവിടുകയും രാത്രി കൂട്ടില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന അർധ ഊര്‍ജ്ജിത പരിപാലന രീതിയാണ് പുരയിടത്തിലെ ആട് കൃഷിക്ക് അനുയോജ്യം. തീറ്റപ്പുല്ല്, വൈക്കോല്‍, ഉണക്കപ്പുല്ല്, പ്ലാവ്, മുരിങ്ങ, വേണ്ട, ശീമക്കൊന്ന തുടങ്ങിയ വൃക്ഷയിലകള്‍, അസോള, വാഴയില, പയര്‍ച്ചെടികള്‍, പഴം, പച്ചക്കറിയവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ആടിന് ആഹാരമായി നല്‍കാം. ദിവസം മുതിര്‍ന്ന ഒരാടിന് ദിവസം 3-4 കിലോയെങ്കിലും തീറ്റപ്പുല്ലോ, വൃക്ഷയിലകളോ വേണ്ടതുണ്ട്. അരി/ഗോതമ്പ്, ധാന്യങ്ങള്‍, തവിട്, പിണ്ണാക്ക് എന്നിവ സമാസമം ചേര്‍ത്തു സാന്ദ്രീകൃതഹാരം നിര്‍മിച്ച് 250-300 ഗ്രാം വീതം ഓരോ മുതിര്‍ന്ന ആടിനും നല്‍കിയാല്‍ ആടുകള്‍ക്ക് കുശാലാകും. നല്ല വളര്‍ച്ച ലഭിക്കാന്‍ പുളിങ്കുരുപ്പൊടി, കപ്പപ്പൊടി, ചോളപ്പൊടി തുടങ്ങിയവയും ധാതുമിശ്രിതവും മിതമായ അളവില്‍ നല്‍കാം. 8-9 മാസം പ്രായമെത്തുമ്പോള്‍  മലബാറി സങ്കരയിനം, ആടുകളെ ഇണ ചേര്‍ക്കാം. 150 ദിവസമാണ് ഗര്‍ഭകാലം. ഒന്ന് - ഒന്നേകാല്‍ വര്‍ഷത്തിനിടയില്‍ രണ്ടു പ്രസവങ്ങള്‍ നടക്കും. ഓരോ പ്രസവത്തിലും രണ്ടു മൂന്നു വീതം കുഞ്ഞുങ്ങള്‍ ഉണ്ടാവും. മൂന്ന് - മൂന്നര മാസം പ്രായം എത്തിയാല്‍  കുഞ്ഞുങ്ങളെ വിപണനം നടത്താം. ആട്ടിന്‍ പാലിനും മികച്ച  വിപണിയുണ്ട്. ചാണകവും മൂത്രവും സമ്മിശ്ര കൃഷിയിടത്തില്‍ ജൈവവളമായി ഉപയോഗിക്കാം. ഓരോ ഒന്നരവര്‍ഷം കൂടുമപോഴും മുട്ടനാടുകളെ ഫാമില്‍നിന്ന് മാറ്റാന്‍ മറക്കരുത്. ഫാമില്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ നിന്ന്  ഏറ്റവും മികച്ചവയെ  തിരഞ്ഞെടുത്ത് അടുത്ത ബ്രീഡിങ് സ്റ്റോക്കായി വളര്‍ത്താം.

youth-farmer-mathukutty

ആണ്ടില്‍ ആദായവും കൊണ്ടുവരും പോത്ത്

സമ്മിശ്രകൃഷിയിടത്തില്‍ നിന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മികച്ച ആദായം ലഭിക്കാന്‍ പോത്തു വളര്‍ത്തല്‍ തുണയ്ക്കും. 5-6 മാസം പ്രായമെത്തിയ. ചുരുങ്ങിയത് 60-70 കിലോഗ്രാം ശരീരതൂക്കമുള്ള നല്ല ആരോഗ്യമുള്ള പോത്തിന്‍ കിടാക്കളെ വാങ്ങി വളര്‍ത്താം. ചുരുളന്‍ കൊമ്പുകളും നല്ല ഉടല്‍ നീളവും  തടിച്ചുരുണ്ട ശരീര പ്രകൃതിയും മികച്ച വളർച്ചാ നിരക്കുമുള്ള  മുറാ പോത്തുകളെയോ സങ്കരയിനം പോത്തിന്‍കുട്ടികളെയോ  വളര്‍ത്താനായി തിരഞ്ഞെടുക്കാം.സ്ഥല ലഭ്യത അനുസരിച്ച്  നാലോ, അഞ്ചോ പോത്തിന്‍ കിടാക്കളെ സമ്മിശ്രകൃഷിയിടത്തിൽ വളർത്താം. മുറായിനത്തില്‍പ്പെട്ട മികച്ച പോത്തിന്‍കുട്ടികളെ ലഭ്യമാകുന്ന ഒട്ടേറെ ഏജന്‍സികള്‍ ഇന്ന് സംസ്ഥാനത്തുണ്ട്.

പശുത്തൊഴുത്തില്‍നിന്ന് അൽപം  മാറി ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ പോത്തിന്‍കിടാക്കള്‍ക്ക് പാര്‍ക്കാനുള്ള തൊഴുത്തൊരുക്കാം. ഭൂനിരപ്പില്‍ നിന്ന് ഒരടി ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് തറയൊരുക്കണം. പൂർണ വളര്‍ച്ചയെത്തിയ ഒരു പോത്തിന്  തീറ്റത്തൊട്ടിയും  (0.9 മീറ്റര്‍) നില്‍ക്കാനുള്ള സ്ഥലം (1.8 മീറ്റര്‍) മൂത്ര-ചാണക ചാല്‍, വൃത്തിയാക്കാനുള്ള സ്ഥലവും (1 മീറ്റര്‍) ഉള്‍പ്പെടെ 3.6 മീറ്റര്‍ നീളത്തിലും, 1.3 മീറ്റര്‍ വീതിയിലും 5 ചതുരശ്ര മീറ്റര്‍ സ്ഥലം തൊഴുത്തില്‍ വേണ്ടിവരും. പോത്തുകള്‍ നില്‍ക്കുന്നയിടം പിന്നിലേക്ക് 100 സെന്റിമീറ്ററിന് 1 സെന്റിമീറ്റര്‍  എന്ന കണക്കിൽ ചരിവ് നല്‍കണം. ചാണകം, മൂത്രം, കഴുകുന്ന വെള്ളം പുറത്തുപോകാനുള്ള ഓട 10 സെ.മീ. ആഴത്തിലും 45-50 സെ.മീ. വീതിയിലും, മൂത്രക്കുഴിയുടെ ഭാഗത്തേക്ക് ചെരിച്ച്  നിർമിക്കണം. തറ നിരപ്പില്‍ നിന്ന് 3-4 മീറ്റര്‍ ഉയരത്തില്‍ ഓലമേഞ്ഞ് മുകളില്‍ സീല്‍പോളിന്‍ വിരിച്ചോ, ടിന്‍ ഷീറ്റ് കൊണ്ടോ മേല്‍ക്കൂരയൊക്കാം . 

തീറ്റപ്പുല്ലിനും വൈക്കോലിനുമൊപ്പം താരതമ്യേന പരുക്കനായ പാരമ്പര്യേതര തീറ്റകള്‍ എല്ലാം തന്നെ പോത്തിന് ആഹാരമായി നല്‍കാം . ഇത്തരം പരുക്കന്‍ തീറ്റകള്‍ ദഹിപ്പിക്കാന്‍  പശുക്കളേക്കാള്‍ പോത്തിന് ശേഷിയുണ്ട്. പരുഷാഹാരങ്ങൾക്ക് പുറമെ പിണ്ണാക്കും തവിടും ധാന്യങ്ങളും അടങ്ങിയ സാന്ദ്രീകൃതാഹാരം ദിവസം പരമാവധി ഒരു കിലോഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ പോത്തുകൾക്ക് നൽകിയാൽ മതി. കൃഷിയിടത്തോട് ചേര്‍ന്ന് തെങ്ങ്, കവുങ്ങ്, എണ്ണപ്പന, റബ്ബര്‍ തുടങ്ങിയ തോട്ടങ്ങളും, പാടവും ഉണ്ടെങ്കില്‍ പോത്തിന്‍ കിടാക്കളെ അവിടെ പകല്‍ മുഴുവന്‍ അഴിച്ച് വിട്ട്  വളര്‍ത്താം. നല്ല നോട്ടം നല്‍കി വളര്‍ത്തിയാല്‍  ഒന്നരവയസ്സാവുമ്പോഴേക്ക് മുറ സങ്കരയിനം പോത്തിന്‍ കുട്ടികള്‍ 300-350 കിലോഗ്രാം തൂക്കം കൈവരിക്കും. ഈ ഘട്ടത്തില്‍ ഇവയെ മാംസവിപണിയില്‍ എത്തിച്ചാൽ സംരംഭകന് ആദായമുണ്ടാക്കാം.

നാളെ: സമ്മിശ്രകൃഷിയിടത്തിൽ കോഴി, കാട വളർത്തൽ

English summary: Doubling of Farmer''s Income through Livestock Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com