പശുക്കളുടെ ജീവനെടുത്ത പകർച്ചവ്യാധി; ഒടുവിൽ ചർമമുഴ രോഗം തടയാൻ ഇന്ത്യയുടെ വാക്സീൻ

HIGHLIGHTS
  • പശുക്കളിൽ രാജ്യത്തെ ആദ്യ ലംപി സ്കിൻ രോഗബാധ ഒഡീഷയിൽ
  • രോഗം പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല
lumpy-skin-disease
ചർമമുഴ രോഗം ബാധിച്ച പശു
SHARE

ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി രാജ്യത്തെ ക്ഷീരമേഖലയിൽ കനത്ത വെല്ലുവിളിയുയർത്തുന്ന രോഗമാണ് ലംപി സ്‌കിൻ ഡിസീസ് (Lumpy skin disease/LSD) അഥവാ ചർമമുഴ രോഗം.  കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ  എല്‍എസ്‌ഡി (Lumpy Skin disease- LSD virus) വൈറസുകളാണ് രോഗകാരണം.

പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിനു കാരണമാവുന്ന ചർമമുഴ രോഗം ക്ഷീരമേഖലയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. കോവിഡ് മഹാമാരിക്കൊപ്പം തന്നെ പടർന്ന ലംപി സ്‌കിൻ ഡിസീസ് കർഷകർക്ക് ഉണ്ടാക്കിയ തൊഴിൽനഷ്ടവും സാമ്പത്തികനഷ്ടവും ഏറെ.  മനുഷ്യരിലേക്ക് പകർന്നതായി ഇതുവരെ റിപ്പോർട്ടുകളില്ലെങ്കിലും  എരുമകളെയും ഒട്ടകങ്ങളെയും കുതിരകളെയും വരെ വൈറസ് ബാധിച്ചു.

ക്ഷീരസമ്പത്തിന് കനത്തപ്രഹരമേൽപ്പിച്ച വൈറസ് രോഗത്തെ തടയാൻ ഒടുവിൽ വാക്സീൻ വികസിപ്പിച്ചിരിക്കുകയാണ് രാജ്യം. ലംപി പ്രോ വാക് ( ഇന്ത്യ) / Lumpi-ProVac-Ind എന്ന് പേരിട്ട വാക്സീൻ ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ വെറ്ററിനറി കൾച്ചർ, ഹിസാർ, ഹരിയാനയിലെയും ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബറേലിയിലേയും ശാസ്ത്രജ്ഞരാണ് ക്ഷീരമേഖലയ്ക്ക് ആശ്വാസമാവുന്ന ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.

lumpi-pro-vac-vaccine
ചർമമുഴ രോഗത്തിനെതിരായ വാക്സീൻ പുറത്തിറക്കുന്നു

ലംപി പ്രോവാക്: ക്ഷീരമേഖലയ്ക്കാശ്വാസം

2019ൽ ഒഡീഷയിലായിരുന്നു പശുക്കളിൽ രാജ്യത്തെ ആദ്യ ലംപി സ്കിൻ രോഗബാധ കണ്ടെത്തിയത്. തുടർന്ന് കേരളമുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വലിയ രീതിയിൽ രോഗവ്യാപനമുണ്ടായി. തുടക്കത്തിൽ രോഗം ബാധിച്ച് പശുക്കൾ മരണപ്പെടുന്നത് കുറവായിരുന്നെങ്കിൽ ഈ വർഷം രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ചർമമുഴ വ്യാപനത്തിൽ ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് പശുക്കളാണ്. ഇപ്പോഴും ഈ പ്രദേശങ്ങളിൽ രോഗം പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല. 

ചർമ മുഴ രോഗം കൂടുതൽ കരുത്താർജിച്ചു പടരുന്ന ഘട്ടത്തിലാണ് വൈറസിനെ പിടിച്ചുകെട്ടാൻ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ചർമമുഴ പ്രതിരോധ വാക്സീനെത്തുന്നത്. 

ആടുകളിലെയും ചെമ്മരിയാടുകളിലേയും വസൂരി രോഗം തടയാൻ നൽകുന്ന ഗോട്ട് പോക്സ്, ഷീപ്പ് പോക്സ് വാക്സീനുകളാണ് നിലവിൽ പശുക്കളിൽ ചർമമുഴ പ്രതിരോധ  കുത്തിവയ്‌പിനായി ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഒരു പരിധി വരെ പശുക്കളിൽ ചർമമുഴ രോഗത്തെ തടയാൻ ഈ വാക്സീനുകൾക്ക് കഴിയുമെങ്കിലും പൂർണ പ്രതിരോധശേഷി നൽകാൻ ഈ വാക്സീനുകൾക്ക് സാധിച്ചിരുന്നില്ല. ഈയൊരു പ്രശ്നത്തിനാണ് പശുക്കൾക്ക് മാത്രമായി വികസിപ്പിച്ച ലംപി പ്രോവാക് വാക്സീന്റെ വരവോടെ പരിഹാരമാകുന്നത്.

രോഗം ബാധിച്ച പശുവിൽനിന്ന് ശേഖരിച്ച വൈറസുകൾക്ക് സെൽ കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് വീര്യം കുറച്ച് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ലംപി പ്രോവാക് ഉൽപാദനം. ഒറ്റത്തവണ കുത്തിവയ്പിലൂടെ ഒരു വർഷം വരെ പ്രതിരോധ ശക്തി നൽകാൻ വാക്സീന് സാധിക്കും. ലംപി പ്രോവാക് വാക്സിന്റെ വിപുലമായ ഉൽപ്പാദനത്തിനും വിതരണത്തിനും സംവിധാനങ്ങൾ ഒരുക്കുന്നതോടെ അധികം താമസിക്കാതെ വാക്സീൻ കർഷകരിലേക്കെത്തും.

English summary: ICAR develops vaccine for Lumpy Skin Disease in cattle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}