ADVERTISEMENT

ജാതി മരങ്ങൾ പൊൻമുട്ട ഇടുന്ന താറാവുകളോ? ഭാഗം 2

  • എങ്ങനുള്ള മരങ്ങളാണ് നടാൻ തിരഞ്ഞെടുക്കുക?

90- 100 കായ്കൾക്ക് 1 കിലോ തൂക്കം കിട്ടുന്നതും 400- 450 പത്രിക്ക് എങ്കിലും 1 കിലോ ഉണക്ക പത്രി കിട്ടുന്ന ഇനങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ഒരിക്കലും മഴക്കാലത്ത് (തുടർച്ചയായി മഴ പെയ്തു കൊണ്ടിരിക്കുന്ന കാലത്ത്) മരങ്ങളിലെ കായുടെയും പത്രിയുടെയും വലുപ്പം കണ്ട് ഇതാണ് ഏറ്റവും നല്ല ഇനം എന്നു വിലയിരുത്താൻ പറ്റില്ല. വെള്ളം കുടിച്ച് വീർത്തിരിക്കുന്ന കായ്കളും പത്രിയുമാണവ, ഉണങ്ങുമ്പോൾ കായ്കൾ ചെറുതാകും, പത്രിക്ക് തൂക്കവും ഉണ്ടാകില്ല. 10 ദിവസമെങ്കിലും മഴ മാറിനിൽക്കുന്ന സമയത്തു വേണം മാതൃചെടി തിരഞ്ഞെടുക്കാൻ. പച്ച കായ്കൾ ഉണങ്ങിയാൽ 73-75 ശതമാനം ഉണക്കും, പത്രി ഉണങ്ങുമ്പോൾ 42-46 ശതമാനം ഉണക്കും കിട്ടണം.

മാർക്കറ്റിൽ കായ്കൾ ഗ്രേഡ് തിരിക്കാറുണ്ട്. 80 കായിൽ താഴെ ഒന്നാം തരം. 80 - 100 രണ്ടാം തരം. 100-120 മൂന്നാം തരം. 120ന് മുകളിൽ നാലാംതരം. ചെറിയ കായ്കൾ ഉണ്ടാകുന്ന മരങ്ങളിലാണ് ഏറ്റവും കൂടുതൽ കായ്കൾ ഉണ്ടാകുക. മരം നിറയെ കായ്ച്ച് നിൽക്കുന്നത് കാണുമ്പോൾ ജാതി ഒരിക്കലും നടില്ല എന്നു പറഞ്ഞവൻ വരെ ജാതിമരങ്ങൾ നട്ടു പോകും. ഒന്നാം തരം മരങ്ങളിൽ ( 80 കായിൽ താഴെ 1 കിലോ) കായ്കൾ കുറവായിരിക്കും. കായ്കൾ കാണാൻ നല്ല തുടിപ്പും, തൂക്കവും ഉണ്ടാകും, വിളവെടുപ്പ് കാര്യങ്ങൾ എളുപ്പവുമാണ്. പക്ഷേ ആ മരങ്ങൾ ഒന്നും നടാൻ കൊള്ളില്ല. ശശാശരി ഉൽപാദനം അങ്ങനുള്ള മരത്തിൽ ഉണ്ടാകില്ല എന്നതാണ് സത്യം.

വളപ്രയോഗം

ജൈവവളങ്ങൾ ധാരാളം ചെടിക്കു നൽകണം. കൂട്ടത്തിൽ കായ്ക്കുന്ന മരങ്ങൾക്ക് 2 മാസം കൂടുമ്പോൾ നിർബന്ധമായും രാസവളങ്ങൾ നൽകേണ്ടതാണ്. ജൈവവളമായും, രാസവളത്തിലൂടെയും നൈട്രജൻ വളങ്ങൾ മാത്രമായി കൂടുതലായി ചെടിക്കു ലഭിക്കുമ്പോൾ ചെടി നല്ല കൊഴുപ്പിൽ നിൽക്കുമെങ്കിലും പൂക്കൾ ഉണ്ടാകാനുള്ള സാധ്യത കുറയും. നൈട്രജൻ വളങ്ങൾ മാത്രം കൊടുത്ത് വളർത്തുന്ന ചെടിയിലെ കായ്കൾക്ക് അസാമാന്യ വലുപ്പം ഉണ്ടാകുമെങ്കിലും തൂക്കം ഉണ്ടാകില്ല. ഫോസ്ഫറസ് വളങ്ങൾ ആവശ്യത്തിന് ഉണ്ടെങ്കിൽ മാത്രമേ ചെടിയുടെ വേരോട്ടം ശരിയാകൂ. നല്ല രീതിയിൽ ചെടി പുഷ്പിക്കാൻ ഫോസ്ഫറസ് ആവശ്യമാണ്. പൊട്ടാസ്യം ആവശ്യത്തിന് ലഭ്യമായങ്കിൽ മാത്രമേ നന്നായി കായ് പിടുത്തം ഉണ്ടാകൂ. ചെടിക്ക് പ്രതിരോധശേഷിയും, കായിൽ കാമ്പിന് ഉറപ്പും തൂക്കവും ഉണ്ടാകണമെങ്കിൽ പൊട്ടാസ്യം ആവശ്യമാണ്. ചെടിക്ക് ആവശ്യത്തിനു പൊട്ടാസ്യം  ചെന്നില്ലങ്കിൽ കായ് പൊഴിച്ചിൽ ഉണ്ടാകും.

ജാതിക്ക് ചാണകം, കോഴിവളം, ആട്ടിൻ കാഷ്ഠം പോലുള്ള ജൈവവളങ്ങൾ ആവശ്യത്തിന് നൽകി, മണ്ണ് ലാബിൽ പരിശോധന നടത്തി ആവശ്യമുള്ള NPK, മറ്റു പോഷകങ്ങൾ എന്നിവയും, നല്ല രീതിയിൽ ജലസേചനവും നൽകിയാൽ ജാതിമരങ്ങൾ കുലകുത്തി കായ്ക്കും. നല്ല തൂക്കമുള്ള കായ്കളും പത്രിയും ലഭിക്കും.

20 വർഷത്തിലധികം പ്രായമുള്ള നാൽപത്തഞ്ചോളം ജാതിമരങ്ങൾ ചുവടെ പറിച്ചെടുത്ത് നോക്കിയ അനുഭവത്തിലൂടെ തന്നെ പറയുകയാണ് 6 മാസത്തിൽ കൂടുതൽ പോളീത്തിൽ കവറിൽ വളർത്തിയ നാടൻ /കാടൻ ജാതി തൈകൾ തോട്ടത്തിൽ നടാൻ കൊള്ളില്ല. കൂടയുടെ അടിയിൽ തായ് വേര് ചുരുണ്ടു കൂടും. അതിനാൽ തോട്ടത്തിലേക്കു നടുമ്പോൾ തായ് വേര് വളരാതെ ചുരുണ്ടു നിൽക്കുന്നതിനാൽ മരം വളർന്നാൽ കാറ്റത്ത് മറിഞ്ഞ് വീഴും.

  • രോഗങ്ങൾ

വേരിന്/തണ്ടിന് ചെറിയ മുറിവു പറ്റിയാൽ തന്നെ മരുന്നു പ്രയോഗം നടത്തിയില്ലെങ്കിൽ രോഗങ്ങളുടെ കൂടാരമാണ് ജാതി മരങ്ങൾ. ഷെയ്ഡ് ഉള്ളടിത്ത് രോഗങ്ങൾ അതിവേഗം പടരും. ഇല കരിച്ചിൽ കായ്ചീയൽ ഇലപ്പുള്ളി വന്ന് ഇലപൊഴിയൽ എന്ന ആന്ത്രാക്നോസ്, കമ്പുണക്കം, മുടിനാരുകരിച്ചിൽ, മഴക്കാലത്ത് കാണുന്ന ഇലകൊഴിയൽ, കായ്കൾ കറുപ്പ് നിറം ബാധിച്ചു കൊഴിയുക, തടി പൊട്ടിയൊലിക്കുന്ന ചെന്നീരൊലിപ്പ്, വേരു ചീയൽ, തായ് തടിക്ക് വിരിച്ചിൽ / പൊട്ടൽ വന്ന് കറ വരികയും അവിടങ്ങളിൽ കൂണുകൾ ഉണ്ടാകുകയും ചെയ്യുന്ന ഗാനോഡെർമ, ഇലകളിലെ കരിം പൂപ്പൽ വന്ന് ഇലകൊഴിയുക, ആൽഗൽ റെസ്റ്റ്, പിന്നെ തണ്ട് തുരപ്പൻ, ശൽക കീടങ്ങൾ അങ്ങനെ രോഗങ്ങളുടെ കൂടാരമാണ് ജാതി മരങ്ങൾ. എല്ലാ രോഗങ്ങൾക്കും ചെമ്പ് കലർന്ന കുമിൾനാശിനികളാണ് പ്രയോജനപ്രദം. കീടങ്ങൾക്ക് കീടനാശിനിയും ആവശ്യമെങ്കിൽ പ്രയോഗിക്കണം. 

മഴ ഇല്ലാത്ത കാലാവസ്ഥയിൽ ജലസേചനം നൽകാൻ പറ്റില്ലെങ്കിൽ ജാതി നടാതിരിക്കുന്നതാണ് നല്ലത്. ചെടിയുടെ വളർച്ചയ്ക്കും, കായ്കളുടെ ഉൽപാദനത്തിനും, തുടർന്ന് കായ്കളുടെ വളർച്ചയ്ക്കും ജലം അത്യാവശ്യമാണ്. 

ജാതിത്തോട്ടത്തിലെ വരുമാനം ആപേഷികമാണ്. 15 വർഷം കഴിഞ്ഞ, 20 അടിയിൽ കൂടുതൽ ഉയരത്തിൽ വളർന്ന മരങ്ങളിൽനിന്ന് കായ്കൾ പറിച്ചെടുക്കുക എന്നത് പ്രയോഗികമല്ല. മരത്തിൽ കയറി പറിക്കുക എന്നത് വളരെയേറെ ചെലവു കൂടുതലാണ്. തൊഴിലാളികളെ കൂട്ടാതെ സ്വന്തമായി ചെയ്താൽ കിട്ടുന്നതൊക്കെ ലാഭം. കായ്കൾ തോട്ടി എത്തുന്നിടത്തോളം ഉയരത്തിൽ പറിക്കുകയും, എല്ലാ ദിവസവും ചുവട്ടിൽനിന്ന് പെറുക്കി എടുക്കുകയും ചെയ്താൽ ജാതിക്കൃഷിയുമായി മുന്നോട്ടു പോകാം. 

ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന തൈകൾ മുഴുവൻ വളർന്ന് കായിച്ചാൽ വരുന്ന അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ജാതി വെട്ടി മറ്റു കൃഷിയിലേക്കു മാറേണ്ടതായി തന്നെ വരും.

English summary: Nutmeg cultivation and profit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com