വീട്ടുമുറ്റത്തുണ്ടാക്കാം ന്യൂട്രിയന്റ് ബോംബ്; വിറ്റു വരുമാനവുമുണ്ടാക്കാം, വഴി ഇങ്ങനെ

HIGHLIGHTS
  • ഒത്തിരി വരുമാനം നേടിത്തരും ലാഭപക്ഷികൾ
  • കാടകൾക്ക് രോഗങ്ങൾ പിടിപെടുന്നത് പൊതുവെ കുറവാണ്
quail-farming
SHARE

ആരംഭിക്കാം പുരയിടത്തിൽ ഒരു സമ്മിശ്ര മൃഗപരിപാലന സംരംഭം – ഭാഗം 3

ആയിരം കോഴിക്ക് അരക്കാടയെന്ന് പഴമൊഴി വെറുംവാക്കല്ല. ഇറച്ചിയുടെയും മുട്ടയുടെയും മേന്മയില്‍ എപ്പോഴും ഒരു പടി മുന്നിലാണ് കാടകള്‍. ഇത്തിരിമുട്ടയെങ്കിലും പോഷകസമൃദ്ധയിൽ മുന്നിലായതിനാൽ കാടമുട്ട അറിയപ്പെടുന്നത് തന്നെ ന്യൂട്രിയന്റ് ബോംബ് എന്ന ഓമനപ്പേരിലാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ ഏറ്റവും ലളിതമായ പരിപാലനമുറകള്‍ സ്വീകരിച്ച് വേഗത്തില്‍ വരുമാനമുണ്ടാക്കാവുന്ന ഒരു മൃഗസംരക്ഷണസംരംഭം കൂടിയാണ് കാടവളര്‍ത്തല്‍. 

ഇത്തിരിപക്ഷികളെങ്കിലും സംരംഭകസാധ്യതകളേറെ, ഇറച്ചിക്കാടകളെയും മുട്ടക്കാടകളെയും പ്രത്യേകം പ്രത്യേകം വളർത്തിയും കാടമുട്ടയും ഇറച്ചിയും ഉപയോഗിച്ച് വൈവിധ്യങ്ങളായ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിച്ചും കാടമുട്ടകൾ വിരിയിപ്പിക്കുന്ന ഹാച്ചറികൾ നടത്തിയും കാടകുഞ്ഞുങ്ങളെ വിപണിയിൽ എത്തിക്കുന്ന നഴ്സറികൾ നടത്തിയുമെല്ലാം ആദായമുണ്ടാക്കുന്ന സംരംഭകർ ഇന്ന് കേരളത്തിലുണ്ട്. ഇത്തിരി പക്ഷികളാണെങ്കിലും വിവിധ സംരംഭകസാധ്യതകൾ തുറക്കുന്നതും ഒത്തിരി വരുമാനം നേടിത്തരുന്നതുമായ  ലാഭപക്ഷികളാണ് കാടകൾ എന്ന് ചുരുക്കം.

കൂടുതൽ എണ്ണം കാടകളെ വളർത്താൻ വേണ്ട കുറഞ്ഞ സ്ഥല ആവശ്യകത, കുറഞ്ഞ അധ്വാനഭാരം, തീറ്റകൾ, മരുന്നുകൾ ഉൾപ്പെടെ പരിമിതമായ പരിപാലനച്ചെലവ് എന്നിവയെല്ലാമാണ് കാടവളർത്തലിന്റെ ആകർഷണങ്ങൾ. ഒരു കോഴിയെ വളര്‍ത്താന്‍ ആവശ്യമായ സ്ഥലത്ത് 5-6 കാടകളെ സുഖമായി വളര്‍ത്താം. ദിവസം 25-30 ഗ്രാം തീറ്റ മാത്രമാണ് ഒരു കാടയ്ക്ക് വേണ്ടത്. കാടകളുടെ കുറഞ്ഞ രോഗനിരക്കും ഉയർന്ന രോഗപ്രതിരോധശേഷിയും കാലാവസ്ഥാ അതിജീവനശേഷിയും സംരംഭത്തിന്റെ കുറഞ്ഞ നഷ്ടസാധ്യതയുമെല്ലാം കാടവളര്‍ത്തൽ സംരംഭത്തിന്റെ നേട്ടങ്ങളാണ്. ഒട്ടേറെ ഇനം വളർത്തുകാടകൾ ഉണ്ടെങ്കിലും ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്ന ജപ്പാൻ കാടകളാണ് ഏറെ ജനപ്രിയം. ഇറച്ചിക്കും ( ബ്രോയിലർ) മുട്ടയ്ക്കുമായി (ലയെർ) പ്രത്യേകം പ്രത്യേകം  ഉരുത്തിരിച്ചെടുത്ത സങ്കരയിനം  കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. ഉദാഹരണത്തിന് തമിഴ്‌നാട് വെറ്ററിനറി സർവകലാശാല വികസിപ്പിച്ച നാമക്കൽ ഇനം കാടകൾ മാംസോൽപാദനത്തിനാണ് പ്രശസ്തം, മാനുവൽ ഹാച്ചറി വികസിപ്പിച്ച M.L.Q-2 കാടകൾ മുട്ടയുൽപാദനത്തിന് അനുയോജ്യമാണ്.

6 - 7 ആഴ്ച പ്രായമെത്തുമ്പോൾ തന്നെ കാടകൾ മുട്ടയിടാൻ ആരംഭിക്കുമെന്ന് മാത്രമല്ല വർഷത്തിൽ മുന്നൂറോളം മുട്ടകൾ കിട്ടുകയും ചെയ്യും. ഇറച്ചിക്കാടകളെ 5-6 പ്രായമെത്തുമ്പോൾ വിപണിയിൽ എത്തിക്കാം. പുരയിടത്തിലെ സമ്മിശ്രമൃഗപരിപാലനസംരംഭങ്ങളിൽ 100 മുതല്‍ 500 കാടകളെ വരെ ഏറ്റവും എളുപ്പത്തില്‍ വളര്‍ത്താം. മുട്ടയുൽപ്പാദനം ആണ് ലക്ഷ്യമെങ്കിൽ   മൂന്ന് - നാലാഴ്ച പ്രായമെത്തിയ കാട കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. ഒരു ദിവസം പ്രായമുള്ള കാടകുഞ്ഞുങ്ങളെയും വിപണിയിൽ ലഭിക്കുമെങ്കിലും ഇവയ്ക്ക് ആവശ്യമായ ബ്രൂഡിങ് ക്രമീകരണങ്ങൾ ഒരുക്കേണ്ടതും ആൺകാടകളെ പരിപാലിക്കേണ്ടിവരുന്നതും സംരംഭകന് അധിക ചിലവാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ഫാമുകളില്‍ നിന്നോ സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ മികച്ച കാടക്കുഞ്ഞുങ്ങളെ ലഭിക്കും.  

quail-farming-3

കാടകൾക്ക് കൂടൊരുക്കുമ്പോൾ

വീടിന്റെ ചായ്പിലോ, ഓട്, ഓല, അലുമിനിയം ഷീറ്റ് എന്നിവ മേല്‍ക്കൂരയായി നിര്‍മിച്ച്  പ്രത്യേകം ഷെഡ്ഡ് ഉണ്ടാക്കി മുറ്റത്തോ, മട്ടുപ്പാവിലോ കാട വളര്‍ത്താം. ശുദ്ധജലലഭ്യതയും വൈദ്യുതിലഭ്യതയും ഉള്ള സ്ഥലമാണ് ഷെഡ്ഡ് നിർമിക്കാൻ തിരഞ്ഞെടുക്കേണ്ടത്. ഷെഡിന്റെ നീളം കൂടിയ വശം കിഴക്കുപടിഞ്ഞാറു ദിശയിൽ ആകുന്നതാണ് അഭികാമ്യം. മേല്‍ക്കൂര അലൂമിനിയം ഷീറ്റുകൊണ്ടാണെങ്കില്‍ മേല്‍ക്കൂരയ്ക്ക് കീഴേ ഓലകൊണ്ടോ, ഗ്രീന്‍ നെറ്റുകൊണ്ടോ ഒരു അടിക്കൂര ഒരുക്കിയാല്‍  ഉഷ്‌ണസമ്മര്‍ദ്ദം കുറയ്ക്കാം. കമ്പികൊണ്ടുള്ള  ചെറിയ കൂടുകളിലാക്കിയോ കോൺക്രീറ്റ് തറയിൽ അറക്കപ്പൊടിയോ ചിന്തേരു പൊടിയോ വിരിച്ച് ഡീപ്പ് ലിറ്റർ വിരിപ്പ് രീതിയിൽ ഷെഡിനുള്ളിൽ തുറന്നുവിട്ടോ ഇറച്ചിക്കാടകളെ വളർത്താം. മുട്ടക്കാടകളെ കമ്പിവലകൊണ്ട്  പ്രത്യേകം തയാറാക്കിയ കൂടുകള്‍ ഒന്നിനു മുകളില്‍ ഒന്നായോ കോണിപ്പടിയുടെ മാതൃകയിലോ  ക്രമീകരിച്ച് കോളനി കേജ്‌ രീതിൽ വളര്‍ത്തുന്നതാണ് അഭികാമ്യം. മുട്ടകൾ ലിറ്ററിനുള്ളിൽ ഒളിപ്പിക്കുന്നത് കാടകളുടെ സഹജസ്വഭാവമായതിനാൽ വിരിപ്പ് രീതി മുട്ടക്കാടകൾക്ക് അനിയോജ്യമല്ല. കുറഞ്ഞ സ്ഥലത്ത് കൂടുതൽ എണ്ണത്തെ വളർത്താനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പറക്കുന്നത് മൂലമുള്ള ഊർജനഷ്ടം ഒഴിവാക്കാനും കേജ്‌ രീതി സഹായിക്കും. കൂടുകള്‍ തട്ടുകളായാണ് ക്രമീകരിക്കുന്നതെങ്കില്‍ തട്ടുകളുടെ എണ്ണം നാലില്‍ കൂടാതിരിക്കണം.

ഒരു കാടയ്ക്ക് നിൽക്കാൻ കൂട്ടിൽ 150 - 200 ച.സെമീ. തറസ്ഥലം മതി. അതായത് ഒരു ചതുരശ്രയടി സ്ഥലത്ത് 5 - 6 മുതിർന്ന കാടകളെ വരെ പാർപ്പിക്കാം. 4 അടി നീളവും 2.5 അടി വീതിയും ഒരടി ഉയരവും ഉള്ള 10 ചതുരശ്രയടി വിസ്തീർണ്ണമുള്ള കൂട്ടിൽ 50 കാടകളെയും 7 അടി നീളവും 3 അടി വീതിയും, ഒരടി ഉയരവും ഉള്ള 21 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു കൂട്ടില്‍ 100 - 105 മുട്ടക്കാടകളെയും പാർപ്പിക്കാം. ഇരുമ്പ് അല്ലെങ്കിൽ തെങ്ങിന്റെയോ കമുകിന്റെയോ തടി കൊണ്ടുള്ള ഫ്രെയ്മിൽ കമ്പിവല ഉപയോഗിച്ച് കൂടുകൾ തയാറാക്കാം. അടിവശത്ത്  അരയിഞ്ച് (1.25 cm ) സമചതുരത്തിലുള്ളതും വശങ്ങളും  മുകള്‍ ഭാഗവും 3*1 (7.5 cm * 2.5 cm ) ഇഞ്ച് ചതുരത്തിലുള്ളതുമായ കമ്പിവല/ ഫൈബർ വല ഉപയോഗിച്ചാണ്  കൂട് ഒരുക്കേണ്ടത്. 

തീറ്റ നൽകുന്നതിനായി  4 ഇഞ്ചും, കുടിവെള്ളത്തിനായി 3 ഇഞ്ചും വ്യാസമുള്ള നെടുകെ പകുതിയായി പിളര്‍ന്ന  പി.വി.സി. പൈപ്പ് കഷ്ണങ്ങൾ  രണ്ടറ്റവും അടച്ച് കൂടിന്റെ പുറത്ത് വശങ്ങളില്‍  ക്രമീകരിക്കാം. കുടിവെള്ളത്തിന് ഓട്ടോമാറ്റിക് നിപ്പിൾ ഡ്രിങ്കിങ് സംവിധാനവും ക്രമീകരിക്കാം. രണ്ട് തട്ടുകള്‍ക്കിടയില്‍ 6-8 ഇഞ്ച് സ്ഥലം നല്‍കുന്നതിനൊപ്പം കാഷ്ടം ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് ട്രേയും ക്രമീകരിക്കണം. കാഷ്ടം ശേഖരിക്കുന്നതിനായി കൂടിനടിയില്‍  ക്രമീകരിക്കുന്ന ട്രേയിൽ അറക്കപ്പൊടിയോ ചിന്തേരു പൊടിയോ വിതറുന്നത് വൃത്തിയാക്കല്‍ എളുപ്പമാക്കുകയും നല്ല ജൈവവളം ലഭ്യമാക്കുകയും ചെയ്യും. എഗ്ഗ് ചാനൽ, നിപ്പിൾ ഡ്രിങ്കർ തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ക്രമീകരിച്ച ജി ഐ പൈപ്പിൽ പണിതീർത്ത റെഡിമെയ്‌ഡ്‌ ഹൈടെക് കാട കൂടുകളും ഇന്ന് വിപണിയിൽ സുലഭമാണ്. ഈ കൂടുകൾ വാങ്ങാൻ അൽപം ചെലവേറുമെങ്കിലും ദീർഘനാൾ നിലനിൽക്കുമെന്നതിനാലും പരിപാലനം എളുപ്പമാക്കുന്നെന്നതിനാലും സംരംഭകന് പൊതുവെ ഗുണകരമാണ്. അധിക ശബ്ദങ്ങൾ ഒന്നുമില്ലാത്ത ശാന്തമായ സ്ഥലങ്ങളിൽ വേണം കാടകൾക്ക് കൂടൊരുക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

quail-farming-2

കാടയുടെ തീറ്റയൊരുക്കുമ്പോൾ

കാടവളർത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്ക് വേണ്ടിയാണ്. കാടകള്‍ക്ക് പ്രത്യേകമായുള്ള സ്റ്റാര്‍ട്ടര്‍ (0-3 അഴ്ച പ്രായം ),  ഗ്രോവര്‍ (3-6 ആഴ്ച പ്രായത്തിൽ ), ലയര്‍ (6 ആഴ്ചയ്ക്ക് മുകളില്‍) തീറ്റകള്‍ വിപണിയിലുണ്ട്. ഇവ ലഭ്യമല്ലെങ്കില്‍ ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ അഴ്ചവരെ കാടകള്‍ക്ക് നല്‍കാം. മുടക്കമില്ലാതെ മുട്ട കിട്ടണമെങ്കിൽ വിപണിയിൽ ലഭ്യമായ മുട്ടത്തീറ്റ/ ലയർ തീറ്റ ഒരു കാടയ്ക്ക് 25-30 ഗ്രാം എന്ന അളവിൽ ആറാഴ്ച പ്രായമെത്തിയത് മുതൽ നിത്യവും നൽകണം. കാടകളുടെ ലയര്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപൊടിച്ചത് ചേര്‍ത്ത് മുട്ടക്കാടകളുടെ തീറ്റ തയാറാക്കാം. 50 കിലോ ബ്രോയിലര്‍ സ്റ്റാർട്ടർ തീറ്റയില്‍ 3 കിലോ കക്കപ്പൊടി ചേർത്ത് തീറ്റ തയ്യാറാക്കാം. 52 - 54 ആഴ്ച വരെയുള്ള മുട്ടയുൽപ്പാദനകാലയളവിൽ ഏകദേശം 8 - 9 കിലോ മുട്ടത്തീറ്റ ഒരു കാട കഴിക്കും. ഒരു കിലോ കാടത്തീറ്റക്ക് ഇന്ന് വിപണിയിൽ  30-32 രൂപയോളം വിലയുണ്ട് (ഇറച്ചിക്കോഴിത്തീറ്റ ഉപയോഗിച്ചാൽ ചെലവ് ഉയരുകയും ചെയ്യും). ഇതിൽ നിന്നും ചെലവിന്റെ ഏകദേശ കണക്ക് മനസ്സിലാക്കാമല്ലോ.

ലയർ തീറ്റക്കൊപ്പം കുറഞ്ഞ അളവിൽ ഗുണമേന്മയുള്ള തീറ്റപ്പുല്ലും പച്ചിലകളും അസോളയും അരിഞ്ഞിട്ട് നൽകിയാൽ കാടകൾ ഹാപ്പി. തീറ്റയില്‍ കക്കപ്പൊടിയോ കണവനാക്കോ ചേര്‍ത്ത് നല്‍കുന്നതും  മുട്ടക്കാടകളുടെ ഉല്‍പ്പാദനം കൂട്ടാന്‍ സഹായിക്കും. ജീവകം എ, ഡി, കാത്സ്യം, ഫോസ്‌ഫറസ്‌ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ധാതുജീവക മിശ്രിതങ്ങളും കാടകൾക്ക് നൽകാം. ഒപ്പം ശുദ്ധജലം 24 മണിക്കൂറും കൂട്ടില്‍ ഉറപ്പാക്കണം. കാടകളുടെ മുട്ടയുൽപ്പാദനത്തിന് സമീകൃതത്തീറ്റ മാത്രം നൽകിയാൽ പോര, ഒപ്പം വെളിച്ചവും ആവശ്യമുണ്ട്. മുടക്കമില്ലാതെ മുട്ടയിടാൻ 12 മണിക്കൂർ പകൽ വെളിച്ചം ഉൾപ്പെടെ 14-16 മണിക്കൂർ വെളിച്ചം ദിവസം കാടകൾക്ക് വേണ്ടുണ്ട്. ഇതിനായി ഷെഡ്ഡില്‍ സി എഫ് എൽ ലൈറ്റുകൾ ക്രമീകരിക്കണം. കൃത്രിമവെളിച്ചം നൽകുന്ന സമയം അധികമായാലും അപകടമാണ്. ഇത്  കാടകൾ തമ്മിലുള്ള കൊത്തുകൂടൽ അധികരിക്കുന്നതിനിടയാക്കും എന്ന കാര്യം ഓർക്കണം.

quail-farming-1

കൊത്തുമുട്ടകളുടെ ഉൽപ്പാദനവും മുട്ടവിരിയിക്കലും  

ആറാഴ്ച പ്രായമെത്തുമ്പോൾ കാടകൾ മുട്ടയിടൽ ആരംഭിക്കും.  52 - 54 ആഴ്ച പ്രായം / ഒരു വർഷം  വരെ  കാടകൾ  മുട്ടയിടുമെങ്കിലും ഏറ്റവും  ലാഭകരമായ മുട്ടയുൽപാദനകാലം 8 മുതൽ 25 ആഴ്ച  വരെയുള്ള കാലയളവാണ്. കുഞ്ഞുങ്ങളെ വിരിയിപ്പിക്കുന്നതിനായി കൊത്തുമുട്ടകൾ ഉൽപാദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ 4  പിടക്കാടകൾക്ക് 1 പൂവൻ കാട എന്ന അനുപാതത്തിൽ വളർത്തണം. മുട്ടയിടാൻ തുടങ്ങിയതിന് മൂന്നാഴ്ചകൾക്ക് ശേഷം അതായത് ഒൻപത് ആഴ്ച പ്രായമെത്തുമ്പോൾ ആൺ കാടകളെ പെൺകാടകൾക്കൊപ്പം വിടാം. തുടർന്ന് അഞ്ച് ദിവസത്തിന് ശേഷം കൊത്തുമുട്ടകൾ ശേഖരിച്ച് തുടങ്ങാം.

ഇടയ്ക്ക് പൂവൻ കാടകളെ മാറ്റുന്നുണ്ടെങ്കിൽ മാറ്റിയതിനു ശേഷം മൂന്ന് ദിവസം വരെ ശേഖരിക്കുന്ന മുട്ടകൾ കൊത്തുമുട്ടകളായി ഉപയോഗിക്കാം. ഈ രീതികളിൽ 10 മുതൽ 25  ആഴ്ച വരെ പ്രായമുള്ള കാടകളിൽ നിന്നും ലഭിക്കുന്ന മുട്ടകൾ വിരിയിപ്പിക്കാൻ ഏറ്റവും ഉത്തമമാണ്. ഈ മുട്ടകൾക്ക് വിരിയൽ നിരക്ക്  കൂടുതലായിരിക്കും. 

ശേഖരിക്കുന്ന മുട്ടകൾ 13 ഡിഗ്രി സെൽഷ്യസ് താപനിലയും  75 ശതമാനം ഈർപ്പവുമുള്ള മുറിയിൽ വേണം സൂക്ഷിക്കാൻ. കാടകൾ അടയിരിക്കാത്തതിനാൽ മുട്ട വിരിയിപ്പിക്കാൻ പൊരുന്നുകോഴികളെയോ ഇൻക്യൂബേറ്ററോ ഉപയോഗിക്കണം. ചെലവ് കുറഞ്ഞ മിനി ഇൻക്യൂബേറ്ററുകൾ ഇന്ന് ലഭ്യമാണ്. കാടമുട്ടകൾ വിരിയാൻ 18 ദിവസങ്ങൾ മതി. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ മൂന്നാഴ്ച കൃത്രിമ ചൂട് നൽകുന്നതിനായി ലിറ്ററിലോ കേജുകളിലോ ബ്രൂഡിങ് സംവിധാനം ക്രമീകരിക്കണം.  ആദ്യ ആഴ്ചകളിൽ 37 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ബ്രൂഡറിനുള്ളിൽ വേണ്ടത്. ഒരു കാടകുഞ്ഞിന് ഒരു വാട്ട് എന്ന കണക്കിൽ  100 കാടക്കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ രണ്ട് ഇൻഫ്രാറെഡ് ബൾബുകൾ മതിയാവും. ലിറ്റർ നനവില്ലാതെ എപ്പോഴും  ഉണങ്ങിയിരിക്കും എന്ന നേട്ടവും  ഇൻഫ്രാറെഡ്  ബൾബുകൾ ഉപയോഗിച്ചാൽ ഉണ്ട്. ഇത് കുഞ്ഞുങ്ങളിലെ ബ്രൂഡർ ന്യുമോണിയ തടയാൻ സഹായിക്കും. ഒരു വർഷം നാലു മുതൽ അഞ്ചു വരെ തലമുറ കാടകളെ ഈ രീതിയിൽ ഒരു മാതൃ പിതൃ സ്റ്റോക്കിൽനിന്നും ഉൽപാദിപ്പിക്കാം.

കാടകളുടെ ആരോഗ്യപാലനം

കോഴികളെ അപേക്ഷിച്ച് കാടകൾക്ക് രോഗങ്ങൾ പിടിപെടുന്നത് പൊതുവെ കുറവാണ്.  എങ്കിലും ഫാമിൽ രോഗപ്രതിരോധ മാർഗങ്ങളും ജൈവസുരക്ഷാരീതികളും സ്വീകരിക്കുന്നതിൽ വീഴ്ചകൾ അരുത്. കൂട്ടിൽ ശുദ്ധജലം ഉറപ്പാക്കാൻ  ശ്രദ്ധിക്കണം. മലിനജലം അകത്തെത്തിയാല്‍ ക്വയിൽ ഡിസീസ് (ക്ലോസ്ട്രീഡിയം കോളിനം),  കോളിബാസില്ലോസിസ് , സാല്‍മണെല്ലോസിസ്, കോക്സിഡിയോസിസ് ( രക്താതിസാരം) അടക്കമുള്ള രോഗങ്ങള്‍ കാടകളെ  ബാധിക്കും. 

തീറ്റയിലെ പൂപ്പല്‍ വിഷബാധ കാടകൾക്ക്  മാരകമാണ്. പൂപ്പലുകൾ പുറന്തള്ളുന്ന അഫ്ലാടോക്സിൻ എന്ന വിഷം മുട്ടയുൽപാദനവും  തീറ്റപരിവർത്തനശേഷിയും വളർച്ചാനിരക്കും കുറയുന്നതിന് കാരണമാവും. മാത്രമല്ല  തീവ്രവിഷബാധയിൽ കാടകളുടെ  അകാലമരണത്തിനും പൂപ്പൽ വിഷം വഴിയൊരുക്കും. ഈര്‍പ്പമേറിയ സാഹചര്യത്തില്‍ തീറ്റയില്‍ പൂപ്പൽ  ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. തീറ്റച്ചാക്കുകള്‍ തണുത്ത കാറ്റടിക്കാത്ത മുറിയില്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍ നിന്ന് ഒന്നരയടി അകലത്തിലും  മാറി മരപലകയുടെയോ ഇരുമ്പ് പലകയുടെയോ  മുകളില്‍ വേണം സൂക്ഷിക്കാന്‍. നനഞ്ഞ കൈ കൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും കാടകൾക്ക് നല്‍കാന്‍ പാടില്ല.‌

വിരിപ്പ്  / ഡീപ്പ് ലിറ്റർ  രീതിയിലാണ് കാടകളെ വളര്‍ത്തുന്നതെങ്കില്‍ തറവിരിപ്പില്‍ ഈര്‍പ്പമുയരാതെയും വിരിപ്പ്  കട്ടകെട്ടാതെയും  ശ്രദ്ധിക്കേണ്ടത്  പ്രധാനമാണ്. വിരിപ്പിൽ ഈർപ്പം ഉയർന്നാൽ കാടകൾക്ക് ന്യുമോണിയയും ശ്വാസകോശരോഗങ്ങളും പിടിപെടാൻ സാധ്യതയേറെയാണ്. മാത്രമല്ല, കോക്സീഡിയ അടക്കമുള്ള  പരാദങ്ങള്‍, ഇ. കോളി ,സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയല്‍ രോഗാണുക്കള്‍ എന്നിവയെല്ലാം നനഞ്ഞതും കട്ടകെട്ടിയതുമായ ലിറ്ററില്‍ സജീവമാകും. ഒരു കൈപ്പിടി ലിറ്റർ എടുത്തു ഉള്ളം കൈയ്യിലിട്ട് അമർത്തി തിരുമ്മുമ്പോൾ കട്ടകെട്ടുന്നുണ്ടെങ്കിൽ അത് അധിക ഈർപ്പം ഉള്ളതിന്റെ തെളിവാണ്. കാടകളുടെ  കാൽപാദങ്ങൾക്ക് അടിയിലും കാൽ വിരലുകൾക്ക് അറ്റത്തും ഉരുള രൂപത്തിൽ പറ്റിപ്പിടിച്ച് നിൽക്കുന്ന ലിറ്റർ അവശിഷ്ടങ്ങൾ ലിറ്ററിൽ ഈർപ്പം ഉയർന്നതിന്റെ സൂചനയാണ്. ലിറ്റർ എപ്പോഴും ഉണക്കമുള്ളതാക്കി സൂക്ഷിക്കണം. കൂട്ടിൽ വെള്ളപ്പാത്രങ്ങൾ വെച്ച സ്ഥലത്തെ നനവ് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളപ്പാത്രങ്ങൾ തുളുമ്പാത്ത വിധം മുക്കാൽ ഭാഗം മാത്രം നിറച്ചുവെക്കാൻ ശ്രദ്ധിക്കണം. തറവിരിപ്പിന്റെ ഒരുഭാഗം മാത്രമാണ് നനഞ്ഞോ കട്ടപിടിച്ചോ ഇരിക്കുന്നതെങ്കിൽ ആ ഭാഗം ഉടന്‍ കോരി മാറ്റി അവിടെ പുതിയ ലിറ്റര്‍ വിരിക്കണം. ഒരു കാരണവശാലും നനഞ്ഞ ലിറ്ററിന് മുകളിൽ ഉണങ്ങിയ ലിറ്റർ നിരത്തരുത്. കർട്ടൻ, ചിലന്തിവലകൾ , കമ്പി അഴികളിൽ തങ്ങി നിൽക്കുന്ന തൂവൽ അടക്കമുള്ള  തടസങ്ങൾ മാറ്റി കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.  സ്ഥലലഭ്യതയനുസരിച്ച്  പാർപ്പിക്കാവുന്നതിലുമധികം കാടകളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കണം. കാടകളിൽ പെട്ടെന്നുള്ള മരണം ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ സമീപിച്ച് പോസ്റ്റുമോർട്ടം അടക്കമുള്ള പരിശോധനകൾ നടത്താനും മരണകാരണം കൃത്യമായി കണ്ടെത്തി രോഗനിവാരണനടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണം.

ഒത്തിരി വരുമാനം നേടിത്തരും ലാഭപക്ഷികൾ

സമീകൃത തീറ്റ നൽകി പരിപാലിച്ചാൽ മികച്ചയിനത്തിൽപ്പെട്ട മുട്ടക്കാടകളിൽ നിന്നും ഒരു വർഷ കാലയളവിൽ  ശരാശരി 10 ഗ്രാം ഭാരമുള്ള  250 - 300 മുട്ടകൾ വരെ കിട്ടും. മുട്ടയൊന്നിന് 2. 5- 3  രൂപ വരെ ചില്ലറവിപണിയിൽ വില ലഭിക്കും. ഔഷധഗുണവും പോഷകസമൃദ്ധവുമായ കാടമുട്ട തേടിയെത്തുന്നവർ ഏറെയുള്ളതിനാൽ വിപണി കണ്ടെത്താൻ ഒട്ടും പ്രയാസമുണ്ടാവില്ല എന്നതുറപ്പാണ്. തീറ്റച്ചെലവും മറ്റ് ആവർത്തനച്ചെലവുകളും കഴിച്ചാലും മുട്ട വിൽപ്പനയിലൂടെ നല്ലൊരു തുക മിച്ചം പിടിക്കാം. 5-6 ആഴ്ച പ്രായത്തില്‍ 100 - 150 ഗ്രാം  തൂക്കം വയ്ക്കുന്ന പൂവൻ കാടകളെ മാംസത്തിനായി വിപണിയിലെത്തിക്കാം. മുട്ടയുൽപ്പാദനം കഴിഞ്ഞ പിടക്കാടകളെയും മാംസത്തിനായി വിപണിയിൽ എത്തിക്കാം. മാംസോൽപാദനത്തിനായി പ്രത്യേകം വികസിപ്പിച്ച നാമക്കൽ ഇനം പോലുള്ള ഇറച്ചിക്കാടകളെ ആറാഴ്ച പ്രായത്തിൽ വിപണിയിൽ എത്തിക്കാം. ഈ പ്രായത്തിൽ 180-200 ഗ്രാമോളം ശരീരതൂക്കമുണ്ടാവും. കോഴികൾക്ക് നൽകുന്ന രീതിയിൽ രോഗപ്രതിരോധത്തിനായി വാക്സിനേഷനുകളൊന്നും കാടകൾക്ക് നൽകേണ്ട ആവശ്യമില്ലെന്നതും കാടവളർത്തലിന്റെ നേട്ടമാണ്. നൈട്രജനും ഫോസ്ഫറസും സമൃദ്ധമായി അടങ്ങിയ കാടക്കാഷ്ഠം മികച്ച ഒരു ജൈവവളം കൂടിയാണ്.

English summary: Quail Farming: Business Starting Plan For Beginners

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}