ആദായം ചിറകടിക്കും: ഇത് കോഴിക്കുഞ്ഞുങ്ങളെ കൃഷി ചെയ്ത് മുട്ടക്കോഴിയാക്കി പാകപ്പെടുത്തും സംരംഭം

poultry-farm-chicks
SHARE

മികച്ച മുട്ടക്കോഴിക്കുഞ്ഞുങ്ങൾ ലഭ്യമാണങ്കിൽ വാങ്ങി വളർത്താൻ ആഗ്രഹമുള്ള ആളുകൾ നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. സര്‍ക്കാര്‍ ഹാച്ചറികളിലും സര്‍വകലാശാല ഹാച്ചറികളില്‍ നിന്നുമെല്ലാം മുട്ടകോഴിക്കുഞ്ഞുങ്ങളെ സ്വന്തമാക്കാന്‍ എത്തുന്നവരുടെ നീണ്ടനിര  മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള വർധിച്ച ആവശ്യകതയുടെ തെളിവാണ്. മാത്രമല്ല, ഏതു കാലത്തും പകരംവയ്ക്കാനാവില്ലാത്ത വിപണി നമ്മുടെ നാട്ടില്‍ നാടന്‍ കോഴിമുട്ടയ്ക്കുണ്ട്. മുട്ടക്കോഴി വളര്‍ത്തലില്‍ ആദായത്തിന്റെ വഴികളിലൊന്നാണ് എഗ്ഗർ നഴ്സറി. മുട്ടകൾ വിരിയിപ്പിക്കുന്ന ഹാച്ചറികളില്‍നിന്ന് ഒരു ദിവസം പ്രായത്തില്‍ കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കി മുട്ടയിടാന്‍ പാകവും പ്രായവുമാവുമ്പോള്‍ വിപണിയില്‍ എത്തിക്കുന്ന സംരംഭമാണ് എഗ്ഗർ നഴ്സറി.

ഒരു ദിവസം പ്രായത്തില്‍ മുപ്പത്- നാൽപ്പത് രൂപ നിരക്കിൽ വാങ്ങുന്ന കോഴിക്കുഞ്ഞുങ്ങള്‍ മുട്ടയിടാന്‍ പാകമാകുന്നതോടെ വില രണ്ടും മൂന്നും ഇരട്ടിയാവും. കോഴിക്കുഞ്ഞിന്റെ വിലയും വളര്‍ത്തുകൂലിയും തീറ്റവിലയും മറ്റു  ചില്ലറ ചെലവുകളും കഴിച്ചാല്‍ ബാക്കിയെല്ലാം സംരംഭകനു ലാഭമാണ്. കോവിഡ് ഉലച്ച ഇടക്കാലത്ത് കോഴിക്കുഞ്ഞുങ്ങളെ വിറ്റഴിക്കാൻ നമ്മുടെ നാട്ടിലെ  ചെറുതും വലുതുമായ എഗ്ഗര്‍ നഴ്സറികള്‍ അൽപം പ്രയാസങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇന്ന് ഹാച്ചറികളും നഴ്സറികളും വീണ്ടും ചിറകടിച്ചുയരുന്ന സമയമാണ്. കുഞ്ഞുങ്ങളുടെ അകാലത്തിലുള്ള മരണനിരക്ക് ഒഴിവാക്കാന്‍ കഴിയുകയും കുഞ്ഞുങ്ങൾക്ക് 45 ദിവസം പ്രായമാകുമ്പോഴേക്കും കൃത്യമായ വിപണി കണ്ടെത്താന്‍ കഴിയുകയും ചെയ്താല്‍ വരുമാനം വിരിയുന്ന സംരംഭമായി എഗ്ഗര്‍ നഴ്സറി മാറുമെന്ന് തീര്‍ച്ച. 

poultry-farm-chicks-1

എഗ്ഗർ നഴ്സറിയിൽ ശ്രദ്ധിക്കാൻ

മുടക്കമില്ലാതെ മുട്ടകിട്ടും എന്ന പ്രതീക്ഷയോടെയാണ് ഓരോ ഉപഭോക്താവും എഗ്ഗർ  നഴ്സറികളിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങിവീട്ടിലെത്തിക്കുന്നത്. അവരുടെ പ്രതീക്ഷയ്ക്കൊത്തുയരണമെങ്കിൽ എഗ്ഗർ നഴ്സറി പരിപാലനത്തിലും ശ്രദ്ധിക്കാൻ ഏറെയുണ്ട്.  എഗ്ഗര്‍ നഴ്സറി സംരംഭമാരംഭിക്കുന്നതിന്റെ ആദ്യപടി ലൈസന്‍സ് ആണ്. നൂറിലധികം കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന സംരംഭമാണ് മനസ്സിലുള്ളതെങ്കില്‍ പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ലൈസന്‍സ് എടുക്കണം. മലിനീകരണനിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള നിരാക്ഷേപപത്രം പഞ്ചായത്ത് ലൈസന്‍സ് കിട്ടാന്‍ ആവശ്യമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ വെറ്ററിനറി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള അംഗീകാരം നേടണം. മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള നഴ്സറിയാവുന്നതോടെ വിപണനം എളുപ്പമാവും.

ഷെഡ്ഡ് നിര്‍മാണത്തിന് ഒരുങ്ങുന്നതിനു മുൻപേ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറികള്‍ സന്ദര്‍ശിക്കുക എന്നത് മുഖ്യമാണ്. സൂര്യപ്രകാശം കയറിയിറങ്ങാന്‍ പാകത്തിന് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ എഗ്ഗര്‍ നഴ്സറി കെട്ടിടം പണികഴിപ്പിക്കുന്നതാണ് ഉചിതം. ഒന്നിലധികം ഷെഡ്ഡുകള്‍ ഉണ്ടെങ്കില്‍ തമ്മില്‍ ഒരു മീറ്റര്‍ ചുരുങ്ങിയ അകലം നല്‍കണം. രണ്ടു മാസം പ്രായം വരെ വിരിപ്പ് രീതിയില്‍ വളര്‍ത്തുമ്പോള്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം വേണമെന്നാണ് കണക്ക്. അഞ്ഞൂറ് ചതുരശ്രഅടി സ്ഥലവിസ്തീര്‍ണമുള്ള ഒരു ഷെഡ് പണികഴിപ്പിച്ചാല്‍ ആയിരം കോഴിക്കുഞ്ഞുങ്ങളെ രണ്ടു മാസം വരെ വളര്‍ത്താം. ഒരടി ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് കൂടിന്റെ തറ പണികഴിപ്പിക്കണം. ഭിത്തിക്ക് പരമാവധി ഒരടി ഉയരം മതി. ബാക്കി വെളിച്ചവും കാറ്റും കയറിയിറങ്ങാന്‍ പാകത്തിന് നെറ്റ് അടിക്കണം. മേല്‍ക്കൂരയ്ക്ക് ഒത്ത നടുക്ക് പന്ത്രണ്ട് അടിയും വശങ്ങളില്‍ പത്ത് അടിയും വേണം. മേല്‍ക്കൂര വശങ്ങളില്‍ ഒരു മീറ്റര്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലാവണം. ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരക്ക് കീഴെ ഓലമേഞ്ഞ് അടിക്കൂര ഒരുക്കിയാല്‍ കൂട്ടിനുള്ളിലെ അധിക ചൂടും തണുപ്പും കുറയ്ക്കാം. 

poultry-farm-chicks-4

കോഴിക്കുഞ്ഞുങ്ങളുടെ തിരഞ്ഞെടുപ്പ് മുതൽ ബ്രൂഡിങ് വരെ  

നഴ്സറികളില്‍ വളര്‍ത്താനായി വിപണി ഡിമാൻഡും ലഭ്യതയും അനുസരിച്ച് നാടന്‍ ഇനത്തില്‍പ്പെട്ട കോഴികളെയും സങ്കരയിനത്തില്‍പ്പെട്ട ബിവി 380 പോലുള്ള കോഴികളെയും തിരഞ്ഞെടുക്കാം. അംഗീകൃത വിതരണക്കാരില്‍  നിന്നോ ഹാച്ചറികളില്‍ നിന്നോ മാത്രം എഗ്ഗര്‍ നഴ്സറികളിലേക്ക് കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കോഴിക്കുഞ്ഞുങ്ങളെ ഇറക്കും മുമ്പ് ഭിത്തിയും തറയും വൃത്തിയാക്കി കുമ്മായം പൂശണം. ഒരു ബാച്ച് കാലിയാക്കി പുതിയ ബാച്ച് കൊണ്ടുവരും മുമ്പ്  കൂട് വൃത്തിയാക്കിയശേഷം രണ്ടാഴ്ച കാലിയാക്കിയിടണം.  പൊട്ടാസ്യം പെര്‍മാംഗനേറ്റ്  ഫോര്‍മാലിന്‍ ലായനിയില്‍ 1:2 എന്ന അനുപാതത്തില്‍ (100 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് പൊടിയില്‍ 200 മില്ലി ഫോര്‍മാലിന്‍) ചേര്‍ത്ത് കൂടുകള്‍ 24 മണിക്കൂർ പുകയ്ക്കുന്നത് ( ഫ്യൂമിഗേഷൻ) നല്ല ഒരു അണുനാശിനി മാര്‍ഗ്ഗമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഷെഡിന്റെ എല്ലാ വശങ്ങളിലും കർട്ടൻ ഉപയോഗിച്ചു മറയ്ക്കാൻ ശ്രദ്ധിക്കണം. വിരിപ്പ് രീതിയിലാണ് ( ഡീപ് ലിറ്റർ) എഗ്ഗര്‍ നഴ്സറികളില്‍ കോഴികളെ വളര്‍ത്തുന്നത്. ഫ്യൂമിനേഷൻ നടത്തിയ ശേഷം തറയില്‍ അറക്കപ്പൊടിയോ ചിന്തേര് പൊടിയോ വിരിച്ച്  വിരിപ്പൊരുക്കാം. ആദ്യം  രണ്ടിഞ്ച് കനത്തില്‍ വിരിപ്പ് പുതച്ച് അതിന് മുകളിൽ ആഴ്ചതോറും രണ്ട് ഇഞ്ച് കനത്തില്‍ വിരിപ്പ് ഇട്ടുകൊടുക്കണം. ആറിഞ്ച് പൊക്കമെത്തുമ്പോള്‍ പഴയ ലിറ്റര്‍ മാറ്റി പുതിയത് വിരിക്കാം. ലിറ്റര്‍  നനവ് പിടിക്കാതെയും അധികമായി കട്ടകെട്ടാതെയും ശ്രദ്ധിക്കണം. ഓരോ ബാച്ച് കോഴികള്‍ പുറത്തിറങ്ങുമ്പോഴും ബാക്കിയാവുന്ന  വരുന്ന ലിറ്റര്‍ മികച്ച ജൈവവളമാണ്.

poultry-farm-chicks-2
ബ്രൂഡിങ്

എഗ്ഗര്‍ നഴ്സറിയിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നാണ് കോഴിക്കുഞ്ഞുങ്ങള്‍ക്ക് കൃത്രിമ ചൂട് നല്‍കല്‍ അഥവാ ബ്രൂഡിങ്. ബ്രൂഡിങ്ങില്‍ പിഴവു വന്നാല്‍ അത് കോഴിക്കുഞ്ഞുങ്ങളുടെ അകാലമരണത്തിന്  കാരണമാകും. കോഴിക്കുഞ്ഞുങ്ങൾ നഴ്സറിയിൽ എത്തുന്നതിന് മൂന്ന് മണിക്കൂർ മുന്നെ തന്നെ ബൾബുകൾ പ്രവർത്തിപ്പിച്ച് പ്രീ ഹീറ്റിങ് നൽകണം. ചൂട് കാലത്ത് രണ്ടാഴ്ചയും മഴക്കാലത്ത് മൂന്നാഴ്ചയും ബ്രൂഡിങ് നല്‍കണം. ആദ്യ ആഴ്ച 24 മണിക്കൂറും പിന്നീട് രാത്രികാലങ്ങളില്‍ മാത്രവും മതി ബ്രൂഡിങ്. 30 അടി നീളമുള്ള 1.5 അടി ഉയരമുള്ള തകര ഷീറ്റ് വളച്ചുകെട്ടി 500 കോഴിക്കുഞ്ഞുങ്ങൾക്ക് ബ്രൂഡിങ് ക്രമീകരണമൊരുക്കാം. ഇങ്ങനെ ക്രമീകരിക്കുന്നതിനെ ബ്രൂഡിങ് ഗാർഡ് എന്നാണ് പറയുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് കൂടുകളിൽ തന്നെ കൃത്രിമ ചൂട് നൽകുന്ന കേജ് ബ്രൂഡിങ്ങും ഇപ്പോൾ പ്രചാരത്തിലുണ്ട്. ഒരു കോഴിക്കുഞ്ഞിന് ഒരു വാട്ട് എന്ന കണക്കില്‍ തറയില്‍ നിന്ന് ഒന്നരയടി  ഉയരത്തില്‍ ഇന്‍കാന്റസെന്റ്/ ഇൻഫ്രാറെഡ്  ബള്‍ബുകള്‍ ക്രമീകരിച്ച് കൃത്രിമ ചൂട് നൽകാം. ഇൻകാന്റസെന്റ് ബൾബുകൾ ലോഹമുപയോഗിച്ചു നിർമിച്ച ഒരു ഹോവാറിനകത്ത് വേണം ഘടിപ്പിക്കാൻ. ഇത് അറിയപ്പെടുന്നത് കാനോപ്പിയെന്നാണ്. ഒരു മീറ്റർ വ്യാസമുള്ള ഒരു കാനോപ്പിയിൽ 100-150 മുട്ടക്കോഴിക്കുഞ്ഞുങ്ങളെ പാർപ്പിക്കാം താപനില കൃത്യമാണെങ്കില്‍ കോഴിക്കുഞ്ഞുങ്ങള്‍ ബ്രൂഡറില്‍ ഒരേപോലെ നിരന്ന് ഊർജസ്വലതയോടെ തീറ്റയെടുക്കും. കുറവാണെങ്കില്‍ കോഴിക്കുഞ്ഞുങ്ങള്‍ ബള്‍ബിന് താഴെ കൂട്ടംകൂടി നില്‍ക്കുന്നതായും കാണാം. കൂടുതലെങ്കില്‍ അവ ബള്‍ബിന്  അകലെയായി നിലയുറപ്പിക്കും.

poultry-farm-chicks-3
ബിവി 380 കോഴിക്കുഞ്ഞുങ്ങൾ

രണ്ടരമാസമെത്തുന്നതോടെ വിപണനത്തിനായി ഒരുക്കാം.

ആദ്യ ഏഴു ദിവസം വരെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത് പ്രീസ്റ്റാർട്ടർ തീറ്റയും പിന്നീട് 45 ദിവസം വരെ നൽകേണ്ടത് സ്റ്റാര്‍ട്ടര്‍  തീറ്റയുമാണ്. 45 ദിവസം മുതൽ 6 മാസം വരെ അല്ലെങ്കിൽ ആദ്യത്തെ മുട്ട ഇടുന്നത് വരെ ഗ്രോവർ തീറ്റയും നൽകണം. മാംസ്യത്തിന്റെ  അളവുയര്‍ന്ന ഈ തീറ്റ കുഞ്ഞുങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ആദ്യ മൂന്നു ദിവസം ലിറ്ററിനു മുകളില്‍ പേപ്പര്‍ വിരിച്ച് തീറ്റ വിതറി നല്‍കാം. പിന്നീട് തീറ്റപ്പാത്രങ്ങളിലേക്കു മാറാം. തീറ്റയ്‌ക്കൊപ്പം കുടിവെള്ളവും എല്ലാ സമയത്തും കൂട്ടില്‍ ഉറപ്പാക്കണം. ഓരോ നൂറ് കോഴിക്കുഞ്ഞുങ്ങൾക്കും നാലു ലീറ്റർ വീതം കൊള്ളുന്ന മൂന്ന് വെള്ളപ്പാത്രങ്ങൾ സജ്ജീകരിക്കണം. ആദ്യ ദിവസം കുടിവെളളത്തിൽ 5 ശതമാനം ഗ്ലൂക്കോസ് കലക്കി നൽകണം, തുടന്നുള്ള ഒരാഴ്ച കുടിവെള്ളത്തിൽ ജീവകം ബി. അടങ്ങിയ പോഷകമിശ്രിതങ്ങളിൽ ഏതെങ്കിലും നൽകണം.പ്രായത്തിനനുസരിച്ച് തരാതരം പോലെ തീറ്റ തിരഞ്ഞെടുത്ത് നൽകുന്നതിനൊപ്പം ഗുണമേന്മയുള്ള തീറ്റപ്പുല്ല് അരിഞ്ഞിട്ടും, അസോള, അഗത്തിയില, മുരിങ്ങ, ചെമ്പരത്തി തുടങ്ങിയ ഇലകളും കോഴിക്കുഞ്ഞുങ്ങളുടെ തീറ്റയിൽ ഉൾപ്പെടുത്താം.

അഞ്ചു ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള എഫ്/ ലസോട്ട പ്രതിരോധ വാക്സീന്‍ ഒരു തുള്ളി കണ്ണിലോ, മൂക്കിലോ നല്‍കണം. 14, 28 ദിവസം പ്രായമെത്തുമ്പോള്‍ ഐബിഡി വാക്സീന്‍ കുടിവെള്ളത്തില്‍ നല്‍കണം. 21 ദിവസം പ്രായമെത്തുമ്പോള്‍ വീണ്ടും ലസോട്ട വാക്സീൻ കുടിവെള്ളത്തിൽ നൽകണം. തമ്മില്‍ കൊത്തുകൂടുന്നത് ഒഴിവാക്കാന്‍ 10-14 ദിവസം പ്രായമെത്തുമ്പോള്‍ ചുണ്ടുകൾ മുറിക്കണം. ഡീപ് ലിറ്റർ രീതിയിൽ വളർത്തുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ ബാധിക്കാൻ ഏറ്റവും സാധ്യതയുള്ള രോഗമാണ് രക്താതിസാരം അഥവാ കോക്സീഡിയ രോഗം. ഇത് തടയാൻ കുഞ്ഞുങ്ങൾക്ക് 18  ദിവസം പ്രായത്തിൽ പ്രതിരോധ മരുന്ന് നൽകണം. ഏഴ് ആഴ്ച പ്രായമെത്തുമ്പോൾ വിരബാധ തടയാന്‍ മരുന്നു നല്‍കണം. എട്ടാഴ്ച പ്രായത്തിൽ കോഴിവസന്ത തടയാനുള്ള കുത്തിവയ്പ് ത്വക്കിനടിയിൽ നൽകണം. മതിയായ തൂക്കമെത്തിയ കോഴികളെ 45-60 ദിവസമെത്തുന്നതോടെ വിപണനത്തിനായി ഒരുക്കാം.

English summary: How to Start Egger Nursery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA