ADVERTISEMENT

"പാൽത്തൂർ  ജാൻവർ" സിനിമ കണ്ടു .

ഒരു ക്ഷീരകർഷകന്റെ കരളലിയിക്കുന്ന ജീവിതം ,  പതിവ് കളിതമാശകളില്ലാതെ ജോണി ആന്റണി തന്മയത്വത്തോടെ അവതരിപ്പിച്ചു. ഷമ്മി തിലകനെ മലയാള സിനിമ ഇതുവരെ വേണ്ട വിധം പരിഗണിച്ചിട്ടില്ലെന്ന് തോന്നി. പരിഗണിച്ചാൽ തിലകന്റെ റേഞ്ചിലേക്ക് എത്താൻ പറ്റിയ പ്രതിഭ. പോത്തൻ എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചതെന്ന് തോന്നി.  ഇന്ദ്രൻസ് കിട്ടിയ റോൾ വ്യത്യസ്തമാക്കാൻ ശ്രമിച്ചു. തമാശകൾ ചിലപ്പോഴൊക്കെ അരോചകമായി.

ഗ്രാമീണ ജീവിതം പറയുന്ന കൊച്ചു സിനിമ. കണ്ടിരിക്കാം.

ലൈവ്സ്റ്റോക്  ഇൻസ്പെക്ടർ (LI) ജോലി തീരെ ഇഷ്ടമില്ലാത്ത ബേസിലിന്റെ  നായക കഥാപാത്രത്തിന്, അച്ഛൻ സർവീസിൽ ഇരുന്ന് മരിച്ചതിനാൽ, ഒരു ജോലിക്കു വേണ്ടി അലയാതെ, ഒരു ബുദ്ധിമുട്ടുമില്ലാതെ, വെള്ളിത്താലത്തിൽവച്ചു കിട്ടിയ ജോലി.

ഇഷ്ടം, പാഷൻ,  അഭിരുചി ഇതൊന്നും ടെസ്റ്റ് ചെയ്തിട്ടല്ലല്ലോ ഇവിടെ ആളുകൾ പ്രൊഫഷൻ തിരഞ്ഞെടുക്കുന്നത്. ഇഷ്ടപ്പെട്ട പ്രൊഫഷൻ തിരഞ്ഞെടുത്ത അല്ലെങ്കിൽ കിട്ടിയ എത്രപേരുണ്ട്? ഡോക്ടർ, എൻജിനീയർ, ടീച്ചർ എന്നിവയൊക്കെയാകും ഭൂരിഭാഗം കുട്ടികളുടെയും അല്ല മാതാപിതാക്കളുടെയും ലക്ഷ്യം. 

നന്നായി പഠിക്കുന്ന കുട്ടി എംബിബിഎസ്  വിട്ട് എന്തെങ്കിലും ചിന്തിക്കുന്നതു പോലും പാപം. ഇതുവരെ ആരുംതന്നെ എനിക്കൊരു വെറ്ററിനറി ഡോക്ടർ ആകണമെന്ന് അംബീഷൻ പറഞ്ഞതായി കേട്ടിട്ടില്ല. വിരലിലെണ്ണാവുന്ന ചിലർ പറഞ്ഞിട്ടുണ്ട് എങ്കിലും എൻട്രൻസ് കടമ്പയിൽ തട്ടി ആ മോഹം തകർന്നടിയും.

കേരളത്തിൽ ഇല്ലെങ്കിലും, അന്യസംസ്ഥാനങ്ങളിൽ സ്വകാര്യ വെറ്റിനറി കോളജുകൾ ഉണ്ട്. ഫീസ് കനത്തതാണെന്ന് മാത്രം. ഞാൻ അടക്കം 99.9% കുട്ടികളും എംബിബിഎസ് കിട്ടാൻ വേണ്ടി എൻട്രൻസ് എഴുതി കിട്ടാതെ വെറ്ററിനറിക്കു ചേർന്നതാണ്. 

ഈ കോഴ്സിനെ പറ്റിയുള്ള അറിവില്ലായ്മയും, സിനിമക്കാരിൽനിന്ന് അടക്കം, രാഷ്ട്രീയക്കാരിൽനിന്നും, സമൂഹത്തിൽ നിന്നുമുള്ള പുച്ഛവും, പരിഹാസവും ഇതിനൊരു കാരണമാണ്. 

"പാൽത്തുജാൻവറിൽ" അടക്കം സിനിമകളിൽ പൊതുവേ വെറ്ററിനറി ഡോക്ടർമാരെ കോമാളികൾ ആയിട്ടാണ് അവതരിപ്പിക്കുന്നത്. സർവീസ് കാലത്ത് ഒരു മീറ്റിങ്ങിനിടയിൽ ഡോക്ടർമൃഗം എന്ന്  എന്നെ അഭിസംബോധന ചെയ്ത്, വലിയ തമാശ പറയുന്ന മട്ടിൽ ചിരിച്ച ഒരു ജനപ്രതിനിധിയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്.

അഞ്ചുവർഷമാണ്  Bvsc &  AH ഡിഗ്രി പഠനകാലം.

ഞാൻ വെറ്റിനറിക്ക് അഡ്മിഷൻ കിട്ടി  മണ്ണുത്തിയിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ സീനിയേഴ്സിന്റെ സമരം പൊടിപൊടിക്കുകയാണ്. ജോലി സാധ്യതയില്ല .

"പഠിച്ചിറങ്ങിയ സീനിയേഴ്സ് എല്ലാം തേരാപ്പാര നടക്കുന്നു. അതുകൊണ്ട് പുതിയ അഡ്മിഷൻ വേണ്ട."

ബാലിശമായിരുന്നു അവരുടെ ആവശ്യം. അതായത് ഞാൻ ബസ്സിൽ കയറിയാൽ പിന്നെ വണ്ടി നിർത്താതെ പോക്കോണം  എന്ന മാനസികാവസ്ഥ.

ഞാൻ പഠിച്ചിറങ്ങുമ്പോഴേക്കും കഥ മാറി.

ഡിഗ്രി കഴിഞ്ഞ് ഉടൻ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. ഇതിനിടയിൽ പിഎസ്സി കിട്ടി. ആറുമാസം എക്സ്റ്റൻഷൻ വാങ്ങി. പരീക്ഷ കഴിഞ്ഞ് പിറ്റേന്നു തന്നെ ജോലിക്കു ചേർന്നു.  വെറ്ററിനറി സർജൻ... ഗസറ്റഡ് റാങ്ക്. തരക്കേടില്ലാത്ത ശമ്പളം.

പിന്നീട്ങ്ങോട്ട് വർഷങ്ങളോളം പഠിച്ചിറങ്ങിയാൽ പിറ്റേന്ന് ജോലിക്കു കയറാവുന്ന കോഴ്സ് ആയി മാറി Bvsc &AH.

വെറ്ററിനറിക്കാർക്ക് വിദേശരാജ്യങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ട്. നല്ല ശമ്പളവും ആണ്. സ്വദേശത്തും വിദേശത്തുമായി ഇന്നും ജോലിസാധ്യതയ്ക്ക് കുറവൊന്നുമില്ല.  ജോലിക്കും, പഠനത്തിനുമായി ധാരാളം കുട്ടികൾ വിദേശത്തേക്ക് ചേക്കേറുന്നുമുണ്ട്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ഉണ്ട് ജോലി സാധ്യത. സ്വന്തമായി  പെറ്റ് ക്ലിനിക് തുടങ്ങുന്നവർ ധാരാളം. അതിൽ എടുത്തു പറയേണ്ട പേരാണ് ഡോക്ടർ അമിതി. ചെറിയ ലോൺ ഒക്കെ സംഘടിപ്പിച്ച്  പെറ്റ് ക്ലിനിക്കിനൊപ്പം പെറ്റ് ടാക്സിയും തുടങ്ങിയ കൊച്ചുമിടുക്കി ഡോക്ടർ.

പെറ്റ് ക്ലിനിക്ക്  തുടങ്ങാൻ ചെറിയ മുതൽ മുടക്കൊക്കെ ഉണ്ടെങ്കിലും, ലാർജ് അനിമൽ പ്രാക്ടീസ് തുടങ്ങാൻ കാര്യമായ മുതൽ മുടക്കു വേണ്ട. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനന്തമായ സാധ്യത ഉള്ള മേഖലയാണിത്. വീട്ടുമുറ്റത്ത് ലാബ് സൗകര്യം എത്തിക്കുന്ന ഐവെറ്റ് ലാബും, വീട്ടുമുറ്റത്ത്   വാക്സീനേഷൻ സൗകര്യം എത്തിക്കുന്ന  ഡോക് വെറ്റും  യുവ വെറ്ററിനറി ഡോക്ടർമാരുടെ സംരംഭങ്ങളിൽ ചിലതു മാത്രം.

ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ എന്ന പോസ്റ്റിനെപ്പറ്റി പലരും അറിയുന്നത് "പാൽത്തു ജാൻവർ" സിനിമയിലൂടെയാണ്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആകാൻ എന്ത് പഠിക്കണം എന്ന് അറിയാൻ പലരും ആഗ്രഹം പ്രകടിപ്പിച്ചു.

പത്താം ക്ലാസ് കഴിഞ്ഞാൽ എല്ലാവർക്കും ഹയർസെക്കൻഡറി മതി. പൊതുവേ തഴയപ്പെട്ടിരിക്കുന്ന കോഴ്സ് ആണ്   VHSC (വൊക്കേഷനൽ ഹയർ സെക്കൻഡറി). അതിന്റെ ശക്തിയും സാധ്യതകളും അറിയാതെ.

പത്താം ക്ലാസ് കഴിഞ്ഞ്     Livestock Management എടുത്ത്  VHSC രണ്ടു വർഷം പഠിച്ചാൽ  ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ആകാനുള്ള യോഗ്യതയായി. പിഎസ്സി കിട്ടിയാൽ ആറു മാസം ശമ്പളത്തോട് ട്രെയിനിങ്. ഹയർ സെക്കൻഡറിയുടെ മറ്റു വിഷയങ്ങൾക്കൊപ്പം  മൃഗസംരക്ഷണത്തിന്റെ അടിസ്ഥാന കാര്യങ്ങളാണ് ഈ രണ്ടു വർഷം പഠിപ്പിക്കുന്നത്.   

മൃഗാശുപത്രിയിൽ വെറ്റിനറി  ഡോക്ടറോട് തോളോടുതോൾ ചേർന്ന്

പ്രവർത്തിക്കുക എന്നതാണ് ഒരു  ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ ജോലി.

"സിനിമയിൽ കണ്ടതുപോലെ പോലീസ് നായയെ കുത്തിവയ്ക്കണോ?

ആനയെ ചികിത്സിക്കണോ ? പഞ്ചായത്തിലെ പദ്ധതികളൊക്കെ നടപ്പിലാക്കണോ? വിഷമപ്രസവമെടുക്കണോ?

നല്ല റിസ്ക് ഉള്ള ജോലിയാണ് അല്ലേ?"

പലർക്കും സംശയം.

രോഗനിർണയമോ, മരുന്നുകളെപ്പറ്റിയോ,  ചികിത്സയോ,  മറ്റു കാര്യങ്ങളോ ഒന്നും ഇവർ പഠിക്കുന്നില്ല.

അതുകൊണ്ടുതന്നെ ചികിത്സയുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദിത്തവും ഇവർക്കില്ല.  പഞ്ചായത്ത് പദ്ധതികളുടെ  നടത്തിപ്പ് ചുമതലയും വെറ്റിനറി ഡോക്ടർക്കാണ്. അതുകൊണ്ടുതന്നെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത പൊതുവേ സുരക്ഷിതമായ ഒരു ജോലി.

സിനിമ വേറെ.

ജീവിതം വേറെ.

English summary: Veterinary Livestock Inspector Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com