ADVERTISEMENT

തന്റെ ഡെയറി ഫാമിൽ പുതുതായി കൊണ്ടുവന്ന ഇളംകറവയിലുള്ള ഹോൾസ്റ്റൈൻ ഫ്രീഷ്യൻ പശു കിടക്കുമ്പോൾ തറയിൽ തനിയെ പാൽ ചുരത്തുന്നുവെന്ന പ്രശ്നത്തിന് പരിഹാരം തേടിയാണ് ഈയിടെ ഒരു ക്ഷീരകർഷകസുഹൃത്ത് മൃഗാശുപത്രിയിൽ വന്നത്. ആകെ പാലിന്റെ നല്ലൊരു പങ്ക് ഇങ്ങനെ തറയിൽ തനിയെ ചുരന്നൊഴുകി നഷ്ടപ്പെട്ട് പോവുകയാണെന്നായിരുന്നു ആ കർഷകസുഹൃത്തിന്റെ പരിഭവം. അത്യുൽപാദനമുള്ള കറവപ്പശുക്കൾ പാൽ അകിടിൽ കെട്ടിനിർത്താൻ കഴിയാതെ തനിയെ തറയിൽ ചുരത്തുന്നത് പല ക്ഷീരകർഷകരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ലീക്കി ടീറ്റ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. പശുക്കളുടെ ശരീരത്തിൽ ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അളവ് കുറയുന്നതാണ് ഇങ്ങനെ പാൽ തനിയെ ചുരന്നുപോവുന്നതിന്റെ പ്രധാന കാരണം. 

അകിടിനുളളിലെ സംഭരണ അറകൾക്ക് പാൽ ശേഖരിച്ച് നിർത്താനുള്ള ശേഷി നൽകുന്നതിൽ ഫോസ്‌ഫറസ്‌ പ്രധാനമാണ്. പാൽ തനിയെ തറയിൽ ഒഴുകി നഷ്ടമായാൽ ക്ഷീരകർഷകന് ഉണ്ടാവുന്ന സാമ്പത്തികനഷ്ടം ഊഹിക്കാമല്ലോ. മാത്രമല്ല, തനിയെ തറയിൽ പാൽ ചുരത്തുന്ന അകിടുകൾ രോഗാണുക്കളെ മാടിവിളിക്കും. തറയിൽ പരന്നൊഴുകുന്ന പാലിൽ രോഗാണുക്കൾ എളുപ്പത്തിൽ പെരുകും. ഇക്കാരണത്താൽ തനിയെ പാൽ ചുരത്തുന്ന പശുക്കളിൽ മാത്രമല്ല മറ്റു പശുക്കളിലും ഇത് അകിടുവീക്കം വരാനുള്ള സാധ്യത കൂട്ടും. പശുക്കൾക്ക് നൽകുന്ന സമീകൃതമല്ലാത്ത തീറ്റയും ധാതുലവണമിശ്രിതങ്ങൾ ആവശ്യമായ അളവിൽ തീറ്റയിൽ ഉൾപ്പെടുത്താത്തതും പലപ്പോഴും ഫോസ്‌ഫറസ്‌ അപര്യാപ്‌തതയ്ക്കു വഴിയൊരുക്കുന്നു. 

ഫോസ്ഫറസ് കുറഞ്ഞാൽ പ്രശ്നങ്ങൾ പലവിധം 

ഫോസ്‌ഫറസ്‌ ദിവസവും കുറഞ്ഞ അളവിൽ മാത്രമാണ് പശുക്കൾക്ക് ആവശ്യമുള്ളതെങ്കിലും അതു ലഭിക്കാതിരുന്നാൽ പശുക്കളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പലവിധമാണ്. കറവപ്പശുക്കളിലെ മണ്ണുതീറ്റ, തൊഴുത്തിന്റെ ഭിത്തിയിലും കെട്ടിയ കയറിലും കുറ്റിയിലും തൂണുകളിലുമെല്ലാം നിരന്തരം ആർത്തിയോടെ നക്കലും കടിക്കലും, കാലിത്തീറ്റയോടുള്ള മടി, പാലുൽപാദനം ക്രമേണ കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ പൈക്ക (Pica) എന്ന അപര്യാപ്‌തതാരോഗത്തിന്റെ വ്യക്തമായ സൂചനകളാണ്. പശുക്കളുടെ ശരീരസംരക്ഷണത്തിനും വളർച്ചയ്ക്കും ദഹനം അടക്കമുള്ള ഉപാപചയ പ്രവർത്തങ്ങൾക്കും പാലുൽപാദനത്തിനുമെല്ലാം ഏറെ പ്രധാനമായ ഫോസ്‌ഫറസ്‌ ശരീരത്തിൽ കുറയുന്നതാണ് പൈക്ക രോഗത്തിന്റെ കാരണം. ഫോസ്ഫറസ് അപര്യാപ്തതയും പൈക്ക രോഗവും ബോട്ടുലിസം അടക്കമുള്ള മാരക ബാക്റ്റീരിയ രോഗങ്ങൾ കന്നുകാലികളെ ബാധിക്കുന്നതിനുള്ള ഒരു കാരണം കൂടിയാണ്.

പ്രസവം കഴിഞ്ഞാൽ അത്യു‌ൽപാദനശേഷിയുള്ള ചില പശുക്കളുടെ മൂത്രം ചുവന്ന നിറത്തിൽ വ്യത്യാസപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഇതിന്റെ കാരണവും ഫോസ്‌ഫറസ്‌ കുറവ് തന്നെയാണ്. പ്രസവാനന്തരം പാലിലൂടെ കൂടിയ അളവിൽ ഫോസ്‌ഫറസ്‌ പുറന്തള്ളുന്നതോടെ ശരീരത്തിൽ അകെ ഫോസ്‌ഫറസ്‌ അളവ് കുറയും. രക്തത്തിലെ ചുവന്നരക്തകോശങ്ങളുടെ ആരോഗ്യത്തോടെയുള്ള നിലനിൽപ്പിന് ഫോസ്‌ഫറസ്‌ ഏറെ പ്രധാനമാണ്. ഫോസ്‌ഫറസിന്റെ അളവിൽ കുറവ് വന്നാൽ ചുവന്നരക്തകോശങ്ങളുടെ സ്തരങ്ങൾ തകരുകയും ഇങ്ങനെ തകർന്ന കോശങ്ങളിലെ വർണവസ്തുവായ ഹീമോഗ്ലോബിൻ മൂത്രത്തിലൂടെ പുറന്തള്ളുകയും (ഹീമോഗ്ളോബിനൂറിയ) ചെയ്യും. ഇതോടെ  പശുക്കളുടെ മൂത്രം ചുവന്ന ചുവന്ന നിറത്തിൽ വ്യത്യസ്തപ്പെടും. ഒപ്പം പശുവിന് വിളർച്ച ബാധിക്കുകയും ക്ഷീണിക്കുകയും പാലുൽപാദനം കുറയുകയും ചെയ്യും .

ഫോസ്ഫറസിന്റെ അപര്യാപ്‌തത കാരണം പശുക്കളിൽ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ  തനിയെ പാൽ ചുരത്തലിലും പൈക്കയിലും പാലുല്പാദനക്കുറവിലും മാത്രം ഒതുങ്ങുന്നതല്ല. കിടാരികളിൽ വളർച്ചാമുരടിപ്പ്, ആദ്യ മദി വൈകൽ, കറവപ്പശുക്കളിൽ പ്രസവാന്തരമദി വൈകൽ, മദി ചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ബാഹ്യ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത നിശബ്ദമദി, ക്രമരഹിതമായ മദി, പല തവണ കൃത്രിമബീജദാനം നടത്തിയിട്ടും ഗർഭധാരണം നടക്കാതിരിക്കാൽ വന്ധ്യത, ഗർഭിണിപ്പശുക്കളുടെ ഗർഭമലസൽ ഉൾപ്പടെ ഫോസ്ഫറസിന്റെ അപര്യാപ്‌തത കാരണം പശുക്കൾക്കുണ്ടാവുന്ന പ്രത്യുൽപ്പാദനപ്രശ്‌നങ്ങളും ഏറെ. ഇതെല്ലാം ക്ഷീരസംരഭങ്ങൾക്ക് വലിയ സാമ്പത്തികനഷ്ടം വരുത്തിവെക്കും.

ലക്ഷണങ്ങൾ കണ്ടാൽ ചികിത്സതേടാം 

ഫോസ്‌ഫറസ്‌ അപര്യാപ്‌തതയുടെ മുൻപ് സൂചിപ്പിച്ച  ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ  ഉടൻ അടുത്തുള്ള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സകൾ ഉറപ്പാക്കണം. ഇനോർഗാനിക് ഫോസ്‌ഫറസ്‌ അടങ്ങിയ കുത്തിവയ്‌പ്പുകൾ പശുക്കൾക്ക് നൽകുന്നതും ഫോസ്‌ഫോവെറ്റ്, ഫോസ്‌ഫറസ്‌ വെറ്റ്, സോഡാഫോസ് പൗഡർ തുടങ്ങിയ പൊടികളോ ഗുളികകളോ തീറ്റയിൽ തുടർച്ചയായ ദിവസങ്ങളിൽ നൽകുന്നതും ഏറെ ഫലപ്രദമാണ്‌. ഉദാഹരണത്തിന് സോഡാഫോസ് പൗഡർ അറുപത് ഗ്രാം വരെ ദിവസം കറവപ്പശുക്കൾക്ക് നൽകാം. ധാന്യങ്ങളുടെ തവിട് ദിവസം ഒരു കിലോ രണ്ടു നേരമായി പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തുന്നത്തിലൂടെയും ആവശ്യമായ ഫോസ്‌ഫറസ്‌ തീറ്റയിൽ ഉറപ്പാക്കാം. തനിയെ പാൽ ചുരന്നുപോകുന്ന പശുക്കളെ രോഗം ഭേദമാവുന്നത് വരെ മൂന്ന് തവണ കറവ നടത്താനും ശേഷം മുലക്കാമ്പുകൾ അയഡിൻ ലായനിയിൽ മുക്കി ടീറ്റ് ഡിപ്പ് നൽകി രോഗാണുക്കൾ അകത്തേക്ക് കയറുന്നത് തടയാനും കർഷകർ ശ്രദ്ധ പുലർത്തണം.

പ്രതിരോധം ഫോസ്ഫറസ് പോഷണം

പശുക്കളുടെ തീറ്റ സമീകൃതവും സന്തുലിതവുമാക്കുക എന്നതാണ് ഫോസ്ഫറസ് പോഷക അപര്യാപ്തതയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏക പരിഹാരം. പശുക്കളുടെ തീറ്റയിൽ അവയുടെ ശരീരവളര്‍ച്ചയുടെയും ഉൽപാദനത്തിന്റെയും അടിസ്ഥാനത്തിൽ ഫോസ്ഫറസ് അടക്കമുള്ള മൂലകങ്ങൾ അടങ്ങിയ മികച്ച ധാതുലവണമിശ്രിതങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം. കാലിത്തീറ്റ സ്വയം തയാറാക്കിയാണ് നൽകുന്നതെങ്കിൽ ആകെ സാന്ദ്രീകൃത തീറ്റയുടെ 2 % എന്ന അളവില്‍ ധാതുമിശ്രിതങ്ങളും 1% വീതം ഉപ്പും തീറ്റ തയാറാക്കുമ്പോൾ തന്നെ ഉള്‍പ്പെടുത്താം. പ്രത്യേകമായാണ് നല്‍കുന്നതെങ്കില്‍ 20 - 30 ഗ്രാം വരെ ധാതുലവണങ്ങള്‍ കിടാരികള്‍ക്കും 30 - 50  ഗ്രാം വീതം പശുക്കള്‍ക്കും  നല്‍കാം. ഇത് ചീലേറ്റഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ധാതുലവണമിശ്രിതങ്ങൾ ആയാൽ ഏറെ ഉചിതം. വളര്‍ച്ചയ്ക്കും ഉൽപാദനത്തിനുമാവശ്യമായ ഇനോര്‍ഗാനിക് രൂപത്തിലുള്ള ധാതുലവണങ്ങളെ പ്രത്യേക സാങ്കേതിക വിദ്യ വഴി മാംസ്യതന്മാത്രകളുമായും അമിനോഅമ്ലങ്ങളുമായും സംയോജിപ്പിച്ച് സംയുക്ത രൂപത്തിലാക്കുന്നതിനെയാണ് ചീലേഷന്‍ എന്ന് പറയുന്നത്. ഇങ്ങനെ തയാറാക്കുന്ന ഖനിജ മിശ്രിതങ്ങളെ ചീലേറ്റഡ് മിശ്രിതങ്ങള്‍ എന്ന് വിളിക്കുന്നു. ധാതുലവണങ്ങളുടെ ദഹനവും ആഗിരണവും കാര്യക്ഷമമാക്കാനും ജൈവലഭ്യത ഉയര്‍ത്താനും ചീലേഷന്‍ വിദ്യ വഴി കഴിയും. ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ നിരവധി ധാതുലവണ മിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. മാംസ്യ സമ്പുഷ്ടമായ സാന്ദ്രീകൃത തീറ്റകള്‍ക്കൊപ്പം വേണം ധാതുമിശ്രിതങ്ങള്‍ നല്‍കേണ്ടത്.

English summary: Cow-related risk factors for milk leakage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com