ADVERTISEMENT

ഉദുമൽപേട്ടിലെ വളവടിയിലാണ് ഡോ. ചന്ദ്രശേഖറിന്റെ ഈ തെങ്ങിൻതോപ്പ്. താനേ നനയുന്ന, വളമിടുന്ന തെങ്ങിൻതോപ്പ് -  ഫുള്ളി ഓട്ടമേറ്റഡ് ഫാം. അതിലെന്തു പുതുമ? കൃത്യമായ ഇടവേളയിൽ തുള്ളിനന നടത്തുന്ന സംവിധാനങ്ങൾ അടുക്കളത്തോട്ടത്തിൽപോലുമായല്ലോ എന്നു ചിന്തിക്കാൻ വരട്ടെ. കൃത്യ ഇടവേളയിലല്ല, വിളയ്ക്ക് ആവശ്യമുള്ളപ്പോഴാണ് ഇവിടെ വെള്ളവും വളവും നൽകുന്നത്.  

തോട്ടത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സെൻസറുകളാണ് പ്രധാന സവിശേഷത. രണ്ടേക്കറിന്  ഒരു സെൻസർ വീതം. കൃഷിയിടത്തിലെ മണ്ണിന്റെ ജലാഗിരണശേഷി, ചൂട്,  അന്തരീക്ഷ താപനില, അന്തരീക്ഷ ആർദ്രത തുടങ്ങിയ വിവരങ്ങൾ ഇതുവഴി ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തിലേക്കു കൈമാറുന്നു. വിവര വിനിമയത്തിനു വയർലെസ് സംവിധാനം ഉപയോഗിക്കുന്നു എന്നതും ഈ തോട്ടത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ തോട്ടത്തിലുടനീളം കേബിൾ വലിക്കേണ്ടിവരുന്നില്ല. സെൻസറുകള്‍ സൗരോർജത്തെ ആശ്രയിച്ചു പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി വിതരണ കേബിളുകളുടെയും ആവശ്യമില്ല. കാറ്റ്, പ്രകാശ ലഭ്യത, കാർബൺ ഡയോക്സൈഡിന്റെ ലഭ്യത തുടങ്ങി മറ്റു ഘടകങ്ങളെയും നിരീക്ഷിക്കാനും വിളപരിപാലനം ക്രമീകരിക്കാനും കഴിയുന്ന ഗ്രോട്രോൺ പ്രിസിഷൻ ഫാമിങ് പ്ലാറ്റ്ഫോമാണ് ഈ കൃഷിയിടത്തിലെ കാര്യസ്ഥൻ.  ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതികവിദ്യയും നിർമിതബുദ്ധിയുമാണ്  ഇതിൽ പ്രയോജനപ്പെടുത്തുന്നത്. നന മാത്രമല്ല,  കീടനിയന്ത്രണം മുതൽ വിളപ്രവചനം വരെ കാര്യക്ഷമമാക്കാൻ ഇതിലൂടെ സാധിക്കും. തുറസ്സായ കൃഷിയിടങ്ങളുടെയും പോളിഹൗസുകളുടെയും പ്രവർത്തനം സ്വയം നിയന്ത്രിതമാക്കുന്ന ഈ സംവിധാനത്തിനു രൂപം നൽകിയത് തിരുനെൽവേലി സ്വദേശിയായ എൻജിനീയർ ബെഞ്ചമിൻ രാജയാണ്. കോയമ്പത്തൂരിൽ ഇദ്ദേഹം സ്ഥാപിച്ച ഫാം എഗയിൽ അഗ്രോ എന്ന അഗ്രി സ്റ്റാർട്ടപ് തമിഴ്നാട്ടിലെ - കൃഷിയിടങ്ങളിൽ ഇത് സ്ഥാപിച്ചു കഴിഞ്ഞു.

IoT-Farm-1
മൊബൈൽ ഫോണിലൂടെ അറിയാൻ കഴിയുന്ന സംവിധാനം

വിളകൾക്ക് ഇത്തിരി വെള്ളം കൂടുതൽ കൊടുത്താലും കുഴപ്പമില്ലെന്നു കരുതിയാൽ തെറ്റി. വെള്ളം പാഴാകുന്നതു മാത്രമല്ല പ്രശ്നം. തോട്ടത്തിന്റെ ഉൽപാദനക്ഷമതപോലും അതുവഴി കുറയും. ഡോ. ചന്ദ്രശേഖ റിന്റെ കൃഷിയിടത്തിലെ നന കൃത്യമാക്കിയതു വഴി മാത്രം 20 ശതമാനം ഉൽപാദനം വർധിച്ചെന്ന് ബെഞ്ചമിൻ ചൂണ്ടിക്കാട്ടുന്നു. കൂടുതലായി ഒരു പോഷകവും നൽകാതെയാണിത്. ഒരു തെങ്ങിൽനിന്ന് പ്രതിവർഷം ശരാശരി 230 നാളികേരം വിളവെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഡോ. ചന്ദ്രശേഖർ പറഞ്ഞു.

നനയ്ക്കു  മാത്രമല്ല, വളപ്രയോഗത്തിനും ഈ സംവിധാനം കൂടുതൽ പ്രയോജനപ്പെടും. മണ്ണുപരിശോധനയുടെ ഫലം അപ്‌ലോഡ് ചെയ്തു നൽകുകയേ വേണ്ടു. പരിശോധനാഫലത്തിന്റെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ ഗ്രോട്രോൺ സോഫ്റ്റ്‌വേർ തന്നെ ഓരോന്നിനും വേണ്ടത്ര പോഷകങ്ങൾ യഥാവിധി നിശ്ചയിച്ചു നൽകിക്കൊള്ളും. ജലവിനിയോഗം 50 ശതമാനവും വളപ്രയോഗം 30–40 ശതമാനവും ലാഭിക്കാൻ ഗ്രോട്രോൺ സഹായകമാണെന്നു ബെഞ്ചമിൻ അവകാശപ്പെട്ടു. ചെടിയിലെ കായികപ്രവർത്തനങ്ങൾ ശാസ്ത്രീയമായി ക്രമീകരിച്ച് വിളവ് വർധിപ്പിക്കുന്ന ഈ സാങ്കേതികവിദ്യ പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വയം നിയന്ത്രിതമായ മറ്റ് ഫെർട്ടിഗേഷൻ സംവിധാനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഗ്രോട്രോൺ എന്നു ബെഞ്ചമിൻ ചൂണ്ടിക്കാട്ടി. കൃത്യമായ ഇടവേളകളിൽ താനേ തുറക്കുകയും അടയുകയും ചെയ്യുന്ന വാൽവുകളാണ് പൊതുവെ ഉത്തരം സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാൽ ഗ്രോട്രോണിൽ വിളകൾക്കാണ് പ്രാധാന്യം. അവയുടെ വേരുപടലത്തോടു ചേർന്നുള്ള മണ്ണിന്റെ ജലാഗിരണശേഷി  അനുസരിച്ചാണ് നന ക്രമീകരിക്കുക. ഇതിനായി ആർദ്രത അളക്കുന്നതിനു പകരം മണ്ണിനുള്ളിലെ വായുവിന്റെ മർദമാണ് നിരീക്ഷിക്കുക. ജലാംശം കുറയുമ്പോൾ മണ്ണിലെ വായുമർദം വർധിക്കും. ശരിയായ തോതിൽ ജലാംശമുള്ള മണ്ണിലെ മർദം എപ്പോഴും  നിശ്ചിത പരിധിക്കുള്ളിലായിരിക്കും. വിവിധ പദാർഥങ്ങളുടെ മിശ്രിതമായ മണ്ണിൽ ഈർപ്പം കൃത്യമായി കണക്കാക്കാനാവില്ലെന്ന് ബെഞ്ചമിൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ആർദ്രതയ്ക്കു പകരം വായുമർദം നിരീക്ഷിക്കുന്നത്. മണ്ണിനും ജൈവവസ്തുക്കൾക്കുമൊക്കെ വ്യത്യസ്ത ആർദ്രതയായിരിക്കും. മാത്രമല്ല, ഒരേ ആർദ്രത കാണിക്കുമ്പോഴും മണ്ണിന്റെ നിർഗമനശേഷി മാറുന്നതനുസരിച്ച് ജലലഭ്യതയിൽ മാറ്റം വരാം.  മണ്ണിലെ വെള്ളത്തിന്റെ അളവ് കൃത്യമാകുന്നതു വഴി വിളകളുടെ പോഷകാഗിരണശേഷിയും ആരോഗ്യവും ഗണ്യമായി മെച്ചപ്പെടുമെന്ന് ബെഞ്ചമിൻ ചൂണ്ടി ക്കാട്ടി. ഇതു ശരിയാകാത്തപക്ഷം മറ്റെല്ലാ പരിചരണവും പാഴാവുകയും ചെയ്യും.

വിളകൾക്കു വേണ്ട പോഷകങ്ങളിൽ 96 ശതമാനവും കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ എന്നിവയാണ്. വെള്ളത്തിൽനിന്നും വായുവിൽനിന്നുമാണ്  ഇവ കിട്ടുന്നത്. മണ്ണിലെ വായു-ജല അനുപാതം കൃത്യമാക്കിയാൽ ഇവയുടെ ലഭ്യത ഉറപ്പു വരുത്താം. വളങ്ങളിലൂടെ നൽകുന്ന ബാക്കി 16 പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനും മണ്ണിലെ വായു-ജല അനുപാതം സ്ഥിരമായും കൃത്യമായും നിലനിര്‍ത്തേണ്ടതുണ്ട്. കൃഷിക്കാർ തീരെ മനസ്സിലാക്കാത്ത സത്യമാണിത്– അദ്ദേഹം പറഞ്ഞു.

IoT-Farm-2

നിർഭാഗ്യവശാൽ മഴക്കാലത്ത് അമിതമായ ജലസാന്നിധ്യവും വേനലിൽ ജലദൗർലഭ്യവുമാണ് കേരളത്തിലെ മണ്ണിൽ കാണാറുള്ളത്.  ഇത് യഥാവിധി ക്രമീകരിച്ചാൽ മാത്രം മതി, ഉൽപാദനക്ഷമത കുത്തനെ കൂടും- അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രോട്രോൺ സ്ഥാപിച്ച ഒരു തോട്ടത്തിൽ ശരിയായ ജലവിതരണത്തിലൂടെ തക്കാളിയുടെ ഉൽപാദനം 8 മടങ്ങായെന്ന് ബെഞ്ചമിൻ അവകാശപ്പെട്ടു. ശരാശരി 9 ടണ്ണായിരുന്ന തക്കാളി ഉൽപാദനം 71 ടണ്ണായി. അതേസമയം ഒരു കിലോ തക്കാളി ഉൽപാദിപ്പിക്കാൻ വേണ്ടിവന്നിരുന്ന വെള്ളത്തിന്റെ അളവ് 196 ലീറ്ററിൽനിന്ന് 62 ലീറ്ററായി കുറയുകയും ചെയ്തു. ഒരു ഏക്കറിൽ ശരാശരി 7400 നാളികേരം ലഭിച്ചിരുന്ന മറ്റൊരു തോട്ടത്തിൽ ഉൽപാദനം ഇരട്ടിച്ചതായും ഇവർ അവകാശപ്പെടുന്നു.  ഒരു കിലോ നാളികേരത്തിനായി 374 ലീറ്റർ ജലം ഉപയോഗിച്ചിരുന്ന അവിടെ ഇപ്പോൾ ശരാശരി 76 ലീറ്ററേ വേണ്ടിവരുന്നുള്ളൂ.  

പൂർണമായും തുള്ളിനന സംവിധാനമാണെങ്കിലും പുറമെ കുഴലുകളൊന്നുംതന്നെ  ഇവിടെ കാണാനില്ല.  ആഴത്തിൽ കുഴികളെടുത്താണ് ഇവിടെ  സബ് സർഫസ് തുള്ളിനന സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. തേങ്ങ വീണും ആളുകൾ ചവിട്ടിയുമൊക്കെ പൈപ്പ് പൊട്ടാതിരിക്കാൻ മാത്രമല്ല, നൽകുന്ന ജലം ആവി യായി നഷ്ടപ്പെടാതെ പൂർണമായി വേരുപടലത്തോട് ചേർന്നു കിട്ടാനും ഇത് സഹായിക്കുന്നു . 

വൻകിടക്കാർക്കു മാത്രമേ ഇത്തരം സംവിധാനങ്ങൾ സാധ്യമാകൂ എന്നും ചിന്തിക്കേണ്ടതില്ല. ഇറക്കുമതി ചെയ്ത ഫെർട്ടിഗേഷൻ - ഓട്ടോമേഷൻ യൂണിറ്റ് സ്ഥാപിക്കാൻ ഏക്കറിന് ഏകദേശം 25 ലക്ഷം രൂപ വേണ്ടി വരും. എന്നാൽ തുല്യനിലവാരമുള്ള ഗ്രോ ട്രോൺ സിസ്റ്റത്തിനു പത്തിലൊന്ന് ചെലവേ വേണ്ടി വരുന്നുള്ളൂ. രണ്ടര ലക്ഷം രൂപ. കുറഞ്ഞത് അഞ്ചേക്കര്‍  തോട്ടവിളകളുള്ളവർക്ക്  ഗ്രോട്രോൺ സംവിധാനം ഫലപ്രദമായി നടപ്പാക്കാമെന്നു ബെഞ്ചമിൻ. 2 വർഷത്തിനകം മുടക്കുമുതൽ തിരിച്ചുപിടിക്കാമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പച്ചക്കറിക്കൃഷിയാണെങ്കിൽ വിസ്തൃതി പരിഗണിക്കാതെ ആദ്യ വർഷം തന്നെ മുടക്കുമുതൽ തിരികെ നേടാമത്രെ. എന്നാൽ മഴയെ മാത്രം ആശ്രയിക്കുന്ന കൃഷിയിടങ്ങളിൽ ഗ്രോ ട്രോണിനു പ്രസക്തിയില്ലതാനും.

വയർലെസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ, 4–6 കിലോമീറ്റർവരെ  പരിധിയില്‍ കൃഷിയിടത്തിലെ വിവരങ്ങൾ കർഷകന്റെ വിരല്‍തുമ്പിലെത്തിക്കാനും ഇതിനു സാധിക്കും. തുറസ്സായ കൃഷിയിടങ്ങൾക്കു മാത്രമല്ല, പോളിഹൗസുകൾക്കും ഹൈഡ്രോപോണിക്സ്–അക്വാപോണിക്സ് യൂണിറ്റുകൾക്കു വേണ്ടിയും ഗ്രോട്രോൺ ക്രമീകരിക്കാനാവും. പോളിഹൗസുകളിൽ കാർബൺ ഡയോക്സൈഡിന്റെ തോതും ഇൻഡോർ ഫാമുകളിൽ പ്രകാശത്തിന്റെ അളവും യോജ്യമായ വിധം ക്രമീകരിച്ച് ഉൽപാദനം വർധിപ്പിക്കാനുള്ള സാങ്കേതികവിദ്യയും ഇവർക്കുണ്ട്.  എന്നാൽ മണ്ണിലെ അഥവാ നടീൽമാധ്യമത്തിലെ പോഷക സാന്നിധ്യം കൃത്യമായി തിരിച്ചറിയുന്നതിനു ഫലപ്രദമായ ഇലക്ട്രോണിക് സാങ്കേതികവിദ്യ ലഭ്യമല്ലെന്നു ബെഞ്ചമിൻ പറഞ്ഞു. എൻപികെ സെൻസറുകളുണ്ടെങ്കിലും അവയുടെ കൃത്യത പോരെന്നാണ് ബെഞ്ചമി ന്റെ അഭിപ്രായം.

ഫോൺ: 9731197000

English summary: Cloud based automated Irrigation System for Coconut Farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com