ADVERTISEMENT

കോട്ടയം ജില്ലയിലെ മലയോര ഗ്രാമങ്ങളിലൊന്നായ മലയിഞ്ചിപ്പാറയില്‍ കൃഷിയിലൂടെ വിസ്മയം തീര്‍ക്കുകയാണ് യുവ കര്‍ഷകനായ മനു മാനുവല്‍ കരിയാപുരയിടം. നാടിന്റെ പേരുപോലെതന്നെ കുന്നുകളും പാറകളും നിറഞ്ഞ പ്രദേശത്ത് കൃഷിയെ മുറുകെ പിടിച്ച് അദ്ദേഹം ഒരു കാര്‍ഷികസാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നു. പാറയിന്മേല്‍ മണ്ണ് നിരത്തി അവിടെ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു. ഒപ്പം മത്സ്യക്കൃഷിയുമുണ്ട്.

ഒരു സമ്മിശ്രത്തോട്ടം പടുത്തുയര്‍ത്തിയിട്ടുണ്ടെങ്കിലും കാര്‍ഷികമേഖലയില്‍ ഒരു സ്ഥിരവരുമാനം ഉറപ്പായും ഉണ്ടായിരിക്കണം എന്നതാണ് മനുവിന്റെ കാഴ്ചപ്പാട്. അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്, ഇറച്ചിക്കോഴികളെയും. വീടിനോടു ചേര്‍ന്നുള്ള ഒരു ഷെഡ്ഡിനു പുറമേ ചെങ്കുത്തായ ചെരിവുള്ള റബര്‍ത്തോട്ടത്തില്‍ രണ്ടു വലിയ ഷെഡ്ഡുകള്‍ കൂടി തീര്‍ത്തിരിക്കുന്നു. റബര്‍ത്തോട്ടമായതിനാലും കോട്ടയംജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന സ്ഥലമായതിനാലും കോഴികള്‍ക്ക് അനുകൂലമായ കാലാവസ്ഥയാണ് ഇവിടുള്ളതെന്ന് മനു പറയുന്നു. അതുകൊണ്ടുതന്നെ കോഴികള്‍ക്ക് മികച്ച വളര്‍ച്ചയും ലഭിക്കുന്നുണ്ട്.

മുഴുവന്‍ സമയ കര്‍ഷകനായിട്ട് ഒരു പതിറ്റാണ്ടോളമായെങ്കിലും കഴിഞ്ഞ വര്‍ഷമാണ് മനു ഇറച്ചിക്കോഴി വളര്‍ത്തല്‍ സംരംഭത്തിലേക്ക് തിരിഞ്ഞത്. എന്നാല്‍, തുടക്കം തിരിച്ചടിയോടെയായിരുന്നു. 2021ലെ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിന്റെ തുടര്‍ച്ചയെന്നോണം അതിരിലുള്ള കൈത്തോട്ടില്‍നിന്ന് വെള്ളം തോട്ടത്തിലൂടെ നിരന്നൊഴുകി. കോഴിഫാമിനുള്ളിലൂടെ വെള്ളം കയറിയൊഴുകി. വെള്ളം ഗതിമാറിയൊഴുകുന്നത് ഉടന്‍തന്നെ അയല്‍വാസികള്‍ കണ്ടതിനാല്‍ കൃത്യമായി ഇടപെടാന്‍ കഴിഞ്ഞു. ഫാമിലേക്ക് വെള്ളം കയറിയെങ്കിലും വശങ്ങളിലെ സിമന്റ് ഇഷ്ടിക പൊട്ടിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. അതുകൊണ്ടുതന്നെ വളരെ കുറച്ച് കോഴിക്കുഞ്ഞുങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്നും മനു.

കോഴി ഫാമിന് ലൈസന്‍സ് എടുക്കുന്നതിന്റെ ഭാഗമായി അധികൃതരുടെ നിര്‍ദേശം അക്ഷരംപ്രതി പാലിച്ചതിനാലാണ് വലിയ വെള്ളപ്പാച്ചില്‍ ഉണ്ടായിട്ടും ഷെഡ്ഡുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കാത്തത്. കുന്നിന്‍ചെരിവ് ആയതിനാല്‍ ഷെഡ്ഡിന്റെ വശങ്ങളില്‍ കയ്യാല കെട്ടി മണ്‍തിട്ട ബലപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഷെഡ്ഡിന്റെ നീളത്തില്‍ കയ്യാല കെട്ടുകയും ചെയ്തു. നിര്‍മാണച്ചെലവ് ഉയര്‍ന്നെങ്കിലും അത് മനുവിന് ഉപകാരമായി.

മൂന്നു ഷെഡ്ഡുകളില്‍ കോഴികളെ വളര്‍ത്തുന്നു. എന്നാല്‍, അവയെ സ്വന്തമായി വളര്‍ത്തുന്ന രീതിയല്ല മനു സ്വീകരിച്ചിരിക്കുന്നത്. കരാര്‍ കൃഷി അഥവാ ഇന്റഗ്രേഷന്‍ രീതിയിലാണ് വളര്‍ത്തുക. കുഞ്ഞുങ്ങളെയും തീറ്റയും കമ്പനി ഇറക്കിത്തരും 40-45 ദിവസം വളര്‍ത്തി തിരികെ നല്‍കിയാല്‍ മതി. കമ്പനി കോഴികളെ തിരിച്ചെടുക്കുമ്പോള്‍ കിലോഗ്രാമിന് 7-8 രൂപ വച്ച് വളര്‍ത്തുകൂലി ലഭിക്കും. കോഴികളുടെ എണ്ണം കൂടുന്തോറും നേട്ടം ഉയരും.

ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് കമ്പനി ഇറക്കിക്കൊടുക്കുക. അവയ്ക്ക് ആദ്യ ദിവസങ്ങളില്‍ ബ്രൂഡിങ് നല്‍കുന്നതിന് വിറക് ബ്രൂഡിങ് ആണ് മനു ഉപയോഗിക്കുക. ഷെഡ്ഡില്‍ അങ്ങിങ്ങായി സ്ഥാപിച്ചിരിക്കുന്ന തകരകൊണ്ടുള്ള ബ്രൂഡറുകളില്‍ വിറക് കത്തിച്ചാണ് കുഞ്ഞുങ്ങള്‍ക്ക് ചൂടേകുന്നത്. പുക പുറത്തേക്ക് പോകുന്നതിനായി ഉയരത്തില്‍ കുഴല്‍ സ്ഥാപിച്ചിട്ടുമുണ്ട്.

ഇറച്ചിക്കോഴികള്‍ക്കായുള്ള തീറ്റവില വലിയ തോതില്‍ ഉയര്‍ന്നു നില്‍ക്കുകയും അതുപോലെ കോഴിവില താഴ്ന്നുനില്‍ക്കുകയും ചെയ്യുന്നതുകൊണ്ട് ഒട്ടേറെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പലരും കോഴിവളര്‍ത്തല്‍ ഉപേക്ഷിക്കുകയും കടക്കെണിയിലാകുകയും ചെയ്തു. ഇന്റഗ്രേഷന്‍ രീതിയില്‍ ചെയ്യുമ്പോള്‍ ഈ പ്രതിസന്ധി കര്‍ഷകനെ ബാധിക്കില്ലെന്നും മനു. വലിയ കമ്പനികള്‍ക്ക് സ്ഥിരം മാര്‍ക്കറ്റുണ്ട്. അതുപോലെ വിപണിയിലെ കയറ്റിറക്കങ്ങള്‍ അവരെ വലിയ തോതില്‍ ബാധിക്കാറില്ല. കാരണം, 365 ദിവസവും കമ്പനികള്‍ മാര്‍ക്കറ്റിലുണ്ട്. ഒറ്റയ്ക്കു വളര്‍ത്തുന്ന കര്‍ഷകനെ സംബന്ധിച്ചിടത്തോളം വില്‍പന ബുദ്ധിമുട്ടാകും. വിലയിടിവുള്ള സാഹചര്യംകൂടി വന്നാല്‍ തീറ്റച്ചെലവ് പോലും ലഭിക്കാതെവരും. അതുകൊണ്ടുതന്നെ ഇന്റഗ്രേഷന്‍ രീതിയില്‍ വിപണിയിലെ പ്രതിസന്ധികള്‍ കര്‍ഷകനിലേക്ക് നേരിട്ട് എത്തുന്നില്ല. അതിനാല്‍ മികച്ച വരുമാനമാര്‍ഗമാണ് കോഴിവളര്‍ത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com