പച്ചക്കറിക്കൃഷി ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കാം; പച്ചക്കറി ബിസിനസ് പച്ച പിടിപ്പിക്കാനുള്ള വഴികളിവയാണ്

HIGHLIGHTS
  • കൃഷിച്ചെലവ് കുറഞ്ഞാൽ മാത്രമേ സ്വീകാര്യമായ വിലയ്ക്ക് വിൽക്കാനാകൂ
  • വില മാത്രമല്ല, വിളപരിപാലനത്തിനും വിളവെടുപ്പിനുമുള്ള സൗകര്യവും പരിഗണിക്കണം
vegetables-1
SHARE

പച്ചക്കറിക്കൃഷി ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുമോ? സാധിക്കുമെന്നു തെളിയിച്ച ഒരു വിഭാഗം കർഷകർ കേരളത്തിലുണ്ട്. എന്നാൽ, ശരിയായ തോതിലും ആസൂത്രണത്തോടെയും മികവോടെയും ചെയ്യണമെന്നു മാത്രം. പ്രതിമാസം അര ലക്ഷം രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക വിധത്തിൽ പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ നാടൻ പച്ചക്കറിക്കൃഷി  സുസ്ഥിര സംരംഭമായി വളരൂ. 10 ചട്ടിയിലും 2 സെന്റിലും കൃഷി ചെയ്താൽ വീട്ടാവശ്യത്തിനുതകുമെന്നല്ലാതെ വിപണിക്കായി നാടൻ പച്ചക്കറി ലഭ്യമാക്കാൻ കഴിയില്ല.

വിഎഫ്പിസികെയുടെ  സ്വാശ്രയവിപണികളിലൂടെ 50000 ടൺ  നാടൻ പച്ചക്കറി ഉപഭോക്താക്കളിലെത്തുന്നു. സമാന്തരമായി വൻകിട പച്ചക്കറി ഉൽപാദകരെ കൂടി വളർത്തിയാലേ നാടൻ പച്ചക്കറി സമൃദ്ധമാകൂ. നാടൻ പച്ചക്കറിവിപണിയിലെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്താനായി വേറിട്ട വിപണനമാർഗങ്ങൾ പരീക്ഷിക്കുന്ന സംരംഭകർ  കേരളത്തിലുണ്ട്. ലേലവിപണിയെ ആശ്രയിക്കാതെ വർഷം മുഴുവൻ ഏറക്കുറെ സ്ഥിരവിലയിൽ പച്ചക്കറി എത്തിക്കാനാണ് അവരുടെ ശ്രമം. ചില്ലറവ്യാപാരികളാണ് അവരുടെ ശൃംഖലയിലെ മുഖ്യകണ്ണി. സൂപ്പർ മാർക്കറ്റ് ശൃംഖലകൾക്കു പച്ചക്കറി നൽകുന്നവരുമുണ്ട്. സ്വന്തം സാഹചര്യങ്ങൾക്കു യോജിച്ച വിപണനരീതിയാണ് എല്ലാവരും സ്വീകരിക്കു ന്നത്.  ഓരോ പഞ്ചായത്തിലും സംരംഭ മനോഭാവത്തോടെ പച്ചക്കറി ഉൽപാദിപ്പിക്കുന്ന അഞ്ചോ പത്തോ കർഷകരുണ്ടെങ്കിൽ നേട്ടം പലതാണ്. ഫുഡ് മൈൽ കുറച്ച് പ്രാദേശികമായി നല്ല നാടൻ പച്ചക്കറി ലഭ്യമാക്കാം. പ്രാദേശിക ഉൽപാദനമായതിനാൽ താരതമ്യേന കൂടുതൽ വിശ്വാസ്യതയോടെ വാങ്ങാനാകും. സർക്കാർ ഏജൻസികളുടെ വിജ്ഞാനവ്യാപനപ്രവർത്തനങ്ങളും വിപണിപിന്തുണയും ഫലപ്രദമാക്കാനും സാധിക്കും. സർവോപരി കൃഷികൊണ്ടു ജീവിതം മെച്ചപ്പെട്ട ഏതാനും പേരെയെങ്കിലും ഓരോ നാട്ടിലും സൃഷ്ടിക്കാനാകും. അതിനുതകുന്ന തന്ത്രങ്ങളും സമീപനങ്ങളും എന്തൊക്കെയാണെന്ന അന്വേഷണമാണിത്.

philip-chacko-vegetable-farmer-3
ഫിലിപ്പ് ചാക്കോയും ഭാര്യ ആൻമേരിയും കൃഷിയിടത്തിൽ

ആദായസാധ്യത

ഉൽപാദനച്ചെലവിനെക്കാൾ കുറഞ്ഞ വിലയിൽ നാടൻപച്ചക്കറി വിൽക്കേണ്ടിവരുന്ന അവസരങ്ങൾ വിരളമാണിപ്പോൾ. പച്ചക്കറി വാങ്ങാൻ ആളില്ലെന്ന പരാതിയും കുറഞ്ഞിട്ടുണ്ട്. വിപണിയെക്കുറിച്ച് ചിന്തിക്കാതെ കൃഷി ചെയ്യുന്നവർക്കാണ് കൂടുതൽ തിരിച്ചടിയുണ്ടാകുന്നത്. മോഹവില പ്രതീക്ഷിച്ച് കൂട്ടത്തോടെ കൃഷി ചെയ്യുന്നതുമൂലമുള്ള അമിതോൽപാദനവും അപകടമുണ്ടാക്കും. ഇവ ഒഴിവാക്കിയാൽ നാടൻ പച്ചക്കറികൾക്ക്  എന്നും ആദായകരമായ വില നേടാനാകും. വിവിധ സർക്കാർ ഏജൻസികളും സ്വകാര്യ കച്ചവടക്കാരും മാത്രമല്ല, കർഷക കൂട്ടായ്മകൾപോലും പച്ചക്കറിവിപണി ആരംഭിക്കുന്നതിനാൽ ആർക്കും വേണ്ടാതെ വെട്ടിമൂടേണ്ടിവരില്ലെന്നുറപ്പ്. അഥവാ ഏതെങ്കിലും പ്രത്യേക മേഖലയിൽ അമിത ഉൽപാദനം കൂടി വില ഇടിഞ്ഞാൽപോലും സംസ്ഥാന സർക്കാർ ഏജൻസികളുടെ സഹായഹസ്തം പ്രതീക്ഷിക്കാം. വിൽക്കാനാവാത്തതല്ല, ഉൽപാദനച്ചെലവിനും ജീവിതച്ചെലവിനും ആനുപാതികമായ വില കിട്ടാത്തതാണ് പ്രശ്നമാകുന്നതെന്ന് അമരവിളയിലെ പച്ചക്കറികർഷകനായ ബിജു പറയുന്നു. മറ്റു ബിസിനസുകളിലെ മാർജിൻ പച്ചക്കറി ബിസിനസിൽ പ്രതീക്ഷിക്കരുതെന്ന കാര്യത്തിൽ ഫിലിപ്പ് ചാക്കോയ്ക്കും യോജിപ്പാണ്. മിതമായ ലാഭവും പിന്നെ കൃഷിയുടെ സന്തോഷവും – അത്രയേ ആഗ്രഹിക്കാവൂ.

സ്ഥലം, ഭൂപ്രകൃതി

സൂര്യപ്രകാശവും വെള്ളവും സമൃദ്ധമായി ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. പ്രമുഖ വിപണികളുടെയും പ്രധാന പാതകളുടെയും സാമീപ്യം, വാഹനസൗകര്യം, മണ്ണിന്റെ നിലവാരം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കാം.  വെള്ളക്കെട്ടുണ്ടാകുന്ന പാടങ്ങൾ പരമാവധി ഒഴിവാക്കുക. അഥവാ പാടങ്ങളിൽ കൃഷി ചെയ്യാൻ നിർബന്ധിതനാണെങ്കിൽ മഴക്കാലത്ത് കൃഷി  ചെയ്യാൻ മറ്റൊരു സ്ഥലം കൂടി കണ്ടെത്തുക. ചുറ്റുമതിൽ, വേലി എന്നിവയുള്ളത് അഭികാമ്യം. ട്രാക്ടർ, പോലെയുള്ള യന്ത്രങ്ങൾ എത്തുന്നതിനുള്ള സാധ്യതയും പരിഗണിക്കാം. 2 ഏക്കറിലധികം കൃഷിയിടം സ്വന്തമായുള്ള പച്ചക്കറികർഷകർ നമ്മുടെ നാട്ടിൽ കുറവാണ്. എന്നാൽ ഒട്ടേറെ കൃഷിയിടങ്ങൾ പാട്ടത്തിനു കിട്ടാനുള്ളതിനാൽ സ്ഥലലഭ്യത  പ്രശ്നമാക്കേണ്ടതില്ല. 

കൃഷിരീതിയനുസരിച്ച് ആദായത്തിന്റെ തോത് മാറും. എങ്കിലും  പരമ്പരാഗതരീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ 5 ഏക്കറും തുറസ്സായ സ്ഥലത്തെ കൃത്യതാക്കൃഷിയാണെങ്കിൽ ഒന്നരയേക്കറും മതിയാകുമെന്നാണ് ഭൂരിപക്ഷം കർഷകരും പറയുന്നത്. അതേസമയം ഉൽപാദനത്തിലും വിപണനത്തിലും ശരിയായ തന്ത്രങ്ങൾ പാലിക്കാതിരുന്നാൽ ഇതൊക്കെ ഏട്ടിലെ കണക്കുകളായി തീരുമെന്നതില്‍ തർക്കമില്ല.

ആസൂത്രിത ഉൽപാദനം

ആസൂത്രിത ഉൽപാദനമെന്നത് സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും ഉത്തരവാദിത്തമാണ്. എന്നാൽ തന്റെ വിപണിയിൽ ഓരോ ഇനത്തിനും ഓരോ സീസണിലും എത്രമാത്രം ആവശ്യക്കാരുണ്ടെന്നു മനസ്സിലാക്കി ഉൽപാദനം ക്രമീകരിക്കാൻ ഒരു പരിധിവരെയെങ്കിലും കൃഷിക്കാർക്ക് സാധിക്കും. പ്രാദേശിക രുചിഭേദങ്ങൾ കണക്കിലെടുക്കുന്നതും ഇതിലുള്‍പ്പെടും. മുൻ സീസണിലെ മോഹവില നൽകുന്ന പ്രലോഭനത്തെക്കാൾ മുൻകാലങ്ങളിലെ വിൽപനക്കണക്കാവണം വിള തിരഞ്ഞെടുക്കുന്നതിൽ  കർഷകനു വഴികാട്ടേണ്ടത്. രണ്ടോ മൂന്നോ ഇനങ്ങൾ മാത്രം കൃഷി ചെയ്യുന്നവരെയും എട്ടും പത്തും ഇനങ്ങൾ ഉൽപാദിപ്പിക്കുന്നവരെയും കാണാം. എവിടെ വിൽക്കുമെന്ന് വ്യക്തതയുണ്ടെങ്കിൽ രണ്ടും നല്ലതു തന്നെ. എന്നാൽ ഒരിനം മാത്രം വൻതോതിൽ ഉൽപാദിപ്പിക്കുന്നത് സാഹസമാകും. 

വില മാത്രമല്ല, വിളപരിപാലനത്തിനും വിളവെടുപ്പിനുമുള്ള സൗകര്യവും പരിഗണിക്കേണ്ടതുണ്ട്. വിളവെടുപ്പിനു കാലതാമസം വരുന്ന പച്ചമുളക് പരമാവധി കുറച്ചുമാത്രം കൃഷി ചെയ്യുന്ന ചാക്കോയുടെ മാതൃക ഉദാഹരണം. പകരം അയൽക്കാരായ വീട്ടമ്മമാർക്കു വിത്തു നൽകി പച്ചമുളകുകൃഷി ചെയ്യിക്കുകയാണ് അദ്ദേഹം. ഫലമോ, മുളകിന്റെ കൃഷി കുറഞ്ഞെങ്കിലും ഉൽപാദനം കുറഞ്ഞില്ല.

ഉൽപാദനരീതി

പരമ്പരാഗതരീതിയിലും കൃത്യതാക്കൃഷിയായും  വാണിജ്യ പച്ചക്കറിക്കൃഷി നടത്തുന്നവരുണ്ട്. എന്നാൽ പരമ്പരാഗതശൈലിയിൽ കൃഷി ചെയ്യുന്നവർക്ക് വിസ്തൃതി വർധിപ്പിക്കുന്നതിൽ പരിമിതിയുണ്ട്. വെള്ളം കോരിയൊഴിച്ചു പച്ചക്കറിക്കൃഷി നടത്താൻ ശ്രമിച്ചാൽ കൂലിച്ചെലവ് കുത്തനെ ഉയരും. അല്ലാത്ത പക്ഷം കർഷകൻ അധ്വാനിച്ചു തളരും.  പ്രകൃതിവിഭവങ്ങളായാലും മനുഷ്യവിഭവശേഷിയായാലും ഉപയോഗം പരിമിതപ്പെടുത്തിയാൽ മാത്രമേ കൃഷി നിലനിൽക്കൂ. നെടുനീളത്തിൽ വാരംകോരിയ ശേഷം അതിൽ ജൈവവളം നിറച്ചു പ്ലാസ്റ്റിക് പുതയിട്ടാണ് കൃത്യതാക്കൃഷി ചെയ്യുക. പുതയ്ക്കടിയിലെ കുഴലിലൂടെ തുള്ളിനന നൽകുന്നതിനാൽ കൂലിച്ചെലവും കുത്തനെ കുറയും. കൃഷി ആദായകരമല്ലാതിരുന്ന തൃശൂർ കൈപ്പറമ്പിലെ ഉണ്ണിക്കൃഷ്ണനെ രാജ്യത്തെ മികച്ച പച്ചക്കറിക്കർഷകനാക്കിയത് കൃത്യതാക്കൃഷിയാണെന്നോർക്കാം.

vegetable-farmer-nishad-1
വിളവെടുത്ത വെണ്ടയ്ക്കയുമായി നിഷാദ്

ഉൽപാദനച്ചെലവ്

കൃഷിച്ചെലവ് കുറഞ്ഞാൽ മാത്രമേ സ്വീകാര്യമായ വിലയ്ക്ക് വിൽക്കാനാകൂ. വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവർക്കും സ്വയം അധ്വാനിക്കുന്ന ചെറുകിട കർഷകർക്കും ഇല്ലാത്ത പല അധികച്ചെലവുകളും വാണിജ്യക്കർഷകർക്കുണ്ട്. ഒരു കിലോ വെണ്ടക്ക വിളവെടുക്കുന്നതിനു മാത്രം  6 രൂപ ചെലവ് വരുന്നതായി ലക്കിടിയിലെ ഫിലിപ് ചാക്കോ ചൂണ്ടിക്കാട്ടുന്നു. ചാക്കോയെപ്പോലുള്ള വൻകിടക്കാർ തെക്കൻജില്ലകളിൽ ഉൽപന്നമെത്തിക്കുമ്പോൾ കടത്തുകൂലിയും അത്രത്തോളമാകും. ഇത്തരം ചെലവുകളൊന്നും ഏതാനും സെന്റിൽ കൃഷി ചെയ്യുന്നവർക്കില്ല. എന്നാൽ വിപണിയിലെത്തുമ്പോൾ അവരുമായി താരതമ്യമുണ്ടാവുക സ്വാഭാവികം. തനതു തന്ത്രങ്ങളിലൂടെ മറ്റ് ചെലവുകൾ കുറയ്ക്കുകയാണ് വൻകിടക്കാര്‍ ചെയ്യുന്നത്.  വിത്ത്, വളം, മൾചിങ് ഷീറ്റ് എന്നിവ ഒരു വർഷത്തേക്കു  മൊത്തമായി വാങ്ങുകയാണ് ഒരു മാർഗം. ഇത്തരം കാർഷികോപാധികൾക്കു മുടക്കേണ്ടിവരുന്ന തുക പകുതിയാക്കാൻ ഇതുവഴി സാധിക്കും.  

കൂലിച്ചെലവ് പരമാവധി കുറയ്ക്കാവുന്ന വിധത്തിൽ കൃഷിപ്പണികൾ ക്രമീകരിക്കുകയാണ് മറ്റൊരു തന്ത്രം.  കൃത്യതാക്കൃഷിയിൽ മരുന്നടിക്കാനും വിളവെടുക്കാനും മാത്രമേ തൊഴിലാളികളെ വേണ്ടിവരുന്നുള്ളൂ. കാർഷികഡ്രോണുകൾ മരുന്നടിച്ചുതുടങ്ങുന്നതോടെ വൻകിട കൃഷിക്കാർക്ക് കാര്യങ്ങൾ കുറെക്കൂടി എളുപ്പമാകും. 2 ഏക്കറിൽ താഴെ കൃത്യതാക്കൃഷി നടത്തുന്നവർക്ക് കുടുംബാംഗങ്ങളുടെ  അധ്വാനത്തിലൂടെ പണികൾ നടത്താമെന്ന് തൃശൂരിലെ ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. യന്ത്രവൽക്കരണമാണ് മറ്റൊരു പരിഹാരം. ബെഡ് എടുക്കാൻ മാത്രമല്ല, തുള്ളിനനയൊരുക്കാനും മൾചിങ് ഷീറ്റ് വിരിക്കാനുമൊക്കെ ഈ യന്ത്രം ഉപയോഗിക്കാം. 

vegetable-farmer-unnikrishnan-2
ഉണ്ണിക്കൃഷ്ണൻ മുളകുതോട്ടത്തിൽ

നടീൽവസ്തുക്കൾ, വിത്തുകൾ

കേരളത്തിലെ കർഷകർക്കിടയിൽ രണ്ടു സമീപനം കാണാം. തനി നാടനാണെന്ന് ഉറപ്പാക്കാന്‍ ആനക്കൊമ്പൻ വെണ്ടയും നാടൻ പയറുമൊക്കെ കൃഷി ചെയ്യുന്നവരാണ് തിരുവനന്തപുരം ജില്ലയിലെ വാണിജ്യക്കർഷകർ. സങ്കരയിനങ്ങൾക്ക്  തെക്കൻ ജില്ലകളിലെ നാടൻ പച്ചക്കറിവിപണിയിൽ മതിപ്പില്ലെന്നാണ് ഇവരുടെ പക്ഷം. എന്നാൽ കമ്പനിവിത്തുകൾ ഉപയോഗിക്കുന്നവരാണ് കൃത്യതാക്കൃഷി ചെയ്യുന്ന നിഷാദും ചാക്കോയുമൊക്കെ.  ഹൈബ്രിഡ് വിത്തുകൾക്ക് ഉൽപാദനക്ഷമത മാത്രമല്ല, നിലവാരവും കൂടുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. നാടൻ ബ്രാൻഡിൽ പല പച്ചക്കറി ഇനങ്ങൾക്കും നിലവാരം കുറവാണെന്നാണ് ഇവരുടെ പക്ഷം.  

നിലവാരം, സാങ്കേതികവിദ്യ

നിലവാരം ഉറപ്പാക്കാന്‍ വിളവെടുപ്പ് മുതൽ ശ്രദ്ധ വേണം. മുളകും മറ്റും കേടുകൂടാതെ വിളവെടുക്കാൻ തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകാറുണ്ടെന്നു നിഷാദ്. തമിഴ്നാട് മോഡലിൽ പ്ലാസ്റ്റിക് ചാക്കുകളിൽ വിളവ് ശേഖരിക്കുന്ന രീതി ചാക്കോയ്ക്കും നിഷാദിനുമില്ല. പകരം പ്ലാസ്റ്റിക് ക്രേറ്റുകളിലാണ് ഇവരുടെ സംഭരണം. പച്ചക്കറികൾ ചതയില്ലെന്നു മാത്രമല്ല, വിപണിയില്‍ തമിഴ്നാട് പച്ചക്കറിയെന്ന തെറ്റിദ്ധാരണയുമുണ്ടാകില്ല. കൃത്യതാക്കൃഷിയിലൂടെ കൃത്യമായ വളവും വെള്ളവും നൽകുന്നതും പച്ചക്കറി വിളകളുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് നിഷാദ് പറഞ്ഞു. വിളവെടുത്ത പച്ചക്കറി  തരംതിരിക്കുന്നതിനു പ്രത്യേക പാക്ക് ഹൗസും ഇദ്ദേഹത്തിനുണ്ട്.

വിപണനം, സംരംഭകത്വം

പച്ചക്കറിക്കു  ബ്രാൻഡിങ്ങോ? സാധ്യമെന്ന് ചാക്കോയും ഉണ്ണിക്കൃഷ്ണനും. സേഫ്ടു ഈറ്റ് നിലവാരത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറി എന്ന സൽപേര് വിപണിയിൽ ഇരുവർക്കുമുണ്ട്. ഗുണനിലവാരത്തിലൂടെയുള്ള സൽപേരാണ് കർഷകന്റെ ബ്രാൻഡ് എന്ന് ഉണ്ണിക്കൃഷ്ണൻ തെളിയിക്കുന്നു. തന്റെ കൃഷിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ വന്ന  വിഡിയോ ചില്ലറ കച്ചവടക്കാർക്കിടയിൽ തനിക്ക് സവിശേഷ ബ്രാൻഡ് ഇമേജ് നല്‍കുന്നതായി ചാക്കോ. തമിഴ്നാട് പച്ചക്കറി കലർത്താതെ തന്നെ വേണ്ടത്ര ഉൽപാദനം നേടാൻ ചാക്കോയ്ക്ക്  സാധിക്കുമെന്ന് വാങ്ങുന്നവര്‍ക്കു ബോധ്യപ്പെട്ടു.  

വാണിജ്യ പച്ചക്കറിക്കൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ചക്കറിക്കൃഷിയിൽ മൊത്തം ചെലവിന്റെ  60 ശതമാനം കൂലിച്ചെലവും ബാക്കി 40 ശതമാനം വിത്ത്, വളം, കീടനാശിനി  തുടങ്ങിയ കാർഷികോപാധികളുടെ വിലയുമാണ്. 

60 ശതമാനം വരുന്ന കൂലിച്ചെലവ് അനുദിനം വർധിക്കുകയും അതേ അനുപാതത്തിൽ പച്ചക്കറിവിളകളുടെ വില വർധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

കൂലിച്ചെലവ് കുറയ്ക്കുന്നതിന് യന്ത്രവൽക്കരണം അനിവാര്യം. പച്ചക്കറിക്കൃഷിയില്‍ യന്ത്രവൽക്കരണം കൃത്യതാക്കൃഷിയിലൂടെ നടപ്പാക്കാനാവും.  സ്ഥലമൊരുക്കുന്നതിനും അവിടെ ബെഡുകൾ നിർമിക്കുന്നതിനും ഇന്ന് യന്ത്രങ്ങൾ ലഭ്യമാണ്. 

English summary: Vegetable Farming Business Plan for High Yield and Profits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS