ADVERTISEMENT

ഒട്ടേറെ കർഷകർക്കും ജീവിതവും അന്നവുമായി മാറിയ ഒരു മേഖല പൂർണമായും ഇല്ലാതായേക്കാവുന്ന അവസ്ഥയിലേക്ക് കേരളം എത്തിയിരിക്കുന്നു. പന്നി വളർത്തൽ മേഖല ഒട്ടേറെ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും വരുമാനമാർഗമായിരുന്നു. എന്നാൽ, മൂന്നു മാസം മുൻപ് വയനാട്ടിൽ റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ പന്നിപ്പനി ഓരോ ജില്ലയും താണ്ടി ശക്തിപ്രാപിക്കുകയാണ്, ഒട്ടേറെ കർഷകരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചുകൊണ്ട്.

ഏറ്റവുമൊടുവിൽ കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്ത് മീനച്ചിൽ പഞ്ചായത്തിലും പന്നിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്ഥിരീകരണം വന്നയുടൻ പന്നികളെ കൊന്ന് മറവുചെയ്തു. വ്യാപനം കുറയ്ക്കുന്നതിനായി രോഗം റിപ്പോർട്ട് ചെയ്യുന്ന ഫാമിന് ഒരു കിലോമീറ്റർ വ്യോമപരിധിക്കുള്ളിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച് പന്നികളെ കൊന്നു മറവുചെയ്തിട്ടും ഓരോ ജില്ലയിലേക്കും രോഗം വ്യാപിക്കുന്നത് എന്തുകൊണ്ടാണ്? 

ഒന്നുകിൽ രോഗം സംസ്ഥാനത്താകെ വ്യാപിച്ചിരിക്കുന്നു. ഒന്നും രണ്ടും പന്നികളെ വളർത്തുന്ന സ്ഥലങ്ങളിൽ പോലും പന്നികൾ ചാകുന്നതായി റിപ്പോർട്ടുകളുണ്ട്. വലിയ ഫാം രീതിയിൽ വളർത്തുന്നതുകൊണ്ടു മാത്രമാണ് പലപ്പോഴും വാർത്തയാകുന്നത്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രോഗം വ്യാപിച്ചതായി റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ഇവിടെ കർഷകർ ഭീതിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നി, പന്നിമാംസം, കാഷ്ഠം എന്നിവ കേരളത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. എന്നാൽ, ഈ ഉത്തരവിന് പുല്ലുവില കൽപിച്ച് പന്നികളുമായി അതിർത്തി കടന്ന് വാഹനങ്ങൾ കേരളത്തിലേക്കെത്തി. അത് തടയാൻ ഭരണകൂടം ഉറപ്പുള്ള തീരുമാനം എടുത്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തില്ലായിരുന്നു.

ആഫ്രിക്കൻ പന്നിപ്പനി ഭീതിയിൽ പന്നിയിറച്ചി വിപണി ഏറെക്കുറെ തളർന്ന അവസ്ഥയിലാണ്. എങ്കിൽപോലും ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പന്നികൾ ഇപ്പോഴും വ്യാപകമായ രീതിയിൽ വരുന്നുണ്ട്. എന്നാൽ, വിൽപന മന്ദഗതിയിലാണ്. പലയിടങ്ങളിലും ഇറച്ചിവില താഴ്ത്തിയിട്ടുപോലും ആവശ്യക്കാരില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഏതാനും ദിവസങ്ങളായി വിൽപന മെച്ചപ്പെട്ടുവരികയായിരുന്നു, പന്നിപ്പനി സ്ഥിരീകരിച്ചതോടെ ഇനി ഉടനെയൊന്നും വിപണി തിരിച്ചെത്തുമെന്നു കരുതുന്നില്ലെന്ന് പാലാ സ്വദേശിയായ കർഷകൻ പറഞ്ഞു. ഒന്നും രണ്ടും പന്നികളെ വളർത്തുന്നവർ മുതൽ വൻകിട ഫാമുടമകൾ വരെ ഇപ്പോൾ ഭീതിയിലാണ്. രോഗം പൂർണമായും നിയന്ത്രണവിഥേയമാക്കണമെങ്കിൽ പന്നി ഇറക്കുമതി മാത്രം നിരോധിച്ചാൽ പോരാ ഇറച്ചിവിൽപനകൂടി നിയന്ത്രിക്കണമെന്നും കർഷകർ പറയുന്നു. ചുരുങ്ങിയ കാലത്തേക്ക് ഇത് വെല്ലുവിളി സൃഷ്ടിച്ചേക്കാമെങ്കിലും ഭാവിയിൽ ഈ മേഖല നിലനിൽക്കണമെങ്കിൽ ഇത്തരത്തിലൊരു തീരുമാനം ഉണ്ടായേ തീരൂ. ഇറച്ചിവിപണി ഇവിടെ ഉള്ളിടത്തോളം കാലം അതിർത്തി കടന്ന് പന്നികളെ ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നുള്ളത് തീർച്ചയാണ്. അത് ഏതാനും മാസങ്ങളായി ഇവിടുത്തെ കർഷകർ കാണുന്നുമുണ്ട്.

വേണം കൂട്ടായ ശ്രമം

കർഷകരും വ്യാപാരികളും ഒന്നിച്ച് മുൻപോട്ടുപോയെങ്കിൽ മാത്രമേ പന്നിവളർത്തൽ മേഖലയ്ക്ക് ഇനി കേരളത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കൂ. സ്വന്തം ലാഭം മാത്രം നോക്കി ഇരുകൂട്ടരും പ്രവർത്തിച്ചാൽ നഷ്ടം കർഷകർക്കുമാത്രമായിരിക്കും. കാരണം, കേരളത്തിൽ പന്നിക്കർഷകർ ഇല്ലെങ്കിലും പന്നിയിറച്ചി സുലഭമായി ലഭിക്കും, അതുപോലെ പന്നിക്കൃഷി ഇല്ലാതായാൽ മിച്ചഭക്ഷണം, സ്വിൽ വേസ്റ്റ് എന്നിവ ശേഖരിക്കാൻ തയാറായി നിൽക്കുന്നവരും ഓരോ ജില്ലകൾ തോറുമുണ്ട്. അതുകൊണ്ടുതന്നെ യോജിച്ചുള്ള പ്രവർത്തനമാണ് ഇന്നത്തെ സാഹചര്യത്തൽ പന്നിവളർത്തൽ മേഖലയ്ക്ക് ആവശ്യം. 

English summary: African Swine fever: Kerala reports more cases in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com