ADVERTISEMENT

ആഫ്രിക്കൻ പന്നിപ്പനി പ്രതിസന്ധികൾക്കിടയിലും പന്നിക്കർഷകർക്ക് ആശ്വസിക്കാൻ വക നൽകി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എസ്ഒപി ( Standard operating Procedure). കേരളത്തിലെ പന്നിക്കർഷകരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇപ്പോൾ ബോർഡ് അംഗീകരിച്ചിരിക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതുക്കിയ എസ്ഒപിയുടെ പ്രധാന ഭാഗങ്ങൾ

അഞ്ചിൽ താഴെ മുതിർന്ന പന്നികളെ വളർത്തുന്ന യൂണിറ്റുകൾക്ക് ലൈസൻസ് ആവശ്യമില്ല. എന്നാൽ, മലിനീകരണം ഒഴിവാക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക്, സോക് പിറ്റ് മുതലായവ ഉണ്ടായിരിക്കണം. 4 മാസത്തിനു മുകളിൽ പ്രായമുള്ള പന്നികളെയാണ് മുതിർന്നവയായി കണക്കാക്കുക. അമ്മയും അതിന്റെ കുഞ്ഞുങ്ങളെയും ഒരു മുതിർന്ന പന്നിയായിട്ടാണ് പരിഗണിക്കുന്നത്.

അഞ്ചു പന്നികളെ വളർത്തുന്ന യൂണിറ്റുകൾക്ക് മറ്റു വീടുകളിൽനിന്നും അതിർത്തിയിൽനിന്നും നിശ്ചിത അകലം ആവശ്യമില്ല. എന്നാൽ, 6–15 പന്നികൾക്ക് ഇത് യഥാക്രമം 50 മീറ്റർ, 10 മീറ്റർ എന്നിങ്ങനെയും 16–50 പന്നികൾക്ക് 75 മീറ്റർ, 15 മീറ്റർ എന്നിങ്ങനെയും 50 പന്നികളിൽ അധികമുള്ള ഫാമുകൾക്ക് 100 മീറ്റർ, 25 മീറ്റർ എന്നിങ്ങനെയുമായിരിക്കണം അകലം. 

കൂട് വൃത്തിയാക്കൽ, കുളിപ്പിക്കൽ, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ കാരണങ്ങളിലൂടെ ഒരു മൃഗത്തിൽനിന്ന് ഒരു ദിവസം ഏകദേശം 25 ലീറ്റർ മലിനജലം ഉണ്ടാകുമെന്നാണ് കണക്ക്. പ്രഷർ വാഷർ, ഓട്ടോമാറ്റിക് ഡിങ്കർ, ഫീഡിങ് ട്രെഫ് പോലുള്ളവ ഉപയോഗിച്ചാൽ മലിനജലത്തിന്റെ അളവ് 15 ലീറ്റർ വരെയായി കുറയ്ക്കാൻ സാധിക്കും.

ബയോ ഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക്, സോക് പിറ്റ് തുടങ്ങിയവ പന്നിഫാമുകളിലെ മലിനജല സംസ്കരണോപാദികളാണ്. ചെരിവുള്ള പ്രദേശങ്ങളിൽ എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത് പരാതികൾ കുറയ്ക്കാനും ജലസ്രോതസുകൾ മലിനപ്പെടാതിരിക്കാനും സഹായിക്കും. ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറി, ഓവർഫ്ലോ എന്നിവ എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റമായി ബന്ധിപ്പിക്കാൻ കഴിയും.

കൂടുതൽ മൃഗങ്ങളെ പാർപ്പിക്കുന്നുണ്ടെങ്കിൽ ഒരു ബയോഗ്യാസ് പ്ലാന്റിനു പകരം ഒന്നിലധികം പ്ലാന്റുകൾ നിർമിക്കുന്നത് അനുയോജ്യം. 

പന്നിഫാമുകളിൽ കംപോസ്റ്റ് യൂണിറ്റും ആവശ്യമാണ്. ചാണകം, ഇനോക്കുലം മുതലായവ ഉപയോഗിച്ച് കംപോസ്റ്റിങ് പ്രക്രിയ വേഗത്തിലാക്കാൻ സാധിക്കും. ഭക്ഷണാവശിഷ്ടങ്ങൾ, കാഷ്ഠം, മറ്റു കാർഷിക മാലിന്യങ്ങൾ എന്നിവ ഇത്തരത്തിൽ സംസ്കരിച്ച് വളമായി മാറ്റാൻ കഴിയും. തറ കഴുകുന്നതും മൂത്രവുമെല്ലാം പ്രത്യേകം ശേഖരിച്ച് പുൽക്കൃഷിക്കും മറ്റും ഉപയോഗിക്കാൻ കഴിയും.

ചത്ത മൃഗങ്ങളുടെ ശരീരം മറവുചെയ്യാൻ ആഴമുള്ള കുഴി ഉപയോഗിക്കണം. ശരീരം കുഴിക്കുള്ളിലാക്കി ചുണ്ണാമ്പ്, ബ്ലീച്ചിങ് പൗഡർ, കല്ലുപ്പ് എന്നിവ മുകളിൽ വിതറണം. പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് ഉപകരിക്കും. ഭൂഗർഭ ജലവിതാനവുമായി ബന്ധമുണ്ടാകാനും പാടില്ല.

മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചായിരിക്കണം മിച്ചഭക്ഷണം പന്നികൾക്ക് ഭക്ഷണമായി നൽകുന്നത്.

ഹോട്ടലുകളിൽനിന്നും കാറ്ററിങ് യൂണിറ്റുകളിൽനിന്നും മിച്ചഭക്ഷണം ശേഖരിക്കുന്നത് അടച്ചുറപ്പുള്ള സംഭരണികളിലായിരിക്കണം. കാരി ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. കവർ ചെയ്ത വാഹനങ്ങളിലാവണം മിച്ചഭക്ഷണം ഫാമിൽ എത്തിക്കേണ്ടത്. 

മിച്ചഭക്ഷണം ശേഖരിക്കുന്നിടത്തെ വിലാസവും ഫോൺ നമ്പറും ഓരോ പന്നിഫാം യൂണിറ്റും സമർപ്പിച്ചിരിക്കണം.

ഓരോ ദിവസവും ശേഖരിക്കുന്ന മിച്ചഭക്ഷണത്തിന്റെ അളവ്, സ്ഥലം, സമയം എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്ന ലോഗ് ബുക്ക് ഫാമിൽ സൂക്ഷിച്ചിരിക്കണം. 

ഇത്തരം കാര്യങ്ങൾ കൃത്യമായി പാലിക്കാൻ പന്നിക്കർഷകരുടെ അസോസിയേഷനുകളും ഫാർമർ പ്രൊഡ്യൂസർ കമ്പനികളും ശ്രദ്ധിക്കണം. പരിസ്ഥിത സൗഹൃദ ഫാമുകൾ ചിട്ടപ്പെടുത്താൻ ഇക്കൂട്ടർ പരിശീലനം നൽകണം. അതുപോലെ കർഷകരുമായും ജില്ലാ തലത്തിലുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെടാനും ശ്രദ്ധിക്കണം. ആവശ്യത്തിലേറെ ഭക്ഷണം ശേഖരിക്കാതിരിക്കാനും ബോർഡിന്റെ അനുമതി വാങ്ങി ഫാം നടത്താനും കർഷകരെ പ്രോത്സാഹിപ്പിക്കുകയും വേണം.

English summary: Revised Standard operating Procedure for Pig Farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT