ADVERTISEMENT

പത്തനംതിട്ട ജില്ലയിൽ കോന്നി മുരിങ്ങമംഗലം സ്വദേശി എ.ആർ.രഞ്ജിത്തിന്റെ കാറ്റെക് എന്ന യന്ത്ര സംവിധാനത്തിന് പ്രസക്തിയേറുന്ന കാലമാണിത്. വനാതിർത്തിയിലുള്ള കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും കാട്ടാനശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ ഉപകാരപ്പെടും രഞ്ജിത്തിന്റെ കാറ്റെക് എലഫെന്റ് റിപ്പല്ലർ എന്ന ഇലക്ട്രോണിക് സംവിധാനം.

പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയുമൊക്കെയാണ് നിലവിൽ നാട്ടിലിറങ്ങുന്ന കാട്ടാനയെ തിരികെ ഓടിക്കുന്നത്. അതിനാകട്ടെ,  കഷ്ടപ്പാടും അപകടസാധ്യതയുമുണ്ട്. അതേസമയം ആനയ്ക്ക് അരോചകമായ ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് അതിനെ അകറ്റി നിർത്തുന്ന സംവിധാനമാണ് കാറ്റെക്കിൽ എന്ന് രഞ്ജിത് പറയുന്നു. സെൻസർ ഘടിപ്പിച്ച ഈ ഉപകരണം കൃഷിയിടത്തിലോ വനാതിർത്തിയിലോ  വയ്ക്കാം. 400 മീറ്റർ അകലെ വരെയുള്ള വന്യമൃഗസാന്നിധ്യം സെൻസർ തിരിച്ചറിഞ്ഞ് രണ്ടു രീതിയിൽ പ്രതിരോധം തീർക്കും. ഉപകരണത്തിന്റെ സ്പീക്കർ വഴി ആനയ്ക്ക് അങ്ങേയറ്റം അസഹ്യമായ കടുവ, തേനീച്ച എന്നിവയുടെ മുരളൽ ശബ്ദം കേൾപ്പിക്കുന്നതാണ് ഒന്ന്. ഒപ്പം, മനുഷ്യർക്ക് കേൾക്കാൻ കഴിയാത്തതും ആനയ്ക്ക് അലോസരമുണ്ടാക്കുന്നതുമായ ഇൻഫ്രാസോണിക് ശബ്ദതരംഗവും കാറ്റെക് പുറപ്പെടുവിക്കുമെന്ന് രഞ്ജിത്. അരോചകമായ ശബ്ദം ആനയെ പിൻതിരിപ്പിക്കും.

സൗണ്ട് ഹോൺ, സോളർ പാനൽ, റീചാർജബിൾ ബാറ്ററി, ശബ്ദം ഉളവാക്കാനുള്ള ഇലക്ട്രോണിക് സർക്യൂട്ട് ബോർഡുകൾ എന്നിവയെല്ലാം ചേരുന്നതാണ് കാറ്റെക് യൂണിറ്റ്. സോളർ വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തനം. അതുകൊണ്ടുതന്നെ തീർത്തും അപകടരഹിതം. ഉപകരണത്തിന്റെ 2 മാതൃകകൾ രഞ്ജിത് വികസിപ്പിച്ചിട്ടുണ്ട്. ആദ്യത്തേത് പോർട്ടബിൾ എലഫെന്റ് റിപ്പല്ലർ യൂണിറ്റാണ്. എവിടെയെങ്കിലും ആനയിറങ്ങി തിരിച്ചു കാടുകയറാതെ ചുറ്റിത്തിരിയുകയാണെങ്കിൽ ആ പ്രദേശത്ത് ഏതാനും ദിവസത്തേക്ക് ഈ യൂണിറ്റ് സ്ഥാപിച്ച് ആനയെ അകറ്റാം. രണ്ടാമത്തേത് ഫിക്സഡ് എലഫെന്റ് റിപ്പല്ലർ യൂണിറ്റാണ്. ഇത്  ആനയിറങ്ങുന്ന കൃഷിയിടങ്ങളിലും വനാതിർത്തികളിലും സ്ഥിരമായി സ്ഥാപിക്കാം. 

പുറപ്പെടുവിക്കുന്ന ശബ്ദപരിധിക്ക് അനുസരിച്ച് 8000 മുതൽ 22,000 രൂപ വരെയാണ് കാറ്റെക്കിന്റെ വില. ഒരേക്കറിലേക്കു മാത്രമുള്ള ഉപകരണമെങ്കിൽ വില ശരാശരി 8000 രൂപയിലൊതുങ്ങുമെന്ന് രഞ്ജിത്. ഭൂപ്രകൃതിയുടെ സവിശേഷതയനുസരിച്ച് സൗണ്ട് ഹോൺ, സോളർ പാനൽ എന്നിവയുടെ എണ്ണവും അതുവഴി വിലയും വ്യത്യാസപ്പെടും. 8–10 അടി ഉയരത്തിലുള്ള പൈപ്പിലാണ് കാറ്റക് ഘടിപ്പിക്കുക. മരത്തിലും സ്ഥാപിക്കാമെന്ന് രഞ്ജിത്. ഒട്ടേറെ ഫാമുകളും വനംവകുപ്പും ഇന്നു  കാറ്റെക് പ്രയോജനപ്പെടുത്തുന്നു. 

സാങ്കേതിക മേഖലയിലെ പഠനശേഷം ചെറു കണ്ടുപിടിത്തങ്ങളിലേക്കും അവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിലേക്കും തിരിഞ്ഞ രഞ്ജിത്, കർഷകർക്ക് ഉപകാരപ്പെടുന്ന വേറെയും സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിലെ മോട്ടോർ പമ്പകളും തുള്ളിനന സംവിധാനവും മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച് ഓൺ/ഓഫ് സൗകര്യമൊരുക്കുന്ന സംവിധാനമാണ് അവയിലൊന്ന്. മത്സ്യക്കൃഷിക്കുള്ള ബയോഫ്ലോക്ക് സംവിധാനത്തിലെ എയറേറ്റർ സംവിധാനം നിലച്ചാൽ വിവരം അറിയിക്കുന്ന അലാറം, കീടങ്ങളെ ആകർഷിച്ചു നശിപ്പിക്കുന്ന സോളർ വിളക്കുകെണി എന്നിവയും രഞ്ജിത്തിന്റെ കണ്ടുപിടിത്തങ്ങളുടെ പട്ടികയിലുണ്ട്. 

ഫോൺ: 9495606086

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com