കുട്ടി പുറത്തേക്കു വരാത്ത അമ്മപ്പശു, അതിനെ വിൽക്കുന്നു എന്നറിഞ്ഞപ്പോൾ മനസ്സിലൊരു വേദന: വെറ്ററിനറി ഡോക്ടറുടെ ഡയറിക്കുറിപ്പ്
Mail This Article
22/11/22ന് രാവിലെ 8.30ന് എന്റെ പഞ്ചായത്തിലെ ഓമനക്കുട്ടൻ എന്ന പ്രിയപ്പെട്ട ക്ഷീരകർഷകൻ എന്നെ ഫോണിൽ വിളിച്ച് പശു പ്രസവവേദന കാണിച്ചിട്ടും പ്രസവിക്കുന്നില്ലെന്നും ഉടൻ എത്തി സഹായിക്കണമെന്നും അഭ്യർഥിച്ചു. ദേശീയ കുളമ്പുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് ഫീൽഡ് ഡ്യൂട്ടിക്കു പോകുന്നതിനാൽ എത്രയും വേഗം ഈ പ്രശ്നം പരിഹരിച്ച് തിരികെ ആശുപത്രിയിൽ കയറാം എന്ന് കരുതി അദ്ദേഹത്തിന്റെ വീട്ടിലേക്കു പാഞ്ഞുപോയി.
വളരെ വേഗം അവിടെ എത്തി പശുവിനെ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. കന്നിപ്രസവമായിരുന്നതിനാലും കുഞ്ഞു കിടാവിന് വലുപ്പം കൂടുതലായതിനാലും ഇടുപ്പെല്ലിന്റെ വികാസമില്ലായ്മയും കാരണം കിടാവിനെ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കൂടാതെ കിടാവിന്റെ കയ്യും തലയും മടങ്ങിയ അവസ്ഥയിലും, ആകെ വിഷമ അവസ്ഥയിലായി. വളരെ പ്രയാസപ്പെട്ട് കുഞ്ഞു കിടാവിനെ സാധാരണ നിലയിലാക്കി ശേഷം ശക്തമായി വലിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ കൂടി നിന്ന എല്ലാവടെയും സഹായത്തോടെ വളരെ നേരത്തെ ശ്രമഫലമായി കിടാവിന്റെ പകുതി പുറത്ത് കൊണ്ടുവന്നു. കയ്യൊക്കെ മരവിച്ചു, ശരീര വേദന കലശലായി, പശു കിടപ്പായതിനാൽ തറയിൽ ചാക്ക് വിരിച്ച് കിടന്നായിരുന്നു അടുത്ത ശ്രമം. ശരീരമാസകലം മാച്ചും ചെളിയും ചോരയുമായി മാറി, വിയർത്തു കുളിച്ചു.
ഇതിനിടയിലാണ് ഡോക്ടറെ ആശുപത്രിയിൽ കാണാൻ വന്നവരുടെ അക്ഷമയോടെ തുടരെത്തുടരെയുള്ള ഫോൺ വിളികൾ. ഒരു ഡോക്ടർ മാത്രമേ മൃഗാശുപത്രികളിൽ ഉള്ളൂ. ഇതുപോലുള്ള അടിയന്തിര സാഹചര്യത്തിൽ പെട്ടു പോയാൽ...... അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
ആകെ ഒരു വിഷമഘട്ടത്തിലായി. സമയം 11.30. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഹിപ്പ് ലോക്ക് (അമ്മ പശുവിന്റെയും കിടാവിന്റെയും ഇടുപ്പെല്ലുകൾ ഇറുകിപ്പോയ അവസ്ഥ ) സിസേറിയൻ മാത്രമേ ഒരു പോംവഴി ഉളളൂ എന്ന് ഓമനക്കുട്ടൻ ചേട്ടനെ അറിയിച്ചിട്ടും അതില്ലാതെ പുറത്തെടുക്കാൻ ശ്രമിക്കണം എന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. കൂടാതെ ഹൃദയ സംബന്ധമായ അസുഖം ഉള്ളയാളാണെന്നും ഇതൊന്നും കാണാനുള്ള ശക്തിയില്ലെന്നും അഭിപ്രായപ്പെട്ടു. വീണ്ടും പാഴ്ശ്രമം എല്ലാ ടെക്നിക്കുകളും ഉപയോഗിച്ച് തുടർന്നു കൊണ്ടേയിരുന്നു. ഞാനും സഹായികളും അമ്മപ്പശുവും ഒരുപോലെ ക്ഷീണിച്ചു.
അപ്പോഴേക്കും ചേട്ടൻ സിസേറിയൻ ചെയ്യാമെന്നുള്ള തീരുമാനത്തിലെത്തി. ഉടൻ തന്നെ ഡോ. ബിജേഷിനെ സഹായത്തിനു വിളിച്ചു. അടിയന്തിരമായി മറുപടി നൽകേണ്ട ഒരു വിവരാവകാശത്തിനുള്ള മറുപടി നൽകിയിട്ട്, കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന് ഫീൽഡിൽ പോയിരിക്കുന്ന സ്റ്റാഫ് എത്തിയ ഉടൻ സർജറിക്കുള്ള സെറ്റും മറ്റ് സർജിക്കൽ മെറ്റീരിയൽസും മരുന്നുമായി ഉടൻ എത്താമെന്ന് അറിയിച്ചു. താൽകാലികമായി ഒരു ആശ്വാസം. ആ സമയം അവിടുന്ന് തന്നെ കുളിച്ച് ആശുപത്രിയിൽ എത്തി അത്യാവശ്യക്കാർക്ക് മരുന്നും ചികിത്സയുമൊക്കെ നൽകി. വിശപ്പിന്റെ വിളി ഭീകരമായി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഡോ. ബിജേഷ് എത്തിച്ചേർന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹം എന്നോടൊപ്പം അടിയന്തിര സാഹചര്യത്തിൽ എത്തിച്ചേരുന്നത്. അദ്ദേഹത്തിനു വഴികാട്ടിയായി ഞാനും യാത്രാമധ്യേ ജോയിൻ ചെയ്തു.
ഒന്നുകൂടി സിസേറിയൻ ഇല്ലാതെ കിടാവിനെ പുറത്തെടുക്കാൻ ശ്രമിക്കണമെന്ന ചേട്ടന്റെ അഭ്യർഥന മാനിച്ച് നമ്മൾ രണ്ടു പേരും സഹായികളും ചേർന്ന് പാഴ്ശ്രമമാണെന്ന് അറിയാമായിരുന്നിട്ടും ശ്രമിച്ചു നോക്കി. വളരെ വേഗം സിസേറിയൻ നടപടികളിലേക്ക് കടന്നു. ജീവനറ്റ കിടാവിനെ പുറത്തെടുക്കണം അമ്മപ്പശുവിനെ രക്ഷിക്കണം. ചേട്ടന്റെ വീട്ടുമുറ്റമായിരുന്നു ഓപ്പറേഷൻ തീയേറ്റർ. കിടക്കുന്ന അവസ്ഥയിൽ പശുവിനെ ആശുപത്രിയിലേക്കൊന്നും മാറ്റുന്നതും പ്രായോഗികവുമല്ല. ഫീൽഡ് സാഹചര്യങ്ങൾക്കനുസൃതമായി കാര്യങ്ങൾ വിജയിപ്പിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ദൈവാനുഗ്രഹത്താൽ ഞങ്ങൾക്കതിനായി. സിസേറിയൻ വിജയകരമായി പൂർത്തിയാക്കി.
അമ്മപ്പശു സാധാരണപോലെ ഒരു ദിവസം ആഹാരം കഴിച്ചു. അടുത്ത ദിവസം എണീക്കാൻ ബുദ്ധിമുട്ട് കാണിക്കുകയും മലർന്ന് കിടപ്പായിപ്പോകുകയും ചെയ്തു വല്ലാത്ത വിഷമമായി. ഉറക്കം ശരിയാകുന്നില്ല , ടെൻഷൻ, ഏതറ്റം വരെ പോയാലും ആ അമ്മപ്പശുവിനെ രക്ഷപ്പെടുത്തണമെന്നുള്ള ഒരു തീരുമാനം മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ചേട്ടൻ ആ പശുവിനെ വിറ്റുകളയാൻ പോകുന്നു എന്നു കൂടി പറഞ്ഞപ്പോൾ മനസ്സിൽ ഒരു പിടപിടപ്പ് , വിഷമം, ഇത്രയും കഷ്ടപ്പെട്ടിട്ട് അവളുടെ ജീവൻ പിടിച്ചു നിർത്തിയേ പറ്റൂ, ചേട്ടൻ വലിയ പ്രതീക്ഷയോടെ കന്നുകുട്ടിയെ വാങ്ങി വളർത്തിയതാണ്.... മനസ്സ് വല്ലാതെ വരിഞ്ഞു മുറുകി നിർബന്ധപൂർവം പിടിച്ച പിടിയാലെ ഒരു കൗ ലിഫ്റ്റ് തരപ്പെടുത്തിക്കൊടുത്ത് അവളെ ഉയർത്തി നിർത്തി വേണ്ട ചികിത്സകളെല്ലാം നൽകിയപ്പോൾ അവൾക്കും, ഞങ്ങൾക്കും പുതു ജീവൻ. എല്ലാം സാധാരണ നിലയിലേക്ക്, മൂകമായിരുന്ന ആ വീട്ടിലേക്ക് ചിരിയും സന്തോഷവും കടന്നുവന്നു.
സുഹൃത്ത് ബന്ധം ഒരു കർഷകന് കൈത്താങ്ങും, മിണ്ടാപ്രാണിക്ക് പുതു ജീവനും നൽകി... ഞങ്ങൾ വീണ്ടും തിരക്കുകളിലേക്ക് സന്തോഷത്തോടെ....
ഡോ. ജി.എസ്.അരുൺ കുമാർ
English summary: Hiplock needs special attention during calving