ADVERTISEMENT

കോഴികളുടെ കാഷ്ഠത്തിൽ രക്തത്തിന്റെ അംശം കാണുന്നത് കോഴിവളർത്തുന്ന സംരംഭകർ പലപ്പോഴും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഈ ലക്ഷണം കാണിച്ച് തലയും ചിറകും താഴ്ത്തി തൂങ്ങി നിന്നതിനു ശേഷം കോഴികളും കുഞ്ഞുങ്ങളും  കൂട്ടത്തോടെ ചത്തുപോയ അനുഭവമായിരിക്കും ചിലർക്ക് പറയാനുണ്ടാവുക. കോഴികളുടെ കുടൽവ്യൂഹത്തെ  ബാധിക്കുന്ന പ്രധാന അണുബാധകളിലൊന്നായ കോക്സീഡിയ രോഗത്തിന്റെ ലക്ഷണമാണ് കാഷ്ഠത്തിലെ രക്താംശവും അതിസാരവും. ഐമീറിയ എന്നയിനം രോഗാണുക്കളാണ് കോക്സീഡിയ രോഗമുണ്ടാക്കുന്നത്. മഴക്കാലത്തും ഈർപ്പം ഉയർന്ന സാഹചര്യത്തിലും  ഡിസംബർ മുതലുള്ള തണുപ്പ് കാലത്തും രോഗം കൂടുതലായി കണ്ടുവരുന്നു. കൂടുകളിലിട്ട് വളർത്തുന്ന കോഴികളെക്കാൾ തറയിൽ വിരിപ്പ് വിരിച്ച് ഡീപ് ലിറ്റർ രീതിയിൽ വളർത്തുന്ന കോഴികളിലാണ് കൂടുതൽ രോഗസാധ്യത.

വലിയ കോഴികളെക്കാൾ കോഴിക്കുഞ്ഞുങ്ങളിൽ കോക്സീഡിയ ബാധിച്ചുള്ള മരണനിരക്ക് കൂടുതലാണ്. കോഴികളുടെ കുടലിനെ ബാധിച്ച് കോക്സീഡിയ രോഗമുണ്ടാക്കുന്ന ആറിലധികം രോഗാണുക്കളുണ്ട്. പ്രാവുകൾ ഉൾപ്പെടെ അരുമപ്പക്ഷികളിലും കോക്സീഡിയ പ്രശ്നമാണ്. മുയലുകളിലും കന്നിക്കിടാക്കളിലുമെല്ലാം കോക്സീഡിയ രോഗം വ്യാപകമായി കാണുന്നുണ്ടെങ്കിലും പക്ഷികളിൽ രോഗമുണ്ടാക്കുന്ന അണുക്കളല്ല ഇവയിലൊന്നും രോഗമുണ്ടാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടിലും കാഷ്ഠത്തിലും മലിനമായ വെള്ളത്തിലും വിരിപ്പിലും കാണുന്ന കോക്സീഡിയ രോഗാണുക്കളുടെ മുട്ടകൾ തീറ്റയിലും കുടിവെള്ളത്തിലും കലര്‍ന്ന് ശരീരത്തിനകത്തെത്തിയാണ് കോഴികൾക്ക് രോഗമുണ്ടാവുന്നത്. കോഴികളുടെ കുടലിൽ എത്തുന്ന രോഗാണു മുട്ടകൾ വിരിഞ്ഞ് പെരുകുന്ന കോക്‌സീഡിയ രോഗാണുക്കൾ കുടൽഭിത്തിയിൽ മുറിവേൽപ്പിക്കുകയും രക്തസ്രാവത്തിന് വഴിയൊരുക്കുകയും ചെയ്യും. കോക്സീഡിയ രോഗബാധ ദഹിച്ച തീറ്റയിലെ പോഷകങ്ങൾ കുടലിൽ നിന്ന് ആഗിരണം ചെയ്യാനുള്ള കോഴികളുടെ ശേഷി കുറയ്ക്കും. ഇത് ഇറച്ചിക്കോഴികളിൽ തീറ്റപരിവർത്തന ശേഷി കുറയുന്നതിനും തൂക്കക്കുറവിനും  മുട്ടക്കോഴികളുടെ മുട്ടയുൽപ്പാദനം കുറയുന്നതിനും കാരണമാവും. കോക്സീഡിയ രോഗബാധ കോഴികളുടെ സ്വാഭാവികപ്രതിരോധ കുറയ്ക്കുന്നതിനാൽ രോഗബാധയേറ്റ വയിൽ സാൽമോണല്ല, കോളിഫോം തുടങ്ങിയ ബാക്ടീരിയ രോഗങ്ങൾക്ക് ഉയർന്ന സാധ്യതയുണ്ട്.

വൃത്തിഹീനമായ കൂടുകളും ഉയര്‍ന്ന ഈര്‍പ്പമുളള കാലാവസ്ഥയും ശരീര സമ്മർദ്ദവും വലുതും ചെറുതുമായ കോഴികളെ ഇടകലർത്തി വളർത്തുന്നതും കോഴികളെ തിങ്ങി പാർപ്പിക്കുന്നതും രോഗസാധ്യത കൂട്ടും. നനഞ്ഞ അന്തരീക്ഷത്തില്‍ ദീര്‍ഘനാള്‍ ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കാനുള്ള കഴിവ് കോക്സീഡിയ രോഗാണുവിനുണ്ട്. ഇതാണ് ഫാമുകളിൽ രോഗനിയന്ത്രണത്തെ പ്രയാസകരമാക്കുന്നത്. കോഴി കുഞ്ഞുങ്ങൾ ചിറക് താഴ്ത്തി തൂങ്ങി നിൽക്കൽ, തീറ്റയും വെള്ളവും എടുക്കുന്നതിൽ കുറവ് , തൂക്കക്കുറവ്, വളർച്ച മുരടിപ്പ്, മുട്ടയുല്പാദനം കുറയൽ, രക്തം കലർന്ന അതിസാരം, ക്രമേണ അതിസാരം മൂർച്ഛിച്ച് ചത്തുപോവൽ എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. രോഗം കൃത്യമായി തിരിച്ചറിഞ്ഞ് ഉചിതമായ മരുന്നുകൾ നൽകി നിയന്ത്രിച്ചില്ലെങ്കിൽ ഒന്നിനുപുറകെ ഒന്നായി കോഴികൾ ചത്തൊടുങ്ങും.

കോഴികളിൽ കോക്സീഡിയ തടയാൻ 10 വഴികൾ

  1. കോഴികളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നത് തീർച്ചയായും ഒഴിവാക്കണം. കൂട് എപ്പോഴും വൃത്തിയോടു കൂടി പരിപാലിക്കണം. വിരിപ്പ് /ഡീപ്പ് ലിറ്റർ രീതിയിലാണ് വളര്‍ത്തുന്നതെങ്കില്‍ തറവിരിപ്പില്‍ ഈര്‍പ്പമുയരാതെയും വിരിപ്പ് കട്ടകെട്ടാതെയും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കാരണം കോക്സീഡിയ രോഗാണുക്കള്‍ നനഞ്ഞതും കട്ടകെട്ടിയതുമായ വിരിപ്പില്‍ എളുപ്പം പെരുകി സജീവമാകും. ഒരു കൈപ്പിടി ലിറ്റർ എടുത്തു ഉള്ളം കൈയ്യിലിട്ട് അമർത്തി തിരുമ്മുമ്പോൾ കട്ടകെട്ടുന്നുണ്ടെങ്കിൽ അത് അധിക ഈർപ്പം ഉള്ളതിന്റെ തെളിവാണ്. കോഴികളുടെ കാൽപാദങ്ങൾക്ക് അടിയിലും കാൽ വിരലുകൾക്ക് അറ്റത്തും ഉരുളരൂപത്തിൽ  പറ്റിപ്പിടിച്ച് നിൽക്കുന്ന ലിറ്റർ അവശിഷ്ടങ്ങൾ ലിറ്ററിൽ ഈർപ്പം ഉയർന്നതിന്റെ സൂചനയാണ്.
  2. ഏറ്റവും നന്നായി ജലാംശം വലിച്ചെടുക്കുന്നതും ഈർപ്പം ബാഷ്പീകരിക്കാൻ കഴിവുള്ളതുമായ ചിന്തേര് പോലുള്ള  ലിറ്റർ വസ്തുക്കൾ ഉപയോഗിച്ച് തറവിരിപ്പ്  ഒരുക്കുന്നതാണ്  ഉത്തമം. ഗുണനിലവാരം കുറഞ്ഞ ലിറ്റർ പദാർഥം, കുറഞ്ഞ സ്ഥലത്ത് കൂടുതൽ കോഴികളെ പാർപ്പിക്കൽ, ഷെഡിനുള്ളിലെ വായുസഞ്ചാരക്കുറവ്, കൂട്ടിൽ തങ്ങി നിൽക്കുന്ന ഉയർന്ന ഈർപ്പം, വെള്ളപ്പാത്രങ്ങളുടെ ചോർച്ച, കോഴികളിലെ വയറിളക്കം എന്നിവയെല്ലാം പെട്ടെന്ന് ലിറ്റർ മോശമാകാനും രോഗങ്ങൾക്കും കാരണമാകും. ഇത്തരം സാഹചര്യങ്ങൾ തടഞ്ഞ് ലിറ്റർ ആരോഗ്യകരമായി സൂക്ഷിക്കാൻ പ്രത്യേകം ജാഗ്രത വേണം.
  3. കൂട്ടിൽ വെള്ളപ്പാത്രങ്ങൾ വെച്ച സ്ഥലത്തെ നനവ് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളപ്പാത്രങ്ങൾ തുളുമ്പാത്ത വിധം മുക്കാൽ ഭാഗം മാത്രം നിറച്ചുവെക്കാൻ ശ്രദ്ധിക്കണം. കുടിവെള്ളത്തിനായി നിപ്പിൾ ഡ്രിങ്കർ സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിൽ വെള്ളം വിരിപ്പിൽ തൂകാതെയും പൈപ്പ്‌ലൈനിന് ചോർച്ചകൾ ഒന്നും ഇല്ലാതെയും ശ്രദ്ധിക്കണം. തറവിരിപ്പിന്റെ ഒരുഭാഗം മാത്രമാണ് നനഞ്ഞോ കട്ടപിടിച്ചോ ഇരിക്കുന്നതെങ്കിൽ ആ ഭാഗം ഉടന്‍ കോരി മാറ്റി അവിടെ പുതിയ ലിറ്റര്‍ വിരിക്കണം. ഒരു കാരണവശാലും നനഞ്ഞ ലിറ്ററിന് മുകളിൽ ഉണങ്ങിയ ലിറ്റർ നിരത്തരുത്.
  4. കർട്ടൻ, ചിലന്തിവലകൾ, കമ്പി അഴികളിൽ തങ്ങി നിൽക്കുന്ന തൂവൽ അടക്കമുള്ള തടസങ്ങൾ മാറ്റി കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.  
  5. മഴവെള്ളം കൂട്ടിലേക്ക് ചോർന്നൊലിക്കും വിധം മേൽക്കൂരയിൽ സുഷിരങ്ങൾ ഉണ്ടെങ്കിൽ മതിയായ അറ്റകുറ്റപ്പണികൾ നടത്തണം. മഴചാറ്റല്‍ കൂട്ടില്‍ വീഴുന്നതൊഴിവാക്കാന്‍ മേല്‍ക്കൂരയുടെ ചായ്പ്  ഭിത്തിയില്‍ നിന്നും 1 മീറ്റർ പുറത്തേക്ക് നീട്ടി നല്‍കണം. തങ്ങിനിൽക്കുന്ന ഈര്‍പ്പം ഒഴിവാക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ വിരിപ്പ് നന്നായി ഇളക്കി നല്‍കണം. നല്ല വെയിലും വായുസഞ്ചാരവുമുള്ള സമയത്താണിത് വിരിപ്പ് ഇളക്കി നൽകേണ്ടത്.  
  6. കോക്സീഡിയ രോഗബാധ കോഴികളുടെ കാഷ്ഠപരിശോധന വഴി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. കോഴികളിൽ രക്തത്തോട് കൂടിയ അതിസാരം ശ്രദ്ധയിൽ പെട്ടാൽ കാഷ്ഠപരിശോധന നടത്തി രോഗം നിർണയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം. ഫാമിൽ കോഴികൾ ചത്തുവീഴുന്നത് ശ്രദ്ധയിൽ പെട്ടാൽ നിർബന്ധമായും ജഡം വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ച് ജഡ പരിശോധന നടത്തണം.
  7. രോഗം ബാധിച്ച പക്ഷികളെ മറ്റുമുള്ളവയിൽനിന്ന് മാറ്റി പാർപ്പിക്കണം. സൾഫഡിമിഡീൻ, സള്‍ഫണമൈഡ്, സൾഫാഡൈസീൻ, ട്രൈമെഥോപ്രിം മെട്രാനിഡസോള്‍, ആപ്രോളിയം തുടങ്ങിയ ഘടകങ്ങള്‍ മരുന്നുകള്‍ കോക്സീഡിയ രോഗാണുക്കള്‍ക്കെതിരെ ഏറെ ഫലപ്രദമാണ്. വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ഉചിതമായ മരുന്നുകൾ തിരഞ്ഞെടുത്ത് തീറ്റയിലോ വെള്ളത്തിലോ ചേർത്ത് മുഴുവൻ കോഴികൾക്കും യഥാവിധി നൽകണം. മരുന്നുകൾ നൽകുമ്പോൾ ഇടക്ക് നിർത്താതെ നിർദേശിക്കപ്പെട്ട പൂർണ കാലയളവിൽ നൽകുക എന്നത് മുഖ്യമാണ്. കോക്സീഡിയ രോഗത്തെ നിയന്ത്രിക്കാൻ ജൈവമാർഗങ്ങളുമുണ്ട്. തീറ്റയിൽ ഉലുവ വറുത്ത് പൊടിച്ചു ചേര്‍ത്തു നല്‍കുന്നത് കോക്സീഡിയ തടയാൻ ഒരു പരിധിവരെ ഗുണകരമാണ്. നൂറ് കോഴികൾക്ക് മുപ്പത് ഗ്രാം എന്ന തോതിൽ ഉലുവ തീറ്റയിൽ ചേർത്ത് നൽകാം.
  8. കോഴികൾ കുടിക്കുന്ന വെള്ളത്തിന്റെ  അമ്ലനില/ അസിഡിറ്റി കൂട്ടുന്നത് കോക്സീഡിയ രോഗത്തെയും കോക്സീഡിയ കാരണം ഉണ്ടാവാൻ ഇടയുള്ള അനുബന്ധ ബാക്ടീരിയ രോഗങ്ങളെയും  പ്രതിരോധിക്കാൻ ഫലപ്രദമായി കാണുന്നു. മൂന്ന് ശതമാനം വീര്യത്തിൽ ( മുപ്പത് മില്ലി അസറ്റിക് ആസിഡ്/ വിനാഗിരി ഒരു ലീറ്റർ കുടിവെള്ളത്തിൽ)  അസറ്റിക് ആസിഡ് ചേർത്ത കുടിവെള്ളം ഇതിനായി  ഉപയോഗിക്കാം. ആപ്പിൾ സിഡർ വിനഗർ ലായനി ഒരു ലിറ്റർ വെള്ളത്തിൽ അഞ്ച് മില്ലി എന്ന അളവിൽ ചേർത്തും കുടിവെള്ളത്തിന്റെ അസിഡിറ്റി കൂട്ടാം. പൗൾട്രി ഫാമുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ അമ്ലത കൂട്ടാൻ സഹായിക്കുന്ന കെമിക്കൽ അസിഡിഫെയറുകളും ഇന്ന് വിപണിയിൽ ഉണ്ട്. വെള്ളത്തിന്റെ അമ്ലത കൂട്ടുന്നത് കോക്സീഡിയ ഉൾപ്പെടെ ഉപദ്രവകാരികളെ തടയുകയും കോഴിയുടെ ദഹനവ്യൂഹത്തിലെ ഉപകാരികളായ പ്രോബയോട്ടിക് ബാക്ടീരിയകളുടെ സാന്നിധ്യം കൂട്ടുകയും ചെയ്യും.
  9. കോക്സീഡിയ രോഗം ആണെന്ന് കണ്ടെത്തിയാൽ ഗ്രോവിപ്ലെക്സ് പോലുള്ള ബി. കോപ്ലക്സ് ജീവകങ്ങൾ അടങ്ങിയ സപ്ലിമെന്റുകൾ കോഴികൾക്ക് നൽകരുത്. കുടലിൽ പെരുകുന്ന കോക്സീഡിയ എന്ന പ്രോട്ടോസോവൽ രോഗാണുവിന്റെ വളർച്ചയെയും പെരുക്കത്തെയും ബി. കോംപ്ലക്സ് ജീവകങ്ങൾ കൂടുതൽ വേഗത്തിലാക്കുകയും രോഗ നിയന്ത്രണം പ്രയാസകരമായി തീരുകയും ചെയ്യും.
  10. ബാസിലസ് ലാക്ടോബാസിലസ് എന്റിറോകോക്കസ് ബിഫിഡോ ബാക്ടീരിയം സക്കറോമൈസസ് / യീസ്റ്റ് തുടങ്ങിയ ബാക്ടീരിയ അണുകൾ അടങ്ങിയ മിത്രാണു മിശ്രിതമായ പ്രോബയോട്ടിക്ക് സപ്ലിമെന്റുകൾ ( ഉദാഹരണം-ഫീഡ് അപ് യീസ്റ്റ് )  തീറ്റയിൽ ചേർക്കുന്നത് കോക്സീഡിയ തടയാനും രോഗം ബാധിച്ചവയിൽ രോഗതീവ്രത കുറയ്ക്കുന്നതിനും ഫലപ്രദമാണ്.

English summary: Coccidiosis in Chickens - Signs, Symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com