ഗർഭകാലത്ത് പശുവിന് നൽകാം നാടൻ കോഴിമുട്ട; കറവപ്പശുക്കൾക്ക് വറ്റുകാലം നൽകുന്നതിനു കാരണം

dairy-farm-1
SHARE

? എന്റെ  പശു നാലാമത്തെ പ്രസവത്തെ തുടർന്നു വീണു പോയി. കാത്സ്യവും ഗ്ലൂക്കോസും കുത്തിവച്ചപ്പോള്‍ എഴുന്നേറ്റു.  ചെന പിടിച്ച് കറവ വറ്റിയതിനു ശേഷം കാത്സ്യപ്പൊടി നൽകുന്നത് നിർത്തിയിരുന്നു.  പ്രസവത്തിനു മുൻപ് കാത്സ്യപ്പൊടി നൽകരുതെന്ന ഉപദേശം അനുസരിച്ചാണ് നിർത്തിയത്. ഇതുകൊണ്ടാണോ പശു വീണുപോയത്. ദിവസം 15 ലീറ്റർ പാൽ തരുന്ന പശുവാണ്. പരിപാലനത്തിൽ ധാതുക്കളുടെ പ്രാധാന്യം  കൂടി അറിയണം. - സി. ഗിരീഷ് കുമാർ, കട്ടപ്പന

നല്ല കറവയുള്ള പശുക്കൾക്ക് ആവശ്യമായ കാത്സ്യം  ഉൾപ്പെടെയുള്ള ധാതുക്കൾ തീറ്റയിലൂടെ വേണ്ടത്ര ലഭിക്കുന്നില്ല.  അതിനാൽ അവ പ്രത്യേകം നൽകണം. പശുവിന്റെ ശരീരത്തില്‍നിന്ന് 15 ലീറ്റർ പാലിലൂടെ പുറത്തേക്കു പോകുന്നത് ഏതാണ്ട് 20 ഗ്രാം കാത്സ്യവും 16 ഗ്രാം ഫോസ്ഫറസുമാണ്. ഏതാണ്ട് 450 കിലോ ശരീരഭാരം വരുന്നതും ഇത്രയും പാൽ ചുരത്തുന്നതുമായ പശുവിന് ശരീരത്തിന്റെ നിലനിൽപ്പിനും പാലുല്‍പാദനത്തിനുമായി ഏകദേശം 60 ഗ്രാം കാത്സ്യവും 45 ഗ്രാം ഫോസ്ഫറസും തീറ്റയിലൂടെ ദിവസവും നല്‍കണം. 

പാലിലൂടെ നഷ്ടപ്പെടുന്ന ധാതുക്കള്‍ തീറ്റയിലൂടെ കിട്ടാതിരിക്കുമ്പോൾ അതു പരിഹരിക്കാന്‍  ശരീരത്തിൽതന്നെ ഒരു സംവിധാനമുണ്ട്. പാരാതൈറോയിഡ് എന്ന ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോർമോണുകൾ എല്ലിൽനിന്നു ധാതുക്കളെ രക്തത്തിൽ എത്തിക്കുന്നു. ധാതുക്കളുടെ  അളവ് കൂടുമ്പോൾ രക്തത്തിൽനിന്ന് അവയെ തിരികെ എല്ലിൽ എത്തിക്കുന്നു. ചെനയുടെ അവസാന ഘട്ടത്തിൽ പ്രസവത്തിന് 2 മാസം മുന്‍പ് കറവ വറ്റിക്കുന്നത് അടുത്ത പ്രസവത്തിലേക്ക് ആവശ്യമായ ധാതുക്കളുടെ സംഭരണത്തിനു വേണ്ടിയാണ്. കാത്സ്യപ്പൊടി കൊടുക്കല്‍ ചെനയുടെ അവസാന ഘട്ടത്തിൽ പ്രസവത്തിനു രണ്ടാഴ്ച മുന്‍പ് നിര്‍ത്തി ശരീരത്തില്‍ കാത്സ്യത്തിന്റെ വിശപ്പ് ഉണ്ടാക്കിയെടുത്ത് പ്രസവത്തിനു ശേഷം കാത്സ്യപ്പൊടി കൂടുതലായി നൽകുന്നതിനു ശുപാർശയുണ്ട്. ഇത് കാത്സ്യത്തിന്റെ  നില പിടിച്ചു നിർത്തുന്ന പാരാ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നതിനു കൂടിയാണ്. 

പ്രസവത്തിന്റെ എണ്ണം കൂടുകയും പശുവിനു പ്രായമേറുകയും ചെയ്യുമ്പോള്‍ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതിനാലാണ് താങ്കളുടെ പശു വീണുപോയത്. പേശികളുടെ പ്രവർത്തനത്തിന് കാത്സ്യം ആവശ്യമാണ്.

കാത്സ്യക്കമ്മി ലക്ഷണങ്ങള്‍

കാത്സ്യക്കമ്മി മൂലം പേശികൾ പ്രവർത്തിക്കാതെ വരുമ്പോൾ ചാണകമിടാന്‍  മടി,  മൂത്രമൊഴിക്കാന്‍  പ്രയാസം,  നടക്കാന്‍ ബുദ്ധിമുട്ട്,  കിടന്നിട്ട് എഴുന്നേൽക്കാന്‍ വയ്യായ്ക എന്നിവയുണ്ടാകും.  ശരീര താപനില കുറയുന്നതും ലക്ഷണമാണ്.  ചെവിയിൽ തൊട്ടു നോക്കിയാൽ തണുപ്പ്  അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ കാത്സ്യത്തിന്റെ  ജെൽ രൂപത്തിലുള്ള മരുന്ന് വായിലൂടെ നൽകുകയും  വെറ്ററിനറി സർജനെ കാണിച്ച് കാത്സ്യം കുത്തിവയ്പിക്കുകയും വേണം.  കാത്സ്യക്കമ്മിയുടെ അവസാന ലക്ഷണം പശു ഒരു വശത്തേക്ക് തല ചെരിച്ചു കിടക്കുകയും ശ്വാസോച്ഛ്വാസം മന്ദഗതിയിലാകുകയും ചെയ്യുന്നതാണ്.  ആപൽക്കരമായ ഈ അവസ്ഥയിൽ കാത്സ്യം കുത്തിവച്ചാലുടന്‍ പശു ചാണകമിടുകയും  മൂത്രമൊഴിക്കുകയും തുടർന്ന് പെട്ടെന്ന് എഴുന്നേൽക്കുകയും ചെയ്യും. എന്നാല്‍ തക്ക സമയത്ത് ചികിത്സിക്കാതിരുന്നാൽ പശു ചത്തുപോകും.

കാത്സ്യക്കമ്മി അറിയാം

മൂത്രത്തിന്റെ അമ്ല–ക്ഷാരനില(Ph) നോക്കുക.  ഇത് 7ൽ കൂടുന്നത് കാത്സ്യക്കമ്മിയെ സൂചിപ്പിക്കുന്നു. ഇതു തിരിച്ചറിഞ്ഞ്  മുൻകരുതലെടുക്കുക. കമ്മി ഒഴിവാക്കാനുള്ള ഏറ്റവും പുതിയ വഴി  പ്രസവത്തിന് 2 ആഴ്ച മുന്‍പ് അനയോണിക്ക് ലവണമിശ്രിതം  (Anionic Salts) നൽകുകയാണ്. ചെറുകുടലിൽ അമ്ലത കൂട്ടി കാത്സ്യത്തിന്റെ ആഗിരണം വർധിപ്പിക്കുന്ന രീതിയാണിത്. അമോണിയം ക്ലോറൈഡ്, അമോണിയം സൾഫേറ്റ്, മഗ്നീഷ്യം സൾഫേറ്റ് എന്നിവയൊക്കെ അനയോണിക് ലവണങ്ങളാണ്.  

വിപണിയിൽ

Metabolite, Metacab എന്നിങ്ങനെ റെഡിമെയ്ഡ് സപ്ലിമെന്റുകള്‍ ലഭ്യമാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് 100 ഗ്രാം വീതം ദിവസേന പ്രസവത്തിന് 10  ദിവസം മുന്‍പു മുതല്‍ നൽകണം. പ്രസവശേഷം വെറ്ററിനറി സർജന്റെ ശുപാർശ അനുസരിച്ച് കാത്സ്യം സപ്ലിമെന്റ് നൽകുക. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവയ്ക്കു പുറമെ,  ഇരുമ്പ്, കോപ്പർ, അയോഡിൻ, കൊബാൾട്ട്, സിങ്ക്, സെലീനിയം എന്നിങ്ങനെയുള്ള സൂക്ഷ്മ മൂലകങ്ങളും വൈറ്റമിന്‍  A /E, ബി കോംപ്ലക്സ് എന്നിവയും മതിയായ അളവില്‍ കറവപ്പശുവിനു നല്‍കണം. 

നാട്ടറിവ് 

ഗർഭകാലത്ത് പശുവിന് 5 ദിവസം ഇടവിട്ട് ഓരോ നാടൻ കോഴിമുട്ട നൽകുന്നത് കാത്സ്യക്കമ്മി പരിഹരിക്കുമെന്നു ചില കർഷകരുടെ  സാക്ഷ്യം. 

English summary: Reason for giving dry season to dairy cows

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS