ADVERTISEMENT

വിയറ്റ്നാമിൽ പ്രചാരമുള്ള കുരുമുളകു കൃഷിരീതി നമുക്കും പരീക്ഷിക്കാം. കോൺക്രീറ്റ് പോസ്റ്റിൽ അതിസാന്ദ്രതാരീതിയിൽ കുരുമുളകുകൃഷി ചെയ്യുന്ന വയനാടന്‍ കർഷകന്‍ അയൂബ് തോട്ടോളി പോസ്റ്റ് നിർമാണരീതിയും മെച്ചങ്ങളും വിശദമാക്കുന്നു.

മെച്ചങ്ങൾ 

മുരിക്കോ കിളിഞ്ഞിലോ പോലുള്ള താങ്ങുമരങ്ങളിൽ കുരുമുളകുകൃഷി ചെയ്യുമ്പോൾ ഏക്കറിൽ 400–450 തൈകളേ നടാനാവൂ. അതേസമയം 2X2 മീറ്റർ അകലത്തിൽ പോസ്റ്റ് നാട്ടി 1000 ചെടികൾ വരെ കൃഷി ചെയ്യാം. താങ്ങുമരം കേടായി വീഴുന്ന പ്രശ്നമില്ല, കുരുമുളകിനു നൽകുന്ന വളം താങ്ങുമരം വലിക്കുമെന്ന പേടിയും വേണ്ട. ചോലയില്ലാതെ വളരുന്നതിനാൽ ചെടികൾക്ക് നല്ല സൂര്യപ്രകാശം ലഭിക്കും, വിളവെടുപ്പും എളുപ്പം.

ayoob-black-pepper

പോസ്റ്റ് ഉണ്ടാക്കാം

15 അടി നീളത്തിൽ ചതുരാകൃതിയിൽ 4x5 ഇഞ്ച് കനത്തിലും വീതിയിലും നിർമിച്ചെടുക്കുന്ന കോൺക്രീറ്റ് പോസ്റ്റ് ആണ് ആവശ്യം. പോസ്റ്റിന് ഈ അളവു ലഭിക്കുന്ന രീതിയിൽ പാഴ്ത്തടികൊണ്ട് മോൾഡ് നിർമിക്കുക. നല്ല നിരപ്പുള്ള സ്ഥലമെങ്കിൽ അടിയിൽ ഷീറ്റ് വിരിച്ച് വശങ്ങൾ മാത്രമായി പലകകൊണ്ട് മോൾഡ് തയാറാക്കാം. പോസ്റ്റിനുള്ളിൽ 6 എംഎം വലുപ്പമുള്ള 3 കമ്പികൾ ഇടണം. കമ്പികൾ പോസ്റ്റിന്റെ മധ്യത്തിൽ വരും വിധം  ഉയർത്തി വയ്ക്കാനും പരസ്പരം ലോക്ക് ചെയ്യാനുമെല്ലാമുള്ള സംവിധാനങ്ങൾ ഇരുമ്പുകടയിൽ ലഭ്യമാണ്.

പോസ്റ്റ് നിർമിക്കുമ്പോള്‍ ചുവട്ടിൽനിന്ന് ഒന്നരയടി മുകളിലായി 12 ഇഞ്ച് കമ്പി കടന്നു പോകാവുന്ന ദ്വാരം ലഭിക്കുംവിധം ഒരു പൈപ്പ് വയ്ക്കുക. കോൺക്രീറ്റിങ്ങും ഒരാഴ്ച നനയും കഴിഞ്ഞ് പോസ്റ്റ് നാട്ടുന്ന നേരത്ത് കുഴിയുടെ ഒരു വശത്ത് മേൽപ്പറഞ്ഞ ദ്വാരംവരെ മണ്ണുനീക്കി 12 ഇഞ്ച് കമ്പി ഇരു വശത്തേക്കും ഒരടി നീണ്ടു നിൽക്കുന്ന രീതിയിൽ കയറ്റുക. കുഴിയുടെ മറുവശത്തെ ഭിത്തിയിലേക്ക് കമ്പി തുളഞ്ഞു കയറും വിധം കൂടത്തിന് അടിച്ചു കയറ്റാം. അതോടെ പോസ്റ്റ് മറിഞ്ഞുവീഴാത്തവിധം ഉറപ്പു നേടും. കോൺക്രീറ്റ് ഇടാതെ മണ്ണുകൊണ്ടുതന്നെ കുഴിമൂടാം.

ഒരു പോസ്റ്റിന്  ഏകദേശ ചെലവ്

  • കമ്പി ശരാശരി 75 രൂപ നിരക്കിൽ 10 കിലോ – 750 രൂപ
  • എം സാൻഡ് കിലോ 60 രൂപ നിരക്കിൽ 2 അടി – 120 രൂപ
  • അര ഇഞ്ച് മെറ്റൽ 50 രൂപ നിരക്കിൽ 3 അടി – 150 രൂപ
  • സിമന്റ് കിലോ 10 രൂപ നിരക്കിൽ 25 കിലോ – 250 രൂപ
  • ആകെ ചെലവ് – 1270 രൂപ

ഇത് കൂലി കൊടുത്തു ചെയ്യിക്കുമ്പോൾ അടിക്ക് 25 രൂപ നിരക്കിൽ 15 അടി പോസ്റ്റിന് 375 രൂപ കൂലിച്ചെലവ് അധികം പ്രതീക്ഷിക്കാം. പുറമെ കൃഷിയിടത്തിൽ എത്തിക്കാനുള്ള ചെലവും. 

ഫോൺ: 9387752145

English summary: Vietnam model pepper cultivation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com